പരാമര്‍ശങ്ങളില്‍ പതിയിരിക്കുന്ന മഹാദുരന്തം
താഹാ തമീം ഫാറൂഖി ചെമ്മാട്
ഒരു വ്യക്തിയെന്ന നിലയ്ക്ക് ഓരോരുത്തരും തങ്ങളുടെ സംസാരത്തില്‍ ഉപയോഗിക്കേണ്ട പദങ്ങളില്‍ അതീവ ശ്രദ്ധ പാലിക്കണം. അപ്പോള്‍ ഒരു സാമൂഹിക നേതാവും ഭരണാധികാരിയുമായവരുടെ വാക്കുകള്‍ക്ക് എത്രമാത്രം സൂക്ഷ്മതയുണ്ടായിരിക്കണം. ജനവികാരങ്ങളെ ഇളക്കിവിടുന്ന തരം മുദ്രാവാക്ക്യങ്ങളും പദപ്രയോഗങ്ങളും തങ്ങളുടെ ബലവും ശക്തിയും ധൈര്യവും കാണിക്കാന്‍ ആണെങ്കില്‍ അത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുക. നാനാവിധ മതസ്ഥര്‍ വസിക്കുന്ന ഭൂപ്രദേശത്ത് ഒരാളില്‍ നിന്നുമുള്ള വിഭാഗീയതാ പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത് എത്രമാത്രം ഗുരുതര പ്രശ്‌നങ്ങളായിരിക്കും എന്ന് ബോധ്യമില്ലാത്ത ഭരണാധികാരിക്ക് നാടിനെ മുടിക്കാന്‍ അധികം മിനക്കെടേണ്ടതില്ല.
നിയമം പരിപാലിക്കേണ്ട പാലകന്മാര്‍ നീതിയെ കോലം മാറ്റി നിയമനടപടികള്‍ സ്വീകരിക്കുന്നതും നീചര്‍ക്ക് നിയമത്തെ കൂട്ടി കൊടുക്കുകയും അവര്‍ക്കായ് ഒത്താശ നടത്തുകയും ഒരു പ്രത്യേക വിഭാഗത്തിന് കീഴൊതുങ്ങിക്കൊടുക്കുകയും ചെയ്താല്‍ എത്രയൊക്കെ മത സാമൂഹിക സാമ്പത്തിക സാംസ്‌കാരിക സുരക്ഷിതമാണെന്ന് വരുത്തി തീര്‍ത്താലും ശരി നാട് നശിക്കും. സര്‍വനാശം സംഭവിക്കും. അതിഗുരുതരമായി ഭവിക്കും.