1 Sunday
December 2024
2024 December 1
1446 Joumada I 29

പരിസ്ഥിതി സംരക്ഷണവും മനുഷ്യന്റെ ജാഗ്രതയും

സി കെ റജീഷ്


ജീവീയ ഘടകങ്ങളും അജീവീയ ഘടകങ്ങളും ഉള്‍ച്ചേര്‍ന്നു നിലനില്‍ക്കുന്ന ചുറ്റുപാടാണ് നമ്മുടെ പരിസ്ഥിതി. മനുഷ്യ വര്‍ഗത്തിന്റെ നിലനില്‍പിന് അനിവാര്യമായും ആര്‍ജിക്കേണ്ടതു തന്നെയാണ് പരിസ്ഥിതി വിജ്ഞാനം. ആധുനിക മനുഷ്യന്റെ ഉപഭോഗത്വരയും ചൂഷണവും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് പരിക്കേല്‍പിക്കുന്നു. തദ്ഫലമായി സ്വാഭാവിക ഗുണങ്ങള്‍ നഷ്ടപ്പെട്ട് പ്രകൃതി താളം തെറ്റുന്നു. വര്‍ത്തമാനകാലത്ത് നിലനില്‍ക്കുന്ന വലിയ ഭീഷണികളിലൊന്ന് പരിസ്ഥിതി മലിനീകരണവും മറ്റു പാരിസ്ഥിതിക പ്രശ്‌നങ്ങളുമാണ്. ഇവയ്ക്ക് പരിഹാരമാകുമ്പോള്‍ മാത്രമാണ് ജൈവമണ്ഡലത്തിലെ ആവാസവ്യവസ്ഥയില്‍ സുരക്ഷിതത്വവും സുസ്ഥിതിയും നിലനില്‍ക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ ഇവ്വിഷയകമായി പരിസ്ഥിതി വിജ്ഞാനമേഖലയില്‍ നടക്കുന്ന പഠന ഗവേഷണങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുന്നുണ്ട്.
വിശുദ്ധ ഖുര്‍ആന്‍ മനുഷ്യനെ പ്രപഞ്ചത്തിന്റെ കേന്ദ്രസ്ഥാനത്താണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ”ഭൂമിയിലുള്ളത് മുഴുവന്‍ നിങ്ങള്‍ക്കു വേണ്ടി സൃഷ്ടിച്ചവനാണവന്‍” (2:29) എന്ന വചനത്തില്‍ പ്രകൃതിവിഭവങ്ങളുടെ വിനിയോഗത്തിലും പരിസ്ഥിതി സംബന്ധമായ കാര്യങ്ങളിലും മനുഷ്യനു നിതാന്ത ജാഗ്രതയും കരുതലുമുണ്ടാവണമെന്ന് പഠിപ്പിക്കുന്നുണ്ട്. ഭൂമിയിലുള്ളത് മുഴുവന്‍ മനുഷ്യന്റെ ഗുണത്തിനു വേണ്ടിയാകുമ്പോള്‍ ഭൂമിക്കു ചുറ്റുമുള്ള പ്രപഞ്ചഘടനയും പ്രവര്‍ത്തനങ്ങളും അതിന് അനുഗുണമായിരിക്കും. ഭൂമുഖത്തുള്ള വൃക്ഷലതാദികളും പക്ഷിമൃഗാദികളും മറ്റു ജന്തുജീവജാലങ്ങളും സൂര്യചന്ദ്രന്മാരുടെയും വായുമണ്ഡലത്തിന്റെയും പ്രവര്‍ത്തന സ്വഭാവവും മനുഷ്യന് ഉപകരിക്കുന്ന വിധത്തില്‍ സ്രഷ്ടാവ് സംവിധാനിച്ചിരിക്കുന്നു.
പ്രകൃതിവിഭവങ്ങള്‍ മനുഷ്യരുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്ന സ്രഷ്ടാവ് പ്രകൃതിക്ക് ഹാനികരമല്ലാത്ത വിധത്തില്‍ അത് വിനിയോഗിക്കണമെന്ന് നിഷ്‌കര്‍ഷിക്കുക കൂടി ചെയ്തിരിക്കുന്നു. മനുഷ്യരുടെ അവിഹിതമായ ഇടപെടലുകളാണ് മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവസമൂഹത്തിന് വിനാശങ്ങള്‍ വരുത്തിവെക്കുന്നത്. അല്ലാഹു പറയുന്നു: ”മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിക്കാന്‍ വേണ്ടിയത്രേ അത്. അവര്‍ ഒരുവേള മടങ്ങിയേക്കാം” (30:41).
സര്‍വശക്തനായ അല്ലാഹു ഏറ്റവും മികച്ച രീതിയിലാണ് പ്രകൃതിവിഭവങ്ങള്‍ ഒരുക്കിയിട്ടുള്ളത്. പ്രകൃതിവ്യവസ്ഥയില്‍ അല്ലാഹു നിശ്ചയിച്ച സന്തുലനാവസ്ഥയ്ക്ക് കോട്ടം തട്ടാതെ മനുഷ്യന് അവന്റെ ജീവിതാവശ്യങ്ങള്‍ക്കായി പ്രകൃതിവിഭവങ്ങളെ ഉപയോഗിക്കാം. അല്ലാഹുവിന്റെ നിയമാതിര്‍ത്തികളെ കാത്തുസൂക്ഷിച്ചുകൊണ്ടും ഇതര കൃഷികള്‍ക്ക് ഉപദ്രവങ്ങള്‍ ഏല്‍പിക്കാതെയും മനുഷ്യന്‍ പരിസ്ഥിതിയില്‍ ജാഗ്രത്താവുമ്പോള്‍ പ്രകൃതിയുടെ പരിശുദ്ധ ഭാവവും പരിസ്ഥിതിയുടെ സന്തുലിതത്വവും നിലനില്‍ക്കുന്നു.
പ്രകൃതിവിഭവങ്ങളുടെ ഗുണഭോക്താവായ മനുഷ്യന്‍ നന്ദിബോധമുള്ള അടിമയായി മാറുന്നു. എന്നാല്‍ ഈ പ്രപഞ്ചത്തിന്റെയും അതിലെ വിവിധങ്ങളായ വിഭവങ്ങളുടെയും സാക്ഷാല്‍ ഉടമസ്ഥാവകാശം അല്ലാഹുവിനാണെന്ന ചിന്ത നഷ്ടപ്പെടുമ്പോള്‍ നന്ദിബോധമുള്ള ജീവിതം മനുഷ്യനു നയിക്കാനാവുകയില്ല. അല്ലാഹു പറയുന്നു: ”നാം നിങ്ങള്‍ക്ക് ഭൂമിയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ക്ക് ആവശ്യമായ ഉപജീവന മാര്‍ഗങ്ങളും അതില്‍ നാം നിശ്ചയിച്ചിരിക്കുന്നു. എന്നിട്ടും കുറച്ച് മാത്രമേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ” (7:10).

അന്യൂനവും സന്തുലിതവുമായ സംവിധാനം പ്രകൃതിവിഭവങ്ങളുടെ വിന്യാസത്തിലും സൃഷ്ടിപ്പിലും അല്ലാഹു ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജൈവമണ്ഡലം സന്തുലിതമായ രീതിയില്‍ ക്രമീകരിക്കുന്ന സ്രഷ്ടാവ് മനുഷ്യരോട് ഈ സന്തുലിത സ്വഭാവം സ്വീകരിക്കണമെന്ന് കല്‍പിച്ചിരിക്കുന്നു. ഭൂമിയിലെ ആവാസവ്യവസ്ഥയ്ക്ക് സമാനമായ സന്തുലനം ഉപരിലോകത്തിനും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: ”ആകാശത്തെ അവന്‍ ഉയര്‍ത്തുകയും തുലാസ് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കാന്‍ വേണ്ടി” (55:7,8).
ഭൂമിയിലെ വിഭവങ്ങളുടെ സന്തുലിതത്വം തെറ്റുന്ന വിധത്തില്‍ പെരുമാറാന്‍ മനുഷ്യന് അവസരമുണ്ടായിരിക്കെ, മനുഷ്യ കരങ്ങള്‍ കൊണ്ട് ഒന്നിനെയും മലിനപ്പെടുത്താതെയും വിനാശങ്ങള്‍ വിതയ്ക്കാതെയും ജീവിക്കുക എന്നതാണ് മുസ്‌ലിമിന്റെ ബാധ്യത. അല്ലാഹു സൃഷ്ടിച്ച വസ്തുക്കളെയും ജീവജാലങ്ങളെയും പരിപാലിക്കുകയും പ്രപഞ്ച ഘടനയില്‍ വിനാശങ്ങള്‍ (ഇഫ്‌സാദ്) വരുത്താതെ മറ്റുള്ളവര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കാനുള്ള അധികാരവും ബാധ്യതയും അല്ലാഹു മനുഷ്യനെ ഏല്‍പിച്ചിട്ടുണ്ട്. ഭൂവിഭവങ്ങളുടെ കാവലാളായി മനുഷ്യന്‍ വര്‍ത്തിക്കുമ്പോള്‍ ഭൗമസന്തുലിതത്വം നിലനിര്‍ത്താനും സകല ജീവജാലങ്ങളോടും കാരുണ്യം ചൊരിയുന്ന വിധത്തില്‍ ഇടപഴകാനും അവനു സാധിക്കുന്നു. ജീവന്റെ തുടിപ്പുകള്‍ക്ക് ആധാരമായ വെള്ളം, ജീവവായു, വിവിധങ്ങളായ ഭക്ഷ്യവിഭവങ്ങള്‍ തുടങ്ങിയവ മലിനപ്പെടാതെ അതിന്റെ സ്വച്ഛമായ പ്രകൃതിസ്വഭാവം നിലനിര്‍ത്താന്‍ കരുതല്‍ ഉണ്ടാകേണ്ടത് മനുഷ്യന്റെ ഭാഗത്തു നിന്നാണ്.
അല്ലാഹു പറയുന്നു: ”നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കിയതും നിങ്ങള്‍ക്ക് നിങ്ങളില്‍ ചിലരേക്കാള്‍ കൂടുതല്‍ ഉയര്‍ന്ന പദവി നല്‍കിയതും അവന്‍ തന്നെയാകുന്നു. നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയത്രേ അത്” (6:165). പ്രകൃതിവിഭവങ്ങളെ മനുഷ്യന്‍ ചൂഷണം ചെയ്യുമ്പോഴും അവിഹിതമായി അത് വിനിയോഗിക്കുമ്പോഴും അവന്റെ സ്വഭാവവൈകല്യം കൊണ്ടുണ്ടാകുന്ന കെടുതികള്‍ ജീവിക്കുന്ന പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുന്നു.
അബൂഖതാദയില്‍ നിന്ന് ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ് ഇക്കാര്യം വ്യക്തമാക്കുന്നു: ”ഒരു മൃതദേഹം കൊണ്ടുപോകുമ്പോള്‍ നബി(സ) അനുചരന്മാരോട് ചോദിച്ചു: ഇദ്ദേഹത്തിന് ആശ്വാസമായോ? അല്ലെങ്കില്‍ അദ്ദേഹത്തില്‍ നിന്ന് മറ്റുള്ളവര്‍ക്ക് ആശ്വാസം ലഭിച്ചതാണോ?” പ്രവാചകന്‍ ഇവിടെ ഉദ്ദേശിച്ച ആശ്വാസത്തിന്റെ അര്‍ഥതലങ്ങളെ കുറിച്ച് സഹാബിമാര്‍ വേണ്ടത്ര മനസ്സിലാക്കിയിരുന്നില്ല. അതിനാല്‍ നബി(സ) വിശദീകരിച്ചുകൊടുത്തു: ”വിശ്വാസി മരണത്തോടെ മറ്റുള്ളവരുടെ ബുദ്ധിമുട്ടില്‍ നിന്ന് ആശ്വാസം നേടുന്നു. ധിക്കാരിയും വഴിവിട്ട ജീവിതം നയിക്കുന്നവനും മരിക്കുന്നതോടെ അവര്‍ ഭൂമിക്കും അതിലെ മനുഷ്യര്‍ക്കും മരങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും ആശ്വാസമേകുന്നു.”
മരങ്ങളും വനങ്ങളും നേരിടുന്ന വംശനാശ ഭീഷണി ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നമ്മുടെ ഗ്രഹത്തിന്റെ ശ്വാസകോശമാണ് വനങ്ങള്‍. മരങ്ങള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എടുത്ത് ഓക്‌സിജനും ജലബാഷ്പവും വായുവിലേക്ക് പുറന്തള്ളുന്നു. മണ്ണിനെ ഈര്‍പ്പമുള്ളതാക്കുന്നു. മരങ്ങള്‍ തണലും നല്‍കുന്നു. വനനശീകരണത്തിലൂടെ കാലാവസ്ഥാ വ്യതിയാനവും ആഗോളതാപന ദുരിതങ്ങളും വര്‍ധിക്കുന്നു. വന്‍തോതില്‍ മരങ്ങള്‍ വെട്ടിമാറ്റിയതിലൂടെ വിവിധ മൃഗങ്ങള്‍ക്ക് ആവാസവ്യവസ്ഥയാണ് നഷ്ടപ്പെട്ടുപോകുന്നത്. അവ വംശനാശ ഭീഷണി നേരിടുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങളെ രൂക്ഷമാക്കുന്നു.

അല്ലാഹു സൃഷ്ടിച്ച ജൈവഘടനയിലെ ചാക്രികപ്രവര്‍ത്തനം പൂര്‍ണമാകാന്‍ സസ്യലോകത്തെ സന്തുലിതത്വം അനിവാര്യമാണ്. ഹരിതഭൂമിയാകേണ്ട ഇടങ്ങള്‍ മരുഭൂമിയാകാന്‍ കാരണം പരിസ്ഥിതിയിലെ കേന്ദ്രസ്ഥാനത്ത് നിശ്ചയിക്കപ്പെട്ട മനുഷ്യന്‍ പ്രകൃതിയെ ചൂഷണോപാധിയാക്കിയതാണ്. ഭൂമിയിലെ പച്ചപ്പുകള്‍ മനുഷ്യന് ജീവവായു നല്‍കുമ്പോള്‍ മനുഷ്യന്‍ നിശ്വസിക്കുന്ന വായു സസ്യലോകത്തിന് ജീവവായുവായി മാറുന്നു. പക്ഷിമൃഗാദികളും പ്രാണികളും സസ്യലോകത്തിന്റെ സന്തുലിതത്വത്തെ നിലനിര്‍ത്തുന്ന അടിസ്ഥാന ഘടകങ്ങളായി വര്‍ത്തിക്കുന്നു. വൃക്ഷങ്ങള്‍ക്കും സസ്യങ്ങള്‍ക്കുമിടയിലെ പാരസ്പര്യം പോലെ തന്നെ അവയ്ക്കും മനുഷ്യനുമിടയില്‍ നിലനില്‍ക്കേണ്ട പാരസ്പര്യവും ജൈവലോകത്ത് സ്രഷ്ടാവ് സംവിധാനിച്ച സന്തുലിതാവസ്ഥയിലെ കണ്ണികളായി നിലനില്‍ക്കുന്നു.
ഇക്കാരണത്താലാണ് പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന യാതൊരു ഇടപെടലുകളും മനുഷ്യരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് ഇസ്‌ലാം കണിശമായി പഠിപ്പിക്കുന്നത്. അന്ത്യനാള്‍ ആസന്നമാകുന്ന വേളയില്‍ പോലും കൈയിലുള്ള വൃക്ഷത്തൈ നട്ടുപിടിപ്പിക്കാനുള്ള പ്രവാചകന്റെ ആഹ്വാനം പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ഒരു മുസ്‌ലിമിന് ഉണ്ടാകേണ്ട നിതാന്ത ജാഗ്രതയും താല്‍പര്യവുമാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്.
ഒന്നാം ഖലീഫ അബൂബക്കര്‍(റ) അന്യരാജ്യങ്ങളില്‍ സേനാനായകരെ വിന്യസിച്ചപ്പോള്‍ അവര്‍ക്ക് നല്‍കിയ സാരോപദേശം അതിപ്രധാനമാണ്. കടന്നുചെല്ലുന്ന ഭൂപ്രദേശങ്ങളില്‍ അവിടെയുള്ള ജൈവസമ്പത്തിന് യാതൊരു പരിക്കുമേല്‍പിക്കാതെ പെരുമാറണമെന്ന് ഖലീഫക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ”വൃദ്ധന്മാരെയും സ്ത്രീകളെയും കുട്ടികളെയും നിങ്ങള്‍ കൊല്ലരുത്. ഈന്തപ്പന മുറിക്കുകയോ അഗ്‌നിക്കിരയാക്കുകയോ ചെയ്യരുത്. ആട്, ഒട്ടകം, പശു തുടങ്ങിയവയെ കൊല്ലരുത്. കൃഷിയിടങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും തീവെക്കരുത്” (അല്‍കാമില്‍, ഇബ്‌നു കസീര്‍).
മനുഷ്യോല്‍പത്തി മുതല്‍ പരിസ്ഥിതിക്കു മീതെയുള്ള മനുഷ്യന്റെ കൈയേറ്റം തുടങ്ങിയിട്ടുണ്ട്. പ്രകൃതിക്കു മേല്‍ മനുഷ്യന്‍ നടത്തുന്ന കൈയേറ്റങ്ങള്‍ അന്തരീക്ഷത്തെയും കാലാവസ്ഥയെയും എങ്ങനെ ബാധിക്കുന്നുവെന്ന് നിരവധി പഠനങ്ങളും ഗവേഷണങ്ങളും വെളിപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ ദശാബ്ദക്കാലത്തിനുള്ളില്‍ ക്രമാതീതമായി വര്‍ധിച്ച ആഗോളതാപനവും ഓസോണ്‍ പാളിയെ നശിപ്പിക്കുന്ന രാസവസ്തുക്കളുടെ ഉപയോഗവും പരിസ്ഥിതിക്ക് വലിയ ആഘാതമേല്‍പിക്കുന്നു. കരയും കടലും അന്തരീക്ഷവും മലിനപ്പെടുന്നതോടെ പ്രകൃതിയും ജീവനും അപായക്കുരുക്കിലാണെന്ന തിരിച്ചറിവ് മനുഷ്യര്‍ക്കുണ്ടെങ്കിലും പ്രകൃതിയെ അറിഞ്ഞ് പെരുമാറാന്‍ അവന്റെ ആര്‍ത്തിയും ആഡംബര ചിന്തയും അനുവദിക്കുന്നില്ല.
ഭൂമുഖത്തുള്ള ആദരണീയ സൃഷ്ടിയെന്ന നിലയ്ക്ക് മനുഷ്യന്‍ കാത്തുസൂക്ഷിക്കേണ്ട നൈതിക മൂല്യങ്ങളെ മുഖവിലയ്‌ക്കെടുത്തുകൊണ്ടുള്ള ജീവിതസംസ്‌കാരം ഇസ്‌ലാം പഠിപ്പിക്കുന്നത് തലമുറകളുടെ സുരക്ഷയും പ്രകൃതിയുടെ ആശ്വാസകരമായ സുസ്ഥിതിയും മുന്നില്‍ കണ്ടുകൊണ്ടാണെന്ന് നാം മനസ്സിലാക്കിയേ തീരൂ. ഇസ്‌ലാമിക ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ പഠനവിധേയമാക്കിയ കര്‍മശാസ്ത്രജ്ഞരും നിദാനശാസ്ത്ര പണ്ഡിതരും അഞ്ച് അടിസ്ഥാന കാര്യങ്ങളുടെ സാക്ഷാത്കാരമാണ് ഇസ്‌ലാമിക നിയമങ്ങളുടെയും മാര്‍ഗദര്‍ശനങ്ങളുടെയും മാനദണ്ഡമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശരീരവും മനസ്സും ഉള്‍ച്ചേര്‍ന്ന അസ്തിത്വമുള്ള മനുഷ്യന്റെ സുരക്ഷയാണ് അതില്‍ പ്രഥമഗണനീയമായിട്ടുള്ളത്. തലമുറകളുടെ സംരക്ഷണം, സാമ്പത്തിക സുരക്ഷ, ബുദ്ധിയുടെ സുരക്ഷ, മതത്തിന്റെ സംരക്ഷണം എന്നിവ പൂര്‍ണമായും ഉറപ്പുവരുത്തുന്നതാണ് ഇസ്‌ലാമിലെ നിയമനിര്‍ദേശങ്ങള്‍. അവ പാലിക്കുന്നവര്‍ക്ക് പരിസ്ഥിതിക്ക് കനത്ത പ്രഹരമേല്‍പിക്കുന്ന ചൂഷണവും നശീകരണ പ്രവര്‍ത്തനങ്ങളും പാടേ വര്‍ജിക്കാന്‍ കഴിയും.
അല്ലാഹു കനിഞ്ഞരുളിയ ഈ പരിസ്ഥിതി മനുഷ്യന് മികച്ച ഒരു പാഠശാലയാണ്. പ്രപഞ്ച ദൃഷ്ടാന്തങ്ങളുടെ ചിന്താലോകത്ത് വിരാജിക്കുന്നവന് അല്ലാഹുവിന്റെ സൃഷ്ടിവൈഭവവും പ്രകൃതിമതത്തിന്റെ അജയ്യതയും ബോധ്യപ്പെടാതിരിക്കില്ല. അതുകൊണ്ട് പ്രകൃതിയെ അറിഞ്ഞ് അതില്‍ അടങ്ങിയ ദൃഷ്ടാന്തങ്ങളെ ഉള്‍ക്കൊണ്ട് ജീവിക്കുന്നവന് പരിസ്ഥിതി ഒരുക്കുന്ന സകല സംവിധാനത്തോടും ഔചിത്യബോധത്തോടെ മാത്രമേ ഇടപെടാന്‍കഴിയുകയുള്ളൂ.

Back to Top