നിര്‍മിത ബുദ്ധിയുടെ വികാസം വിനാശത്തിനല്ല, നിര്‍മാതാവിനെ തിരിച്ചറിയാന്‍ – സി കെ റജീഷ്
മനുഷ്യന്‍ വ്യവഹരിക്കുന്ന ജീവിത മേഖലകളിലുള്ള നൂതനാവിഷ്‌ക്കാരങ്ങളാണ് പുരോഗതിക്ക് നിദാനമായി വര്‍ത്തിക്കുന്നത്. പുതുതായി വല്ലതും കണ്ടുപിടിക്കുന്നതോ അതിന് വഴിയൊരൂക്കുന്ന ആശയത്തെ വികസിപ്പിക്കുന്നതോ, പുതിയൊരു രീതി കൊണ്ടുവരുന്നതോ നൂതനാവിഷ്‌ക്കാരമായിട്ടാണ് പരിഗണിക്കുന്നത്. ഇത്തരം നൂതനാവിഷ്‌ക്കാരങ്ങള്‍ ജീവിതരംഗങ്ങളിലെല്ലാം സങ്കല്പാതീതമായ മാറ്റങ്ങള്‍ മനുഷ്യന് സമ്മാനിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. മനുഷ്യവികാസത്തിന്റെ ചരിത്രത്തില്‍ പുരോഗതിയുടെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ സാങ്കേതിക വിദ്യകള്‍ അതിന്റെ ചാലകശക്തിയായി വര്‍ത്തിച്ചുവെന്നത് ഒരു യാഥാര്‍ഥ്യമാണ്. പ്രാഥമികാവശ്യങ്ങളായ ആഹാരം, വായു, ജലം, വസ്ത്രം, പാര്‍പ്പിടം എന്നിവയില്‍ പരിമിതപ്പെടാതെ ജീവസുരക്ഷ വരെയുള്ള സര്‍വരംഗങ്ങളിലും മനുഷ്യന്റെ നിലനില്പിനെ നിര്‍ണയിക്കുന്ന മുഖ്യഘടകമായി ഇന്ന് സാങ്കേതിക വിദ്യ മാറിയിട്ടുണ്ട്. പുരോഗതിയുടെ വിശാല വിഹായസ്സിലേക്ക് മനുഷ്യനെ കൈപിടിച്ചുയര്‍ത്തിയ വിവര സാങ്കേതിക വിദ്യ ഇന്ന് കമ്പ്യൂട്ടറിംഗ് പരീക്ഷണത്തിലൂടെ വഴിത്തിരിവിന്റെ പുതിയൊരു ഘട്ടത്തിലാണ് എത്തിനില്‍ക്കുന്നത്.
17-18 നൂറ്റാണ്ട് മുതല്‍ വ്യാവസായിക വിപ്ലവങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നത് വിവിധ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള നൂതനാവിഷ്‌ക്കാരങ്ങളായിരുന്നു. ആവി യന്ത്രത്തിന്റെ ആവിര്‍ഭാവത്തോടെ ഉല്പാദനപ്രക്രിയ ത്വരിതശക്തിയിലായത് ഒന്നാം വ്യാവസായിക വിപ്ലവത്തിന് ആക്കം കൂട്ടി. വൈദ്യുതിയുടെ കണ്ടുപിടുത്തത്തോടെ ഇലക്‌ട്രോണിക്‌സും വിവര സാങ്കേതിക വിദ്യയും പ്രയാജനപ്പെടുത്തിയുള്ള മുന്നേറ്റം രണ്ടും മൂന്നും വ്യവസായിക വിപ്ലവത്തിന്റെ ചാലകശക്തിയായി മാറി. പല തലത്തിലുള്ള വിപ്ലവകരമായ സാങ്കേതിക വിദ്യകളുടെ ഒരു സങ്കരമെന്ന് വിശേഷിപ്പിക്കുന്ന നൂതനാവിഷ്‌ക്കാരങ്ങള്‍ നാലാം വ്യാവസായിക വിപ്ലവത്തിന്റെ കാരണമായി വര്‍ത്തമാന കാലത്ത് വിലയിരുത്തപ്പെടുകയും ചെയ്യുന്നു.
നിര്‍മിത ബുദ്ധിയുടെ വികാസം
സമൂഹത്തിന്റെ പലതരം ആവശ്യങ്ങള്‍ക്കുള്ള പരിഹാരമായി പിറവിയെടുത്തതാണ് സാങ്കേതിക വിദ്യകള്‍ ഓരോന്നും. വര്‍ഷങ്ങള്‍ കൊണ്ട് തന്നെ ലോകത്തിന്റെ മുഖച്ഛായ മാറ്റിയ സാങ്കേതിക വിദ്യയായിട്ടാണ് ഇന്റര്‍നെറ്റിനെ കണക്കാക്കുന്നത്. എല്ലാവരും ഇന്റര്‍നെറ്റിന്റെ ഉപയോക്താക്കളാകുക എന്നതിലുപരി ‘ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്’ എന്നതിലേക്ക് ഈ സാങ്കേതിക വിദ്യ ഇന്ന് വികസിച്ചിരിക്കുന്നു. പരസ്പരം ആശയവിനിമയം നടത്താന്‍ കഴിവുള്ള ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെട്ടുള്ള ഉപകരണങ്ങളുടെ ശൃംഖല തന്നെ ഉണ്ട് എന്നര്‍ഥം. അറിവ് സ്വയം ആര്‍ജിക്കുകയും തലച്ചോറിലെ നാഡീവ്യൂഹങ്ങള്‍ക്ക് സമാനമായ കൃത്രിമ നാഡീശൃംഖലകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ സ്വീകരിക്കുകയും വിലയിരുത്തി പ്രതികരിക്കുകയും ചെയ്യുന്ന സാങ്കേതിക വിദ്യ ‘നിര്‍മിത ബുദ്ധി’ എന്ന പേരില്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. വര്‍ഷങ്ങളായി ഗവേഷണം നടന്നുവരുന്ന മേഖലയായ നിര്‍മിത ബുദ്ധി’ എന്ന സാങ്കേതിക വിദ്യ വിവിധ വിജ്ഞാന ശാഖകളുടെ വളര്‍ച്ചയില്‍ അവഗണിക്കാനാവാത്ത ശക്തിയായി മാറിയിട്ടുണ്ട്. നിര്‍മിത ബുദ്ധി ഇന്ന് ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ അത് സ്വപ്‌നമായിക്കൊണ്ട് നടന്ന കാലത്ത് ഗവേഷണം തുടങ്ങിയ തൊടുപുഴ സ്വദേശി ദിലീപ് ജോര്‍ജ് യു എസിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ‘വൈക്കേറിയസ്’ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കമ്പനി തയ്യാറാക്കിക്കഴിഞ്ഞു. മുന്‍പരിചയമേതുമില്ലാതെ നമ്മുടെ ഇഷ്ടവിഭവം വരെ തയ്യാറാക്കാന്‍ കഴിയുന്ന പെര്‍ഫെക്ട് ഹ്യൂമന്‍ റോബോട്ട് ആണ് വൈക്കേരിയസ് കൊണ്ട് ലക്ഷ്യം വെക്കുന്നത്.
നമ്മുടെ കൈകളിലുള്ള സ്മാര്‍ട്ട് ഫോണില്‍ നിരവധി ആപ്പുകളുടെയും ഉപകരണങ്ങളുടെയും ഭാഗമായി പ്രവര്‍ത്തിക്കുന്നതും നിര്‍മിത ബുദ്ധിയാണ്. അതിവേഗം വിപുലീകരിക്കപ്പെട്ടുകൊണ്ടിരിക് കുന്ന നിര്‍മിത ബുദ്ധിയുടെ ചക്രവാളങ്ങള്‍ ഓട്ടോണമസ് വാഹനങ്ങള്‍, റോബോട്ടിക്‌സ് തുടങ്ങിയവ സാര്‍വത്രികമാകുന്നതിലേക്ക് എത്തിക്കുമെന്നത് തീര്‍ച്ച. മനുഷ്യന്‍ ചെയ്യുന്ന നിരവധി ജോലികള്‍ താമസം വിനാ യന്ത്രങ്ങള്‍ ഏറ്റെടുക്കാന്‍ അതിന്റെ പുറകിലുള്ള പ്രോഗ്രാമിംഗ് അനിവാര്യമാണ്. മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗിലുള്ള അവഗാഹവും റോബോട്ടിക് പരിജ്ഞാനവും ഒക്കെ നേടിയ മനുഷ്യബുദ്ധിയുടെ കഠിന പ്രയത്‌നങ്ങളാണ് കോടിക്കണക്കിന് ഡേറ്റകളെ അപഗ്രഥിച്ച് സ്വയം തീരുമാനമെടുക്കാന്‍ ഒരു സംവിധാനത്തെ സജ്ജമാക്കുന്നത് എന്ന് ചുരുക്കം. ആ യന്ത്ര സംവിധാനത്തിന് ബുദ്ധി നല്‍കുന്ന മനുഷ്യപ്രയത്‌നങ്ങളായിരിക്കും ഇനിയുള്ള കാലത്തെ തൊഴില്‍ മേഖലകളെ സൃഷ്ടിക്കുന്നത്.
സാധ്യതകളുടെ ലോകം
മനുഷ്യന്റെ ദൃശ്യസംസാര സംവേദനങ്ങളും തീരുമാനമെടുത്ത് പ്രതികരിക്കാനും സമയോചിതമായത് ചെയ്യാനുമുള്ള ശേഷിയും യന്ത്രസജ്ജീകരണത്തിലൂടെ വികസിപ്പിച്ചെടുക്കുന്ന നിര്‍മിത ബുദ്ധി എന്ന സാങ്കേതിക വിദ്യ 1956 ലാണ് ഉപയോഗിക്കപ്പെട്ടു തുടങ്ങിയത്. 2035 ഓടെ കൃത്രിമ ബുദ്ധി വഴി 40 ശതമാനം വരെ ഉല്പാദനം സാധ്യമാവുന്ന തരത്തില്‍ വ്യാവസായിക രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് ലോകം ഒരുങ്ങിക്കഴിഞ്ഞുവെന്ന് സാങ്കേതിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഒട്ടുമിക്ക മനുഷ്യജോലികളും കൃത്രിമ ബുദ്ധിക്ക് അനായാസമായി ചെയ്യാന്‍ കഴിയുന്ന അവസ്ഥ സംജാതമാവുമ്പോള്‍ മെഷിന്‍ ലേണിംഗ് എന്‍ജിനീയര്‍, ഡേറ്റ സയന്റിസ്റ്റ്, റോബോട്ടിക് സയന്റിസ്റ്റ്, കമ്പ്യൂട്ടര്‍ വിഷന്‍ എഞ്ചിനീയര്‍ തുടങ്ങിയ തൊഴില്‍ മേഖലകളില്‍ സാധ്യതകള്‍ വര്‍ധിക്കുന്നു. ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്ട് ഫോണിന്റെയും ഇന്നത്തെ കാലത്തില്‍ നിന്ന് വ്യത്യസ്തമായി സമീപനഭാവിയില്‍ തന്നെ കൃത്രിമ ബുദ്ധിയുടെ സ്വാധീന ഫലമായി മനുഷ്യന്‍ ജോലിസാധ്യതകള്‍ക്കായി മനുഷ്യരോട് മാത്രമല്ല, കമ്പ്യൂട്ടറിനോടും മത്സരിക്കേണ്ട അവസ്ഥയാണ് വരാനിരിക്കുന്നത്. നൂതന സാങ്കേതിക വിദ്യ പടച്ചുവിടുന്ന അതിയന്ത്രവല്‍ക്കരണം ചില തൊഴില്‍ മേഖലകളിലെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുമെന്ന് ആശങ്കയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഓരോ രംഗത്തെയും മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് തദനുസരം ആസൂത്രിത പദ്ധതികള്‍ ആവിഷ്‌ക്കരിച്ചാല്‍ നഷ്ടപ്പെടുന്ന ജോലികളേക്കാള്‍ കൂടുതല്‍ പുതിയ ജോലികള്‍ സൃഷ്ടിക്കപ്പെടാനാണ് സാധ്യതയുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിന്റെ സഹായത്തോടെ പല ജോലികളും ചെയ്യാമെന്ന് വന്നാലും മാനുഷിക ഇടപെടലുകള്‍ വേണ്ടിവരുന്ന ഒരു ജോലിയുടെയും സാധ്യത ഒരിക്കലും അപ്രസക്തമാവുന്നുമില്ല. അമ്പതിലേറെ മുഖഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ 2015 ല്‍ ഹോങ്കോംഗ് കമ്പനിയായ ഹാന്‍സണ്‍ സോഫിയ റോബോട്ട് വികസിപ്പിച്ചെടുത്തു. കൃത്രിമ ബുദ്ധിയുടെ പ്രായോഗിക സാധ്യത മുന്നില്‍ കണ്ട് 2017 ഒക്‌ടോബറില്‍ സൗദി അറേബ്യ റോബോട്ട് സോഫിയക്ക് ലോകത്ത് ആദ്യമായി പൗരത്വം നല്‍കുകയുണ്ടായി. 21-ാം നൂറ്റാണ്ടിലെ വിപ്ലവങ്ങള്‍ക്കെല്ലാം ഊര്‍ജമേകുന്ന ഇന്ധനമായി നിര്‍മിത ബുദ്ധി വികസിക്കുമ്പോള്‍ പഠന തൊഴില്‍ മേഖകളിലെ അവസരങ്ങളും തദ്ഫലമായുണ്ടാകുന്ന വ്യാവസായിക രംഗത്തെ നിഷേധ സാധ്യതകളും പുരോഗതിയുടെ വേഗവും വ്യാപ്തിയും വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. ഏതൊരു സാങ്കേതിക വിദ്യയും രക്ഷകന്റെയും ശിക്ഷകന്റെയും റോളില്‍ സ്വാധീനം ചെലുത്തുന്നത് അതിന്റെ വിനിയോഗ രീതിക്കനുസരിച്ചാണ് എന്നതിനാല്‍ നിര്‍മിത ബുദ്ധിയുടെ സാധ്യതകളെപ്പോലെ അതിന്റെ പരിമിതിയും തിരിച്ചറിഞ്ഞേ പറ്റൂ.
തിരിച്ചറിയേണ്ട പരിമിതികള്‍
നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ നാം പ്രയോജനപ്പെടുത്തി വൈജ്ഞാനിക ശാഖ വളര്‍ന്ന് വികാസത്തിന്റെ പുതുവഴികള്‍ തേടിക്കൊണ്ടിരിക്കുകയാണിന്ന്. അതോടൊപ്പം അതിന്റെ പരിമിതികള്‍ തിരിച്ചറിയുന്നതോടുകൂടി അത് മനുഷ്യബുദ്ധിക്ക് തന്നെ വെല്ലുവിളിയായിരിക്കുമെന്ന പക്ഷത്തെ അംഗീകരിക്കാന്‍ നമുക്ക് കഴിയില്ല. ഒരു പ്രത്യേക മേഖല കേന്ദ്രീകരിച്ച് മാത്രമാണ് കൃത്രിമ ശിക്ഷണ ധിഷണ പ്രവര്‍ത്തിക്കുന്നത് എന്നതാണ് പ്രധാന പരിമിതി. അനവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ഒരു പൊതു ധിഷണ മനുഷ്യമസ്തിഷ്‌ക്കത്തിന്റേതു മാത്രമായ സിദ്ധിയാണ്. നിര്‍മിത ബുദ്ധിയുടെ വികാസം പൊതു ധിഷണ സൃഷ്ടിച്ചെടുക്കുന്നതിലേക്ക് എത്തേണ്ടതുണ്ടെന്ന് അഭിപ്രായമുയരുമ്പോഴും അതീത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ സൂപ്പര്‍ ഇന്റലിജെന്‍സിലേക്ക് സാങ്കേതിക വിദ്യ വികസിപ്പിച്ചാല്‍ വിനാശകരമായ പരിണതിയായി അത് മാറുമെന്ന് ശാസ്ത്ര പ്രതിഭകള്‍ തന്നെ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ആര്‍ക്കും ആരോടും യാതൊരു ഉത്തരവാദിത്വവുമില്ലാത്ത കാര്യകാരണ ബന്ധങ്ങള്‍ തിരിയാനാകാത്ത തീര്‍ത്തും അല്‍ഗോരിതങ്ങളുടെ ദയാദാക്ഷിണ്യത്തില്‍ മാത്രം മനുഷ്യന്‍ മറ്റൊരു യന്ത്രപ്പാവയായി കഴിയേണ്ടി വരുന്ന ദുരവസ്ഥ എത്രത്തോളം അപകടമാണ്? ഡ്രൈവറുടെ അശ്രദ്ധ കൊണ്ട് കാറിടിച്ച് ഒരാള്‍ മരിക്കാനിട വന്നാല്‍ ബോധപൂര്‍വമല്ലാത്ത നരഹത്യക്ക് നിയമപ്രകാരം കേസെടുക്കുന്ന നമ്മുടെ നാട്ടില്‍ സ്വയം ഡ്രൈവ് ചെയ്യുന്ന കാര്‍ ഒരപകടത്തില്‍ പെട്ട് ജിവഹാനി സംഭവിച്ചാല്‍ ആരെയാണ് പ്രതി ചേര്‍ക്കേണ്ടത്? കാര്‍ നിര്‍മാതാക്കള്‍ക്കോ അല്‍ഗോരിതം രചിച്ചവര്‍ക്കോ പ്രത്യേകിച്ച് ഉത്തരവാദിത്വമില്ലാത്ത അവസ്ഥയാണ് ഉണ്ടായിത്തീരുന്നത്.
പതിയിരിക്കുന്ന അപകടങ്ങള്‍
നിര്‍മിത ബുദ്ധിയുടെ പ്രയോഗം സര്‍വവ്യാപിയാവുന്നതോടുകൂടി അത് സമൂഹത്തില്‍ വരുത്തിവെക്കുന്ന മൂല്യച്യുതിയും ധാര്‍മിക പ്രശ്‌നങ്ങളും വിവരണാതീതമാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ വിഖ്യാത ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോകിംഗ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവയെല്ലാം കേവലം ആശങ്കകള്‍ക്ക് അപ്പുറം അനുഭവയാഥാര്‍ഥ്യമായി സമകാലിക ലോകത്ത് നമുക്ക് അംഗീകരിക്കേണ്ടിവരികയാണ്. എഡിറ്റിംഗ് സ്റ്റുഡിയോയില്‍ പോവാതെ ആര്‍ക്കും വീട്ടിലിരുന്ന് ഫേക്ക് ആപ്പ് പോലുള്ള അപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് വീഡിയോകള്‍ വ്യാജമായി സൃഷ്ടിച്ചെടുക്കുന്നത് നമ്മുടെ സാമൂഹികഘടനയെതന്നെ അപകടപ്പെടുത്തുമെന്ന് പറയാതെ വയ്യ. മറ്റൊരാളുടെ മുഖഭാവങ്ങള്‍ ഒരു വ്യക്തിയുടെ വീഡിയോയില്‍ സന്നിവേശിപ്പിക്കുന്ന ഫേഷ്യല്‍ റീ ഇനാക്ട്‌മെന്റ് സങ്കേതവും ഒരാളുടെ ശരീരചലനങ്ങളെ മറ്റൊരാളിലേക്ക് സന്നിവേശിപ്പിക്കുന്ന മോഷന്‍ ട്രാന്‍സ്ഫറും ആര്‍ക്കും ആരുടെയും നേരെ എപ്പോഴും പ്രയോഗിക്കാവുന്ന പ്രതികാരവീഡിയോയുടെയും അവാസ്തവ പ്രചാരണങ്ങളുടെയും കുത്തൊഴുക്കിനുള്ള കളമൊരുക്കുകയല്ലേ ചെയ്യുന്നത്?
ചില കാഴ്ചകളുടെ കാലവും സമയവും എല്ലാം ആവശ്യാനുസരണം മാറ്റാനുള്ള അവസരം ഡീപ്‌ഫേക്ക സങ്കേതം തുറന്നിടുമ്പോള്‍ അശ്ലീലതയും ആഭാസവും നിറഞ്ഞുനില്ക്കുന്നതിലേക്ക് എല്ലാറ്റിനെയും ദൃശ്യവത്കരിക്കാനുള്ള അഭിനിവേശം ലൈംഗിക അരാജകത്വത്തിലേക്കും ജീര്‍ണതയിലേക്കും കൂപ്പുകുത്തുന്ന സമൂഹത്തെ മാത്രമാണ് ബാക്കിവെക്കുന്നത്. തലയും ഉടലും ശബ്ദവുമെല്ലാം കൃത്രിമമായി പടച്ചുവിടാവുന്ന അവസ്ഥയലേക്ക് നിര്‍മിത ബുദ്ധി വികസിക്കുമ്പോള്‍ തത്സമയം വാര്‍ത്തകള്‍ സമൂഹത്തിന് കൈമാറേണ്ട മാധ്യമങ്ങളുടെ വിശ്വാസ്യത പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയുണ്ടാകും.
വികാസത്തിന്റെ പുതിയ ചക്രവാളങ്ങള്‍ തേടിയുള്ള സഞ്ചാരത്തിന്നിടയിലും സമകാലിക സമൂഹത്തില്‍ വ്യക്തിഹത്യകളും ലൈംഗികാരോപണങ്ങളും പെരുകുന്നത് നാളിതുവരെ നാം കാത്തുസൂക്ഷിച്ചുപോരുന്ന സദാചാര സങ്കല്പത്തിനും ധാര്‍മിക ബോധത്തിനും ഏറ്റ കനത്ത പ്രഹരം തന്നെയാണ്. കുടുംബത്തിലും സമൂഹത്തിലും മാത്രം ഇതുകൊണ്ടുണ്ടാകുന്ന വിനകള്‍ പരിമിതപ്പെടാതെ, രാജ്യാന്തര ബന്ധങ്ങള്‍ക്ക് വരെ ഉലച്ചില്‍ തട്ടാവുന്ന കലാപാഹ്വാനങ്ങള്‍ക്ക് ഇത് കാരണമായിട്ടുണ്ടെങ്കില്‍ സാങ്കേതികമായ പോംവഴികള്‍ക്ക് ഉപരിനൈതിക പരിഹാരങ്ങള്‍ക്ക് മാത്രമാണ് സ്ഥായിയായ സദ്ഫലം ഉണ്ടാക്കാന്‍ കഴിയുന്നത് എന്ന തിരിച്ചറിവും നമുക്ക് വേണം.
മാധ്യമലോകത്തെ വിശ്വാസ്യത മാത്രമല്ല, സാമൂഹിക ശാന്തിവരെ തകര്‍ക്കുന്ന ഇത്തരം കാര്യങ്ങള്‍ക്ക് ഒരുപരിധിവരെ കടിഞ്ഞാണിടാന്‍ കാര്യപ്രാപ്തിയുള്ള ഒരു ഫോറന്‍സിക് കമ്മിറ്റിയുടെ സഹായത്തോടെ ഇന്‍വിഡ് പോലുള്ള സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പുവരുത്താം. മര്‍മപ്രധാനമായി ഏതൊരു വാര്‍ത്തയുടെയും ദൃശ്യത്തിന്റെയും സ്രോതസ്സ് വിശ്വസനീയമാണോ എന്ന് ഉറപ്പുവരുത്തുക എന്നതാണ് ഇതിന്റെയെല്ലാം നൈതിക പരിഹാരം. ഖുര്‍ആന്‍ പഠിപ്പിക്കുന്ന മാധ്യമ നൈതികതയുടെ മൗലിക പാഠത്തെ നാം ശ്രദ്ധാപൂര്‍വം വായിക്കേണ്ടതുണ്ട്. സത്യവിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയുംകൊണ്ട് നിങ്ങളുടെ അടുത്തുവന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്ത് വരുത്തുകയും എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ (49:6)
ആഇശ(റ)യുടെ പേരില്‍ അപവാദപ്രചാരണത്തിന് കപടവിശ്വാസികള്‍ കുതന്ത്രങ്ങള്‍ പലതും മെനഞ്ഞപ്പോള്‍ സത്യവിശ്വാസികളില്‍ പലര്‍ക്കും സംഭവിച്ച വീഴ്ച ഖുര്‍ആന്‍(24:12) ആക്ഷേപസ്വരത്തില്‍ ഇങ്ങനെ സൂചിപ്പിക്കുന്നത് ചേര്‍ത്തുവായിക്കേണ്ടതാണ്. നിങ്ങള്‍ അത് കേട്ടസമയത്ത് സത്യവിശ്വാസികളായ സ്ത്രീകളും പുരുഷന്മാരും തങ്ങളുടെ സ്വന്തം ആളുകളെപ്പറ്റി എന്തുകൊണ്ട് നല്ലത് വിചാരിക്കുകയും ഇത് വ്യക്തമായ നുണ തന്നെയാണെന്ന് പറയുകയും ചെയ്തില്ല(24:12)
ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ വിപ്ലവങ്ങള്‍ക്കെല്ലാം ഊര്‍ജമേകുന്ന ഇന്ധനം ഏതെന്ന ചോദ്യത്തിന് പുതിയ കാലത്ത് നിര്‍മിത ബുദ്ധി എന്ന ഉത്തരം തന്നെയാണ് നമുക്ക് ലഭിക്കുന്നത്. വിവര സാങ്കേതികവിദ്യ മിക്കപ്പോഴും ദുര്‍വിനിയോഗത്തിന്റെ തുരുത്തായി മാറുന്ന സാഹചര്യത്തില്‍ നിര്‍മിത ബുദ്ധിയുടെ വികാസത്തെ സമൂഹനന്മയ്ക്ക് ഉപയോഗിക്കുന്നവിധം ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയണം കൃത്രിമ ബുദ്ധി സാങ്കേതികവിദ്യയുടെ അടിസ്ഥാന മൂലധനമായ ഡാറ്റയുടെ മേലുള്ള സമൂഹത്തിന്റെ അവകാശങ്ങളെ സംരക്ഷിക്കപ്പെടുകയും വേണം. ജനങ്ങളുടെ ഡാറ്റ സ്വകാര്യതയെ പ്രഥമവും പ്രധാനവുമായി സംരക്ഷിക്കപ്പെടാത്ത ഒരു കണ്ടുപിടുത്തവും സമൂഹത്തിന്റെ സമാധാനാന്തരീക്ഷത്തിന് തന്നെ ഭീഷണിയുയര്‍ത്തുമെന്നുറപ്പാണ്.
നിര്‍മിത ബുദ്ധിയുടെ വികാസത്തിലൂടെ ഒരുവേള മനുഷ്യന്‍ തന്റെ സൃഷ്ടിപ്പിലെ പരിമിതിയെ ഉള്‍ക്കൊള്ളാനും യഥാര്‍ഥ സൃഷ്ടിപ്പിന്റെ കഴിവിന്റെ അപാരതയെ അംഗീകരിക്കാനുമുള്ള വിനീത മനസ്സാണുണ്ടായിത്തീരേണ്ടത്. നാം നിര്‍മിച്ചെടുക്കുന്നതിലെ ന്യൂനതകളെ അംഗീകരിക്കാന്‍ നമുക്ക് കഴിയുന്നത് യഥാര്‍ഥ നിര്‍മാതാവിന്റെ സൃഷ്ടിപ്പിലെ അന്യൂനത തിരിച്ചറിയുമ്പോഴാണ്. യഥാര്‍ഥ സ്രഷ്ടാവിനെ മനസ്സിലാക്കണമെങ്കില്‍ സൃഷ്ടിപ്പിന്റെ അത്ഭുതങ്ങളെ ആലോചനാ വിഷയങ്ങളാക്കാനാണ് വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്.