പശ്ചിമേഷ്യയിലെ യു എസ് മോഹങ്ങള്‍ക്കെതിരെ ഇറാന്‍
യു.എസിന്റെ ഏതു തരത്തിലുള്ള ആക്രമണവും പശ്ചിമേഷ്യന്‍ മേഖലയില്‍ അവരുടെ താല്‍പര്യങ്ങള്‍ ചാമ്പലാക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാനെ ആക്രമിക്കാന്‍ ഉത്തരവിടുകയും നിമിഷങ്ങള്‍ക്കകം പിന്‍വലിക്കുകയും ചെയ്ത യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നാടകീയ നീക്കങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇറാന്‍. ഇറാനു നേരെ തൊടുക്കുന്ന ഒരു വെടിയുണ്ടപോലും അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താല്‍പര്യങ്ങളെ ചുട്ടെരിക്കുമെന്നും ഇറാന്‍ ഓര്‍മിപ്പിച്ചു.
അതിര്‍ത്തി ലംഘിച്ച യു എസ് ഡ്രോണ്‍ ഇറാന്‍ വെടിവെച്ചുവീഴ്ത്തിയതോടെയാണ് ഇരുരാജ്യങ്ങളുടെയും ബന്ധം കൂടുതല്‍ വഷളായത്. ഇറാന്‍ വ്യോമാതിര്‍ത്തിയില്‍ യാത്രാ വിമാനങ്ങള്‍ പറപ്പിക്കുന്നത് യു എസ് വ്യോമയാന വകുപ്പ് വിലക്കിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലെയും ഗള്‍ഫ് ഓഫ് ഒമാനിലെയും ഇറാന്‍ വ്യോമ മേഖലയില്‍ നിരോധനം ബാധകമാണ്. എന്നാല്‍ തങ്ങളുടെ വ്യോമമേഖല സുരക്ഷിതമാണെന്നും ഏത് രാജ്യത്തിന്റെയും യാത്രാവിമാനങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും ഇറാന്‍ വ്യക്തമാക്കി.
യു എ ഇയുടെ മുതിര്‍ന്ന നയതന്ത്രപ്രതിനിധിയെ ഇറാന്‍ വിളിച്ചുവരുത്തിയിട്ടുണ്ട്. വ്യോമാതിര്‍ത്തി ലംഘിക്കാന്‍ യു എസിന് അവസരമൊരുക്കിയതില്‍ പ്രതിഷേധമറിയിച്ചാണിത്. അതെസമയം, ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍, പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ഇറാനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്നും ട്രംപ് മുന്നറിയിപ്പു നല്‍കി. 150 പേര്‍ കൊല്ലപ്പെടുമെന്ന് ജനറല്‍മാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇറാനെ ആക്രമിക്കാനുള്ളഉദ്യമത്തില്നി ന്ന് പിന്‍വാങ്ങിയത്. ആളുകള്‍ കൊല്ലപ്പെടുന്നത് ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.