29 Friday
November 2024
2024 November 29
1446 Joumada I 27

പള്ളിയില്‍ പോയി  പറഞ്ഞാല്‍ മതിയോ?  ഇബ്‌നു മുഹമ്മദ്

പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി എന്നത് ഒരു നാടന്‍ പ്രയോഗമാണ്. നടക്കാത്ത കാര്യങ്ങള്‍ പറയാനുള്ള സ്ഥലമാണ് പള്ളികള്‍ എന്നാണ് നാമുണ്ടാക്കിയ പൊതുബോധം. പള്ളികള്‍ അല്ലാഹുവിന്റെ ഭവനങ്ങള്‍ എന്ന് അറിയപ്പെടുന്നു. പള്ളി നിര്‍മാണവും പരിപാലനവും ഇസ്‌ലാമില്‍ പുണ്യകരമാണ്. പള്ളികളുടെ ഉദ്ദേശം ദൈവാരാധനയാണ്. അല്ലാഹുവിന്റെ പള്ളികളില്‍ ദൈവ സ്മരണ തടയുക എന്നത് വലിയ പാപമായി ഇസ്‌ലാം കരുതുന്നു. ഇസ്‌ലാമിലെ പള്ളികള്‍ കേവലം ആരാധനാലയം എന്നതിനും അപ്പുറത്താണ്. ഒരു സമൂഹത്തിന്റെ സാംസ്‌കാരിക കേന്ദ്രം എന്ന് കൂടി അതിനു പറയാന്‍ കഴിയും.
ഒരു കാലത്തെ കുറിച്ച് പറഞ്ഞപ്പോള്‍ പ്രവാചകന്‍ പറഞ്ഞത് ‘പള്ളികള്‍ സന്മാര്‍ഗം നല്‍കുന്ന കാര്യത്തില്‍ ശൂന്യമാകും’ എന്നാണ്. മുസ്‌ലിം സമുദായം അനുഭവിക്കുന്ന വലിയ വിഷയവും അത് തന്നെ. പ്രവാചക കാലത്തു വിഷമിക്കുന്ന മനസ്സുമായി പള്ളിയിലെത്തിയ ആള്‍ സന്തോഷത്തോടെ തിരിച്ചു പോയിരുന്നു. മനുഷ്യരുടെ ഈ ലോകത്തെ പ്രശ്‌നങ്ങള്‍ക്കും അവിടെ പരിഹാരം കണ്ടിരുന്നു. പക്ഷെ അധികം പള്ളികളിലും പരലോകം മാത്രമാണ് ചര്‍ച്ച ചെയ്യപ്പെടുക. ഭൗതിക കാര്യം ചര്‍ച്ച ചെയ്താല്‍ വലിയ അപരാധമാണ് എന്ന രീതിയില്‍ പല ഹദീസുകളും പല പള്ളികളിലും എഴുതി വെച്ചത് കാണാം. ആ ഹദീസുകളുടെ അവസ്ഥ പരിശോധിച്ചാല്‍ അധികവും ശരിയായ രീതിയില്‍ വന്നതല്ല എന്ന് കാണാം.
സന്മാര്‍ഗം ലഭിക്കേണ്ടത് മനുഷ്യര്‍ക്കാണ്. അത് കൊണ്ട് തന്നെ പള്ളിയിലെ വെള്ളിയാഴ്ച ഖുതുബ കേള്‍ക്കണം എന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടാല്‍ അതിനു അനുമതി നല്‍കുക എന്നതാണ് ശരിയായ രീതി. ഖുതുബകള്‍ സന്മാര്‍ഗത്തിലേക്കുള്ള ഉപദേശമാണ്. പ്രവാചക കാലത്ത് അമുസ്‌ലിംകള്‍ പള്ളിയില്‍ വന്നിരുന്നോ എന്ന ചോദ്യം ചിലര്‍ ഉന്നയിക്കുന്നു. അമുസ്‌ലിംകളെ പള്ളിയില്‍ പ്രവേശിപ്പിക്കരുത് എന്നൊരു നിയമം ഇസ്‌ലാമിലില്ല. മസ്ജിദുല്‍ ഹറാമിന് അത് ബാധകമാണ്. അതെ സമയം മറ്റു പള്ളികള്‍ക്കു ആ നിയമം ബാധകമല്ല എന്ന് തന്നെയാണ് ഇസ്‌ലാമിക വിധി. മാത്രമല്ല പല നിവേദക സംഘങ്ങളെയും പ്രവാചകന്‍ പള്ളിയില്‍ സ്വീകരിച്ചിരുന്നു എന്നും കാണാം. ക്ലാസ്സുകള്‍ കേള്‍ക്കാനും ഉപദേശം ശ്രവിക്കാനും അത് സാധ്യമാണ് എന്നാണു മുസ്‌ലിം ലോകം മൊത്തത്തില്‍ അംഗീകരിച്ച കാര്യം.
സമുദായങ്ങള്‍ തമ്മില്‍ ഭിന്നത ഉണ്ടാക്കാന്‍ ഇരുട്ടിന്റെ ശക്തികള്‍ രംഗത്ത് വരുന്ന കാലത്ത് മതങ്ങള്‍ കൂടുതല്‍ സുതാര്യമാകണം. എന്താണ് ഖുതുബകളില്‍ പറയുന്നത് എന്ന് ഒരിക്കല്‍ ഒരു അമുസ്‌ലിം സഹോദരന്‍ ചോദിച്ചിരുന്നു. ഖുതുബ കേള്‍ക്കാന്‍ അദ്ദേഹത്തെ ഞാന്‍ ക്ഷണിച്ചു. പിന്നീടാവാം എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. സമൂഹത്തില്‍ പള്ളികളുടെ എണ്ണം വെച്ച് നോക്കിയാല്‍ സമുദായത്തിന്റെ പ്രബുദ്ധത വളരെ മുന്നോട്ടു പോകണം. കൂടുതല്‍ പള്ളികള്‍ കൂടുതല്‍ വിഭാഗീയതക്ക് കാരണമാകുന്നു എന്നതാണ് സത്യം. ഇസ്‌ലാം പറയുക എന്നതിനപ്പുറം പള്ളി മിമ്പറുകള്‍ വരെ സംഘടന പറയാന്‍ ഉപയോഗിക്കുന്ന കാലമാണ് കടന്ന് പോകുന്നത്. പള്ളിക്കമ്മിറ്റികള്‍ കൂടുതല്‍ സാമൂഹിക മാനം കൈവരിക്കുക എന്നതാണ് പള്ളികള്‍ ജനകീയമാവുക എന്നതിന്റെ അടിസ്ഥാനം. ചിലര്‍ക്ക് അധികാര സ്ഥാനങ്ങളില്‍ വരാനുള്ള വഴികളായി കമ്മിറ്റികള്‍ മാറിയാല്‍ പ്രവാചകന്‍ പറഞ്ഞ സന്മാര്‍ഗം വന്നെന്നു വരില്ല. ഇസ്ലാം വിശാലമാണ് അത് കൊണ്ട് തന്നെ ഇസ്ലാമുമായി ബന്ധപ്പെട്ട എല്ലാം വിശാലമാകണം. ആ വിശാലമായ ലോകത്തു മാത്രമാണ് പള്ളികള്‍ സന്മാര്‍ഗ ദീപങ്ങളായി തീരുക. അപ്പോള്‍ പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി എന്ന് നാം പറയേണ്ടി വരില്ല.
Back to Top