26 Friday
July 2024
2024 July 26
1446 Mouharrem 19

നിഗൂഢതയെ ഉപാസിക്കുന്നവര്‍ – മുഹമ്മദ് ശമീം

അതീവലളിതവും എന്നാല്‍ ഗഹനവുമായ തത്വങ്ങളാണ് പ്രവാചകന്മാര്‍ ഉപദേശിച്ചതെങ്കില്‍, പ്രവാചകോപദേശങ്ങളെ സ്ഥാപനവല്‍ക്കരിച്ച മതപൗരോഹിത്യങ്ങള്‍ അതിനെ നിഗൂഢവല്‍ക്കരിക്കാനാണ് എന്നും ശ്രമിച്ചു പോന്നിട്ടുള്ളത്. മതതത്വങ്ങളെ അട്ടിമറിക്കുകയും അതിന്മേല്‍ പുരോഹിതാധിപത്യത്തെയും അന്ധവിശ്വാസങ്ങളെയും സ്ഥാപിക്കുകയും ചെയ്ത പല പ്രവണതകളുമുണ്ട്. നിഗൂഢതയും ഒക്കള്‍ട്ടിസവുമാണ് ഇതില്‍ പ്രധാനം.
അയുക്തികമായ ഡോഗ്മകള്‍ക്കൊപ്പം ഗൂഢാചാരങ്ങളും ഓരോ മതസമൂഹങ്ങളുടെയും പുരോഹിത ചരിത്രത്തില്‍ വളര്‍ന്നു വന്നു. താന്ത്രിക ഹിന്ദുമതം, താന്ത്രിക ബുദ്ധമതം തൊട്ട് അറബി മാന്ത്രികം വരെ നീണ്ടു നില്‍ക്കുന്ന ഗൂഢാചാരങ്ങളില്‍ ഏലസ്സ് തൊട്ട് ജ്യോതിഷം വരെയുള്ളവയാണ് സാധാരണക്കാര്‍ക്കുള്ള വിഹിതങ്ങള്‍. ഒക്കള്‍ട്ടിസം, എസോടെറിസിസം, കബ്ബാല തുടങ്ങിയ വര്‍ണങ്ങളും പേരുകളും സ്വീകരിച്ചുകൊണ്ടാണ് ഇത്തരം ഗൂഢാചാരങ്ങള്‍ വളര്‍ച്ച പ്രാപിച്ചത്.
തന്ത്രവും വജ്രവും
അഞ്ച്, ഏഴ് നൂറ്റാണ്ടുകള്‍ക്കിടയില്‍ വനവാസികളായ സിദ്ധന്മാര്‍ക്കിടയില്‍ താന്ത്രികബുദ്ധമതം പ്രചാരത്തില്‍ വന്നു. പിന്നീട് പതിനൊന്നാം നൂറ്റാണ്ടില്‍ ബംഗാളിലെയും ബീഹാറിലെയും രാജാക്കന്മാര്‍ ഇതിന് പ്രചാരം നല്‍കുകയും ചെയ്തു. ഇതില്‍ നിന്നാണ് വജ്രയാനം എന്ന ബുദ്ധമതശാഖയുടെ തന്നെ ഉല്‍പത്തി. പദ്മസംഭവന്‍ ആണ് ഇതിന്റെ സ്ഥാപകാചാര്യന്‍. മന്ത്രതന്ത്രാദികളാണ് ഇതില്‍ മുക്ത്യുപായങ്ങള്‍. ഡാക, ഡാകിനി തുടങ്ങിയ വജ്രയാന ദേവതമാര്‍ക്കും നിഗൂഢസ്വഭാവങ്ങളാണ് ഉള്ളത്. ഈ വജ്രയാനത്തിന്റെ വകഭേദമാണ് തിബത്തന്‍ ബുദ്ധമതവും മറ്റും.
ഗൂഢാത്മകാത്മീയതയെ നിരാകരിച്ച ആളായിരുന്നു പക്ഷേ ബുദ്ധന്‍. ചൈനയിലെ ലൗ ദ്‌സുവും ലാളിത്യത്തിലാണ് ഊന്നിയത്. എന്നാല്‍ താവോ മതപുരോഹിതനായ ചങ് താവോ ലിങ് എന്ന യോഗി ആഭിചാരചിന്തകള്‍ ലൗ ദ്‌സുവിന്റെ ഉപദേശങ്ങളിലേക്ക് കൂട്ടിച്ചേര്‍ത്തു. വെള്ളക്കടുവയും നീലവ്യാളിയും എന്ന രസായനം സ്വര്‍ഗത്തില്‍ നിന്ന് താന്‍ കണ്ടെത്തിയെന്നും അത് സേവിച്ച് സിദ്ധനായിത്തീര്‍ന്നെന്നും അദ്ദേഹം സ്വയം അവകാശപ്പെട്ടു. ചൈനയിലെ താന്ത്രികാനുഷ്ഠാനങ്ങളുടെ ഭാഗമാണ് നീല വ്യാളി, ചുവപ്പ് പറവ, വെള്ളക്കടുവ, കറുത്ത ആമ എന്നീ ചിഹ്നങ്ങള്‍. ഈ ആഭിചാരമതമാണ് പിന്നീട് താവോ മതസ്ഥര്‍ക്കിടയില്‍ പ്രചാരം നേടിയത്.
ആവാഹനവും ഉച്ചാടനവും
ഇന്ത്യയില്‍ ആഭിചാരത്തിന്റെ (witchcraft) പ്രധാന പ്രഭവമായിത്തീര്‍ന്നത് അഥര്‍വവേദമാണ്. ഇരുപത് കാണ്ഡങ്ങളില്‍ നൂറ്റെട്ട് അനുപാദങ്ങളിലായി എഴുനൂറ്റി മുപ്പത്തൊന്ന് സൂക്തങ്ങളില്‍ ആറായിരത്തോളം മന്ത്രങ്ങളുള്ള അഥര്‍വവേദത്തില്‍ ആയിരത്തി ഇരുനൂറില്‍പ്പരം യന്ത്രങ്ങളെപ്പറ്റി പരാമര്‍ശങ്ങളുണ്ടത്രേ. നിരവധി ആഭിചാരകര്‍മങ്ങളും ഇതില്‍ പ്രതിപാദിക്കപ്പെടുന്നു. ശാന്തി, വശ്യം, സ്തംഭനം, വിദ്വേഷണം, ഉച്ചാടനം, മാരണം എന്നീ ക്രിയകളെയും ഇതില്‍ വിശദീകരിക്കുന്നുണ്ട്. ഇവ ആഭിചാരത്തിലെ ഷഡ്ക്രിയകളായി അറിയപ്പെടുന്നു.
ബാധയൊഴിപ്പിക്കാന്‍ നടത്തുന്ന മാന്ത്രികവിദ്യകളാണ് ശാന്തി. ദുര്‍ദ്ദേവതകളുടെ ഉപദ്രവങ്ങളില്‍ നിന്ന് ശാന്തി നേടാനും ഇത് ഉപകരിക്കുമത്രേ! ഒഴിപ്പിക്കപ്പെടുന്ന ബാധയെ പൂര്‍ണമായും മറ്റൊരു ഭാഗത്തേക്ക് മാറ്റി നിര്‍ത്തി നിസ്സഹായരാക്കുന്ന വിദ്യകളെ ഉച്ചാടനം എന്ന് പറയും. മറ്റ് മനുഷ്യരെയോ ദേവതകളെയോ ജീവികളെയോ വശീകരിക്കുകയോ സ്വാധീനിക്കുകയോ ചെയ്യാന്‍ വേണ്ടി ചെയ്യുന്ന ക്രിയകള്‍ വശ്യം. ശത്രുവായ മനുഷ്യനെയോ ദേവതയെയോ ജീവിയെയോ എല്ലാ ശേഷികളും നശിപ്പിച്ച് സ്തംഭിപ്പിക്കാന്‍ വേണ്ടിയാണ് സ്തംഭനക്രിയകള്‍. മന്ത്രമുപയോഗിച്ച് പൂര്‍ണമായും നശിപ്പിക്കുക എന്ന ഉദ്ദ്യേശത്തോടെയാണ് മാരണക്രിയകള്‍ ചെയ്യാറുള്ളത്. ശത്രുക്കള്‍ക്കിടയില്‍ അന്തഃഛിദ്രമുണ്ടാക്കി സ്വയം രക്ഷിക്കാന്‍ വേണ്ടി ചെയ്യുന്ന മന്ത്രവാദമാണ് വിദ്വേഷണം.
ഓരോ കര്‍മത്തിനും പ്രത്യേകം ദിവസങ്ങളുണ്ട്. കറുത്ത പക്ഷത്തിലെ പഞ്ചമി, അഷ്ടമി, ചതുര്‍ദ്ദശി, കറുത്ത വാവ് തുടങ്ങിയ തിഥികളും ഈ ദിവസങ്ങളോട് യോജിച്ചു വരണം. ക്രിയയുടെ വ്യത്യാസമനുസരിച്ച് ആന, ആട്, പോത്ത്, കുറുക്കന്‍ എന്നിവയിലേതെങ്കിലുമൊന്നിന്റെ തോലിന്മേല്‍ ആയിരിക്കും മന്ത്രവാദി ഇരിക്കുക. വേപ്പിന്‍ കുരു, കഴുതയുടെ പല്ല് തുടങ്ങിയവ കൊണ്ടുണ്ടാക്കിയ ജപമാല, ആട്ടിന്‍ നെയ്യില്‍ നനച്ചെടുത്ത ചമത, പേരാല്‍ മരം കടഞ്ഞുണ്ടാക്കുന്ന അഗ്നി എന്നിങ്ങനെയൊക്കെയാണ് വിധികള്‍. മഞ്ഞപ്പൂക്കള്‍ കൊണ്ട് ഭഗവതിയെ പൂജിക്കുന്നതാണ് സാധാരണ പതിവ്.
പ്രത്യേകിച്ച് അര്‍ഥമൊന്നുമില്ലാത്ത ശബ്ദങ്ങളാണ് മന്ത്രധ്വനികളായി പലപ്പോഴും മുഴക്കപ്പെടുക. ഹും ഫട് സ്വാഹ പോലുള്ളവ. അല്ലെങ്കില്‍ ഓം ഹ്രീം ഗ്ലിം ഗ്ലൈം ഗ്ലും തുടങ്ങിയ ശബ്ദങ്ങള്‍. ഇത്തരം മന്ത്രധ്വനികളെ ചാര്‍വാകന്‍ പരിഹസിച്ചിട്ടുണ്ട്. ജര്‍ഭരീ തുര്‍ഫരീത്യാദി പണ്ഡിതാനാം വചഃ കുതഃ എന്ന് അദ്ദേഹം ചോദിക്കുന്നു. ഈ ജര്‍ഭരിയും തുര്‍ഫരിയും പോലുള്ള നിരര്‍ത്ഥകപദങ്ങളെങ്ങനെയാണ് പണ്ഡിതന്മാരുടെ വചനങ്ങളാവുക എന്ന് സാരം. ആളുകള്‍ക്ക് തിരിയാത്ത പദങ്ങള്‍ പ്രത്യേക ഹാവഭാവങ്ങളോടെ ഉച്ചരിക്കുന്നത് മന്ത്രവാദം നടക്കുന്ന സ്ഥലത്തിന്റെ അന്തരീക്ഷത്തിലും ചുറ്റുമുള്ളവരുടെ മനസ്സുകളിലും സവിശേഷമായ ഒരു നിഗൂഢത സൃഷ്ടിക്കും. വള്ളത്തോളിന്റെ കവിതകള്‍ മന്ത്രങ്ങളായി ഉച്ചരിച്ച ഒരു മന്ത്രവാദിയെ സിലോണില്‍ വെച്ച് താന്‍ കണ്ടതായി എ ടി കോവൂര്‍ എഴുതിയിട്ടുണ്ട്. സിംഹളയും തമിഴും ഒക്കെ സംസാരിക്കുന്ന ശ്രീലങ്കക്കാരെസ്സംബന്ധിച്ചിടത്തോളം ക്ലാസിക്കല്‍ മലയാളത്തിലുള്ള വള്ളത്തോള്‍ വരികള്‍ നിഗൂഢമായി അനുഭവപ്പെടും.
ദീര്‍ഘകാലം അഥര്‍വം ഒരു വേദമായി അംഗീകരിക്കപ്പെട്ടിരുന്നില്ല. അഥര്‍വം നിന്ദ്യവും ഹീനവുമാണെന്ന് ആപസ്തംബധര്‍മസൂത്രവും അതിലെ മന്ത്രങ്ങള്‍ ഉച്ചരിക്കുന്നത് സപ്തമഹാപാപങ്ങളില്‍ ഒന്നാണെന്ന് വിഷ്ണുസ്മൃതിയും പറയുന്നതായി ആചാര്യ നരേന്ദ്ര ഭൂഷണ്‍ എഡിറ്റ് ചെയ്ത ഹിന്ദു എന്‍സൈക്ലോപീഡിയ ഉദ്ധരിക്കുന്നുണ്ട്. പുരുഷസൂക്തം മുതല്‍ ചാര്‍വാകസൂത്രങ്ങള്‍ (ബാര്‍ഹസ്പത്യസൂത്ര) വരെയുള്ളവയില്‍ ത്രിവേദങ്ങളെ മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ. വൈദ്യവും മന്ത്രവാദവും ഒരുമിച്ച് കൊണ്ടുപോകുന്ന സമ്പ്രദായമാണ് ആഭിചാരമന്ത്രങ്ങള്‍ക്കൊപ്പം ഔഷധങ്ങളെക്കൂടി പഠിപ്പിക്കുന്ന അഥര്‍വ വേദത്തിന്റേത് എന്ന് മനസ്സിലാക്കാം. ആയുര്‍വേദത്തിലെ പല തത്വങ്ങളും ഇതില്‍ നിന്ന് വന്നതാണ്. വേദങ്ങളെ പരാമര്‍ശിക്കുമ്പോള്‍ പതഞ്ജലി ആദ്യം എടുത്തുപറയുന്നത് അഥര്‍വത്തെയാണ്.
തികച്ചും ലൗകികമാണ് അഥര്‍വത്തിലെ മന്ത്രങ്ങള്‍. പുരാതന കാലത്തെ ജീവിതം തന്നെയാണ് ഇതില്‍ പ്രതിഫലിക്കുന്നത് എന്നതാണ് ഇതിന്റെ മറുവശം. മാത്രവുമല്ല, പ്രശ്‌നം, മുണ്ഡകം, മാണ്ഡൂക്യം തുടങ്ങി തത്വചിന്തയുടെ അഗാധതകളെ സ്പര്‍ശിക്കുന്ന പല ഉപനിഷത്തുകളും അഥര്‍വത്തിന്റെ ശാഖയില്‍പ്പെട്ടതാണ്.
അതേസമയം ആഭിചാരങ്ങളെ നീചകര്‍മങ്ങളായിത്തന്നെയാണ് പരിഗണിച്ചിരുന്നത്. ആഭിചാര കര്‍മങ്ങളില്‍ വളരെ പ്രാധാന്യമുള്ള ഒന്നാണ് കൃത്തികബലി. ശ്രീകൃഷ്ണനോട് ശത്രുതയുണ്ടായിരുന്ന, കാശിയിലെ പൗണ്ഡ്രകവാസുദേവന്‍ അദ്ദേഹത്തിനെതിരെ ദ്വാരകയിലേക്ക് കൃത്തികയെ അയച്ചതായി പുരാണങ്ങളില്‍ കാണാം. മറ്റൊരു കഥയില്‍ കൃത്തിക ജന്മമെടുക്കുന്നത് ദുര്‍വാസാവ് മഹര്‍ഷിയുടെ കോപത്തില്‍ നിന്നാണ്. അതാകട്ടെ, അയോധ്യയിലെ അംബരീഷന്‍ എന്ന, ധര്‍മനിഷ്ഠനും സാത്വികനുമായ ഒരു രാജാവിന് നേരെ.
അതായത്, കൃത്തിക എന്ന ദുര്‍മൂര്‍ത്തി ജന്മമെടുത്തത് ഒന്നാമത്തെ കഥയില്‍ പൗണ്ഡ്രകന്റെ ശത്രുതയില്‍ നിന്നും രണ്ടാമത്തെ കഥയില്‍ ദുര്‍വാസാവിന്റെ കോപത്തില്‍ നിന്നുമാണ്. രണ്ട് സന്ദര്‍ഭങ്ങളിലും കൃഷ്ണന്റെ സുദര്‍ശനം കൃത്തികയെ തടഞ്ഞതായും നശിപ്പിച്ചതായും പറയുന്നു. ചക്രായുധമായി സങ്കല്‍പിക്കപ്പെടുന്നുണ്ടെങ്കിലും സു-ദര്‍ശനം (ശരിയായ ദര്‍ശനം) ആണ് അത് എന്നത് ശ്രദ്ധേയമാണ്. സ്വാഭാവികമായും കൃത്തികാ ബലി ഉള്‍പ്പെടെയുള്ള ആഭിചാരകര്‍മങ്ങളുടെ യഥാര്‍ഥ സ്ഥാനമെന്ത് എന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാം.
ഒരു ഭാഗത്ത് ആഭിചാര, മാരണക്രിയകള്‍ നീചമായി കരുതപ്പെടുമ്പോഴും മറുഭാഗത്ത് ഔദ്യോഗികാംഗീകാരത്തോടെ തന്നെ മന്ത്രവാദശാഖയും ആദ്യം മുതല്‍ക്കേ വളര്‍ന്നു വന്നു. നഗ്നപൂജ, യോനിപൂജ തുടങ്ങിയ വശീകരണ, മാരണ ക്രിയകള്‍ക്ക് ശാക്തേയ സമ്പ്രദായവുമായി ബന്ധമുണ്ട്. ശാക്തേയം, താന്ത്രികം തുടങ്ങിയ ശാഖകളും കുണ്ഡലിനി തുടങ്ങിയ സങ്കല്‍പങ്ങളുമൊക്കെ സമാന്തര മുക്തി പ്രസ്ഥാനങ്ങളുടെയും അടിത്തറയായി മാറിയിട്ടുണ്ട്. ആഭിചാരം പ്രമേയമായിരിക്കുമ്പോള്‍ത്തന്നെ കൃത്തികാ പ്രതിവിധികള്‍ തുടങ്ങി മറു ആഭിചാരങ്ങളും പിശാചുക്കള്‍ക്കെതിരായ വിദ്യകളും കൂടി അഥര്‍വ സമ്പ്രദായത്തില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്.
സിഹ്ര്‍
സിഹ്ര്‍ എന്ന പേരിലാണ് ക്ഷുദ്രവും ആഭിചാരവും മുസ്‌ലിം ലോകത്ത് പ്രചാരം നേടിയത്. എന്നാല്‍ പ്രവാചകന്‍ പേരെടുത്ത് പറഞ്ഞ ഏഴ് മഹാപരാധങ്ങളില്‍ ഒന്നാണ് സിഹ്ര്‍. സത്യവിരുദ്ധമായത് യാഥാര്‍ഥ്യമെന്ന് തോന്നിപ്പിക്കലാണ് സിഹ്ര്‍ എന്ന് ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇമാം റാസി പറഞ്ഞിട്ടുണ്ട്. അത് മരീചിക വെള്ളമാണെന്ന് തോന്നുന്നത് പോലെയും മുന്നോട്ട് ഗമിക്കുന്ന യാത്രക്കാരന്‍ വഴിവക്കിലെ വൃക്ഷങ്ങളെല്ലാം പിന്നോട്ട് പായുന്നതായി കാണുന്നത് പോലെയുമാണെന്ന് മറ്റൊരു ഖുര്‍ആന്‍ വ്യാഖ്യാതാവ് ത്വബരി വിശദീകരിക്കുന്നു (ഉദ്ധരണം സി എം മൗലവി, അന്ധവിശ്വാസങ്ങളുടെ ലോകം). ബാബിലോണിയയിലാണ് ഇതിന്റെ ഉല്‍ഭവം എന്ന് ഈ ഖുര്‍ആന്‍ പണ്ഡിതന്മാരെല്ലാവരും പറയുന്നുണ്ട്. ചരിത്രം ഈ അഭിപ്രായത്തെ സാധൂകരിക്കുന്നുമുണ്ട്. ജ്യോതിഷത്തിന്റെ ഉല്‍പത്തിയും ബാബിലോണിയയിലായിരുന്നല്ലോ. മുഖദ്ദിമയില്‍, ചരിത്രകാരനായ ഇബ്‌നു ഖല്‍ദൂനും ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നു. എല്ലാ പ്രവാചകന്മാരും എല്ലാ മതങ്ങളും അതിന്റെ ആദിമവിശുദ്ധിയില്‍ ഇത്തരം വ്യാജങ്ങളെ ശക്തമായി എതിര്‍ത്തിരുന്നു എന്നും ഇബ്‌നു ഖല്‍ദൂന്‍ രേഖപ്പെടുത്തുന്നു.
കേവലമതിഭ്രമമല്ലെന്നും സിഹ്‌റിന് ശക്തിയുണ്ടെന്നും വാദിക്കുന്നവര്‍ പ്രഥമമായി ഉന്നയിക്കുന്ന വാദം അങ്ങനെയൊരു ശേഷിയില്ലെങ്കില്‍ പിന്നെന്തുകൊണ്ടാണ് മതം ഇതിനെ നിഷിദ്ധമാക്കുന്നത് എന്നതാണ്. ചില കേവലശാസ്ത്ര യുക്തിവാദികളും ഇങ്ങനെ ചോദിക്കുന്നത് കാണാം. അവരുടെ വാദം പക്ഷേ മറ്റൊന്നാണെന്ന് മാത്രം. അതായത്, ആഭിചാരം എന്ന അയുക്തികാചാരത്തെ, പ്രകൃത്യതീതമായ ശക്തിയുള്ള ഒന്നായിത്തന്നെയാണ് ശാസ്ത്രബോധത്തിന്റെ അഭാവത്തില്‍ മതം പരിഗണിക്കുന്നത്, അതുകൊണ്ടാണ് അതിനെതിരെ താക്കീതുകള്‍ ഉന്നയിക്കുന്നത് എന്ന് അവര്‍ പരിഹസിക്കുന്നു.
എന്നാല്‍ ഈ വാദത്തിന് അടിസ്ഥാനമില്ല. ഒന്നാമത് യാതൊരു ഫലവും ചെയ്യില്ല എന്ന് തറപ്പിച്ചു പറഞ്ഞ കാര്യങ്ങള്‍, പക്ഷേ ചെയ്യുന്നത് നിരോധിച്ചതിന്റെ ഉദാഹരണങ്ങള്‍ വേറെയുമുണ്ടല്ലോ. ഏറ്റവും ശക്തമായ ഉദാഹരണമാണ് വിഗ്രഹപൂജയുമായി ബന്ധപ്പെട്ട, അബ്രഹാമിക മതങ്ങളുടെ നിലപാട്. അത് പ്രയോജനശൂന്യമാണ് എന്ന് ഖുര്‍ആനും ബൈബിളുമെല്ലാം സാക്ഷ്യപ്പെടുത്തുന്നു. അതേസമയം അത് ചെയ്യുന്നതിനെ ശക്തമായി നിരോധിക്കുകയും ചെയ്യുന്നു. ഒരു പ്രവൃത്തിയുടെ നിരോധം മാനസികമായും സാമൂഹികമായും അതുണ്ടാക്കിയേക്കാവുന്ന ആഘാതങ്ങളുമായി ബന്ധപ്പെടുത്തിയാണ് വിശകലനം ചെയ്യേണ്ടത്. അത് ഫലവത്താണോ അല്ലയോ എന്നത് അവിടെ വിഷയമേയല്ല.
ഒന്നാമതായും ഇത്തരം വ്യര്‍ഥവ്യായാമങ്ങളില്‍ മനുഷ്യന്‍ അവന്റെ ഊര്‍ജം വിനിയോഗിക്കരുത്. രണ്ടാമതായി ഇത്തരം കാപട്യങ്ങള്‍ സമൂഹത്തിന്റെ പൊതുവായ സംസ്‌കാരത്തെ ബാധിച്ചേക്കാം. മൂന്നാമതായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്ന അന്തരീക്ഷങ്ങള്‍, മന്ത്രവാദികളുടെ ഹാവഭാവങ്ങള്‍, അവരുരുവിടുന്ന മന്ത്രങ്ങള്‍ തുടങ്ങിയവ ദുര്‍ബ്ബലരും അജ്ഞരുമായ മനുഷ്യരില്‍ ഒരുതരം മോഹനിദ്ര സൃഷ്ടിച്ചേക്കാം. അതുവഴി അവരുടെ ജീവിതം തന്നെ തകരാറിലായിപ്പോകാന്‍ സാധ്യതയുണ്ട്. ഇത്തരം സാധ്യതകള്‍ ആഭിചാരക്രിയകള്‍ നിരോധിക്കുന്നതിന് കാരണമാണ്. അല്ലാതെ ശാസ്ത്രീയമായി ഫലവത്തായത് എന്ന ധാരണയുടെയോ തെറ്റിദ്ധാരണയുടെയോ പേരിലല്ല ഇത്തരം നിരോധങ്ങള്‍.
ഇപ്രകാരം സിഹ്‌റിന് ശക്തിയുണ്ട് എന്നു വാദിച്ചു കഴിഞ്ഞാല്‍ മുസ്‌ലിം ഒക്കള്‍ട്ടിസ്റ്റുകളുടെ പിന്നെയുള്ള വാദം ഇങ്ങനെ ആരെങ്കിലും സിഹ്ര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിന് മറുക്രിയ സിഹ്‌റിലൂടെത്തന്നെയേ നടക്കൂ എന്നും അതിനാണ് തങ്ങള്‍ ഇത് ചെയ്യുന്നത് എന്നുമാണ്. താന്ത്രിക ഹിന്ദുമതത്തില്‍ സാത്വികകര്‍മങ്ങളും നീചകര്‍മങ്ങളുമുണ്ട്. നീചകര്‍മങ്ങളുടെ ശക്തിയെ സാത്വികകര്‍മങ്ങളനുഷ്ഠിക്കുന്നവരും അംഗീകരിക്കുന്നു. നീചകര്‍മങ്ങളുണ്ടെങ്കിലല്ലേ സാത്വികകര്‍മങ്ങള്‍ക്ക് പ്രസക്തിയുള്ളൂ എന്നതു കൊണ്ടാവാം അത്. ഇതേ ന്യായമാണ് മുസ്‌ലിം ഒക്കള്‍ട്ടിസ്റ്റുകളുടേതും. യഥാര്‍ഥത്തില്‍ സാത്വികമായാലും നീചമായാലും ഒരാഭിചാരകര്‍മത്തിനും യാതൊരു തരത്തിലുള്ള ശക്തിയുമില്ല. പ്രകൃതിയെ (ഒക്കള്‍ട്ടിസ്റ്റുകളുടെ ഭാഷയില്‍ പ്രകൃതിശക്തികള്‍) മന്ത്ര തന്ത്രങ്ങള്‍ കൊണ്ട് സ്വാധീനിക്കാന്‍ പറ്റും എന്നതിനെക്കാള്‍ മൂഢമായ വിശ്വാസം മറ്റൊന്നുമില്ല. മുകളില്‍ പറഞ്ഞ രീതിയില്‍ അവ ആളുകളെ മാനസികമായി സ്വാധീനിച്ചേക്കാം. എന്നാല്‍ അതിന് മറുക്രിയ മനശ്ശാസ്ത്രചികില്‍സയും ശരിയായ അവബോധത്തിലേക്ക് അവരെ ഉണര്‍ത്തലുമാണ്.
സത്യത്തില്‍ ഇക്കാര്യത്തില്‍ പ്രവാചകന്റെ നിലപാട് കര്‍ശനമായിരുന്നു. ജ്യോതിഷത്തിലും ശകുനത്തിലും വിശ്വസിക്കരുത് എന്നല്ല അദ്ദേഹം പറഞ്ഞത്. മറിച്ച് ജ്യോതിഷിയുടെ അടുത്ത് പോവുകയോ ശകുനം നോക്കുകയോ പോലും ചെയ്യരുത് എന്നാണ്. മനോദൗര്‍ബല്യങ്ങളുള്ളവരെ ഇത്തരം പരികല്‍പനകള്‍ സ്വാധീനിച്ചേക്കാം എന്നു തന്നെ അവിടുന്ന് ഭയപ്പെട്ടിരിക്കണം.
സോളമന്റെ നക്ഷത്രവും
അലിയുടെ വാളും
എന്നിട്ടും മുസ്‌ലിംകള്‍ക്കിടയില്‍ ആഭിചാരവും മന്ത്രവാദവും സജീവമായി. അതേസമയം പേര് അങ്ങനെയല്ല എന്നു മാത്രം. കേരളത്തിലെ നാട്ടുമ്പുറങ്ങളിലൊക്കെ ഇത് ഇസ്മിന്റെ പണിയാണ്. ത്വല്‍സമാത് എന്നാണ് അറബിയില്‍ ഇതിന് പേര്. അറബിയില്‍ പേര് പറയുന്നതോടെ എല്ലാ മന്ത്രവാദങ്ങളും ഇസ്‌ലാമാകും എന്ന ധാരണ സാധാരണക്കാരില്‍ സൃഷ്ടിച്ചിരുന്നു. ഉറുക്കെഴുത്തും മന്ത്രിച്ചൂതലുമാണ് ത്വല്‍സമാത്തിലെ മുഖ്യ ആചാരങ്ങള്‍. ഉറുക്ക്, ഏലസ്സ് തുടങ്ങിയവയ്ക്ക് ഇംഗ്ലീഷില്‍ താലിസ്മന്‍ (മേഹശാെമി) എന്നാണല്ലോ പറയുക. ഈ പദം അറബിയിലെ ത്വല്‍സമാത്തില്‍ നിന്ന് വന്നതാണ്. പൂര്‍ത്തീകരണം, ആചാരം എന്നെല്ലാം അര്‍ഥമുള്ള ഗ്രീക് പദം തെലെസ്മയില്‍ (talisman) നിന്നാണ് ത്വല്‍സമാത് വന്നത്.
സോളമന്റെ മുദ്ര (Seal of Solomon) എന്നറിയപ്പെടുന്ന അടയാളമാണ് യൂദപാരമ്പര്യത്തില്‍ രക്ഷയായി ഉപയോഗിച്ചിരുന്നത്. ഒരു ഷഡ്‌കോണനക്ഷത്ര ചിഹ്നം (hexagram) അതിന്മേല്‍ മുദ്രണം ചെയ്യപ്പെട്ടിരിക്കും. ഹൈന്ദവ പാരമ്പര്യത്തില്‍ സ്വസ്തിക മുതല്‍ക്ക് സാളഗ്രാമം വരെയുള്ളവ അനുഗ്രഹലബ്ധിക്കും രക്ഷയ്ക്കുമായി ഉപയോഗിച്ചു പോരുന്നു. ഹിമാലയത്തിലെ നദികളില്‍, പ്രത്യേകിച്ച് ഗണ്ഡകി നദിയില്‍, കാണപ്പെടുന്ന, ജുറാസിക് യുഗത്തിലെ ചുരുള്‍ പോലുള്ള ഫോസിലുകളെ ഉള്‍ക്കൊള്ളുന്ന അമോണൈറ്റ് കല്ലുകളാണ് ശാസ്ത്രദൃഷ്ടിയില്‍ സാളഗ്രാമങ്ങള്‍. കൂടാതെ താന്ത്രിക വിധികളില്‍ ശ്രീചക്രം പോലുള്ള ചക്രങ്ങളും രക്ഷയായി ഉപയോഗിക്കാറുണ്ട്.
സമാനസ്വഭാവത്തിലുള്ള ആവാഹനങ്ങള്‍ മുസ്‌ലിം ലോകത്തും കാണാം. ഫാതിമീ രാജവംശത്തിന്റെ കാലത്ത് രാജകൊട്ടാരത്തില്‍ ഒരു രക്ഷാ ചുരുള്‍ (talismanic scroll)സ്ഥാപിച്ചിരുന്നുവത്രേ. സോളമന്റെ മുദ്രയില്‍ കാണപ്പെടാറുള്ള, ദാവീദിന്റെ നക്ഷത്രം എന്ന യൂദചിഹ്നത്തിന് സമാനമായ ഹെക്‌സഗ്രാം (അഞ്ച് കോണുള്ള നക്ഷത്രചിഹ്നം) ഇതിലും വരച്ചു ചേര്‍ത്തിട്ടുണ്ട്. ഒട്ടോമന്‍ രാജാക്കന്മാരുടെ കൊട്ടാരപാലകരായ ഭടന്മാരും അസര്‍ബീജാന്‍, അനത്തോലിയ, കുര്‍ദിസ്താന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ശീയാ സായുധവിഭാഗങ്ങളും ഉപയോഗിച്ചിരുന്ന ഒരു രക്ഷയാണ് ദുല്‍ഫുഖാര്‍ (സുല്‍ഫുഖാര്‍). പ്രവാചകന്റെ ജാമാതാവും റാശിദൂന്‍ ഖലീഫമാരില്‍ നാലാമനുമായ അലിയുടെ വാളിന്റെ പേരാണ് ചരിത്രത്തില്‍ ദുല്‍ഫുഖാര്‍. ഇതിലെ മുദ്ര തന്നെ ഒട്ടോമന്‍ രാജാക്കന്മാര്‍ കൊടിയടയാളമായും ഉപയോഗിച്ചിരുന്നു.
ദുല്‍ഫുഖാറിന്റെ ഏലസ്സിലേക്ക് അലിയുമായി ബന്ധപ്പെട്ട ഒരു മന്ത്രം ആവാഹിച്ചു ചേര്‍ക്കും. ശാഹെ മര്‍ദാന്‍ (പോരാളികളുടെ നേതാവ്), ശേറെ യസ്ദാന്‍ (എസ്ദാന്റെ -ദൈവത്തിന്റെ- സിംഹം), ഖുവ്വത്തെ ഖുദാ (അത്യുന്നതനില്‍ നിന്നുള്ള ശക്തിയും ശേഷിയും), ലാ ഫതാ ഇല്ലാ അലി (അലിയല്ലാതില്ലൊരു വീരനും), ലാ സെയ്ഫ ഇല്ലാ ദുല്‍ഫുഖാര്‍ (ദുല്‍ഫുഖാറല്ലാതില്ലൊരായുധവും) എന്നിങ്ങനെയാണ് ആ മന്ത്രത്തിലെ വരികള്‍.
മന്ത്രങ്ങളാണ് ഏലസ്സുകളില്‍ ആവാഹിക്കുന്നതെങ്കില്‍ ദുര്‍മന്ത്രങ്ങളെ ആവാഹിക്കുന്ന മറ്റു ചില മാധ്യമങ്ങളുണ്ട്. ഇതിലാണ് മാരണങ്ങള്‍ ചെയ്യാറുള്ളത്. മുടി, കോഴിമുട്ട, ചെമ്പുതകിട്, ആളിന്റെയോ അവയവങ്ങളുടെയോ ചെറുരൂപങ്ങള്‍, ചെറിയ ശൂലങ്ങള്‍ തുടങ്ങിയവയാണ് മാരണങ്ങളുടെ മുഖ്യമാധ്യമങ്ങള്‍. കൂടോത്രം എന്നും ഇത്തരം ആഭിചാരക്രിയകള്‍ക്ക് പേരുണ്ട്.
നബി തിരുമേനിക്ക് സിഹ്ര്‍ ബാധിച്ചതായി ബുഖാരിയിലും മറ്റു ചില ഗ്രന്ഥങ്ങളിലും ഉദ്ധരിക്കുന്ന കഥക്ക് മുസ്‌ലിം മന്ത്രവാദികള്‍ വലിയ പ്രാധാന്യം നല്‍കുന്നു. ചെയ്യാത്തത് ചെയ്‌തെന്നും പറയാത്തത് പറഞ്ഞെന്നും കേള്‍ക്കാത്തത് കേട്ടെന്നുമൊക്കെയുള്ള വിഭ്രാന്തികള്‍ ഈ സമയത്ത് അദ്ദേഹത്തിനുണ്ടായത്രേ. പ്രവാചകന്‍ സ്‌കിസോഫ്രീനിക് ആയിരുന്നെന്ന ചില ഓറിയന്റലിസ്റ്റ് വിമര്‍ശനങ്ങള്‍ക്ക് തെളിവു നല്‍കാനല്ലാതെ വേറൊരു പ്രയോജനവുമില്ലാത്ത കെട്ടുകഥകളാണ് ഇതോടനുബന്ധിച്ച് പ്രചരിച്ചിട്ടുള്ളത്.
മന്ത്രിച്ചൂത്ത്
ദുല്‍ഫുഖാര്‍ ഏലസ്സിലേക്ക് അലിയുടെ മന്ത്രം ആവാഹിക്കുന്നതിനെപ്പറ്റി പറഞ്ഞല്ലോ. തകിടുകളിലേക്കും കെട്ടുകളിലേക്കുമൊക്കെ ഊത്തിലൂടെ മന്ത്രശക്തി പ്രവേശിപ്പിക്കുന്ന രീതിയാണ് പൊതുവെ തല്‍സമാത്തിന്റെ ആളുകള്‍ ചെയ്തുവരുന്നത്. മുഹമ്മദന്‍ പൂര്‍വ കാലഘട്ടത്തിലെ (ജാഹിലിയ്യഃ) ഒക്കള്‍ട്ടിസത്തിന്റെ ഒരു രീതിയായിരുന്നു അത്. ഖുര്‍ആനിലെ അവസാന അധ്യായങ്ങളിലൊന്നായ സൂറഃ അല്‍ഫലഖില്‍ കെട്ടുകളില്‍ ഊതുന്നവരില്‍ നിന്ന് അല്ലാഹുവില്‍ രക്ഷ തേടാന്‍ പറയുന്നുണ്ട്. പൊതുവായി ആഭിചാരത്തിന്റെ ഉല്‍പ്രേക്ഷയാണ് ഇവിടെ ഊത്ത്. എന്നാല്‍ ഈ രൂപകം തന്നെ ഇതിനായി സ്വീകരിച്ചത് അറബികള്‍ക്കിടയില്‍ അങ്ങനെയൊരു സമ്പ്രദായം ഉള്ളതു കൊണ്ടു തന്നെയാവാം. (ഇവിടെയും ഫലസിദ്ധിയുള്ളതു കൊണ്ടാണല്ലോ അഭയം തേടാന്‍ പറഞ്ഞത് എന്ന് വാദിക്കാം. എന്നാല്‍ അഭയം തേടുന്നതിന് രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന് മുകളില്‍ പറഞ്ഞത് പോലെ അത് ദുര്‍ബ്ബല മനസ്‌കരെ സ്വാധീനിച്ചേക്കാം. സ്വാധീനവും യാഥാര്‍ഥ്യവും തമ്മില്‍ എല്ലായ്‌പോഴും ബന്ധമുണ്ടായിക്കൊള്ളണമെന്നില്ല. രണ്ടാമത്തെത് കെട്ടുകളില്‍ ഊതുന്നവര്‍ എന്നു വെച്ചാല്‍ എല്ലാ രീതിയിലും വിശ്വാസപരമായി ജനതയെ വഴിപിഴപ്പിക്കുന്നവരും ഒടുങ്ങാത്ത ആശങ്കകളുടെയും അടങ്ങാത്ത ഉന്മാദങ്ങളുടെയും ആത്മീയതയെ അവരില്‍ അടിച്ചേല്‍പിക്കുന്നവരുമാകുന്നു. ഈ ആളുകളില്‍ നിന്ന്, ഇവരുടെ ഗൂഢാത്മീയ തന്ത്രങ്ങളില്‍ നിന്ന് ജനം രക്ഷ പ്രാപിക്കേണ്ടതുണ്ട്. ഒപ്പം ഇവര്‍ പ്രതിനിധാനം ചെയ്യുന്ന സംസ്‌കാരത്തില്‍ നിന്നും).
പക്ഷേ, ഒക്കള്‍ട്ട് ഭ്രമക്കാര്‍ ഈ ഊത്തിനെ ഇസ്‌ലാമിലേക്കും കൊണ്ടുവന്നു. ത്വല്‍സമാത്തിന്റെ ഭാഗമാണ് മന്ത്രിച്ചൂതല്‍. മന്ത്രിച്ചൂത്തിന് അറബിയില്‍ റുഖയ്യ എന്നാണ് പറയുക. ഊത്തിനെ വേദപുസ്തകം അപലപിക്കുന്നുണ്ടെങ്കിലും ഇവര്‍ വേദപുസ്തകത്തെത്തന്നെ ഊത്താക്കി മാറ്റി, റുഖയ്യ ശറഇയ്യ എന്ന് അതിന് പേരും കൊടുത്തു. ശറഇയ്യായ (നിയമവിധേയമായ, ഇസ്‌ലാമികമായ) ആവാഹനം അഥവാ ആഭിചാരം എന്നര്‍ഥം. ഇതിനൊക്കെ ഈ ഊത്തുകാര്‍ ധാരാളം തെളിവുകളും ഉദ്ധരിക്കാറുണ്ട്.
ഖുര്‍ആന്‍ ബോധമുള്‍ക്കൊണ്ടവര്‍ക്ക് കാരുണ്യവും ശമനവുമാണ് എന്ന് സൂറഃ അല്‍ ഇസ്‌റാഇല്‍ (82) ഒരു വാക്യമുണ്ട്. ഇതിലെ ശമനം (ശിഫാ) എന്നത് ശാരീരികവും മാനസികവുമാണെന്നും ശാരീരികമായ ശമനമാകുന്നത് അത് ശരീരത്തില്‍ കെട്ടി നടക്കുമ്പോഴാണെന്നും അതിനാലാണ് ഏലസ്സിലേക്ക് ഖുര്‍ആന്‍ മന്ത്രത്തെ ആവാഹിച്ച് (ഊതി) അത് കെട്ടുന്നതെന്നും ഒരു ന്യായം. അതേസമയം കേവലമായ രോഗശമനം എന്ന് ഈ ശിഫായ്ക്ക് അര്‍ഥമുണ്ടെങ്കില്‍ നബി തിരുമേനി രോഗത്തിന് വേറെ ചികില്‍സ നടത്തുമായിരുന്നില്ല. അക്കാലത്ത് നിലവിലിരുന്ന ഹിജാമ പോലുള്ള ചികില്‍സാരീതികളും നാട്ടു മരുന്നുകളുമൊക്കെ പ്രവാചകന്‍ സ്വീകരിച്ചതായും നിര്‍ദ്ദേശിച്ചതായും ഹദീഥുകളില്‍ കാണാം. നബി ഒരിക്കലും തകിടില്‍ ഖുര്‍ആന്‍ എഴുതിയോ അതിലേക്ക് ആവാഹിച്ചോ ശരീരത്തില്‍ കെട്ടി നടന്നിരുന്നില്ല.
നബി മുറിവില്‍ ഉമിനീര്‍ പുരട്ടിയതു കൊണ്ട് നബിയുടെ ഉമിനീരിന് ദിവ്യത്വമുണ്ട് എന്നും വാദിക്കാറുണ്ട്. മുറിവില്‍ ഉമിനീര്‍ പുരട്ടുക എന്നതും ഒരു പ്രാഥമിക ചികില്‍സാ രീതിയാണ്. സാധാരണയായി ഇന്നും ആളുകള്‍ അത് അനുവര്‍ത്തിച്ചു പോരുന്നുണ്ട്. അതിന് നബിയുടെ ഉമിനീരിന്റെ ദിവ്യത്വവുമായോ ഒക്കള്‍ട്ട് ചികില്‍സാ മുറകളുമായോ യാതൊരു ബന്ധവുമില്ല.
മരുന്നിനൊപ്പം നബി പ്രാര്‍ഥിക്കാറുണ്ട്. പ്രാര്‍ഥനയ്‌ക്കൊപ്പം ഖുര്‍ആനില്‍ നിന്ന് അല്‍പം പാരായണം ചെയ്യുക എന്നത് ഒരു രീതിയാണ്. പ്രാര്‍ഥന അല്ലാഹുവിനോടുള്ള തേട്ടമാണെങ്കില്‍ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണ്. വിളിക്കുന്നവന്റെ വിളി ഞാന്‍ കേള്‍ക്കും, അതിനാലവര്‍ എന്റെ വിളിക്കും ഉത്തരം തരിക എന്ന് ഖുര്‍ആന്‍ തന്നെ കല്‍പിക്കുന്നുമുണ്ട്. പ്രാര്‍ഥനയ്‌ക്കൊപ്പമുള്ള ഖുര്‍ആന്‍ പാരായണത്തിന്റെ സാംഗത്യം പ്രധാനമായും ഇതാണ്. ത്വല്‍സമാത്തില്‍ എഴുതിക്കെട്ടുന്നത് ഗൂഢാക്ഷരങ്ങളാണ്. താന്ത്രിക കര്‍മങ്ങളിലെ മന്ത്രങ്ങളും പ്രാര്‍ഥനാ വാക്യങ്ങളും രണ്ടും രണ്ടാണ്. പ്രാര്‍ഥനയ്‌ക്കൊപ്പം ഖുര്‍ആനും പാരായണം ചെയ്തുകൊണ്ട് നബി പ്രയാസമനുഭവിക്കുന്നവന്റെ ശരീരത്തില്‍ ഊതാറുണ്ട്, കൈകളില്‍ ഊതി ശരീരത്തില്‍ തടവാറുമുണ്ട്. അതിന് പക്ഷേ, മറ്റ് മാധ്യമങ്ങള്‍ സ്വീകരിച്ചിട്ടില്ല. കല്ലുകളോ തകിടുകളോ ഒന്നും.
യഥാര്‍ഥ വിശുദ്ധിയില്‍ മതത്തില്‍ ഗൂഢതന്ത്രങ്ങളൊന്നുമില്ല. ഭക്ഷിക്കാന്‍ അധ്വാനിക്കണമെന്നതും രോഗം വന്നാല്‍ മരുന്ന് കഴിക്കണമെന്നതും മതകല്‍പനകളാണ്. കല്‍പനകള്‍ അനുസരിക്കുമ്പോഴാണ്, അല്ലാതെ അക്ഷരങ്ങള്‍ക്ക് ദിവ്യത്വം കല്‍പിക്കുമ്പോഴല്ല ഒരാള്‍ യഥാര്‍ഥ മതാനുഗാതാവാകുന്നത്.
സാത്താന്റെ കുര്‍ബാന
ക്രൈസ്തവ ജീവിതത്തില്‍ ഏറ്റവും പവിത്രമായ ഒരു കര്‍മമാണ് കുര്‍ബാന. വിശ്വാസികള്‍ക്കുള്ള ആത്മീയഭോജനമായി ക്രിസ്തുവിന്റെ ശരീരവും രക്തവും സന്നിഹിതമാക്കലാണത്. യേശുവിന്റെ ശരീരരക്തങ്ങളുടെ പ്രതീകങ്ങള്‍ എന്ന നിലക്ക് വിശ്വാസികള്‍ പൂജിച്ച അപ്പവും വീഞ്ഞും സ്വീകരിക്കുന്നു. Holy Mass എന്നും HolyCommunion എന്നും കുര്‍ബാനയ്ക്ക് പേരുണ്ട്.
സുറിയാനിയില്‍ മദ്ബഹ എന്നും ലത്തീനില്‍ അള്‍ത്താര (ഇംഗ്ലീഷില്‍ altar) എന്നും വിളിക്കുന്ന യാഗവേദിയിലാണ് (ത്രോണോസ് എന്നാണ് ഗ്രീക് സംജ്ഞ) കുര്‍ബാന നടക്കാറുള്ളത്. കുര്‍ബാനയിലെ വിശുദ്ധ അപ്പത്തിന് ഓസ്തി എന്നും അപ്പം സൂക്ഷിക്കുന്ന പാത്രത്തിന് കാസ എന്നും സൂക്ഷിപ്പ് സ്ഥലത്തിന് സക്രാരി എന്നും പറയും.  ഇതിന്റെ അനുകരണമായി രൂപപ്പെട്ടു വന്ന ആഭിചാരാനുഷ്ഠാനമാണ് കറുത്ത കുര്‍ബാന അഥവാ ബ്ലാക് മാസ്സ്.
സേറ്റനിസ്റ്റുകള്‍ (സാത്താന്‍ പൂജകര്‍) എന്നറിയപ്പെടുന്ന വിഭാഗം അവരുടെ പ്രധാന ആചാരമായി ബ്ലാക് മാസ്സിനെ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഈ ആഭിചാരക്രിയയുടെ തുടക്കം അവരില്‍ നിന്നല്ല. ശത്രുക്കളുടെ നാശത്തിന് വേണ്ടി ചെകുത്താനെ തൃപ്തിപ്പെടുത്തുക എന്ന ആശയം സഭയുടെ അംഗീകാരത്തോടെയല്ലെങ്കിലും ക്രൈസ്തവ സമൂഹത്തില്‍ ആദ്യം മുതല്‍ക്കേ വികസിച്ചു വന്നു. അറിയപ്പെട്ട ആദ്യ ആഭിചാര കുര്‍ബാന അരങ്ങേറുന്നത് ഫ്രാന്‍സിലാണ്. കാതറിന്‍ ഡി മെഡിസി എന്ന ഇറ്റാലിയന്‍ പ്രഭ്വിയാണ് ഇക്കഥയിലെ നായിക. ഹെന്റി രണ്ടാമനുമായുള്ള വിവാഹത്തോടെ ഇവര്‍ ഫ്രാന്‍സിലെ രാജ്ഞിയായിത്തീര്‍ന്നു. sinister queen (പൈശാചികതയുടെ രാജ്ഞി, കാപട്യത്തിന്റെ രാജ്ഞി) എന്ന് വിളിക്കപ്പെട്ടിരുന്ന കാതറിന്‍ ഒക്കള്‍ട്ട് കലകളില്‍ താല്‍പര്യമുള്ള ആളായിരുന്നു. നൊസ്തദാമ്യൂസിന്റെ ഏലസ്സുകളും മുദ്രകളും ധരിച്ചിരുന്നു അവര്‍. ഫ്രാന്‍സില്‍ ആദ്യത്തെ ബ്ലാക് മാസ്സ് നടത്തിയത് ഇവരായിരുന്നത്രേ.
പതിനാറാം നൂറ്റാണ്ടാണ് കാതറീന്‍ രാജ്ഞിയുടെ ആഭിചാര കാലമെങ്കില്‍ തൊട്ടടുത്ത ശതകത്തില്‍ വീണ്ടും കറുത്ത കുര്‍ബാന റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ഫ്രാന്‍സില്‍ നിന്ന് തന്നെ. അതിലെ മുഖ്യകഥാപാത്രമാകട്ടെ ലാ വോയിസിന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന കാതറിന്‍ മോണ്‍വോയിസിനും. ദൈവജ്ഞ (fortune
teller) ആയി അറിയപ്പെട്ടിരുന്ന ലാ വോയിസിന്‍ വിഷപ്രയോഗം, ലൈംഗികോത്തേജകങ്ങള്‍ (aphrodisiacs), ഗര്‍ഭഛിദ്രം, ക്ഷുദ്രവിദ്യകള്‍ (sorcery) തുടങ്ങിയവയ്ക്കും പ്രശസ്തിയാര്‍ജിച്ചിരുന്നു. ക്ഷുദ്രവിദ്യകളുടെ പേരില്‍ 1676ല്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് ഇവര്‍ ഇവരുടെ ആഭിചാരക്രിയകളെക്കുറിച്ച ഏറ്റുപറച്ചില്‍ നടത്തിയത്. ലാ വോയിസിന്‍ തനിച്ചായിരുന്നില്ല ബ്ലാക് മാസ്സ് നടത്തിയത്. അവരോടൊപ്പം അറിയപ്പെടുന്ന ഒരു വൈദികനും ഉണ്ടായിരുന്നു. ഫ്രഞ്ച് കത്തോലിക് ആബേ ആയിരുന്ന എറ്റ്യെന്‍ ഗിബൂര്‍.
നഗ്നയായ സ്ത്രീയെ അള്‍ത്താരയാക്കിക്കൊണ്ടാണ് കറുത്ത കുര്‍ബാന അരങ്ങേറുക. സ്ത്രീയുടെ യോനിയാണ് സക്രാരി. യോനിഭാഗത്ത് സൂക്ഷിച്ച ഓസ്തിയാണ് ഇതിലെ പ്രസാദം. മദാം മോണ്‍ടെസ്പാനെത്തന്നെ അള്‍ത്താരയാക്കിക്കൊണ്ടാണ് ലാ വോയിസിനും ഗിബൂറും സാത്താന്‍ കുര്‍ബാന നിര്‍വഹിച്ചത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ആബേ ജോസഫ്-അന്റോയിന്‍ ബൂലന്‍ എന്ന ഫ്രഞ്ച് റോമന്‍ കത്തോലിക്കാ പുരോഹിതനും ബ്ലാക് മാസ് നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഒക്കള്‍ട്ട് ആചാരങ്ങളോട് ഭ്രമമുണ്ടായിരുന്ന ഇദ്ദേഹത്തെ പിന്നീട് സഭ defrock ചെയ്‌തെങ്കിലും തുടര്‍ന്നും അദ്ദേഹം സ്വയം ക്രിസ്ത്യാനിയാണെന്ന് തന്നെ വാദിച്ചു കൊണ്ടിരുന്നു. ഇത് വ്യാപകമായിരുന്ന പതിനേഴാം നൂറ്റാണ്ടില്‍, പുറന്തള്ളപ്പെട്ട വൈദികരും സന്യാസിമാരും ലൈംഗികക്രിയകള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഗൂഢാചാരങ്ങളെ വികസിപ്പിച്ചിരുന്നു.
വിമോചനത്തിന്റെ ദൈവശാസ്ത്രം
ആധിവ്യഥകളില്‍ നിന്ന് (ഖുര്‍ആന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഖൗഫില്‍ നിന്നും ഹുസ്‌നില്‍ നിന്നും മനുഷ്യരെ രക്ഷിക്കുക) എന്നതാണ് ദീനിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്ന്. എന്റെ മാര്‍ഗം പിന്തുടരുന്നവരെ ഖൗഫും ഹുസ്‌നും ബാധിക്കുകയില്ല എന്നത്രേ അല്ലാഹു ആദമിനോട് പറഞ്ഞത്. നിര്‍ഭയത്വം, സമാധാനം, സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച മതവിവക്ഷകള്‍ മാനുഷികമായ ഉത്തരവാദിത്തവുമായിക്കൂടി ബന്ധപ്പെട്ടു നില്‍ക്കുന്നു. ഈ ഉത്തരവാദിത്ത നിര്‍വഹണത്തിന് അവനെ പ്രാപ്തനാക്കുക എന്നതാണ് പ്രവാചകന്മാര്‍ നിര്‍വഹിച്ച പ്രായോഗിക ധര്‍മം.
എന്നാല്‍ മനുഷ്യനെ കൂടുതല്‍ കൂടുതല്‍ ഭയപ്പാടുകളില്‍ അകപ്പെടുത്തുകയാണ് പുരോഹിതാധിപത്യം ചെയ്തത്. ഖുര്‍ആനും ബൈബിളുമൊക്കെ അതികര്‍ക്കശമായ സ്വഭാവത്തില്‍ത്തന്നെ പുരോഹിതാധിപത്യത്തെ കൈകാര്യം ചെയ്യുന്നുമുണ്ട്. അതേസമയം ഓരോ പ്രവാചകന്റെയും കാലശേഷം ആ പ്രവാചകന്മാരെത്തന്നെ കരുക്കളാക്കിക്കൊണ്ട് പുതിയ ആചാരങ്ങളും അതിന്റെ കൂടെ പലതരം ആഭിചാരമുറകളും വികസിപ്പിക്കുകയാണ് മതസമൂഹങ്ങളുടെ നേതൃത്വം കൈയടക്കുന്ന പുരോഹിതന്മാര്‍ ചെയ്യുന്നത്. മാരണവും ക്ഷുദ്രവിദ്യയും ചെയ്യുന്നവര്‍ അന്യരോട് അസഹിഷ്ണുതയുള്ളവരായിരിക്കും എന്നതും ശ്രദ്ധേയമാണ്.
അതേസമയം വിദ്വേഷങ്ങളകറ്റി, ഉത്തമനായ മനുഷ്യനെയും ഭദ്രമായ സമൂഹത്തെയും സൃഷ്ടിക്കാനത്രേ പ്രവാചകന്മാരും സച്ചരിതരായ അവരുടെ അനുയായികളും പരിശ്രമിച്ചു പോന്നിട്ടുള്ളത്. ഈ പരിശ്രമങ്ങളെ ശരിയായി തിരിച്ചറിഞ്ഞ് ആ പാതയില്‍ നിലകൊള്ളുക എന്നതാണ് കാലം ഒരു യഥാര്‍ഥ വിശ്വാസിയില്‍ നിന്ന് തേടുന്ന ധര്‍മം.
(തയ്യാറായിക്കൊണ്ടിരിക്കുന്ന, ചെകുത്താന്റെ വേദപുസ്തകം എന്ന ഗ്രന്ഥത്തില്‍ നിന്നുള്ളതാണ് ഈ ലേഖനം).
Attachments area
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x