23 Monday
December 2024
2024 December 23
1446 Joumada II 21

പാര്‍ട്ടി വ്യക്തിയിലേക്ക്  ചുരുങ്ങരുത് – നസീം തൃശൂര്‍

നിലവില്‍ വന്ന ആദ്യ മൂന്ന് ദശകങ്ങളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ള, നഗര മധ്യവര്‍ഗ ഇന്ത്യക്കാരുടെ ആധിപത്യമുള്ള ഒരു ഉന്നത സംഘടനയായിരുന്നു കോണ്‍ഗ്രസ്. ഗാന്ധിജിയുടെ കടന്നു വരവോടെയാണ് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ മുഖം മാറിയത്. സ്വാതന്ത്ര്യ സമരത്തില്‍ കോണ്‍ഗ്രസ്സിന്റെ ഇടപെടല്‍ ആരംഭിക്കുന്നത് അന്നു മുതലാണ്. പിന്നീട് കോണ്‍ഗ്രസ്സിന്റെ ചരിത്രം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രമായി മാറി. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. സ്വാതന്ത്ര സമരത്തോടൊപ്പം ഗാന്ധിജി മറ്റൊന്നിനു കൂടി പ്രാധാന്യം നല്‍കി. തൊട്ടുകൂടായ്മ എന്ന സാമൂഹിക തിന്മക്കെതിരെ കൂടിയായിരുന്നു ആ സമരം. സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസ് ഭരണകക്ഷിയായി. 1977 വരെ അവര്‍ തന്നെയായിരുന്നു ഇന്ത്യ ഭരിച്ചത്. മിക്കവാറും സംസ്ഥാനങ്ങളും അവരുടെ കൂടെയായിരുന്നു. നെഹ്‌റു, ഇന്ദിരാ രാജീവ് കാലത്തു വെല്ലുവിളികളെ നേരിട്ട് മുന്നോട്ടു പോകാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.
പിന്നെ കുറച്ചു കാലം പാര്‍ട്ടിയുടെ ഉയര്‍ച്ചയും താഴ്ചയും കണ്ടു. സോണിയ കാലത്തും ഒരു വിധം പാര്‍ട്ടി പിടിച്ചു നിന്നു. രാഹുല്‍ കാലത്തെ പോലെ പാര്‍ട്ടി തകര്‍ച്ചയെ നേരിട്ട മറ്റൊരു കാലവും കടന്ന് പോയിട്ടില്ല. നെഹ്‌റു കുടുംബവും കോണ്‍ഗ്രസ്സും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് 1930കള്‍ മുതലാണ്. ഗാന്ധിജിയുടെ ശിക്ഷണത്തില്‍ ഇന്ത്യക്കു ഒരു മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് അടിത്തറ പാകി എന്നതാണ് നെഹ്‌റുവിന്റെ ചരിത്രം. ശേഷം ഇന്ദിരയും നെഹ്‌റുവിന്റെ രാഷ്ട്രീയ രീതി കൊണ്ട് നടന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വ്യക്തികള്‍ കൂടുതല്‍ പരിഗണിക്കപ്പെടുക എന്ന രീതിക്കു തുടക്കം കുറിച്ചത് ഇന്ദിര യുഗത്തിലാണെന്നു പറയാം. ഇന്ദിരയില്‍ നിന്നും രാജീവിലേക്കുള്ള മാറ്റം തീര്‍ത്തും അവിചാരിതമായിരുന്നു. വേണ്ടത്ര രാഷ്ട്രീയ പരിചയമില്ല എന്നത് തന്നെയായിരുന്നു ഒന്നാമത്തെ ന്യൂനത. ഇന്ദിരയും രാജീവും തമ്മിലുള്ള അന്തരം മുതലെടുക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു എന്നതും സ്മരണീയമാണ്.
രാജീവില്‍ നിന്നും സോണിയയിലേക്കുള്ള മാറ്റം പെട്ടെന്ന് ഉണ്ടായതല്ല. പ്രസിഡന്റ് ആകുന്നത് വരെ തികച്ചും ഒരു കുടുംബിനിയുടെ റോളിലായിരുന്നു സോണിയ. നെഹ്‌റു കുടുംബത്തിലെ അപ്രമാദിത്വം എന്നത് മാത്രമാണ് അവരെ തുണച്ചത്. മൂന്നു തലമുറക്കപ്പുറം ഒരു വംശവും നിലനില്‍ക്കില്ല എന്നാണ് സാധാരണ കണക്കാക്കി പോരുന്നത്. അത് കൊണ്ട് തന്നെ നെഹ്‌റുവിയന്‍ യുഗം രാഹുലില്‍ കാണാന്‍ ജനത്തിനു കഴിയാത്തെ പോകുന്നു. മറ്റൊന്ന് കൂടിയുണ്ട്. ഇന്ന് ഇന്ത്യന്‍ ജനതയുടെ ഭൂരിപക്ഷവും സ്വാതന്ത്ര്യത്തിനു ശേഷം ജനിച്ചവരാണ്. അവര്‍ക്ക് നെഹ്‌റുവും സ്വാതന്ത്ര്യ സമരവും ഒരു കേട്ടറിവ് മാത്രമാണ്. രാഹുലിന്റെ രാഷ്ട്രീയമല്ല അദ്ദേഹത്തെ നേതാവാക്കിയത്. ഫാസിസത്തെ എതിരിടാന്‍ ദേശീയ തലത്തില്‍ മറ്റൊരു നേതാവില്ല എന്നതായിരുന്നു മുഖ്യ ഘടകം.
ദേശീയ തലത്തില്‍ സ്വാധീന ശക്തിയുള്ള നേതാക്കളില്ല എന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന മുഖ്യ വിഷയം. ഒരു രണ്ടാം നിരയെ വളര്‍ത്തി കൊണ്ട് വരുന്നതിന് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കിയില്ല. കോണ്‍ഗ്രസില്‍ ആദ്യമൊക്കെ ഒരു വര്‍ഷമായിരുന്നു പ്രസിഡന്റിനെ കാലാവധി. പലരും മാറി വന്ന ചരിത്രമാണ് അവര്‍ക്കു പറയാനുള്ളത്. പിന്നീട് ആജീവനാന്ത പ്രസിഡന്റ് എന്ന അലിഖിത നിയമം പാര്‍ട്ടിയെ പിടികൂടി. അത് കൊണ്ട് തന്നെ മറ്റൊരു നിരയെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യം വന്നില്ല. ഒരു പക്ഷെ കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവെക്കുന്ന ആദ്യ പ്രസിഡന്റും രാഹുലാകാം. ഫാസിസത്തെ ഒറ്റക്കാണ് രാഹുല്‍ നേരിട്ടത്. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ അക്കാര്യത്തില്‍ കിട്ടിയില്ല എന്നദ്ദേഹം മനസ്സിലാക്കുന്നു. അത് കൊണ്ട് തന്നെ ആ സ്ഥാനത്ത് തുടരുന്നതില്‍ അദ്ദേഹം അസാംഗത്യം കാണുന്നു. അടുത്ത അധ്യക്ഷന്‍ ആരെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. പ്രതിപക്ഷത്തു നിന്നും കോണ്‍ഗ്രസ് നേരിടുന്ന ഈ അവസ്ഥ ഫാസിസത്തെ കൂടുതല്‍ കരുത്തരാക്കും. അടുത്ത് നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ അതിന്റെ ഫലം കാണാന്‍ കഴിഞ്ഞേക്കാം. നേതാവ് എന്നതിനേക്കാള്‍ പാര്‍ട്ടി എന്നതിലേക്ക് കോണ്‍ഗ്രസ്സ് തിരിച്ചു വരണം. ഇന്ത്യ എന്നാല്‍ ഇന്ദിര എന്ന് പറഞ്ഞ കാലം കഴിഞു പോയിട്ടുണ്ട്. രാജ്യവും പാര്‍ട്ടിയും ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയാല്‍ അതൊരു ദുരന്തമാണ്. ആ ദുരന്തമാണ് കോണ്‍ഗ്രസ്സ് ഇന്ന് അനുഭവിക്കുന്നതും.
Back to Top