26 Friday
July 2024
2024 July 26
1446 Mouharrem 19

‘നീതിക്കും തുല്യതക്കും വേണ്ടി ഇസ്‌ലാമിക സമൂഹങ്ങളില്‍  മാറ്റം ആവശ്യമുണ്ട് ‘ – ചന്ദ്രാ മുസഫര്‍

കഴിഞ്ഞ ഇരുപത്- മുപ്പത് വര്‍ഷങ്ങളില്‍ മലേഷ്യയില്‍ ഇസ്‌ലാമിന്റെ സ്വാധീനത്തിന് എത്രത്തോളം മാറ്റമുണ്ടായി?
മറ്റു പല കൊളോണിയലനന്തര സമൂഹങ്ങളെയും പോലെ മലേഷ്യയിലെ മുസ്‌ലിംകളും അവരുടെ ഐഡന്റിറ്റിയെക്കുറിച്ച് വളരെ ബോധവാന്മാരായി. ചില വഴികളിലൂടെ അവര്‍ ആ ഐഡന്റിറ്റി അന്വേഷിക്കുകയും പ്രകടമാക്കുകയും ചെയ്തു. മലേഷ്യയിലെ മുസ്‌ലിംകളുടെ കാര്യത്തിലും ഒരു പരിധിവരെ ഇന്തോനേഷ്യയിലെ മുസ്‌ലിംകളുടെ കാര്യത്തിലും കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടുകളിലുണ്ടായ നഗരവല്‍ക്കരണപ്രക്രിയ ഒരു അതിപ്രധാന ഘടകമായിരുന്നു.
മുപ്പതോ നാല്‍പതോ വര്‍ഷങ്ങള്‍ക്കു മുമ്പ് ക്വലാലമ്പൂര്‍ ഒരു അമുസ്‌ലിം ഭൂരിപക്ഷ നഗരമായിരുന്നു. നഗരവല്‍ക്കരണത്തിന്റെയും പുതിയ സാമ്പത്തിക നയത്തിന്റെയും മറ്റും ഫലമായി നിരവധി മലയ്കള്‍ ക്വലാലമ്പൂരില്‍ എത്തിച്ചേരാന്‍ ആരംഭിച്ചപ്പോള്‍ മുഖ്യമായും അമുസ്‌ലിം സാന്നിധ്യമുള്ള ചുറ്റുപാടില്‍ മലയ്കള്‍ക്ക് അവരുടെ ഐഡന്റിറ്റി സ്ഥാപിക്കേണ്ടത് ആവശ്യമായി വന്നു.
നിങ്ങളുടെ ഐഡന്റിറ്റി പ്രഖ്യാപിക്കാന്‍ നിങ്ങളാഗ്രഹിക്കുമ്പോള്‍ പലപ്പോഴും നിങ്ങളുടെ വ്യതിരിക്തമായ സ്വഭാവം ശരിക്കും പ്രകടമാക്കുന്ന വശമാണ് നിങ്ങള്‍ തിരഞ്ഞെടുക്കുക. അവരും അതാണ് ചെയ്തത്. മറ്റുള്ളവരില്‍ നിന്ന് അഥവാ ഇതര പൗരന്മാരില്‍ നിന്ന് തങ്ങളെ വേര്‍തിരിക്കുന്ന ഘടകങ്ങള്‍ക്ക് പ്രാധാന്യം- അമിതിപ്രാധാന്യമെന്നും പറയാം- കൊടുക്കുന്ന രീതിയാണ് മുസ്‌ലിംകളുടേത്. ഇതത്ര ആരോഗ്യകരമല്ല. എന്നാല്‍ അതോടൊപ്പം ഇത്തരത്തിലുള്ള ഇസ്‌ലാമിക ഉണര്‍വ് സ്വന്തത്തെ കൂടുതല്‍ ആധികാരികമായി പ്രകടമാക്കാനുള്ള അന്വേഷണത്തിലേക്ക് നയിച്ചു- അവര്‍ എന്താണ്, അവര്‍ ആരാണ്, ഇതെല്ലാം എങ്ങോട്ടാണ് നയിക്കുന്നത് എന്ന അന്വേഷണത്തിന് ഏതൊരു സമൂഹത്തിലും പ്രത്യേകിച്ചും ആധുനികവല്‍ക്കരണം, ആഗോളീകരണം എന്നീ വെല്ലുവിളികള്‍ നേരിടേണ്ട ഒരു സമൂഹത്തില്‍ ഈ ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടതുണ്ട്. ഒരു വ്യവസ്ഥിതിയില്‍ നിങ്ങളുടെ സ്ഥാനം എന്തെന്നറിയാന്‍ നിങ്ങളാഗ്രഹിക്കുന്നു.
പാശ്ചാത്യകാലത്ത് ഇസ്‌ലാമിനെ തെറ്റിദ്ധരിക്കുന്നതിലേക്ക് നയിച്ച പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പറയാമോ?
ചില പാശ്ചാത്യവൃന്ദങ്ങളില്‍ ഇസ്‌ലാം തെറ്റിദ്ധരിക്കപ്പെടാനുണ്ടായ കാരണങ്ങളില്‍ ചരിത്രപരവും ആനുകാലികവുമായ ഘടകങ്ങളുണ്ട്. യൂറോപ്പിന്റെ ചില ഭാഗങ്ങള്‍ ഇസ്‌ലാം കൈവശപ്പെടുത്തി എന്ന യാഥാര്‍ഥ്യത്തില്‍ നിന്ന് തുടങ്ങണം. യുറോപ്യന്‍ സംസ്‌കാരത്തില്‍ ഇത് മുമ്പൊരിക്കലും സംഭവിച്ചിരുന്നില്ല. അതായിരുന്നു ഘടകങ്ങളിലൊന്ന്. ശേഷം മിഡില്‍ഈസ്റ്റിനു മേല്‍ സ്വേച്ഛ അടിച്ചേല്പിക്കാന്‍ ശ്രമിച്ച ക്രൈസ്തവ ലോകത്തിന്റെ കുരിശുയുദ്ധങ്ങളും- മിഡിലീസ്റ്റെന്ന് ഞാന്‍ പ്രയോഗിക്കുന്നത് മനപ്പൂര്‍വമാണ്- മുസ്‌ലിംകള്‍ക്കു മേല്‍ മാത്രമല്ല, അവര്‍ സ്വേച്ഛ അടിച്ചേല്പിച്ചത്. യഹൂദരും ആ പ്രക്രിയയുടെ ഇരകളായിരുന്നു. ചിലര്‍ വാദിക്കുന്നതുപോലെ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളും ആ പ്രക്രിയയുടെ ഇരകളായിരുന്നു. അതുകൊണ്ട് അടിസ്ഥാനപരമായി കുരിശുയുദ്ധത്തിലൂടെ പാശ്ചാത്യ ക്രൈസ്തവ ലോകം അവരുടെ സ്വേച്ഛ അടിച്ചേല്പിക്കുകയായിരുന്നു. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ഈ യുദ്ധം ക്രൈസ്തവ രാജകുമാരന്മാരുടെ പരാജയത്തില്‍ കലാശിച്ചു. പിന്നീട് തീര്‍ച്ചയായും കോളനി വാഴ്ച നടന്നു. ഇരുപക്ഷത്തെയും ഇത് ബാധിച്ചു. ശത്രുത കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു.
കോളനിവത്കരണ കാലഘട്ടത്തിനു ശേഷം ഇപ്പോള്‍ മുഖ്യഘടകം എണ്ണയാണെന്നാണ് ഞാന്‍ കരുതുന്നത്. വ്യാവസായിക നാഗരികതയ്ക്ക്, പാശ്ചാത്യ വ്യാവസായിക നാഗരികതയ്ക്ക് ഏറ്റവും പ്രധാനമായും വേണ്ട സാധനം മുസ്‌ലിംകളുടെ പാദങ്ങള്‍ക്കടിയിലൂടെ പ്രത്യേകിച്ചും അറബ് ലോകത്തുകൂടെയാണ് ഒഴുകുന്നത്. ശക്തിയുടെ ഈ സ്രോതസ്സ് നിയന്ത്രിക്കാനുള്ള പടിഞ്ഞാറിന്റെ ആഗ്രഹം ഇസ്‌ലാമും പടിഞ്ഞാറും തമ്മിലുള്ള വിദ്വേഷം കൂടുതല്‍ രൂക്ഷമാക്കി എന്നാണ് ഞാന്‍ കരുതുന്നത്. എണ്ണയെ ദേശസാല്‍ക്കരിക്കാന്‍ ആരെങ്കിലും തീരുമാനിക്കുമ്പോഴൊക്കെയും പാശ്ചാത്യമാധ്യമങ്ങളില്‍ അയാള്‍ പരിഹാസ പാത്രമായി അവതരിപ്പിക്കപ്പെടുന്നു.
അത്രയൊന്നും ഇസ്‌ലാമിക് അല്ലാതിരുന്ന ഇറാനിലെ മുഹമ്മദ് മുസ്സദ്ദിഖ് 1953-ലും പിന്നീട് വേണ്ടത്ര ഇസ്‌ലാമിക് അല്ലാതിരുന്ന ഇറാഖിലെ ബഹസ് നേതൃത്വവും ഇക്കാരണത്താല്‍ പരിഹസിക്കപ്പെടുകയുണ്ടായി. 1979-ലെ ഇറാനിയന്‍ വിപ്ലവാനന്തരം എണ്ണ ദേശസാല്‍ക്കരിക്കാന്‍ ശ്രമിച്ചതിന് ഇറാനും പിരഹാസത്തിന് വിധേയമായി. അതുകൊണ്ടാണ് ഇതൊരു അതിപ്രധാന ഘടകമാണെന്ന് ഞാന്‍ കരുതുന്നത്.
ഇന്ന് യൂറോപ്പിലെമ്പാടും മുസ്‌ലിം സമൂഹങ്ങള്‍ കഴിയുന്നുണ്ട്. യൂറോപ്യന്‍ മണ്ണിലെ ‘ഇതരര്‍’ ഇന്ന് മുസ്‌ലിമാണ്. ഈ രണ്ട് സംസ്‌കാരങ്ങള്‍ക്കിടയില്‍ സങ്കീര്‍ണമായ ബന്ധങ്ങളാണുള്ളതെന്നും ഞാന്‍ കരുതുന്നു. ഈ ഘടകങ്ങളെല്ലാം പാശ്ചാത്യലോകത്ത് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഒരു പരിധിവരെ തെറ്റിദ്ധരിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. കഴിഞ്ഞ ഒന്നോ രണ്ടോ പതിറ്റാണ്ടുകളില്‍ ഭൂതകാലത്തെ മുന്‍ധാരണകളും വെറുപ്പും അതിജീവിക്കാനുള്ള വളരെ ആത്മാര്‍ഥവും ഗൗരവതരവുമായ ശ്രമങ്ങള്‍ ഉണ്ടായതായും ഞാന്‍ കാണുന്നു.
അമേരിക്കക്കാര്‍ ഇസ്‌ലാമിക ലോകത്തെ എങ്ങനെ കാണുന്നു എന്നതിനെ കുരിശുയുദ്ധങ്ങള്‍ യഥാര്‍ഥത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അമേരിക്കന്‍ വീക്ഷണ രൂപപ്പെടല്‍ അത്രമേല്‍ പിറകോട്ട് പോകുമോ?
താല്‍പര്യമുളവാക്കുന്ന ചോദ്യമാണിത്. ഒരു പരിധിവരെ ഈ ചരിത്രപരമായ സംഭവങ്ങള്‍ അമേരിക്കന്‍ വീക്ഷണങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ഒരു വിധത്തില്‍ അമേരിക്കയും വലിയ യൂറോപ്യന്‍ പാശ്ചാത്യ നാഗരികതയുടെ ഭാഗമാണ്. കുറെയൊക്കെ അമേരിക്കയും ആ മാറാപ്പ് പേറുന്നു. വര്‍ത്തമാനകാലത്ത് അമേരിക്കയുടെ സാമ്പത്തിക ഭൂരാഷ്ട്രതന്ത്ര രംഗത്തെ സ്ഥാനമാണ് കൂടുതല്‍ പ്രധാന ഘടകമെന്ന് ഞാന്‍ സംശയിക്കുന്നു. എണ്ണയുമായി മാത്രമല്ല, ഇസ്‌റാഈല്‍ എന്ന വലിയ ചോദ്യവുമായും ഇതിന് ബന്ധമുണ്ട്. യൂറോപ്പിന്റെ കാര്യത്തെക്കാള്‍ അമേരിക്കയുടെ കാര്യത്തില്‍ ഇസ്‌റാഈല്‍ ഒരു പ്രധാന ഘടകമാണെന്ന് ഞാന്‍ കരുതുന്നു. ഇസ്‌റാഈലിനെ സംരക്ഷിക്കുന്ന സൂപ്പര്‍പവര്‍ അമേരിക്കയാണെന്ന് മുസ്‌ലിം ലോകം മുഴുവന്‍ കരുതുന്നു. ഫലസ്തീനികളുടെയും അറബികളുടെയും അവകാശങ്ങള്‍ പിടിച്ചെടുത്ത രാഷ്ട്രമായി ഇസ്‌റാഈലിനെയും കാണുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളിലെ സംഘര്‍ഷം അമേരിക്കയെ സുഹൃത്തായി കാണുന്നതില്‍ മുസ്‌ലിംകള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ ഇസ്‌റാഈല്‍ എന്ന മറു ചോദ്യം ഇസ്‌ലാമും പടിഞ്ഞാറും തമ്മിലുള്ള ബന്ധങ്ങളെ കുഴപ്പത്തിലാക്കിയിരിക്കുന്നു.
മുസ്‌ലിംലോകത്തെ കോളനിവത്കരണത്തിന്റെ സ്വാധീനത്തെക്കുറിച്ച് പറയാമോ?
കോളനിവല്‍ക്കരിക്കപ്പട്ട മറ്റു ജനതയെപ്പോലെ ഏതാണ്ടെല്ലാ അര്‍ഥത്തിലും മുസ്‌ലിംകള്‍ കോളനിവല്‍ക്കരണത്തിന്റെ ഇരകളായിരുന്നു. ഭരണ നിര്‍വഹണ രംഗത്തും രാഷ്ട്രീയത്തിലും സാമ്പത്തികരംഗത്തും ഉണ്ടായിരുന്ന നിയന്ത്രണം നഷ്ടമാകല്‍ മാത്രമായിരുന്നില്ല. കോളനി വല്‍ക്കരണത്തിന്റെ കൂടുതല്‍ വ്യക്തമായ സ്വാധീനം ഈ രംഗങ്ങളിലായിരുന്നെന്ന് മാത്രം.
എന്നാല്‍ കൂടുതല്‍ ഗൂഢമായതും മാരകമായതും അത്ര വ്യക്തമല്ലാതിരുന്നതും കോളനിവത്കൃത ജനതയുടെ മനസ്സിന്റെ കോളനിവല്‍ക്കരണമായിരുന്നു. എല്ലായിടത്തുമുള്ള ജനതയില്‍ കോളനിവല്‍ക്കരണം അഗാധമായ സ്വാധീനം ചെലുത്തി. സ്വന്തം ചരിത്രത്തെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും കോളനിവത്കരിക്കപ്പെട്ട ഇതര ജനതയേക്കാള്‍ കൂടുതല്‍ ബോധവാന്മാരായിരുന്നതിനാല്‍ മുസ്‌ലിംകള്‍ ഈ സ്വാധീനത്തിനെതിരെ പ്രതികരിച്ചു. ഭൂരിപക്ഷം ഹിന്ദുക്കളുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ പോലും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിനിവേശത്തിനെതിരെ ആദ്യം നിശ്ചയദാര്‍ഢ്യത്തോടെ സധൈര്യം നിലകൊണ്ടത് മുസ്‌ലിംകളാണ്. കോളനിവല്‍ക്കരിക്കപ്പെട്ട ലോകത്തെ ഇതര ഭാഗങ്ങൡലുള്ള ജനങ്ങളുടെ കാര്യത്തിലും ഇത് ശരിയാണ്. സ്വവ്യക്തിത്വം ഉറപ്പിച്ചു പറയുക, സ്വന്തത്തെ കണ്ടെത്തുക, സ്വമേധയാ നിര്‍വചിക്കുക എന്നിവ എല്ലായിടത്തുമുള്ള മുസ്‌ലിംകള്‍ക്ക് അതീവ പ്രാധാന്യമുള്ളതായിരിക്കുന്നു.
പടിഞ്ഞാറിന്റെ ആധിപത്യവും ആഗോളവല്‍ക്കരണവും മുസ്‌ലിംകളിലും മുസ്‌ലിം ലോകത്തുമുണ്ടാക്കിയ സ്വാധീനമെമെന്താണെന്ന് പറയാമോ?
ആഗോളവല്‍ക്കരണത്തിന്റെ സാംസ്‌കാരിക വ്യാപ്തിയെക്കുറിച്ച് മുസ്‌ലിംകള്‍ വളരെ ബോധവാന്മാരാണ്. പടിഞ്ഞാറു നിന്ന് പ്രസരിക്കുന്ന ജീവിതത്തെക്കുറിച്ചുള്ള വിഭാവനകളും മൂല്യങ്ങളും ആശയങ്ങളും മുസ്‌ലിം സമൂഹങ്ങൡലേക്ക്- പ്രത്യേകിച്ചും യുവാക്കൡലേക്ക്- നുഴഞ്ഞുകയറി അവര്‍ക്ക് ഉപദ്രവമുണ്ടാക്കുന്നതായി, പ്രധാനമായും സംഗീതം, ഡാന്‍സ് രൂപങ്ങള്‍, സിനിമകള്‍ എന്നിവയുടെ മേഖലകളില്‍ സ്വാധീനം ചെലുത്തുന്നതായി മുസ്‌ലിംകള്‍ കരുതുന്നു. ഇക്കാര്യത്തില്‍ അവരുടെ സ്വന്തം സംസ്‌കാരത്തിനും വ്യക്തിത്വത്തിനും മുറിവുണ്ടാക്കുന്നതായും അവര്‍ കാണുന്നു.
ആഗോള രാഷ്ട്രീയവ്യവസ്ഥ മുഖ്യമായും അമേരിക്കയുടെയും മറ്റു ചില വന്‍ശക്തികളുടെയും ആധിപത്യത്തിലാണെന്ന യാഥാര്‍ഥ്യത്തെക്കുറിച്ചും മുസ്‌ലിംകള്‍ ബോധവാന്മാരാണ്. ആഗോള പ്രക്രിയയില്‍ ബോധപൂര്‍വമായും അല്ലാതെയും ഇസ്‌ലാം പരിഗണിക്കപ്പെടാതെ പോകുന്നുണ്ട്. അതിനോടവര്‍ പ്രതികരിക്കുന്നതായും ഞാന്‍ കരുതുന്നു.
മൂല്യപ്രതിസന്ധിയോട് മുസ്‌ലിംകള്‍ എങ്ങനെയാണ് പ്രതികരിച്ചത്? ഇതിനോടുള്ള പ്രതികരണം എന്തായിരുന്നു?
രണ്ടു മുഖ്യ പ്രവണതകളുണ്ടെന്ന് ഞാന്‍ കരുതുന്നു. പ്രധാന പ്രവണത വലിയൊരളവോളം നെഗറ്റീവാണ്. പാശ്ചാത്യമൂല്യങ്ങളുടെ ആധിപത്യത്തെക്കുറിച്ച് മുസ്‌ലിംകള്‍ വളരെ ബോധവാന്മാരാണ്. ചിലപ്പോഴെങ്കിലും സ്വസമുദായത്തിലേക്ക് നോക്കി മാറിനില്‍ക്കുകയാണവര്‍. കാര്യമായി പ്രതികരിക്കുന്നവരും ചിലപ്പോള്‍ കയ്യേറ്റ മനോഭാവം കാണിക്കുന്നവരുമാണവര്‍.
ഇത്തരം ചില പ്രവണതകള്‍ക്ക് കാരണം ചരിത്രപരമായ സാഹചര്യങ്ങളാണെന്ന് മനസ്സിലാക്കാനാവുമെങ്കിലും ഇസ്‌ലാമിക കാഴ്ചപ്പാടിലോ സംസ്‌കാരങ്ങള്‍ക്കിടയിലുള്ള ബന്ധങ്ങളുടെ വീക്ഷണത്തിലോ ഇതിനെന്തെങ്കിലും ന്യായീകരണമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.
ദൗര്‍ഭാഗ്യവശാല്‍ ഇക്കാലത്ത് വളരെ ദുര്‍ബലമായ അത്ര പ്രാധാന്യം ലഭിക്കാത്ത മറ്റൊരു പ്രവണത കൂടിയുണ്ട്. ആഗോളവല്‍ക്കരണത്തിനിടയില്‍ നിങ്ങള്‍ ഇസ്‌ലാമിന്റെ സാരം വീണ്ടും ഉറപ്പിച്ചുപറയേണ്ടതുണ്ട് എന്നവകാശപ്പെടുന്ന മുസ്‌ലിംകളാണിവര്‍. വിശ്വാസത്തിന്റെ അന്ത:സാരം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇസ്‌ലാമിന്റെ സാര്‍വജനീനത ഉള്‍ക്കൊള്ളുന്ന സമീപനം, മാറാനും പൊരുത്തപ്പെടാനുമുള്ള കഴിവ് എന്നിവയാണിത്. മറ്റു വാക്കുകളില്‍, തീര്‍ത്തും സാര്‍വജനീനമായ ഒന്നായി വിശ്വാസം പ്രകടിപ്പിക്കലാണ്. ഏതാണ്ടെല്ലാ മുസ്‌ലിം രാജ്യത്തും കുറച്ചെങ്കിലും അനുയായികളുള്ള ചിന്താധാരയാണിത്.
ഈ രണ്ടു പ്രവണതകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടോ?
തീര്‍ച്ചയായും ഉണ്ട്. ഈ പോരാട്ടം മുന്‍നിരയിലെത്തിയ രാജ്യങ്ങളില്‍ -അതിന് നല്ലൊരുദാഹരണം ഇറാനാണ്- പ്രതികരിക്കുന്നവരും ഉള്‍ക്കൊള്ളുന്നവരുമായ മുസ്‌ലിം ഗ്രൂപ്പുകള്‍ പലപ്പോഴും അധികാരശക്തികളുടെ നിയന്ത്രണത്തിന് വഴങ്ങുന്നു. പക്ഷേ, ഇറാനിലെ ജനങ്ങളില്‍ ഭൂരിഭാഗവും കൂടുതല്‍ നവോത്ഥാന -സാര്‍വജനീന – പുരോഗമന സമീപനമുള്ള ഇസ്‌ലാമിന്റെ പക്ഷത്താണ്. ഇത് വളരെ പ്രകടമാണെന്ന് ഞാന്‍ കരുതുന്നു. ഇത് കാണിക്കുന്നത് സാധാരണ മുസ്‌ലിംകള്‍ സ്വന്തത്തെയും സ്വസമുദായത്തെയും സ്വസംസ്‌കാരത്തെയും സ്വന്തം ചരിത്രത്തെയും സാര്‍വജനീനവും ഉള്‍ക്കൊള്ളുന്ന സ്വഭാവമുള്ളതുമായ ഇസ്‌ലാമുമായി ബന്ധപ്പെട്ട് തിരിച്ചറിയപ്പെടാനാണ്.
അതുകൊണ്ടാണ് നിങ്ങള്‍ നോക്കുകയാണെങ്കില്‍- ജനങ്ങള്‍ക്കിടിയല്‍ നവീകരണവാദികള്‍ക്ക് നല്ല പിന്തുണയുള്ള ഇറാനില്‍ മാത്രമല്ല – പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്ക് നോക്കുകയാണെങ്കിലും സ്ഥിതി ഏറെ ഭിന്നമല്ല. വളരെ ഇടുങ്ങിയ രീതിയില്‍ ഇസ്‌ലാമിനെ നിര്‍വചിച്ച പാര്‍ട്ടികള്‍ക്ക് വളരെയധികം മുസ്‌ലിം ജനത വസിക്കുന്ന ഈ രണ്ടു രാജ്യങ്ങളിലും ഒരിക്കലും കാര്യമായ പിന്തുണ കിട്ടിയിട്ടില്ല. ഏറ്റവുമധികം മുസ്‌ലിംകള്‍ വസിക്കുന്ന ഇന്തോനേഷ്യയുടെ കാര്യത്തിലും ഇത് ശരിയാണ്. ജനങ്ങള്‍ക്കിടയില്‍ പിന്തുണയുള്ള പാര്‍ട്ടികള്‍ ഏതൊക്കെയാണ്? പുരോഗതി, വികസനം, നവീകരണം എന്നീ ആശയങ്ങളുമായി ബന്ധമുള്ള പാര്‍ട്ടികള്‍ക്കാണ് ജനപിന്തുണ.
വളരെ കുടുസ്സായി ഇസ്‌ലാമിനെ നിര്‍വചിക്കുന്ന പാര്‍ട്ടികള്‍ക്ക് ജനകീയ പിന്തുണയില്ല. ജനങ്ങളുടെ ഇസ്‌ലാം യഥാര്‍ഥത്തില്‍ പുരോഗമന, നവീകരണ വാദികള്‍ കാണുംവിധം വിശ്വാസത്തിന്റെ അന്തസ്സത്തയുമായി അടുത്ത ഒന്നാണ്. അത് ശക്തമായ ഒരു പ്രവണതയായി ഉയര്‍ന്നുവരാത്തത് ഇസ്‌ലാമിലെ ഇടുങ്ങിയ ചിന്താഗതിക്കാരുടെ അധികാരത്തിന്റെ നിയന്ത്രണത്തിനു കീഴില്‍ ആയിപ്പോകുന്നതുകൊണ്ടാണ്.
സാര്‍വജനീന ഇസ്‌ലാമിനെക്കുറിച്ചുള്ള പുരോഗമനവീക്ഷണം ഒന്ന് വിശദീകരിക്കാമോ?
കൂടുതല്‍ സാര്‍വജനീനമായ ഇസ്‌ലാമിന്റെ സമീപനം മാറ്റമില്ലാത്തതും എക്കാലത്തേക്കുമുള്ളതാണ്- ക്രിമിനല്‍ ശിക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളൊന്നുമല്ല അത്. ജീവിതം, മരണം, വളര്‍ച്ച, പതനം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളാണ് മാറ്റമില്ലാത്തതും സാര്‍വജനീനമായി സ്വീകാര്യമായതും. ഇസ്‌ലാമിക നിയമത്തിന്റെ ചില വ്യാഖ്യാനങ്ങളുമായി ബന്ധിതമല്ല പുരോഗമനവാദികളുടെ വീക്ഷണം… കൈ അരിഞ്ഞും വ്യഭിചാരികളെ കല്ലെറിഞ്ഞുകൊന്നും അത്തരം രീതികളിലൂടെയൊന്നുമല്ല ഇസ്‌ലാമിനോടുള്ള നിങ്ങളുടെ അടുപ്പം തെൡയിക്കേണ്ടത്. ഇസ്‌ലാമിനെ നിര്‍വചിക്കുന്നത് അതൊന്നുമല്ല തന്നെ. അതോടൊപ്പം കൂടുതല്‍ സാര്‍വജനീനമായ സമീപനം സ്ത്രീകളെ തുല്യരായി പരിഗണിക്കലാണ്. സ്ത്രീകളെ ദൈവത്തിന്റെ സ്ഥാനപതികളായി പരിഗണിക്കുകയും  വീട്ടിലും പൊതുരംഗത്തും അവര്‍ക്ക് ഒരു വിധ തടസ്സവുമില്ലാതെ പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുകയും വേണം.
സാര്‍വജനീന ഇസ്‌ലാമിന്റെ സമീപനം ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും ഒരേ അവകാശങ്ങള്‍ നല്‍കുന്നതാണ്. ഇരുവിഭാഗത്തെയും സാര്‍വജനീന ഇസ്‌ലാമിന്റെ വക്താക്കള്‍ വേര്‍തിരിച്ച് കാണില്ല. ന്യൂനപക്ഷങ്ങളെ ചില സാമൂഹ്യ മണ്ഡലങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തുകയും ചില ഓഫീസുകളില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന സമീപനമല്ല അവരുടേത്.
ഇതരര്‍ക്കും ഉള്‍ക്കൊള്ളാനാവുന്ന നൈരന്തര്യമുള്ള മൂല്യങ്ങളാണ് കൂടുതല്‍ സാര്‍വജനീനമായ ഇസ്‌ലാമിന്റേത്. അതുവഴി മറ്റുള്ളവരുമായി അവര്‍ ബന്ധം സ്ഥാപിക്കുന്നു. സാര്‍വജനീന ഇസ്‌ലാമില്‍ ഇതരര്‍ ‘ഇതരരായി’ നിലകൊള്ളുന്നത് അവസാനിക്കുന്നു. അതില്‍ ഒരു മനുഷ്യവ്യക്തിത്വം എന്നത് മാത്രമാണ് ആരുടെയും ഐഡിന്റിറ്റി. അതാണ് യഥാര്‍ഥ ഇസ്‌ലാം. ഒരു വ്യക്തിയിലെ മാനവികത കണ്ടെത്തി പരിപോഷിപ്പിക്കുക എന്നതാണ് ഇസ്‌ലാമിന്റെ മൊത്തത്തലുള്ള ഉദ്ദേശ്യം.
വിവ. സിദ്ദീഖ് സി സൈനുദ്ദീന്‍

 

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x