21 Sunday
July 2024
2024 July 21
1446 Mouharrem 14

പശ്ചാത്താപവും കുമ്പസാരവും

മനുഷ്യ സൃഷ്ടിപ്പിന്റെ ആരംഭം വിശുദ്ധ ഖുര്‍ആനില്‍ വിവിധ സ്ഥലങ്ങളിലായി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അതിലെ ഒരു ഭാഗം ഇങ്ങനെയാണ്. ആദ്യത്തെ മനുഷ്യനായ ആദമും തന്റെ ഇണയും സ്വര്‍ഗവാസ കാലത്ത് യഥേഷ്ടം ജീവിക്കുന്നതിനിടയില്‍ സ്രഷ്ടാവിന്റെ ഒരു നിര്‍ദേശം പാലിക്കുന്നതില്‍ അവര്‍ക്ക് വീഴ്ച പറ്റിപ്പോയി. ഒരിക്കലും സമീപിക്കരുത് എന്ന് അല്ലാഹു വിലക്കിയിരുന്ന ഒരു മരത്തിലെ കനി ഭുജിച്ചുപോയി. അപ്പോഴേക്കും വീഴ്ച പറ്റിയത് അവര്‍ക്ക് ബോധ്യംവന്നു. എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങിയ അവര്‍ക്ക് അല്ലാഹുതന്നെ വഴി കാണിച്ചുകൊടുത്തു. ‘വന്നുപോയ പിഴവില്‍ ആത്മാര്‍ഥമായി ഖേദിക്കുക, അല്ലാഹുവിനോട് പാപമോചനം തേടുക, തെറ്റ് ആവര്‍ത്തിക്കാതിരിക്കുക’. ഇതത്രെ പശ്ചാത്താപം. പ്രാര്‍ഥനാവാചകം പോലും അല്ലാഹു പഠിപ്പിച്ചുകൊടുത്തു. ”അവരിരുവരും പറഞ്ഞു: ഞങ്ങളുടെ നാഥാ, ഞങ്ങള്‍ ഞങ്ങളോടുതന്നെ അക്രമം ചെയ്തുപോയി. നീ ഞങ്ങള്‍ക്ക് പൊറുത്തുതന്നില്ലെങ്കില്‍ ഞങ്ങളോട് കരുണ കാണിച്ചില്ലെങ്കില്‍ ഞങ്ങള്‍ എല്ലാം നഷ്ടപ്പെട്ടവരിലകപ്പെട്ടുപോകും’‘ (7: 23)
തെറ്റുകള്‍ വന്നുപോവുക എന്നത് ആദമി(അ)ല്‍ പരിമിതമല്ല. ആദം മനുഷ്യപിതാവാണ്. മനുഷ്യപ്രതീകമാണ്. ആദമിന്റെ ശക്തി ദൗര്‍ബല്യങ്ങളെല്ലാം മനുഷ്യരുടെ പൊതുപ്രകൃതിയായി വരും. ഇത് ബോധ്യപ്പെടുത്താനായിരിക്കാം വിശുദ്ധ ഖുര്‍ആനില്‍ ആ സംഭവം പ്രതിപാദിച്ചത്. അന്തിമ പ്രവാചകന്‍ മുഹമ്മദ് നബി(സ) ഈ വസ്തുത ഒന്നുകൂടി വ്യക്തമാക്കിത്തരുന്നു. ”ആദം സന്തതികളെല്ലാം തെറ്റു ചെയ്യുന്ന പ്രകൃതത്തിലാണ്. തെറ്റുപറ്റുന്നവരില്‍ ഉത്തമന്‍ പശ്ചാത്തപിച്ചു മടങ്ങുന്നവരാണ്”(തിര്‍മിദി). മനുഷ്യന്‍ എന്നതിന് പ്രതീകാത്മകമായി ഖുര്‍ആനും ഹദീസും ഉപയോഗിച്ച ഒരു പ്രയോഗമാണ് ആദം സന്തതികള്‍ എന്നത്. തെറ്റുകളിലേക്ക് നീങ്ങുക എന്ന പ്രകൃതി മനുഷ്യരില്‍ ഉള്‍ച്ചേര്‍ന്നതുകൊണ്ടുതന്നെ ഈ സംഗതി അടിക്കടിഓര്‍മപ്പെടുത്തുവാന്‍ വിശുദ്ധ ഖുര്‍ആനും നബിവചനങ്ങളും ഇതാവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. വിശ്വാസിയുടെ നിത്യകര്‍മമാണ് നമസ്‌കാരം. നമസ്‌കാരത്തിന്റെ ഭാഗമായി നിത്യവും ചുരുങ്ങിയത് അഞ്ചുതവണ വിശ്വാസി ഇങ്ങനെ പ്രാര്‍ഥിക്കുന്നു: ”അല്ലാഹുവേ, ഞാന്‍ എന്നോടുതന്നെ ഒരുപാട് അതിക്രമങ്ങള്‍ ചെയ്തിരിക്കുന്നു. നീയല്ലാതെ പാപങ്ങള്‍ പൊറുക്കുന്നവനില്ല. അതുകൊണ്ട് നിന്റെ പക്കല്‍നിന്നുള്ള പാപമോചനം നല്കി എന്നോട് കരുണ കാണിക്കേണമേ. തീര്‍ച്ചയായും നീയാണല്ലോ പാപം പൊറുക്കുന്നവനും കുരണചെയ്യുന്നവനും.”
ഇത് കേവലമൊരു പ്രാര്‍ഥനയല്ല; വിശ്വാസിയുടെ നിലാപാടാണ്. മുസ്‌ലിമിന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. പാപം പൊറുക്കുന്നവന്‍ അല്ലാഹു മാത്രമേയുള്ളു. അതുകൊണ്ടുതന്നെ സൃഷ്ടികളിലാരോടും പാപമോചനം തേടിക്കൂടാ. അല്ലാഹു അല്ലാതെ ആരുണ്ട് പാപം പൊറുക്കുവാന്‍ എന്ന് വിശുദ്ധ ഖുര്‍ആന്‍ സഗൗരവും ഉണര്‍ത്തുന്നു (3:135). അല്ലാഹു അല്ലാത്ത ആരോട് പാപമോചനം തേടിയാലും അത് ശിര്‍ക്കുതന്നെ. അല്ലാഹുവിന്റെ സവിശേഷമായ ഗുണനാമങ്ങളിലൊന്നാണ് ഗഫൂര്‍ അഥവാ പാപമോചനം നല്‍കുന്നവന്‍ എന്നത്. അതിനാല്‍ അല്ലാഹുവിനോട് മാത്രമേ പാപമോചനം തേടിക്കൂടൂ. ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിത്തറയാണിത്; തൗഹീദിന്റെ ഭാഗമാണ്.
വിശ്വാസികള്‍ക്ക് വന്നുപോയ വീഴ്ചകളും പിഴവുകളും മതമേലാളന്മാരോടോ പുരോഹിതന്മാരോടോ ഏറ്റുപറഞ്ഞ് മോചനം തേടുന്ന ചില മതങ്ങളുണ്ട്. അവയിലൊന്നാണ് ക്രൈസ്തവരുടെ കുമ്പസാരം. ചര്‍ച്ചിലെ കുമ്പസാരക്കൂട്ടില്‍ ചെന്ന് വൈദികന്റെ മുന്‍പാകെ വിശ്വാസി തന്നില്‍ വന്നുപോയ വീഴ്ചകളും താന്‍ സ്വകാര്യമായി ചെയ്ത പാപങ്ങളും ഏറ്റുപറയുന്നു. വൈദികന്‍ അത് ഏറ്റെടുക്കുമെന്നാണ് വിശ്വാസം. ലോകത്തിന്റെ മുഴുവന്‍ പാപങ്ങള്‍ ഏറ്റെടുത്ത് യേശു കുരിശിലേറി എന്ന വികലവിശ്വാസത്തിന്റെ പകര്‍പ്പുതന്നെയാണിത്. പാപങ്ങള്‍ ഏറ്റുചൊല്ലുന്നവനും കേട്ടിരിക്കുന്നവനും ആത്യന്തികമായി മനുഷ്യന്‍ തന്നെയാണെന്ന് മറക്കരുത്. മനുഷ്യന്റെ ശക്തി ദൗര്‍ബല്യങ്ങളെല്ലാം അയാള്‍ക്കും കാണും. സമകാലിക സംഭവങ്ങളുമായി ചേര്‍ത്തുവായിച്ചാല്‍, കുമ്പസാര രഹസ്യം ബ്ലാക്ക്‌മെയിലിംഗിനുള്ള ഉപാധിയായിക്കണ്ട് ദുരുപയോഗപ്പെടുത്തിയ ഒരു വൈദികന്റെ കേസ് കേരളത്തില്‍ കോളിളക്കമുണ്ടാക്കിയത് നമുക്ക് പാഠമാക്കാം. കുറ്റം പറയാവതല്ല. മനുഷ്യനാണ്; ദുര്‍ബല നിമിഷങ്ങളില്‍ വഴുതിപ്പോകാം. അതിനുള്ള സാഹചര്യമാണ് നാം ചര്‍ച്ച ചെയ്യുന്നത്.
ഇസ്‌ലാമിക വിശ്വാസപ്രകാരം ഏറ്റവും വിശുദ്ധനായ മനുഷ്യനാണ് മുഹമ്മദ്‌നബി.  നബി(സ) ജീവിച്ചിരുന്ന കാലത്തുപോലും അദ്ദേഹത്തോടല്ല തൗബ ചെയ്യേണ്ടത് അഥവാ പാപങ്ങള്‍ക്ക് മോചനം തേടേണ്ടത്. പാപം പൊറുക്കുന്നത് അല്ലാഹുവാണ് എന്ന് പഠിപ്പിക്കുകയാണ് പ്രവാചകന്‍ ചെയ്തത്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, മുസ്‌ലിം സമൂഹത്തിനകത്തുതന്നെ വിവരക്കേടുമൂലം പ്രവാചകവിയോഗാനന്തരം അദ്ദേഹത്തെ വിളിച്ച് പാപമോചനം തേടുന്നവരുണ്ട്. സമൂഹത്തില്‍ പ്രചരിച്ച പ്രവാചക കീര്‍ത്തന കാവ്യങ്ങളില്‍ ചിലത് പ്രവാചകനോട് പാപമോചനം തേടുന്നവയാണ്. ഇത് സമൂഹത്തിന്റെ വിവരക്കേടാണ്. വിവരക്കേട് ചൂഷണം ചെയ്യുന്ന ചില വിവരമുള്ളവരുമുണ്ട്. അവര്‍ ചെയ്യുന്നത് വിശ്വാസികളെ ശിര്‍ക്കിലേക്ക് നയിക്കുക എന്ന കൊടിയ പാപമാണ്. വിശുദ്ധ ഖുര്‍ആന്‍ അടിക്കടി ഉണര്‍ത്തുന്നത് ‘നിങ്ങള്‍ അല്ലാഹുവിനോട് ആത്മാര്‍ഥമായി പാപമോചനം തേടുക'(66:8). എന്നാണ്. കാരണം സൃഷ്ടികളുടെ സങ്കടങ്ങളറിയാനും അവ പരിഹരിക്കാനും അല്ലാഹുവിനേ കഴിയൂ. ഇത് ഇസ്‌ലാമിക വിശ്വാസത്തിന്റെ ആണിക്കല്ലാണുതാനും.
എന്നാല്‍ ഒരാള്‍ തെറ്റുകള്‍ ചെയ്തത് മറ്റൊരു മനുഷ്യനോടാണെങ്കില്‍ ആദ്യമായി അയാളോട് മാപ്പ് ചോദിക്കുകയും തുടര്‍ന്ന് അല്ലാഹുവിനോട് പാപമോചനം തേടുകയുമാണ് വേണ്ടത്. മറ്റു മനുഷ്യരെ ഉപദ്രവിക്കുക, മാനഹാനി വരുത്തുക, മാനസികമായി പീഡിപ്പിക്കുക, സമ്പാദ്യങ്ങള്‍ കവര്‍ന്നെടുക്കുക തുടങ്ങിയ പാപങ്ങള്‍ അല്ലാഹു പൊറുക്കില്ല; തന്റെ ഉപദ്രവം ഏറ്റ വ്യക്തികള്‍ അത് മാപ്പാക്കാത്ത കാലത്തോളം. വിശുദ്ധ ഖുര്‍ആന്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. നബിയെ പല നിലക്കും ഉപദ്രവിച്ചവര്‍ നബിയുടെ അടുത്തുചെന്ന് മാപ്പപേക്ഷിക്കുകയും എന്നിട്ട് അല്ലാഹുവിനോട് പാപമോചനം തേടുകയും തുടര്‍ന്ന് നബി അവര്‍ക്കുവേണ്ടി അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്താല്‍ അല്ലാഹുവിന്റെ പാപമോചനമെന്ന മഹാഔദാര്യം അവര്‍ക്ക് ലഭ്യമാകും. (4:64)  ഹ
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x