14 Tuesday
January 2025
2025 January 14
1446 Rajab 14

പകരം പള്ളി എന്തു ചെയ്യണം – സമീര്‍ ഹംസ കണ്ണൂര്‍

ബാബരി തര്‍ക്കഭൂമി ഹൈന്ദവര്‍ക്കു കൈമാറിയ സുപ്രീം കോടതി വിധി ഏകപക്ഷീയമായിപ്പോയി എന്ന വിവാദം ഇപ്പോഴും നിലനില്‍ക്കുകയാണ്. പ്രത്യേകിച്ച് തെളിവുകള്‍ നിരത്താതെ മധ്യസ്ഥ രൂപത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്. ഇതോടൊന്നിച്ച് മുസ്‌ലിംകള്‍ക്ക് വാഗ്ദാനം ചെയ്ത ഭൂമി ഒരു നഷ്ടപരിഹാരമെന്ന നിലയിലാണ് നല്‍കിയതെന്ന വിമര്‍ശവും ശക്തമായിരുന്നു. ബാബരി പള്ളി നിന്ന സ്ഥലത്തു നിന്ന് കിലോമീറ്ററുകള്‍ അകലെ നല്‍കുന്ന സ്ഥലം മുസ്‌ലിംകള്‍ വേണ്ടെന്നു വെക്കുകയാണ് നല്ലതെന്ന് പറയുന്നവരുമുണ്ട്.
എന്നാല്‍ അയോധ്യയില്‍ ബാബരി മസ്ജിദ് നിര്‍മാണത്തിനായി അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിച്ചിട്ടുണ്ടെന്ന് യു പി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് അറിയിച്ചു. സുപ്രിംകോടതിയുടെ വിധി പാലിക്കുമെന്ന് നേരത്തെ പറഞ്ഞതാണെന്നും അത് നിരസിക്കാനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കില്ലെന്നുമാണ് ബോര്‍ഡ് ചെയര്‍പേഴ്‌സന്‍ സുഫര്‍ ഫാറൂഖി വ്യക്തമാക്കുന്നത്.
2.77 ഏക്കര്‍ ബാബരി ഭൂമി ക്ഷേത്രം പണിയാന്‍ വിട്ടുനല്‍കിയതിന് പകരം കോടതി അനുവദിച്ച അഞ്ചേക്കര്‍ സ്ഥലം വേണ്ടെന്നായിരുന്നു മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ നിലപാട്. സുപ്രീംകോടതി വിധി നീതി പൂര്‍വകമായില്ല എന്നായിരുന്നു ബോര്‍ഡിന്റെ അഭിപ്രായം. ബാബരി കേസിലെ വിധി വന്നതിനു പിന്നാലെ 2019 നവംബര്‍ 17-ന് ചേര്‍ന്ന മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് യോഗത്തിലാണ് ഭൂമി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നത്. അഞ്ചേക്കര്‍ ഭൂമി വിനിയോഗിക്കുന്നത് സംബന്ധിച്ച് ബുദ്ധിജീവികള്‍ ഉള്‍പ്പടെ പൊതുജനങ്ങളില്‍നിന്ന് നിരവധി നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. സ്‌കൂളുകളും ആശുപത്രികളും പോലുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഉപയോഗിക്കുക, ഒരു പള്ളിയോടൊപ്പം ഇസ്‌ലാമിക സാംസ്‌കാരികകേന്ദ്രം നിര്‍മിക്കുക തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്. സുപ്രിംകോടതി ഉത്തരവ് പ്രകാരം ബാബരി മസ്ജിദിന് പകരം മുസ്‌ലിം പള്ളി പണിയാന്‍ അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി യു പി സര്‍ക്കാര്‍ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. യു പി സര്‍ക്കാര്‍ ഈ മാസം ആദ്യം അയോധ്യ ജില്ലയിലെ സോഹവാള്‍ തഹ്‌സിലിലെ റൗഹി പോലിസ് സ്‌റ്റേഷന് കീഴിലുള്ള സ്ഥലമാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍ സുപ്രീം കോടതി വിധിയില്‍ നിരാശരായ വലിയ ജനവിഭാഗത്തിന്റെ അഭിപ്രായം ഈ ഭൂമി നിരസിച്ച് പ്രതിഷേധമറിയിക്കണമെന്നാണ്.
Back to Top