23 Monday
December 2024
2024 December 23
1446 Joumada II 21

നീതിക്കായി  പടപൊരുതിയ ഉരുക്കുവനിത  – അബ്ദുസ്സമദ് അണ്ടത്തോട്

അന്ന് ബില്‍ക്കീസ്ബാനുവിന് വയസ്സ് 19. സ്ഥലം രന്തിപ്പൂര്‍, ഒരു സാധാരണ ഗുജറാത്ത് മുസ്‌ലിം സ്ത്രീ. സ്‌കൂള്‍ വിദ്യാഭ്യാസം തീരെയില്ല. 2002ലെ ഗുജറാത്ത് കലാപസമയത്ത് കുടുംബവുമൊത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച അവരെ ക്രൂരമായി ബലാല്‍സംഘം ചെയ്യപ്പെട്ടു. മൂന്നു വയസ്സായ മകനെ അക്രമികള്‍ എറിഞ്ഞു കൊന്നു. അഞ്ചു മാസം ഗര്‍ഭിണിയായിരുന്ന അവരെ മൃഗീയമായി പീഡിപ്പിച്ചു. ഓര്‍മ്മ വന്ന സമയത്ത് അവര്‍ കണ്ടത് സ്വന്തക്കാരായ 14 ബന്ധുക്കളുടെ ശവത്തിനിടയില്‍ നഗ്‌നയായ തന്റെ ശരീരവും. അതില്‍ തന്റെ മാതാവും മൂന്നു സഹോദരികളും ഉള്‍പ്പെട്ടിരുന്നു. മലമുകളില്‍ ഭയന്നുവിറച്ച് ഏറെനേരം ചെലവിട്ട ബാനു അവിടെയുള്ള ഒരു ആദിവാസി ഊരില്‍ അഭയം തേടി. അവര്‍ ബാനുവിനെ പരിചരിച്ചു.
അക്രമികള്‍ അവിടെയും അവ സാനിപ്പിച്ചില്ല. കഴിഞ്ഞ കാലത്തിനിടയില്‍ ഇരുപതോളം സ്ഥലങ്ങളില്‍ വീട് താമസം മാറേണ്ടി വന്നു അവര്‍ക്ക്. ബില്‍ക്കീസ്ബാനു ഒരു ഒറ്റപ്പെട്ട സംഭവമല്ല. അങ്ങിനെ നൂറുകണക്കിന് കേസുകളാണ് ഗുജറാത്ത് പോലീസ് തേച്ചുമായ്ച്ചു കളഞ്ഞത്. നീതിക്കായുള്ള ഒരു നിരക്ഷരയായ പെണ്‍കുട്ടിയുടെ വിജയത്തിന്റെ കഥയാണ് സുപ്രീം കോടതി വിധിയിലൂടെ ലോകം അറിഞ്ഞത്. നീണ്ട 17 വര്‍ഷങ്ങള്‍ അവര്‍ നീതിയുടെ പാതയില്‍ ഉറച്ചുനിന്നു. അതിന്റെ പ്രതിഫലനമാണ് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി. പലപ്പോഴും ഇരകള്‍ മറ്റു പല കാരണങ്ങളാല്‍ സ്വയം പിറകോട്ടുപോകും. അക്രമികള്‍ പ്രബലരാണ് എന്നത് കൂടി അതിനു കാരണമാണ്. ഗുജറാത്തില്‍ നിന്നും പല കേസുകളും മറ്റു സംസ്ഥാനങ്ങളിക്ക് മാറ്റിയത് അത് മൂലമാണ്.
ഒരിക്കല്‍ ക്ഷീണിതയായ ബില്‍ക്കീസ് കേസ് പിന്‍വലിക്കാന്‍ പോലും തീരുമാനിച്ചത്രെ. സാമൂഹിക പ്രവര്‍ത്തകരായ ഹുമഖാന്‍, ഫറാ നഖ്‌വി, മാലിനി ഘോഷ് എന്നിവരാണ് അവരുടെ അവസ്ഥ കണ്ടെത്തിയത്. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനായ ഹരീഷ് സാല്‍വെ കേസ് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ട്‌വന്നു. പിന്നീട് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയും പിടിച്ചുപറ്റി. കേസില്‍ കാര്യമായ ഉദാസീനത ഗുജറാത്ത് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു എന്ന കണ്ടെത്തലില്‍ സു പ്രീം കോടതി സി ബി ഐ യെ കേസ് ഏല്പിച്ചു.
ഗുജറാത്ത് കലാപത്തിന് ഭരണകൂട പിന്തുണ ലഭിച്ചിരുന്നു എന്ന് അന്നത്തെ പ്രസിഡന്റ് കെ ആര്‍ നാരായണന്‍ പോലും പിന്നീട് എഴുതുകയുണ്ടായി.
രണ്ടായിരത്തോളം കേസുകളില്‍ ശിക്ഷിക്കപ്പെട്ട കേസുകള്‍ പരിമിതം മാത്രം. ഇരകളെ ഭീഷണിപ്പെടുത്തിയും ഒറ്റപ്പെടുത്തിയും പല കേസുക ളും ഇല്ലാതാക്കി. ഉറച്ച മനസ്സുമായി ബില്‍ക്കീസ് ബാനു നീതിക്കായി ഉറച്ചു നിന്നു. ഒപ്പം ഭര്‍ത്താവും പിന്തുണ നല്‍കി. അവസാനം ഇന്ത്യയിലെ പരമോന്നത കോടതി അവര്‍ക്കു അമ്പത് ലക്ഷം രൂപ നഷ്ട പരിഹാരം നല്കാന്‍ വിധിച്ചു. കൂടെ അവര്‍ ആവശ്യപ്പെടുന്നിടത് സര്‍ക്കാര്‍ ജോലിയും. ഇന്ന് അവര്‍ വീണ്ടും നാല് മക്കളുടെ അമ്മയാണ്. ഒരു മകനെ മുന്നിലിട്ട് ആക്രമികള്‍ എറിഞ്ഞു കൊന്നപ്പോള്‍ അവരുടെ മനസ്സ് പിടച്ചു കാണും. വീണ്ടും നാലു മക്കളെ പ്രസവിക്കാന്‍ അവര്‍ക്കു കഴിഞ്ഞു എന്നത് അവരുടെ മനസ്സിന്റെ ശക്തി കാണിക്കുന്നു എല്ലാത്തിനും പിന്തുണയുയേകി ഭര്‍ത്താവ് ഒപ്പമുണ്ട്.
നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷവും ഗുജറാത്ത് കലാപത്തിന്റെ പേരില്‍ നീതി കിട്ടാതെ ആയിരങ്ങള്‍ ജീവിക്കുന്നു. കലാപകാരികളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാനുള്ള പല ശ്രമങ്ങളും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. കോടതിക്കു വേണ്ടത് തെളിവുകളാണ്. ആ തെളിവുകള്‍ അതിന്റെ മുളയിലേ ഇല്ലാതാക്കാന്‍ ഭരണകൂടവും പോലീസും പരമാവധി ശ്രമിച്ചിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ട ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ പ്രതീകമാണ് ബില്‍ക്കീസ് ബാനു എന്നതിനേക്കാള്‍ നീതിക്കായി ഉറച്ചു നിന്ന വനിത എന്ന പേരിലാവും അവര്‍ ചരിത്രത്തില്‍ അറിയപ്പെടുക. രാത്രി എത്ര ഇരുണ്ടതാണെങ്കിലും പ്രഭാതം ഒരു അനിവാര്യതയാണ് എന്ന കാര്യം നാം പലപ്പോഴും മറന്നു പോകുന്നു.
Back to Top