പരിസ്ഥിതി സൗഹൃദം: ഇണക്കി നിര്‍ത്തേണ്ട നിര്‍ബന്ധിത ബന്ധം – ഡോ. പി എം മുസ്തഫ കൊച്ചിന്‍
പ്രകൃതി മനുഷ്യന്റെ ശത്രുവല്ല, മിത്രമാണ്, സഹോദരനാണ്. പ്രകൃതിയും മനുഷ്യരും ദൈവസൃഷ്ടികളാണ്. സൃഷ്ടിയായ മനുഷ്യന്‍ മറ്റൊരു സൃഷ്ടിയായ പ്രകൃതിയെ ആരാധിക്കുകയല്ല വേണ്ടത്. മറിച്ച് മനുഷ്യന്റെയും പ്രകൃതിയുടെയും ദൈവത്തെ മാത്രം ആരാധിക്കുകയും സൃഷ്ടിയായ പ്രകൃതിയെ തന്റെ സഹോദരനായി കണ്ട് അതിനോട് നല്ല സുഹൃദ് ബന്ധം വെച്ചു സ്ഥാപിക്കുകയുമാണ് വേണ്ടത്. ആകയാല്‍ വിശ്വാസി പ്രകൃതിയെ ആരാധിക്കുന്നവനും അതിനോട് ശത്രുത വെച്ചുപുലര്‍ത്തുന്നവനുമാകരുത്.
”അല്ലാഹു കൂട്ടിച്ചേര്‍ക്കാന്‍ കല്പിച്ച ബന്ധത്തെക്കുറിച്ച് വേര്‍പ്പെടുത്തുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരാണ് അധര്‍മകാരികള്‍” (2:27) എന്ന് ഖുര്‍ആന്‍ പറയുന്നതിന്റെ വിശാലാര്‍ഥത്തില്‍ പരിസ്ഥിതി സുഹൃദ് ബന്ധം ചേര്‍ക്കലും പെടുന്നതാണ്. ”ഭൂമിയിലുള്ള ജീവജാലങ്ങളൊക്കെയും നിങ്ങളെപ്പോലുള്ള സമുദായം” (6:38). എന്ന പരാമര്‍ശം ഇതിനെ അടിവര കുറിക്കുന്നുണ്ട്. പ്രകൃതിയിലുള്ള ജീവജാലങ്ങളെ സഹോദര സമുദായമായി കാണാന്‍ ഈ വചനം പ്രേരണ ചെയ്യുന്നുണ്ട്. എല്ലാറ്റിന്റെയും നാമങ്ങള്‍ അല്ലാഹു ആദം(അ) നബിക്ക് പഠിപ്പിച്ച് കൊടുത്തത് മേല്‍ പറഞ്ഞ ബന്ധം ചേര്‍ക്കലിന് കൂടിയാണ്. പ്രകൃതിയോടുള്ള തികഞ്ഞ അന്യവല്‍ക്കരണമാണ് ഭൂരിഭാഗം ആളുകളിലും വളര്‍ന്ന് വരുന്നത്. ‘മഴയെങ്കില്‍ കുട’ എന്ന പരസ്യവും ‘മഴ നനയാതെ സഞ്ചരിക്കാന്‍, പനിയും ജലദോഷവും ഉണ്ടാക്കുന്ന മഴ പ്രതിരോധിക്കാന്‍’ എന്നീ പ്രയോഗങ്ങളും അനുഗ്രഹ മഴയെ നിഗ്രഹമായി പരിചയപ്പെടുത്തുന്നു. സൂര്യപ്രകാശത്തെ ശത്രുവായി പരിചയപ്പെടുത്തുന്ന സണ്‍ സ്‌ക്രീന്‍ ലോഷനും, അംബ്രല്ലയും നമ്മുടെ മുമ്പിലുണ്ട്. മഴയെ നിരീക്ഷിക്കാനും സ്‌നേഹിക്കാനും പഠിപ്പിക്കുന്ന വേദഗ്രന്ഥമായ ഖുര്‍ആന്‍ അത് അനുഗ്രഹമായാണ് പരിചയപ്പെടുത്തുന്നത് (56: 68-70)
അനുഗ്രഹത്തിന് നന്ദി
പ്രകൃതി അനുഗ്രഹമാണ്, അതിന് നന്ദി രേഖപ്പെടുത്തുക എന്ന സന്ദേശം ഇസ്്‌ലാം മുന്നോട്ടുവെക്കുന്നു. കഴുതയും മറ്റു കാലിവര്‍ഗങ്ങളും, മഴയും, കൃഷിയും, ഒലീവും ഈത്തപ്പയും മുന്തിരിയും രാത്രിയും പകലും സൂര്യനും നക്ഷത്രവും കടലും മലയും പുഴയും അനുഗ്രഹമാണെന്ന് പറഞ്ഞ ശേഷം അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എണ്ണാന്‍ ശ്രമിച്ചാല്‍ ക്ലിപ്തമാക്കാനാവില്ലെന്ന് ഖുര്‍ആനുണര്‍ത്തി (16: 15-18). ഈ പ്രകൃതി ദൃഷ്ടാന്തങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തണം. പ്രകൃതി എന്തിന് വേണ്ടിയാണോ സൃഷ്ടിക്കപ്പെട്ടത്, തദാവശ്യത്തിന് അവ ഉപയോഗപ്പെടുത്തുകയാണ് യഥാര്‍ഥ നന്ദി പ്രകടനം. നന്ദി രേഖപ്പെടുത്തിയാല്‍ അല്ലാഹു വര്‍ധനവ് നല്‍കുമെന്ന് (14: 7) ഖുര്‍ആന്‍ പറയുന്നു.
പ്രകൃതി എന്ന സുന്ദരി
പ്രകൃതിയുടെ പ്രയോജനത്തെക്കുറിച്ച് പറയുന്നതോടൊപ്പം തന്നെ അതിന്റെ സൗന്ദര്യ മൂല്യവും ആസ്വാദനവും ഖുര്‍ആന്‍ എടുത്തുപറയുന്നുണ്ട്. ‘കൗതുകമുണര്‍ത്തുന്ന തോട്ടം’ (27: 60). ‘കൗതുകമുള്ള എല്ലാ ചെടികള്‍’ (22: 5), ‘കൗതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങള്‍’ (50: 7), ‘പച്ച പിടിച്ച ചെടികള്‍’ (6: 99)., ആകാശത്തിലെ നക്ഷത്രങ്ങള്‍ നോക്കുന്നവര്‍ക്കായി അല്ലാഹു അലംകൃതമാക്കിയിരിക്കുന്നു” (15:16, 37:6, 67:5) എന്നീ ഖുര്‍ആനിക പദപ്രയോഗങ്ങള്‍ ഇസ്‌ലാം സൗന്ദര്യത്തെയും സൗന്ദര്യബോധത്തെയും നിരാകരിക്കുന്നില്ല എന്ന് മനസ്സിലാക്കിത്തരുന്നു. ‘അല്ലാഹു സുന്ദരന്‍, അവന്‍ സൗന്ദര്യം ഇഷ്ടപ്പെടുന്നു’ എന്ന നബി വാക്യം കൂടി സ്മരിക്കുന്നത് നന്നായിരിക്കും. വിശ്വാസികള്‍ക്ക് വിശ്വാസ ബലത്തിനനുസരിച്ച് ഈ പ്രകൃതി സൗന്ദര്യമാസ്വദിക്കാനാവും. ഈ സൗന്ദര്യബോധം പരിസ്ഥിതി പരിപാലനത്തിനൊരു കൈത്താങ്ങ് ആയിത്തീരുമെന്നത് തീര്‍ച്ചയാണ്.
മാലിന്യ മുക്തി
ഇസ്‌ലാമില്‍ ശുചിത്വം പ്രധാനം, മലിനീകരണം പാടില്ല. വൃത്തി ഇസ്‌ലാമിന്റെ മുഖമുദ്ര. ‘വൃത്തി വിശ്വാസത്തിന്റെ നേര്‍ പകുതി’ യാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചു. സ്ഥലം, ജലം, ഭക്ഷണം, പാനീയം, വസ്ത്രം, ശരീരം എന്നിവ ശുദ്ധമാവണമെന്ന് ഖുര്‍ആനും പഠിപ്പിച്ചു. എല്ലാറ്റിലുമുപരി മാലിന്യമുക്തമായ ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ മനസ്സ് അത് വിഭാവനം ചെയ്യുന്നു.
മുടി വൃത്തിയാക്കല്‍, പല്ലും വായും മൂക്കും വൃത്തിയാക്കല്‍, ഗുഹ്യരോമം നീക്കല്‍, മീശ വെട്ടല്‍, നഖം മുറിക്കല്‍, കക്ഷം വടിക്കല്‍, ലിംഗ പരിഛേദം, വീടും പരിസരവും മാലിന്യമുക്തമാക്കല്‍, പൊതു വഴിയിലെ ഉപദ്രവ നിര്‍മാര്‍ജനം, മലമൂത്രാനന്തരം ശുചിയാക്കല്‍, പ്രാര്‍ഥനക്ക് മുമ്പുള്ള ശുദ്ധി, ലൈംഗിക വേഴ്ചക്ക് ശേഷമുള്ള കുളി എന്നിവ പ്രവാചകന്‍ പഠിപ്പിച്ച ശുചിത്വ പാഠങ്ങളാണ്.
ശുദ്ധമായ ഭൂമുഖം (4:43, 5:6) നല്ല നാട്, നല്ല രാജ്യം (7:58, 34:15)എന്നീ ഖുര്‍ആനിക പരാമര്‍ശങ്ങള്‍ ഭൗമോപരിതലം പരിശുദ്ധമായിരിക്കണം എന്നതിനെ പ്രതിനിധാനം ചെയ്യുന്നു. എര്‍ത്ത് പൊലൂഷന്‍, സാന്റ് പൊലൂഷന്‍ പാടില്ല എന്ന് മനസ്സിലാക്കിത്തരുന്നു. ഫലവൃക്ഷച്ചുവട്ടില്‍ മലമൂത്ര വിസര്‍ജനം പാടില്ല എന്ന് നബി അരുളി. നല്ല കാറ്റ് (10:22) എന്ന പദപ്രയോഗം അന്തരീക്ഷ – വായു പരിശുദ്ധിയെ കുറിക്കുന്നു. എയര്‍ പൊലൂഷന്‍ (അന്തരീക്ഷ മലിനീകരണം, വായു മലിനീകരണം) പാടില്ല എന്ന ആശയം മനസ്സിലാക്കിത്തരുന്നു. ‘ശുദ്ധ ജലം’ (25:48) എന്ന ഖുര്‍ആന്‍ പദവും, കെട്ടിനില്‍ക്കുന്ന ജലത്തില്‍ മലമൂത്ര വിസര്‍ജനം എന്ന പ്രവാചക അധ്യാപനവും വാട്ടര്‍ പൊലൂഷന്‍ (ജലമലിനീകരണം) പാടില്ല എന്നതിനെ പ്രതിനിധീകരിക്കുന്നുണ്ട്.
സൗണ്ട് പൊലൂഷന്‍ (ശബ്ദമലിനീകരണം) പാടില്ല എന്ന സൂചനയും ഇസ്‌ലാമിക അധ്യാപനങ്ങളില്‍ നിന്ന് വായിച്ചെടുക്കാം. മനുഷ്യന്‍ ശബ്ദം നിയന്ത്രിക്കണം (31:19), പ്രവാചക സന്നിധിയില്‍ ശബ്ദം താഴ്ത്തി സംസാരിക്കുന്നവര്‍ക്ക് പ്രതിഫലമുണ്ട് (49:2). അല്ലാഹുവിനെ കേള്‍പ്പിക്കാന്‍ പ്രാര്‍ഥന പോലും ഉച്ചത്തിലാക്കേണ്ടതില്ലെന്നും അല്ലാഹു ഏത് ശബ്ദവും കേള്‍ക്കുന്നവനാണെന്നുമുള്ള ഖുര്‍ആനിക നിര്‍ദേശങ്ങള്‍ ശബ്ദ മലിനീകരണത്തെ നിയന്ത്രിക്കാന്‍ ഏറെ സഹായമാകുന്നതാണ്.
മനുഷ്യഹസ്തം
മനുഷ്യഹസ്തങ്ങള്‍ പ്രകൃതി – പരിസ്ഥിതി ദൂഷ്യത്തിന് കാരണമാകുന്നുവെന്ന വിലയിരുത്തല്‍ ഖുര്‍ആനിലുണ്ട്. ‘മനുഷ്യകരങ്ങള്‍ സമ്പാദിച്ചത് നിമിത്തം കരയിലും കടലിലും നാശം പ്രകടമായിരിക്കുന്നു. (30:41). മനുഷ്യന്‍ വികസനത്തിന്റെ മറവില്‍ പരിസ്ഥിതി നശീകരണവും, പുരോഗതി എന്ന ഓമനപ്പേരില്‍ പ്രകൃതിയെ ദുഷിപ്പിക്കലും നടത്തിക്കൊണ്ടിരിക്കുയാണ്. സല്‍കര്‍മം എന്ന വ്യാജേന ദുഷ്പ്രവൃത്തി ചെയ്യുന്നത് കപട വിശ്വാസികളുടെ ലക്ഷണമായി ഖുര്‍ആന്‍ എടുത്തുകാട്ടുന്നു. കപട വിശ്വാസികളോട് ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത് എന്ന് പറയുമ്പോള്‍ അവര്‍ പറയും: ”ഞങ്ങള്‍ സല്‍പ്രവൃത്തി ചെയ്യുന്നവര്‍ മാത്രമാകുന്നു.” (2:11)
മനുഷ്യന്റെ യുക്തി രഹിതമായ ഇടപെടലും ഉപഭോഗസംസ്‌കാരവും, ആര്‍ത്തിയും, ആസക്തിയും പ്രകൃതിക്കും പരിസ്ഥിതിക്കും വിനയാവുകയാണ്. പരസ്പരം പെരുമ നടിക്കല്‍ നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു”( 100:1) എന്നത് ഉപഭോഗാസക്തിയെ കുറിക്കുന്നു. ആമസോണ്‍ മഴക്കാടുകളോ, അന്റാര്‍ട്ടിക്ക് ധ്രുവപ്രദേശമോ, ആര്‍ട്ടിക് ഹിമ പാളികളോ, ആല്‍പ്‌സ് – എവറസ്റ്റ് കൊടുമുടികളോ, പസഫിക്കോ, അറ്റ്‌ലാന്റിക്കിന്റെ അഗാധഗര്‍ത്തമായ മരിയാനാ ട്രഞ്ചോ മനുഷ്യകരങ്ങളുടെ ഇടപെടലുകളില്‍ നിന്ന് രക്ഷപ്പെട്ടില്ല.
ദക്ഷിണ ധ്രുവത്തിലെ പെന്‍ഗ്വിന്റെ നാടായ അന്റാര്‍ട്ടിക്കയില്‍ 1908 ല്‍ റോള്‍ഡ് അമൂണ്‍ സെന്‍ കാല് കുത്തിയതു മുതലും, ഉത്തര ധ്രുവത്തിലെ ധ്രുവക്കരടിയുടെ നാടായ ആര്‍ട്ടിക്ക് പ്രദേശത്ത് 1909 ല്‍ റോബര്‍ട്ട് എഡ്‌വിന്‍ പിയറി കാല്‍ വെച്ചത് മുതലും ഇരുധ്രുവങ്ങളിലും പരിസര മലിനീകരണത്തിന് തുടക്കമായി. 1953 ല്‍ ടെന്‍സിംഗ് നോര്‍ഗെയും എഡ്മണ്ട് ഹിലാരിയും എവറസ്റ്റ് കീഴടക്കിയപ്പോള്‍ തുടങ്ങിയതാണ് ഹിമാലയത്തിലെ മലിനീകരണ പ്രവര്‍ത്തനങ്ങള്‍. ഹിമാലയത്തില്‍ പ്ലാസ്റ്റിക് മലകള്‍ രൂപപ്പെട്ടുവരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പസഫിക്കിനെ പ്ലാസ്റ്റിക് സമുദ്രമെന്ന് പുനര്‍നാമകരണം ചെയ്യാനൊരുങ്ങുങ്ങുന്നുവെന്ന് നാം പത്രത്തില്‍ വായിച്ചതാണ്. ലോകത്തിലെ ഏറ്റവും വലിയ 10 നദികള്‍ മാലിന്യത്തില്‍ മുങ്ങിക്കുളിച്ചിരിക്കുന്നു എന്ന് വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യയിലെ ഗംഗയും, സിന്ധുവും അതിലുള്‍പ്പെടും.
പ്ലാസ്റ്റിക് മാലിന്യങ്ങളാല്‍ ഭൂമിയുടെ ഉപരിതലത്തിന് തൊട്ടുതാഴെ ഭാവിയില്‍ ഒരു പാളി തന്നെ രൂപപ്പെട്ടുവരുന്നത് വെള്ളപ്പൊക്കം പോലുള്ള വന്‍ ദുരന്തങ്ങള്‍ക്ക് കാരണമാകും. കൃത്രിമോപഗ്രഹങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളാല്‍ ബഹിരാകാശം മലിനമായി. ചന്ദ്രനും, ചൊവ്വയും, മറ്റു ഗ്രഹങ്ങളും ഉപഗ്രഹങ്ങളും മലിനീകരിക്കാനുള്ള ശ്രമത്തിലാണ് മനുഷ്യന്‍! ഭൂമിയുടെ കണ്ണായ തണ്ണീര്‍ തടങ്ങളും, ഭൂമിയുടെ കിഡ്‌നിയായ കണ്ടല്‍ വനങ്ങളും, ഭൂമിയുടെ ശ്വാസകോശമായ വനങ്ങളും മനുഷ്യ കരങ്ങളുടെ പ്രവര്‍ത്തനത്തില്‍ നിന്ന് മുക്തമല്ല.
അടിസ്ഥാന ആഹാരം
പ്രകൃതി വിഭവങ്ങളില്‍ പ്രധാനമായ സസ്യസമ്പത്തിന്റെ സംരക്ഷണം മനുഷ്യന്റെ നിലനില്പിന് അനിവാര്യമാണ്. മനുഷ്യന്റെ ജീവവായുവായ ഓക്‌സിജനെ നിയന്ത്രിക്കുന്നത് സസ്യങ്ങളാണ്, ജീവ ജലത്തെ നിയന്ത്രിക്കുന്നതും സസ്യം തന്നെ. മനുഷ്യര്‍ക്കും മറ്റു ജന്തുജാലങ്ങള്‍ക്കും ആവശ്യമായ വിവിധയിനം സസ്യസമ്പത്തിനെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്. അതിനെ സംരക്ഷിക്കുന്നതില്‍ പ്രവാചകന്റെ ഒരു പിടി നിര്‍ദേശങ്ങളുണ്ട്.
സസ്യസമ്പത്ത് നശിപ്പിക്കരുത്, ഹജ്ജ് വേളയില്‍ ചെടി പറിക്കരുത്, വൃക്ഷം മുറിക്കരുത്, ഇലന്തമരം മുറിക്കരുത് പൊതു സ്വത്താണ്, മരണം പടിവാതില്‍ക്കല്‍ കാത്തുനില്‍ക്കുമ്പോഴും കൈയിലുള്ള വൃക്ഷത്തൈ മണ്ണില്‍ നട്ടേക്കുക എന്ന നിര്‍ദേശം, നട്ട ചെടിയില്‍ നിന്നും മൃഗമോ പക്ഷിയോ തിന്നാലും പുണ്യം, ചെടിയിലെ ഫലം ആരെങ്കിലും മോഷ്ടിച്ചെടുത്താല്‍ പോലും തനിക്ക് പുണ്യം ലഭിക്കും തുടങ്ങി ഭൂമിയെ ഹരിതമയവും സുന്ദരവുമാക്കാനുള്ള ഖുര്‍ആനിലെയും നബി വചനങ്ങളിലെയും ആഹ്വാനങ്ങള്‍ അനുചരരെ കര്‍മോത്സുകരാക്കി. മരം നടുകയായിരുന്ന പ്രമുഖ സ്വഹാബി അബുദ്ദര്‍ദാഅ്(റ) നോട് ഒരാള്‍ ചോദിച്ചു: ‘വൃദ്ധനായ താങ്കള്‍ ഇത് നട്ടിട്ടെന്ത് കാര്യം? ഇതു കായ്ക്കാന്‍ വര്‍ഷങ്ങളെടുക്കില്ലേ?” അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘ഇതില്‍ നിന്ന് മറ്റുള്ളവര്‍ തിന്നുന്നതിനും അതിന്റെ പ്രതിഫലം എനിക്ക് കിട്ടുന്നതിനും എനിക്കെന്തു വിരോധം!’
ജൈവ സമ്പത്ത്
പ്രകൃതി വിഭവങ്ങളുടെ പ്രാധാന്യത്തെയും മനുഷ്യര്‍ക്ക് അവയുടെ ഉപകാരത്തെയും ഖുര്‍ആന്‍ വളരെയധികം പറഞ്ഞിട്ടുണ്ട്. ‘കാലികളെ സൃഷ്ടിച്ചതും അവയില്‍ ഭക്ഷണവും വസ്ത്രവും, ഉപകാരമുണ്ടെന്നും’ (16:5) പാല്‍ ലഭിക്കുമെന്നും (16:66) മൃഗത്തോലും രോമവും ലഭിക്കുമെന്നും (16:80) പറഞ്ഞു. ഈ സമ്പത്തിന്റെ സംരക്ഷണവും അവയുടെ അവകാശങ്ങളും ഇസ്്‌ലാം പരിഗണിക്കുന്നുണ്ട്. മൃഗസമ്പത്ത് മാനവ സമൂഹത്തിന്റെ വിലമതിക്കാനാവാത്ത സ്വത്തും പരിസ്ഥിതിയിലെ പ്രധാന ഘടകവുമാണ്. ജൈവ സമ്പത്ത് വിലമതിക്കണമെന്നും, ജീവനുള്ള എല്ലാറ്റിനെയും ആദരിക്കണമെന്നും, രോഗമുള്ള വളര്‍ത്തുമൃഗങ്ങളെ ചികിത്സിക്കണമെന്നും, അവയെ ആരോഗ്യമുള്ള മൃഗങ്ങളില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കണമെന്നും പ്രവാചകന്‍ പഠിപ്പിച്ചു. മൃഗങ്ങളെ വെറുതെ കൊല്ലരുത്, ആഹാരത്തിനല്ലാതെ അറുക്കരുത്, കറവ് മൃഗത്തെ അറുക്കരുത് എന്നും അദ്ദേഹം വിലക്കുകളേര്‍പ്പെടുത്തി. ജീവജാതികളെ വംശനാശത്തില്‍ നിന്ന് രക്ഷിക്കണമെന്ന് പഠിപ്പിച്ചു.
വിരഹ ദു:ഖത്താല്‍ ചിറകിട്ടടിച്ച തള്ളപ്പക്ഷിക്ക് അതിന്റെ കുഞ്ഞിനെ തിരിച്ചുനല്‍കാന്‍ അനുയായികളോട് ആവശ്യപ്പെട്ടു, അസ്ത്രവിദ്യ പഠിക്കാന്‍ ജീവികളെ ഉന്നം വയ്ക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍, പട്ടിക്ക് ദാഹജലം കൊടുക്കുന്നവന്‍ സ്വര്‍ഗത്തില്‍, ഇര തേടാനനുവദിക്കാതെ പൂച്ചയെ കെട്ടിയിട്ട സ്ത്രീ നരകത്തിലാണെന്നും പ്രവാകനരുളി. ഉറുമ്പിന്‍ കോളനിയില്‍ തീയിടുന്നതിനെ ശക്തമായി വിലക്കി.
പ്രവാചക അനുചരന്മാരും ഇതേ പാത പിന്‍തുടര്‍ന്നുവന്നു. യൂഫ്രട്ടീസ് നദിക്കരയില്‍ ഒരൊട്ടകം ചത്താല്‍ ആ കുറ്റത്തിന് അല്ലാഹുവോട് മറുപടി പറയേണ്ടി വരുമെന്ന് ഭയപ്പെട്ട ഉമര്‍(റ), ‘ഉറുമ്പുകള്‍ നമ്മുടെ അയല്‍വാസികള്‍; അവയോട് നമുക്ക് കടയമുണ്ടെന്ന്’ പറഞ്ഞുകൊണ്ട് ഉറുമ്പുകള്‍ക്ക് തിന്നാന്‍ റൊട്ടി പൊടിച്ച് കൊടുത്ത അദിയ്യ ബിന്‍ഹാത്വിം(റ), ചാകാനായ ഒട്ടകത്തോട് ‘എന്റെ ഒട്ടകമേ! ഞാന്‍ നിന്നെ അമിതഭാരം വഹിപ്പിച്ചിട്ടില്ല. അതുകൊണ്ട് നാളെ പരലോകത്ത് ദൈവസന്നിധിയില്‍ നീയെന്നെ ശത്രുവായി കാണല്ലേ’ എന്നു പറഞ്ഞ അബൂദര്‍ദ്ദാഅ്(റ). മൃഗങ്ങളെ ചാട്ടവര്‍ കൊണ്ട് ക്രൂരമായി അടിക്കരുത്, കുന്തംകൊണ്ട് അവയെ കുത്തരുത് എന്ന് ഉത്തരവ് പുറപ്പെടുവിച്ച ഉമര്‍ബിന്‍ അബ്ദിൽ അസീസ്(റ), ഈജിപ്തിലെ ഫുസ്താത്തില്‍ വെച്ച് തന്റെ കൂടാരത്തിന് മുകളില്‍ കൂടൊരുക്കിയ പ്രാവിന് വേണ്ട കൂടാരം (ഫുസ്ത്വാത്) ഉപേക്ഷിച്ച് യാത്ര തുടര്‍ന്ന അംര്‍ ബിന്‍ അല്‍ആസ്(റ) എന്നിവര്‍ ചരിത്രത്തില്‍ സ്മരിക്കപ്പെടേണ്ടതാണ്. എന്നാല്‍ നമ്മുടെ അവസ്ഥയോ?! പട്ടിയെ കാണുമ്പോള്‍ കല്ലെടുക്കുന്നു, ഉറുമ്പിന് ഡി റ്റി റ്റി പൊടി നല്‍കുന്നു, വിഷമില്ലാത്ത ചേരയെയും നീര്‍ക്കോലിയെയും നിര്‍ദയം കൊല്ലുന്നു. കീടങ്ങളോട് ശത്രുത വെച്ചുപുലര്‍ത്തുന്നു.
ഉറുമ്പ്, തേനീച്ച എന്നീ പ്രാണികളെ കൊല്ലാനുള്ള ലൈസന്‍സ് അല്ലാഹു നമുക്ക് നിഷേധിച്ചിരിക്കുന്നു. അത്തരം കീടങ്ങളുടെ ക്രമാതീത വര്‍ധനവ് നിയന്ത്രിക്കാന്‍ പക്ഷികളുടെ സംരക്ഷണം ഏറെ സഹായികമാണ്. പുഴുക്കൊത്തി (Hoopoe)പക്ഷിയും ചാരക്കുട്ടന്‍ (Shrike) പക്ഷിയും പ്രാണികളുടെ അന്തകന്മാരും, പ്രകൃതിയിലെ കീടനാശിനികളായതിനാലാവാം ഇവയെ കൊല്ലല്‍ നബി(സ) പ്രത്യേകം വിലക്കിയത്.
പ്രകൃതിയും അല്ലാഹുവിന്റെ ആയത്താണ്
ഖുര്‍ആനിന്റെയും പ്രകൃതിയുടെ താരതമ്യം പരിപാലന വിഷയത്തില്‍ പ്രസക്തമാണ്. ഇസ്‌ലാമിക ദൃഷ്ടിയില്‍ അക്ഷരങ്ങളും, ലിപികളും തേഞ്ഞുമാഞ്ഞു പോകാതെ എക്കാലത്തും സൂക്ഷിക്കപ്പെടേണ്ട ഒരു പാഠപുസ്തകം പോലെയാണ് പ്രകൃതിയും പരിസ്ഥിതിയും. ഖുര്‍ആനും പരിസ്ഥിതിയും തമ്മില്‍ പല സമാനതകളും ഉണ്ട്. പ്രകൃതിയും ഖുര്‍ആനും അല്ലാഹുവിന്റെ ആയത്തുകളാണ്, ദൃഷ്ടാന്തങ്ങളാണ്, കുറിമാനങ്ങളാണ്. അവ രണ്ടും വായിക്കപ്പെടേണ്ടതും, വായിക്കപ്പെടുന്നതുമാണ്. ഖുര്‍ആനിന്റെ ആയത്തുകള്‍ മാറ്റി മറിക്കരുത്, കുറയ്ക്കരുത്, കൂട്ടിച്ചേര്‍ക്കരുത്. എന്നാല്‍ വ്യാഖ്യാനിക്കാം. ജീവിതത്തില്‍ പകര്‍ത്താം. പ്രകൃതിയും പരിസ്ഥിതിയുമാകെ തകര്‍ക്കും വിധം മാറ്റി മറിക്കരുത്, കൂട്ടിച്ചേര്‍ക്കരുത്, നശിപ്പിക്കരുത്; പരിസ്ഥിതിയെ പഠിക്കാം, പ്രകൃതിയെ നിലനിര്‍ത്തിക്കൊണ്ട് ഉപയോഗപ്പെടുത്താം.
ഖുര്‍ആന്‍ അധ്യായ നാമങ്ങളില്‍ പോലും പരിസ്ഥിതിയോടുള്ള ബന്ധം വ്യക്തമാക്കുന്നു. ഖുര്‍ആന്‍ പ്രകൃതിയെയും ചുറ്റുപാടിനെയും എത്രമാത്രം പരിഗണിക്കുന്നുണ്ടെന്നതിന്റെ പ്രകടമായ തെളിവാണ് അതിലെ 25% അധ്യായനാമങ്ങള്‍: പശു, കാലികള്‍, ഇടിനാദം, തേനീച്ച, ഗുഹ, ഉറുമ്പ്, ചിലന്തി, പക്ഷികള്‍, കാറ്റുകള്‍, പര്‍വതം, നക്ഷത്രം, ഇരുമ്പ്, ചന്ദ്രന്‍, പ്രഭാതം, സൂര്യന്‍, രാത്രി, പൂര്‍വാഹ്്‌നം, അത്തിമരം, കുതിരകള്‍, ആന, ഈത്തപ്പന നാര്, പുലരി, കാലം, തിളങ്ങുന്ന നക്ഷത്രം, നക്ഷത്രമണ്ഡലങ്ങള്‍, അഹ്ഖാഫ് പ്രദേശം, ഹിജ്ര്‍, പ്രവിശ്യ, മക്കാനാട് (28 എണ്ണം)
ഖുര്‍ആന്‍ പ്രതിപാദിച്ച ജന്തുക്കളുടെയും സസ്യങ്ങളുടെയും നാമങ്ങള്‍ വേറെ: പെണ്ണൊട്ടകം, കഴുത, പട്ടി, പന്നി, ആട്, ചെന്നായ, കുരങ്ങ്, ആണൊട്ടകം, കോവര്‍ കഴുത, ചെമ്മരിയാട്, സിംഹം, ആന, ഒട്ടകം, കാക്ക, ഉപ്പൂപ്പന്‍ പക്ഷി, കാടപ്പക്ഷി, മത്സ്യം, തവള, തിമിംഗലം, ഈച്ച, വെട്ടുകിളി, ചിലന്തി, പേന്‍, കൊതുക്, പാമ്പ്, ചിതല്‍, തേനീച്ച, ഉറുമ്പ്, ഈത്തപ്പന, ഒലീവ്, മുന്തിരി, മാതളം, അത്തി, ദേവദാരു, കാറ്റാടി, ദന്തധാവന മരം, മൈലാഞ്ചി, ഇഞ്ചി, പയര്‍, ഉള്ളി, വെളുത്തുള്ളി, കക്കരി, അക്വേഷ്യ, ചുരയ്ക്ക, കടുക്, തുളസി, പുല്ല്, പഴങ്ങള്‍, പച്ചക്കറികള്‍, ഇലകള്‍, ധാന്യങ്ങള്‍, കാര്‍ഷിക വിളകള്‍…
മണ്ണിനോടും മനുഷ്യനോടുമുള്ള സ്‌നേഹമാണ് പരിസ്ഥിതി സ്‌നേഹമെങ്കില്‍, മണ്ണില്‍ ജോലിചെയ്തു തഴമ്പിച്ച കൈകള്‍ പ്രവാചകന്‍ ചുംബിച്ചു. സസ്യങ്ങളോടുള്ള താല്‍പര്യമാണ് പരിസ്ഥിതി സ്്‌നേഹമെങ്കില്‍ മരണം പടിവാതില്‍ക്കലെത്തുമ്പോള്‍ പോലും കൈയിലുള്ള വൃക്ഷത്തൈ മണ്ണില്‍ നട്ടേക്കണമെന്നദ്ദേഹം പറഞ്ഞു. പറവകളോടുള്ള കരുണയാണ് പരിസ്ഥിതി പ്രേമമെങ്കില്‍ പക്ഷിക്കുഞ്ഞിനെയും തള്ളയെയും ദ്രോഹിക്കരുതെന്ന് ആജ്ഞാപിച്ചു. ഇതര ജന്തുക്കളോടുള്ള കാരുണ്യമാണ് പ്രകൃതി സ്‌നേഹമെങ്കില്‍ പച്ചക്കരളുള്ള എല്ലാ ജീവികളോടും കരുണ കാണിക്കണമെന്ന് പ്രവാചകന്‍ അരുളി: ഇസ്‌ലാം; മനുഷ്യന് മാത്രമല്ല, ജന്തു-സസ്യലോകത്തിന് സുസ്ഥിതി നല്‍കുന്ന വരദാനമാണ്.