26 Friday
July 2024
2024 July 26
1446 Mouharrem 19

പലിശ വിധിയും തത്വങ്ങളും – പി മുസ്തഫ നിലമ്പൂര്‍

അസ്സബ്ഉല്‍ മൂബീഖാതിലെ നാലാമത്തെ വന്‍പാപമായി എണ്ണിയ പാപമാണ് പലിശ. പാവപ്പെട്ടവന്റെ പരിതാപാവസ്ഥ ചൂഷണം ചെയ്യലും അര്‍ഹതയില്ലാതെ അന്യരുടെ പണം കൈക്കലാക്കലുമാണ് അതിലൂടെ സംഭവിക്കുന്നത്. മോഷണത്തെക്കാള്‍ ഗുരുതരമായ പാപമാണ് പലിശ. വളരെ അത്യാവശ്യഘട്ടത്തില്‍ വായ്പ നല്‍കാനുള്ള വിശാല മനസ്സ് പോലും ഇല്ലെന്ന് മാത്രമല്ല അവനെ ചൂഷണം ചെയ്യുന്ന മനോഭാവം തന്നെ മാനവികതക്ക് ചേര്‍ന്നതല്ല. പാവപ്പെട്ടവന്റെ അവകാശമാണ് സമ്പന്നര്‍ തടഞ്ഞുവെക്കുന്നത്. സകാത്തും ദാന ധര്‍മ്മങ്ങളും മാനവിക സാമൂഹിക തലങ്ങളെ സംസ്‌കരിക്കുന്നതും വളര്‍ത്തുന്നതുമാണ്. അതിന്റെ കടുത്ത ലംഘനവും ധിക്കാരവുമാണ് പലിശയിലൂടെ സംഭവിക്കുന്നത്. അല്ലാഹുവും റസൂലും യുദ്ധം പ്രഖ്യാപിക്കാന്‍ മാത്രം ഗുരുതര പാപമാണ് പലിശ. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും പലിശ വകയില്‍ ബാക്കി കിട്ടാനുള്ളത് വിട്ടു കളയുകയും ചെയ്യേണ്ടതാണ്. നിങ്ങള്‍ (യഥാര്‍ഥ) വിശ്വസികളാണെങ്കില്‍. നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമര പ്രഖ്യാപനത്തെപറ്റി അറിഞ്ഞു കൊള്ളുക.” (അല്‍ബഖറ 278, 279)
അല്ലാഹുവും റസൂലും യുദ്ധം പ്രഖ്യാപിക്കാന്‍ മാത്രം ഗുരുതരമായ ഈ പാപത്തെ സമൂഹം വേണ്ടത്ര ഗൗരവത്തിലെടുക്കുന്നില്ലാ എന്നത് ഒരു വസ്തുതയാണ്. നബി(സ)യുടെ ശാപത്തിന് വിധേയരായവരാണ് പലിശയുമായി ബന്ധമുള്ള എല്ലാവരും. ഇബ്‌നുമസ്ഊദ്(റ) പറയുന്നു: ”പലിശ തിന്നുവന്നവനെയും തീറ്റിപ്പിക്കുന്നവനെയും നബി(സ) ശപിച്ചിരിക്കുന്നു.” (മുസ്‌ലിം 1614). തിര്‍മിദിയുടെ നിവേദനത്തില്‍ ‘അതിന്റെ സാക്ഷികളെയും എഴുത്തുകാരെയും റസൂല്‍(സ) ശപിച്ചിരിക്കുന്നു’ എന്ന് വന്നിട്ടുണ്ട്. (തിര്‍മിദി 1206)
പലിശയുമായി ബന്ധമുള്ള എല്ലാവര്‍ക്കും ശിക്ഷ ലഭിക്കുമെന്നും ശിക്ഷക്ക് അവരെല്ലാം തുല്യ അവകാശികളാണെന്നും നബി(സ) പറഞ്ഞിട്ടുണ്ട്. ഇതിലെ ചെറുതും വലുതുമായ എല്ലാ ഇടപാടുകളും അല്ലാഹുവിന്റെയും റസൂലിന്റെയും ശാപത്തിന് വിധേയമാകും. രിബാ നസീഅ (അവധി പലിശ), രിബാ അല്‍ഫദ്ല്‍ (മിച്ച പലിശ) എന്നിങ്ങനെ പലിശ രണ്ട് വിധമുണ്ട്. അവധിക്കനുസരിച്ച് ഈടാക്കുന്ന അധിക ധനമാണ് അവധി പലിശ, വസ്തുക്കള്‍ പരസ്പരം കൈമാറ്റം ചെയ്യുമ്പോള്‍ കൂടുതല്‍ വാങ്ങുന്നതാണ്. മിച്ച പലിശ. രണ്ടും നിഷിദ്ധമാണ്. അബൂസഈദില്‍ ഖുദ്‌രി(റ) പറയുന്നു: ”നിങ്ങള്‍ ഒരു ദിര്‍ഹമിന് രണ്ട് ദിര്‍ഹമുകള്‍ വില്‍ക്കരുത്. അതു പലിശയായി പോകുമോ എന്ന് ഞാന്‍ നിങ്ങളില്‍ ഭയപ്പെടുന്നു. സ്വര്‍ണത്തിന് സ്വര്‍ണം, വെള്ളിക്കു വെള്ളി, ഗോതമ്പിന് ഗോതമ്പ്, ഉപ്പിന് ഉപ്പ് എന്നിങ്ങനെ കച്ചവടം ചെയ്യുന്നത് തുല്യമായിരിക്കണം. ആരെങ്കിലും വര്‍ധിപ്പിക്കുകയോ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെടുകയോ ചെയ്താല്‍ അവന്‍ പലിശ ഇടപാട് നടത്തി. (പലിശ) വാങ്ങുന്നവനും കൊടുക്കുന്നവനും (ശിക്ഷയില്‍) തുല്യരാണ്. (നസാഈ, സുനനുല്‍കുബ്‌റ 6113)
ഒരാള്‍ കുറച്ചു കാരക്കയുമായി നബി(സ)യുടെ അടുത്തുവന്നു. നബി(സ) അയാളോട് ചോദിച്ചു: ഞങ്ങളുടെ നാട്ടിലെ കാരക്കയാണല്ലോ ഇത്. ഇതെങ്ങനെ താങ്കള്‍ക്ക് ലഭിച്ചു? അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ ഞങ്ങളുടെ കാരക്ക രണ്ട് സ്വാഅ് നല്‍കി ഇവിടുത്തെ കാരക്ക ഒരു സ്വാഅ് വാങ്ങി. അപ്പോള്‍ നബി(സ) പറഞ്ഞു: അതു പലിശയാണ്. തിരിച്ചു കൊടുക്കുവിന്‍. പിന്നെ സ്വന്തം കാരക്കവില്‍ക്കുക. ശേഷം നമുക്കു വേണ്ടി ഈ കാരക്ക വാങ്ങുക.” (മുസ്‌ലിം 4168)
താഴ്ന്ന ഇനം വസ്തു കൂടുതല്‍ വാങ്ങി നല്ലത് കുറച്ച്  കൊടുക്കുകയും തിരിച്ചും ചെയ്യുന്നത് അന്യായവും ചൂഷണവും വരാന്‍ സാധ്യതയുള്ളതിനാല്‍ അത് പലിശയുടെ ഗണത്തിലാണ് നബി(സ) പരിഗണിച്ചത്. പകരം ഉള്ള വസ്തുവിന്റെ മാര്‍ക്കറ്റ് വിലക്ക് വിറ്റ് അതിനുള്ള നല്ല വസ്തു വാങ്ങുന്നതിനാണ് ഇസ്‌ലാം അനുവാദം നല്‍കുന്നത്. നബി(സ) പറഞ്ഞു: ”സ്വര്‍ണത്തിന് പകരം സ്വര്‍ണം വില്‍ക്കരുത്; തുല്യ അളവിലല്ലാതെ. ഏറ്റക്കുറവ് പാടില്ല. വെള്ളിക്കുപകരം വെള്ളി വില്‍ക്കരുത്; തുല്യമായിട്ടല്ലാതെ. ഏറ്റക്കുറവ് വരുത്തരുത്. സ്ഥലത്തില്ലാത്തത് ഉള്ളതിന് പകരമായും വില്‍ക്കരുത്. (മുവത്വ 130:1855)
കൃത്യമായ അധ്വാനത്തിന്റെ ഫലമായോ നീതിയുക്തവും ധര്‍മത്തിലൂന്നിയ കച്ചവടത്തിലൂടെ ലഭിക്കുന്നതോ യോഗ്യതക്ക് വേണ്ടി അംഗീകാരം ലഭിക്കുന്നതോ ആയ നിലയിലല്ലാതെ സമ്പന്നനെയും ദരിദ്രനെയും സൃഷ്ടിച്ച് ചൂഷണമായി മാറുന്നതെല്ലാം ഗുരുതരമായ പലിശയുടെ ഗണത്തില്‍പെട്ടേക്കാം. അതുകൊണ്ട് അതെല്ലാം അല്ലാഹു നിഷിദ്ധമാക്കി.
വ്യക്തികള്‍ക്കിടയിലെ സഹകരണ മനോഭാവം നശിപ്പിച്ച് അധ്വാനിക്കാതെ പാവങ്ങളെ ചൂഷണം ചെയ്യുന്ന മനോഭാവം വളര്‍ത്തുന്ന സംസ്‌കാരമാണ് പലിശ. എല്ലാ സമുദായങ്ങളിലും പലിശ നിഷിദ്ധമാക്കിയിട്ടുണ്ട്. എന്നാല്‍ വിവിധ ന്യായങ്ങള്‍ പറഞ്ഞ് പലിശയെ പിന്തുണച്ച പുരോഹിതന്മാര്‍ ആ സമൂഹത്തെ തന്നെ അധപ്പതനത്തിലേക്ക് നയിക്കുകയാണ് ചെയ്തത്. വേദക്കാരെ സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നു: ”പലിശ അവര്‍ക്ക് നിരോധിക്കപ്പെട്ടതായിട്ടും അവരത് വാങ്ങിയത് കൊണ്ടും ജനങ്ങളുടെ സ്വത്തുക്കള്‍ അവര്‍ അന്യായമായി തിന്നതുകൊണ്ടും കൂടിയാണ് (നല്ല വസ്തുക്കള്‍ പോലും അവര്‍ക്ക് നിഷിദ്ധമാക്കപ്പെട്ടത്). അവരില്‍ നിന്നുള്ള സത്യ നിഷേധികള്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.” (നിസാഅ് 161)
പലിശയിലൂടെ അവിശ്വാസത്തിലെത്തുമെന്ന മുന്നറിയിപ്പ് മേല്‍വചനം നമുക്ക് നല്‍കുന്നുണ്ട്. താഴെ പറയുന്ന വചനവും അത് ശക്തിപ്പെടുത്തുകയും പലിശക്കാര്‍ വിജയികളാവുകയില്ലെന്ന് അറിയിക്കുകയും ചെയ്യുന്നു. ”സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിയിരട്ടിയായി പലിശ തിന്നരുത്. അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയികളായേക്കാം. സത്യനിഷേധികള്‍ക്ക് ഒരുക്കിവെക്കപ്പെട്ട നരകാഗ്നിയെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക.” (ആലുഇംറാന്‍ 130, 131)
ലാഭവും അഭിവൃദ്ധിയും ലക്ഷ്യമിട്ടാണ് യഥാര്‍ഥത്തില്‍ പലിശക്കാര്‍ ജീവിക്കുന്നത്. പരലോകത്തെ ശിക്ഷയും ഇഹലോകത്തെ കുടുസ്സതയുമാണ് അവര്‍ക്കുള്ളത്. ”ജനങ്ങളുടെ സ്വത്തുകളിലൂടെ വളര്‍ച്ച നേടാനായി നിങ്ങള്‍ വല്ലതും പലിശയ്ക്ക് കൊടുക്കുന്ന പക്ഷം അല്ലാഹുവിങ്കല്‍ അതു വളരുകയില്ല. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കികൊണ്ട് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്ന പക്ഷം അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവര്‍.” (റൂം 39). ”അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മ്മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. യാതൊരു നന്ദിക്കെട്ട ദുര്‍വൃത്തനെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.” (അല്‍ബഖറ 276)
ഇഹലോകത്തും പരലോകത്തും ശിക്ഷിക്കപ്പെടാന്‍ കാരണമാകുന്ന മഹാപാതകമാണ് പലിശ. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം: പലിശ തിന്നുന്നവനെയും തീറ്റുന്നവനെയും അതിന്റെ സാക്ഷികളെയും എഴുത്തുകാരെയും അല്ലാഹു ശപിച്ചിരിക്കുന്നു. എന്നിട്ടദ്ദേഹം പറഞ്ഞു: ഒരു ജനതയില്‍ പലിശയും വ്യഭിചാരവും വെളിവായാല്‍ അവര്‍ അല്ലാഹുവിന്റെ ശിക്ഷയെ ഏറ്റെടുക്കാന്‍ സ്വയം തന്നെ തയ്യറായി കഴിഞ്ഞു.” (മുസ്‌നദ് അഹ്മദ് 3809)
നബി(സ) തന്റെ സ്വപ്‌നം വിവരിക്കവെ, രക്തം കൊണ്ടുള്ള നദിയുടെ മധ്യത്തില്‍ നില്‍ക്കുന്ന വ്യക്തി കരയിലേക്ക് നീങ്ങുമ്പോള്‍ കരയില്‍ നിന്നുള്ള ഒരാള്‍ വലിയ പാറക്കല്ല് അയാളുടെ വായിലേക്ക് എറിയുകയും രക്ത നദിയുടെ മധ്യത്തിലേക്ക് തന്നെ അകറ്റപ്പെടുകയും ചെയ്യപ്പെടുന്ന പലിശക്കാരനായ വ്യക്തിയെ പറ്റി വിവരിച്ചു. പലിശക്കാരന്റെ പരലോക അവസ്ഥയെക്കുറിച്ച് അല്ലാഹു പറയുന്നു: ”പലിശ തിന്നുന്നവര്‍ പിശാച് ബാധ നിമിത്തം മറിഞ്ഞു വിഴുന്നവന്‍ എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല. കച്ചവടം പലിശ പോലെത്തന്നെയാണ് എന്ന് അവര്‍ പറഞ്ഞതിന്റെ ഫലമത്രെ അത്. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച്) വല്ലവനും (പലിശയില്‍ നിന്ന്) വിരമിച്ചാല്‍ അവന്‍ മുമ്പ് വാങ്ങിയത് അവനുള്ളത് തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന് വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും (പലിശ ഇടപാടുകളിലേക്ക് തന്നെ) മടങ്ങുകയാണെങ്കില്‍ അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.” (അല്‍ബഖറ 275)
ഹജ്ജതുല്‍വദാഇല്‍ നബി(സ) പറഞ്ഞു: എല്ലാ പലിശ ഇടപാടുകളും ഇന്നു മുതല്‍ നാം ദുര്‍ബ്ബലപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ മൂലധനത്തില്‍ നിങ്ങള്‍ക്കവകാശമുണ്ട്. അതില്‍ നിങ്ങള്‍ക്കൊട്ടും നഷ്ടപ്പെടില്ല. പലിശ പാടില്ലെന്ന് അല്ലാഹു വിധിച്ചു. ആദ്യമായി എന്റെ പിതൃവ്യന്‍ അബ്ബാസിന്റെ പലിശയിതാ ഞാന്‍ റദ്ദ് ചെയ്യുന്നു.” (ബുഖാരി)
ഏറെ ഗൗരവമേറിയ താക്കീതുകള്‍ ഇന്ന് ഒട്ടും ഗൗനിക്കപ്പെടുന്നില്ല. പലിശയുമായി ബന്ധപ്പെടാന്‍ ഒരു ഭയവും ഇല്ലാത്ത നിലയിലേക്ക് സമൂഹം എത്തിപ്പെട്ടു. നബി(സ) പറഞ്ഞു: ”ജനങ്ങള്‍ക്ക് ഒരു കാലംവരും. അന്ന് അവര്‍ പലിശ തിന്നുന്നവരായിരിക്കും. നബി(സ)യോട് ചോദിക്കപ്പെട്ടു: ജനങ്ങളില്‍ എല്ലാവരുമോ? അവിടുന്ന് പറഞ്ഞു: അത് ഭക്ഷിക്കാത്തവനെ അതിന്റെ പൊടിപടലങ്ങളെങ്കിലും ബാധിക്കും.” (ബൈഹഖി 10778)
നബി(സ) മറ്റൊരിക്കല്‍ പറഞ്ഞു: ”മനുഷ്യര്‍ക്ക് ഒരു കാലം വരും. അന്ന് അവരില്‍ മതത്തില്‍ ഉറച്ചു നില്‍ക്കുന്നവന്‍ തീ കനലിന്മേല്‍ പിടിച്ചവനെപ്പോലെയായിരിക്കും.” (സുനനു തിര്‍മുദി 2260)
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x