21 Saturday
December 2024
2024 December 21
1446 Joumada II 19

നികുതി വെട്ടിപ്പും ഹവാലയും ഗുരുതരമല്ലെന്നുണ്ടോ? – അബൂഉസാമ

സത്യവിശ്വാസിയുടെ ജീവിതം അല്ലാഹുവിന്റെയും പ്രവാചകന്റെയും നിയമനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായിരിക്കണം. മുസ്‌ലിമിന്ന് പുണ്യപാപങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. വിശുദ്ധ ഖുര്‍ആനും നബിചര്യയും പുണ്യമാണെന്ന് പറഞ്ഞതെല്ലാം പുണ്യവും, പാപമാണെന്ന് പറഞ്ഞതെല്ലാം പാപവുമായി കണക്കാക്കുക എന്നതാണ് മുസ്‌ലിം സ്വീകരിക്കുന്ന നിലപാട്. മതനിയമങ്ങള്‍ രണ്ടു തരത്തില്‍ കാണാം.
ഒന്ന്: യാതൊരു മാറ്റങ്ങള്‍ക്കും വിധേയമാക്കാന്‍ പാടില്ലാത്ത പൂര്‍ണമായ മതനിയമങ്ങള്‍. നമസ്‌കാരം, സകാത്ത്, നോമ്പ് തുടങ്ങിയ അനുഷ്ഠാനങ്ങളെല്ലാം അവയ്ക്കുദാഹരണമാണ്. രണ്ട്: മതത്തിന്റെ നിര്‍ദേശങ്ങള്‍ പഠിച്ചുകൊണ്ട് സ്വതന്ത്രമായി ചെയ്യാവുന്ന കാര്യങ്ങള്‍. കൃഷി, കച്ചവടം, വ്യവസായം, വ്യവഹാരം, ഭരണം മുതലായ ഭൗതിക കാര്യങ്ങളെല്ലാം ഇത്തരത്തില്‍ പെട്ടതാണ്.
മേല്‍പറഞ്ഞ രണ്ടു തരത്തിലുള്ള നിയമങ്ങളും നിര്‍ദേശങ്ങളും പഠിച്ചുകൊണ്ട് സൂക്ഷ്മതയോടെ ജീവിക്കുന്നവരെ നാം മുത്തഖി എന്നോ മുഅ്മിന്‍ എന്നോ പറയുന്നു. എന്നാല്‍ ഇതിലൊക്കെ വീഴ്ച വരുത്തുന്നവരെപ്പറ്റി മുസ്‌ലിമല്ല എന്നു പറയുന്നില്ലെങ്കിലും അധര്‍മകാരികളാണെന്ന് പറയാവുന്നതാണ്. ഇസ്‌ലാമിനെപറ്റി മനസ്സിലാക്കിയേടത്തുള്ള പോരായ്മ മൂലമാകാം, ചില ആളുകള്‍ ആരാധനാ കാര്യങ്ങളില്‍ (ഇബാദത്ത്) ഒട്ടൊക്കെ നിഷ്‌കര്‍ഷ പുലര്‍ത്തുകയും മറ്റിടപാടുകളുടെ കാര്യത്തില്‍ (മുആമലാത്ത്) വേണ്ടത്ര സൂക്ഷ്മത പുലര്‍ത്താതിരിക്കുകയും ചെയ്യുന്നത് കാണാം. ഈമാന്‍ ഉള്‍ക്കൊള്ളത്തതുകൊണ്ടാണിത്. കാരണം വിശ്വാസവും കര്‍മവും ഇടപാടുകളിലെ ധാര്‍മികതയും വിശ്വാസിയുടെ ജീവിതത്തിലെ അനുപൂരക ഘടകങ്ങളത്രേ.
ഇവിടെ ചര്‍ച്ച ചെയ്യുന്നത് ഇതു രണ്ടുമല്ലാത്ത മൂന്നാമത്തെ ഒരു നിലപാടിനെപ്പറ്റിയാണ്. ഒരു വ്യക്തിയുടെ ചെയ്തികളെയോ നിലപാടിനെയോ മതകീയമെന്ന് നാം വിശേഷിപ്പിക്കാറുണ്ട്. ചിലപ്പോള്‍ മതവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടാകാറുണ്ട്. അതേസമയം മതേതരമായ രംഗത്ത് ഒരു സത്യവിശ്വാസി (മുസ്‌ലിം) സ്വീകരിക്കേണ്ട നിലപാട് എന്താണ്? മതനിരപേക്ഷ രാജ്യത്താണ് നാം ജീവിക്കുന്നത്. ഇന്ത്യാരാജ്യത്തിന്റെ നിയമങ്ങള്‍, സംസ്ഥാന സര്‍ക്കാറിന്റെ നിയമങ്ങള്‍, സ്ഥാപനങ്ങളുടെയോ കമ്പനികളുടെയോ നിയമങ്ങള്‍ മുതലായവ പാലിക്കേണ്ടതുണ്ടോ? അവ പാലിക്കാതിരുന്നാല്‍ മതവിരുദ്ധമെന്ന് പറയാമോ?
നിയമങ്ങള്‍ എന്തിനുവേണ്ടിയാണെന്ന് നാം ആദ്യമായി ഗ്രഹിക്കേണ്ടതുണ്ട്. ഇസ്‌ലാമിക നിയമങ്ങള്‍ രണ്ടുതരത്തിലുണ്ട്. അല്ലാഹുവിനെ സൂക്ഷിച്ചുകൊണ്ട് ആരാധനാകര്‍മങ്ങള്‍ ചെയ്യേണ്ടത് പ്രാഥമിക ബാധ്യതയാണ്. എന്തിനാണിത്? വ്യക്തി വിശുദ്ധിക്കുവേണ്ടിയും മനസ്സിന്റെ വിമലീകരണത്തിനുവേണ്ടിയുമാണ് പ്രാര്‍ഥനകളും ആരാധനകളുമെല്ലാം അല്ലാഹു നിശ്ചയിച്ചത്. ഒരാള്‍ നമസ്‌കരിച്ചാല്‍ ഗുണം അയാള്‍ക്കുതന്നെ. ഒരാള്‍ നോമ്പുപേക്ഷിച്ചാല്‍ വേറൊരാള്‍ക്കതു ദോഷം ചെയ്യില്ല. ഏറ്റവും വലിയ പാപമായി ഇസ്‌ലാം കാണുന്ന ശിര്‍ക്ക് ഒരാള്‍ ചെയ്താല്‍ പോലും സമൂഹത്തെ അത് രണ്ടു തരത്തിലും ബാധിക്കില്ല. അതേസമയം ഒരാളുടെ ചെയ്തികള്‍ കൊണ്ട് ഇതര മനുഷ്യര്‍ക്ക് നന്മ ലഭിക്കുന്ന കാര്യങ്ങളുണ്ട്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഇതര മനുഷ്യര്‍ക്കു വേണ്ടിയാണ്. അത് സമൂഹക്ഷേമത്തിന്റെ ഭാഗമാണ്. എന്നാല്‍ മദ്യപാനം, മോഷണം, പിടിച്ചുപറി, പലിശ തുടങ്ങിയവ തിന്മയാണെന്നു മാത്രമല്ല, അതിന്റെ ഫലമനുഭവിക്കുന്നത് സമൂഹമാണ്. അതുകൊണ്ട് സമൂഹദ്രോഹപരമായ കാര്യങ്ങളാണ്. അതുകൊണ്ടാണ് സമൂഹത്തിന് ദോഷം വരുന്ന തരത്തിലുള്ള തിന്‍മ ചെയ്യുന്നവര്‍ക്ക് ഭൗതികമായി ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. ഇതാണ് ഈ രംഗത്ത് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. അപ്പോള്‍ നിയമങ്ങള്‍ എന്നത് നിയന്ത്രണങ്ങളാണ്.

വ്യക്തിനിഷ്ഠമായി ദൈവപ്രീതി കാംക്ഷിച്ചുചെയ്യുന്ന ആരാധനകള്‍ തന്റെ ജീവിതത്തില്‍ സമാധാനവും ശാന്തിയും ആത്മീയ നിയന്ത്രണവും നല്കുന്നു. അതുപോലെ സമൂഹ നന്മയ്ക്കുതകുന്ന കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അയാള്‍ക്ക് ദൈവികമായ പ്രതിഫലം ലഭിക്കുന്നതോടൊപ്പം അതിന്റെ ഗുണഭോക്താക്കള്‍ മറ്റുള്ളവരാണ്. ആയതിനാല്‍ സമൂഹം അയാളെ ശ്ലാഘിക്കുന്നു. സമൂഹദ്രോഹപരമായ കാര്യങ്ങള്‍ ഒരാള്‍ ചെയ്യുമ്പോള്‍ ദൈവകോപത്തിന് വിധേയമാകുന്നതോടൊപ്പം ആ ചെയ്തിയുടെ ‘ഇരകള്‍’ മറ്റു മനുഷ്യരായതിനാല്‍ സമൂഹം അയാളെ പഴിക്കുന്നു. ഗുരുതരമെങ്കില്‍ നിയന്ത്രിക്കുന്നു; ആവര്‍ത്തിച്ചാല്‍ ശിക്ഷ നല്കുന്നു. ഇതാണ് ഒരു ആദര്‍ശ സമൂഹത്തിന്റെ പൊതു നിലപാട്.

 

ദൈവിക നിയമങ്ങള്‍ക്കു പുറമെ സമൂഹനിയന്ത്രണത്തിനുവേണ്ടി മനുഷ്യന്‍ നിയമങ്ങള്‍ ഉണ്ടാക്കുന്നു. ഉദാഹരണമായി ട്രാഫിക് നിയമങ്ങള്‍ തന്നെയെടുക്കാം. അമിത വേഗത, സിഗ്നല്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയത്തില്‍ മതങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളില്ല. ആ നിയമങ്ങള്‍ ഉണ്ടാക്കിയത് സമൂഹജീവിതം സുഗമമാകാന്‍ ആവശ്യമായ ചില നിയന്ത്രണങ്ങള്‍ക്കുവേണ്ടിയാണ്. ഇസ്‌ലാമില്‍ ഇത്രവേഗത്തിലേ വാഹനം ഓടിക്കാവൂ എന്ന നിയമമില്ല എന്നു പറഞ്ഞ് രാജ്യത്തിന്റെ ട്രാഫിക് നിയമം കണക്കിലെടുക്കാതെ താന്‍ തോന്നിയപോലെ വണ്ടി ഓടിച്ചാല്‍ അത് സമൂഹ ദ്രോഹമാണ്. സമൂഹ ദ്രോഹം ഇസ്‌ലാം അംഗീകരിക്കുന്നില്ല. ആയതിനാല്‍ ഇസ്‌ലാമിക ദൃഷ്ട്യാ ട്രാഫിക് നിയമങ്ങള്‍ പാലിക്കലും അനിവാര്യമാണ്. ഇതാണ് ഒരു മുസ്‌ലിമിന്റെ യഥാര്‍ഥ നിലപാട് എന്ന തിരിച്ചറിവ് നാം നേടണം. ഇങ്ങനെ രാജ്യത്തിന്, സ്ഥാപനങ്ങള്‍ക്ക്, സംഘടനകള്‍ക്ക് എല്ലാം അതാതിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടാക്കേണ്ടിവരും. അവ പാലിക്കപ്പെടുമ്പോള്‍ മാത്രമേ സമൂഹത്തില്‍ അച്ചടക്കവും സമാധാനവും കൈവരൂ. അനിയന്ത്രിതാവസ്ഥ, അരാജകത്വം എന്നിവ കൂട്ടനാശത്തിന് ഹേതുവായിത്തീരുന്നു.

നിയമങ്ങള്‍ നമുക്കുവേണ്ടി

നിയമങ്ങള്‍ നമുക്കുവേണ്ടിയാണ്. അപാകതകളുണ്ടെങ്കില്‍ നിയമത്തില്‍ മാറ്റം വരുത്താം. അനിവാര്യഘട്ടത്തില്‍ പൊതുവായോ വ്യക്തികള്‍ക്ക് പ്രത്യേകമായോ നിയമങ്ങള്‍ ഇളവു നല്കാം. അശ്രദ്ധയോ അജ്ഞതയോ മൂലം നിയമലംഘനം നടത്തിയാല്‍ മാപ്പുകൊടുക്കാം. ബോധപൂര്‍വം നിയമം ലംഘിക്കുകയോ തിന്മകള്‍ ആവര്‍ത്തിക്കുകയോ ചെയ്താല്‍ മാപ്പര്‍ഹിക്കുന്നില്ല, ശിക്ഷയര്‍ഹിക്കുന്നു. ഒരു ഉദാഹരണം പറയാം. അമിത വേഗത്തില്‍ കാറോടിക്കാന്‍ പാടില്ല. പ്രായപൂര്‍ത്തിയെത്താത്തവര്‍ പൊതു സ്ഥലത്ത് വാഹനം ഓടിച്ചുകൂടാ (പഠിക്കാം). ചെറിയ കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ ഏല്പിച്ചുകൊടുത്തുകൂടാ. കഴിവും പ്രാപ്തിയുമുള്ളവര്‍ ധിക്കാരപരമായ നിയമലംഘനത്തിന് തുനിഞ്ഞാല്‍ നാട്ടില്‍ നിയന്ത്രണമില്ലാതാകും. അനിയന്ത്രിതാവസ്ഥയുടെ ഫലം അരാജകത്വമാണ്.

സമൂഹ നന്മയ്ക്കാവശ്യമായ ഇത്തരം നിയമങ്ങള്‍ നിര്‍മിക്കലും അവ പാലിക്കലും ത്വാഗൂത്തിന്റെ (ദൈവത്തെ ധിക്കരിക്കുന്ന ശക്തികളുടെ) പാദസേവയാണെന്ന് തെറ്റിദ്ധരിച്ച ഒരുതരം സൈദ്ധാന്തിക വികലത മുസ്‌ലിംകള്‍ക്കിടയില്‍ ചില പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. അത് പരമാബദ്ധമാണെന്ന് ബോധ്യമായി. അവര്‍ തിരുത്തിയിട്ടില്ലെങ്കിലും ആവര്‍ത്തിക്കുന്നില്ല. അലംഭാവ പൂര്‍ണമായ മറ്റൊരു നിലപാട് ഏറെ ദോഷം ചെയ്യുന്നു. അതായത് ഇത്തരം നിയമങ്ങള്‍ പാലിക്കുക എന്നത് അത്ര വലിയ ബാധ്യതയൊന്നുമല്ല എന്ന ഒരു അയഞ്ഞ നിലപാട്. ഈ ധാരണയാണ് നിയമങ്ങള്‍ മറികടക്കാനും പിന്‍വാതിലിലൂടെ കാര്യങ്ങള്‍ നേടാനും പ്രേരിപ്പിക്കുന്നത്. കൈക്കൂലിയും അഴിമതിയും വ്യാപകമാകാന്‍ കാരണവും ഈ മനോഭാവം തന്നെ. മുസ്‌ലിം എന്ന നിലയില്‍ ഒരാള്‍ പൊതുനന്മയെ നിരാകരിച്ചോ അവഗണിച്ചോ ജീവിക്കാന്‍ പാടില്ല. മുസ്‌ലിംകള്‍ സമൂഹ ദ്രോഹനടപടികളില്‍ നിന്ന് വിട്ടുനില്ക്കല്‍ വിശ്വാസപരമായ ബാധ്യത തന്നെയാണെന്ന് ഓര്‍ക്കുക.

ഏതൊരു രാജ്യത്തിനും അതിന്റെ ആഭ്യന്തര സുരക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും അന്താരാഷ്ട്ര ബന്ധങ്ങള്‍ക്കുമെല്ലാം ആവശ്യമായ നിയമങ്ങളുണ്ട്. അവ പാലിക്കല്‍ പൗരന്റെ ബാധ്യതയാണ്. അഥവാ മതേതര നിയമങ്ങള്‍ (മതവിരുദ്ധമല്ലെങ്കില്‍) പാലിക്കല്‍ മുസ്‌ലിമിന്റെ കടമയാണ് എന്നര്‍ഥം. ഭൂമി, കെട്ടിടം, വാണിജ്യവ്യവസായ സംരംഭങ്ങള്‍ മുതലായവക്ക് നികുതി ഈടാക്കുക, കയറ്റുമതി, ഇറക്കുമതി തുടങ്ങിയ കാര്യങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തുക തുടങ്ങി ചെറുതും വലുതുമായ ഒട്ടേറെ നിയമങ്ങള്‍ ഓരോ രാജ്യത്തുമുണ്ടായിരിക്കും. ഒരു മുസ്‌ലിം ഏതു നാട്ടില്‍ ജീവിക്കുന്നുവോ ആ നാട്ടിലെ നിയമങ്ങള്‍ പാലിക്കലും അയാളുടെ ബാധ്യതയാണ്.

എന്നാല്‍ ഈ രംഗത്ത് അലസമായ നിലപാട് ചിലരെങ്കിലും വച്ചുപുലര്‍ത്തുന്നുണ്ട്. മോഷണം പാപമായി കാണുന്നവന്‍ സര്‍ക്കാര്‍ വനത്തില്‍ നിന്ന് ചന്ദനമോഷണം തെറ്റായി കാണുന്നില്ല. വ്യഭിചാരവും മദ്യപാനവും മഹാപാപമായി വിശ്വസിക്കുന്നവര്‍ നികുതി വെട്ടിപ്പും കള്ളക്കടത്തും തെറ്റായി കാണുന്നില്ല. പലിശ ഹറാമായി കാണുന്നവര്‍ ഹവാലയും കുഴല്‍പ്പണവും പാപമായി ഗണിക്കുന്നില്ല. ബാങ്കു കവര്‍ച്ച കേസില്‍ പൊലീസ് പിടിച്ച കുറ്റവാളിയോടുള്ള ഈര്‍ഷ്യയോ ധാര്‍മിക രോഷമോ ചെക്കുപോസ്റ്റില്‍ പിടിക്കപ്പെട്ടവനോട് സമൂഹം കാണിക്കുന്നില്ല. ജ്വല്ലറി കുത്തിത്തുറന്നു സ്വര്‍ണം കവര്‍ച്ച ചെയ്തവനും മഹാപാപി. കസ്റ്റംസിനെ വെട്ടിച്ച് നൂറുകിലോ സ്വര്‍ണം ഇന്ത്യയിലേക്ക് കടത്തിയവന്‍ പാപിയാണെന്ന ധാരണയില്ലായ്മ. ഇതാണ് സാമൂഹിക സമീപനത്തിന്റെ വര്‍ത്തമാനകാല ചിത്രം.

പലിശ അല്ലാഹു ഹറാമാക്കിയ സാമ്പത്തിക ചൂഷണമായി കാണുന്ന മുസ്‌ലിം, ഹവാല ഇടപാടുകളിലൂടെയും കുഴല്‍പ്പണത്തിലൂടെയും രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ക്കുന്നത് വലിയ സാമൂഹിക തിന്മയായി കാണണം. സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമാണെന്ന് വിശ്വസിക്കുന്ന മുസ്‌ലിം രാജ്യത്തിന്റെ നിയമപ്രകാരമുള്ള നികുതി കൊടുക്കല്‍ സാമൂഹിക ബാധ്യതയായി കാണണം. ഒന്ന് വ്യക്തിവിശുദ്ധിക്കായി അല്ലാഹു ഏര്‍പ്പെടുത്തിയ നിയമമാണെങ്കില്‍ മറ്റേത് സമൂഹ നന്മയ്ക്കുവേണ്ടി അഥവാ നമുക്കുവേണ്ടി നാം തന്നെ ഉണ്ടാക്കിയ നിയമം. മതനിയമം പാലിക്കുന്നത് പരലോക മോക്ഷത്തിന്. പൊതുനിയമം പാലിക്കുന്നത് ഇഹലോക ക്ഷേമത്തിന്. ‘അല്ലാഹുവേ ഞങ്ങള്‍ക്ക് ഈ ലോകത്ത് നന്മ കൈവരുത്തേണമേ, പരലോകത്തും നന്മ നല്‌കേണമേ’ എന്ന് പ്രാര്‍ഥിക്കേണ്ടവരാണ് മുസ്‌ലിംകള്‍.

മതേതര നിയമങ്ങള്‍ പാലിക്കുന്നത് മതവിരുദ്ധമോ മതനിരാസമോ അല്ല. മറിച്ച്, മതത്തിന്റെ താല്പര്യത്തിന് അനുഗുണമാണ് എന്ന് വിശ്വാസികള്‍ പൊതുവിലും മുസ്‌ലിംകള്‍ പ്രത്യേകിച്ചും മനസ്സിലാക്കണം. പൊതു നിയമലംഘന പ്രവണത ആണത്തവും സാമര്‍ഥ്യവും. നിയമവിധേയമായി സ്വസ്ഥ ജീവിതം നയിക്കുന്നത് പോഴത്തവും’ ഇതാണ് ഇന്നത്തെ ലോകനീതി! അധികാര നേതൃത്വമോ സമ്പത്തോ ഉള്ളവര്‍ക്ക് നിയമം ബാധകമാകാത്ത സാമൂഹികാവസ്ഥ. എല്ലാ നിയമവും സാധുക്കളായ സാധാരണക്കാര്‍ക്കുവേണ്ടി. ഈ അവസ്ഥ മാറണം.

നബി(സ)യുടെ കാലത്തുണ്ടായ ഒരു സംഭവം. മദീനയിലെ പ്രമുഖ തറവാട്ടുകാരില്‍ ഒരു സ്ത്രീ മോഷണം നടത്തി. മോഷണം തെളിയിക്കപ്പെട്ടാല്‍ മോഷ്ടാവിന്റെ കരഛേദമാണ് ഇസ്‌ലാമിക നീതി. ഇതറിയാവുന്ന തറവാട്ടുകാര്‍ നബി(സ)യുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്‍മാരിലൊരാളായ ഉസാമ(റ) മുഖേന പ്രശ്‌നം ഒതുക്കാന്‍ ശിപാര്‍ശ ചെയ്യാന്‍ ശ്രമിച്ചു. നബി(സ) കര്‍ക്കശമാക്കിയ നിലപാടില്‍ ചരിത്രപ്രസിദ്ധമായ ആ പ്രഖ്യാപനം നടത്തിയ സന്ദര്‍ഭമിതായിരുന്നു. ”അല്ലാഹുവാണ് സത്യം. മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് കളവു നടത്തിയതെങ്കിലും ഞാനവളുടെ കൈമുറിക്കും.”

വിവേചനമില്ലാത്ത നീതിയുടെ നിറകുടമായ പ്രവാചകന്റെ പിന്‍ഗാമികളായ ഖലീഫമാരും ഇതേ നിലപാട് സ്വീകരിച്ചു. ഗവര്‍ണറുടെ മകന്‍ ഒരു സാധാരണക്കാരനെ അകാരണമായി മര്‍ദിച്ച കേസ് ഖലീഫ ഉമറിന്റെ(റ) അടുക്കലെത്തി. ഗവര്‍ണറെയും മകനെയും വിളിച്ചുവരുത്തി പരസ്യമായി ശിക്ഷ നല്കിയത് കഥയല്ല. ചരിത്രത്തിലെ സുവര്‍ണ സംഭവങ്ങളാണ്. ഈ പാരമ്പര്യം ഉള്‍ക്കൊണ്ടവരായി ജീവിക്കേണ്ട മുസ്‌ലിംകള്‍ തന്നെ ജീര്‍ണതയില്‍ മുങ്ങിത്താഴുന്നു.

മക്കയില്‍ മുഹമ്മദ് നബി(സ)യും അനുചരന്മാരും സമൂഹത്തില്‍ നിന്ന് കൊടിയ പീഡനങ്ങളും സാമൂഹ്യ ബഹിഷ്‌ക്കരണവും വധോദ്യമങ്ങളും നടന്നിട്ടും സമൂഹത്തിന് എതിരായി നീങ്ങിയില്ല. ഹബ്ശയിലെ (എത്യോപ്യ) ക്രിസ്ത്യന്‍ ഭരണാധികാരിയുടെ പൊതു നിയമങ്ങള്‍ക്ക് കീഴ്‌പ്പെട്ട് ജീവിക്കാന്‍ നബി(സ) അനുയായികളെ പറഞ്ഞയക്കുന്നു. പ്രവാചകന് അധികാരം കൈവന്നപ്പോള്‍ ആദര്‍ശ വിവേചനം പോലും കൂടാതെ പൊതുനീതി നടപ്പിലാക്കി. പൂര്‍ണ മുസ്‌ലിം ഉമ്മത്തില്‍ മതനിയമം പൊതു നിയമമാക്കി. യൂസുഫ് എന്ന പ്രവാചകന്‍ ഈജിപ്തിലെ രാജാവിന്റെ കീഴില്‍ സാമ്പത്തിക വകുപ്പിന്റെ ചുമതല ഏറ്റെടുത്ത് ഭംഗിയായി നിര്‍വഹിച്ചു. ഈ പൈതൃകമുള്ള മുസ്‌ലിംകള്‍ ഒരു രാജ്യത്തെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ജീവിക്കല്‍ തങ്ങളുടെ മതകീയ ജീവിതത്തിന്റെ പൂര്‍ണതയാണെന്നുകൂടി ഓര്‍ക്കണം.
മതേതര സമൂഹത്തിലെ മതവിരുദ്ധ നിയമങ്ങള്‍

മതനിരപേക്ഷമായ ഒരു രാജ്യത്ത് നിലനില്ക്കുന്ന പൊതു നന്മയ്ക്കായുള്ള നിയമങ്ങള്‍ ഇസ്‌ലാമിന് വിരുദ്ധമല്ലാത്തതാണെങ്കില്‍ ആ നിയമങ്ങള്‍ പൂര്‍ണമായും പാലിക്കല്‍ മുസ്‌ലിമിന്റെ ബാധ്യതയാണ് എന്നാണ് നാം വിശദീകരിച്ചത്. എന്നാല്‍ ഇവിടെ നിലവിലുള്ള ഏതെങ്കിലും നിയമങ്ങള്‍ നമ്മുടെ മതവിശ്വാസത്തിന് അനുയോജ്യമല്ലാത്തതാണെങ്കില്‍ മുസ്‌ലിംകള്‍ എന്തു ചെയ്യണമെന്നത് സ്വാഭാവികമായ ഒരു സംശയമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ പെട്ടതും രാഷ്ട്രപിതാവിന്റെ സ്വപ്‌നവുമായിരുന്നു സമ്പൂര്‍ണ മദ്യനിരോധനം. പക്ഷേ, അതു നടപ്പായിട്ടില്ല. ഇന്ത്യയില്‍ മദ്യപാനവും മദ്യവില്പനയും മറ്റും നിയമപരമായി അനുവദനീയമാണ്. മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം മദ്യവുമായി ബന്ധപ്പെട്ട എല്ലാം പൂര്‍ണനിഷിദ്ധവും (5:92) ആണ്. ഇവിടത്തെ നിയമം അനുസരിച്ച് മദ്യം സേവിക്കുകയല്ല, അല്ലാഹുവിന്റെ നിയമം പാലിച്ച് പൂര്‍ണമായ മദ്യവര്‍ജനം പാലിക്കാന്‍ മുസ്‌ലിം ബാധ്യസ്ഥനാണ്.

മദ്യനിരോധനത്തിനുവേണ്ടി രാഷ്ട്രീയമായി പ്രവര്‍ത്തിക്കാം. മദ്യവര്‍ജനത്തിനുവേണ്ടി ബോധവല്ക്കരണം നടത്താം. പൂര്‍ണമായി മദ്യത്തില്‍ നിന്ന് വിട്ടുനില്ക്കുകയും വേണം. മദ്യസദസ്സുകളില്‍ പങ്കെടുത്തുകൂടാ. ഔദ്യോഗിക വേദികള്‍ മദ്യമുക്തമാക്കാന്‍ ശ്രമിക്കണം. ജനാധിപത്യപരമായി ശബ്ദമുയര്‍ത്തണം.

എന്നാല്‍ അനിവാര്യമായും മദ്യം കഴിച്ചേ പറ്റൂ എന്ന ഒരു സാഹചര്യം രാജ്യനിയമത്തില്‍ ഉണ്ടെങ്കില്‍ മതത്തിന്റെ പേരില്‍ തന്നെ ആ നിയമം ലംഘിക്കാനും പാലിക്കാതിരിക്കാനും മുന്നോട്ടുവരണം. അതേസമയം സര്‍ക്കാര്‍ മദ്യം അനുവദിച്ചിരിക്കുന്നു എന്നതിന്റെ പേരില്‍ സര്‍ക്കാറില്‍ നിന്നോ സര്‍ക്കാര്‍ പരിപാടികളില്‍ നിന്നോ ഭരണപങ്കാളിത്ത സാധ്യതകളില്‍ നിന്നോ പൊതുപ്രവര്‍ത്തനത്തില്‍ നിന്നോ മാറിനില്ക്കല്‍ ആത്മഹത്യാപരമാണ്. ബഹുസ്വര സമൂഹത്തില്‍ ബഹുഭൂരിപക്ഷവും മദ്യം ‘ഹറാം’ ആണെന്ന് വിശ്വസിക്കാത്തവരാണെങ്കില്‍ അവരത് ഉപയോഗപ്പെടുത്തുന്നത്, നിഷിദ്ധമെന്ന് കരുതുന്നവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കേണ്ടതില്ല. പ ക്ഷേ, ഇവിടെയാണ് ഈമാന്‍ പ്രവര്‍ത്തിക്കേണ്ടത്.

സുലഭമായി സമൂഹത്തില്‍ ഒഴുകുന്ന മദ്യപ്പുഴകളില്‍ നിന്ന് കരയ്ക്കുകയറി മാറിനില്ക്കണമെങ്കില്‍ ശക്തമായ ഈമാന്‍ വേണം. ഈ ബോധവല്ക്കരണമാണ് മുസ്‌ലിംകള്‍ക്കകത്ത് നടക്കേണ്ടത്. മുഹമ്മദ് നബി മദ്യം നിരോധിച്ചതുകൊണ്ടല്ല മദീന മദ്യമുക്തമായത്; മറിച്ച് മദ്യം ഹറാമാണെന്ന വിശ്വാസം സമൂഹം ഉള്‍ക്കൊണ്ടപ്പോഴാണ് എന്ന സത്യം തിരിച്ചറിയണം.

ഉഭയകക്ഷി സമ്മതമുണ്ടെങ്കില്‍ വ്യഭിചാരം ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് കുറ്റകരമല്ല. ബലാത്ക്കാരം മാത്രമേ കുറ്റമാകുന്നുള്ളൂ. എന്നാല്‍ മുസ്‌ലിം-സത്യവിശ്വാസി-ഈ നിയമമല്ല നോക്കുന്നത്. ലൈംഗിക വിശുദ്ധി വിശ്വാസത്തിന്റെ ഭാഗമാണ്. വ്യഭിചാരം ഭൗതികമായിപ്പോലും നിര്‍ണിതശിക്ഷ (ഹദ്ദ്) നിശ്ചയിക്കപ്പെട്ട കൊടിയ പാപമാണ്; സാമൂഹ്യ തിന്മയാണ് (24:2). നിങ്ങള്‍ വ്യഭിചാരത്തോട് അടുത്തു പോകരുത് (17:32) എന്ന വിശുദ്ധ ഖുര്‍ആനിന്റെ ശക്തമായ ശാസനയാണ് വിശ്വാസിയുടെ ജീവിതദര്‍ശനം. പലിശയിലധിഷ്ഠിതമായ സാമ്പത്തിക ക്രമമാണ് ഇവിടെ നിലവിലുള്ളത്. കഴിവിന്റെ പരമാവധി പലിശ വാങ്ങി ഉപയോഗിക്കുന്ന രംഗത്തുനിന്ന് മാറിനില്ക്കുകയാണ് വിശ്വാസിയുടെ മാര്‍ഗം (2:278).

നിര്‍ബന്ധിതമായി പലിശയിലൂടെ കടന്നുപോകേണ്ട സാഹചര്യങ്ങളും ഇവിടെയുണ്ട്. അവിടെയൊക്കെ പരമാവധി സൂക്ഷ്മത പുലര്‍ത്തുകയല്ലാതെ ഈ സാമ്പത്തിക ക്രമത്തോട് തന്നെ ബന്ധപ്പെടുകയില്ല എന്ന നിലപാടെടുത്ത് സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പുറം തിരിഞ്ഞുനില്ക്കുന്നത് ആത്യന്തികമായി സമൂഹത്തിന് ഗുണം ചെയ്യില്ല. രണ്ടു തിന്മകള്‍ മുന്നില്‍ നില്ക്കുകയും ഒന്നെടുക്കല്‍ അനിവാര്യമാവുകയാണെങ്കില്‍ താരതമ്യേന ഉപദ്രവം കുറഞ്ഞ തിന്മ സ്വീകരിക്കുക എന്ന ഒരു പൊതു തത്വമുണ്ടല്ലോ.

ചുരുക്കിപ്പറഞ്ഞാല്‍ വിശ്വാസമാണ് മുസ്‌ലിമിനെ നയിക്കേണ്ടത്. വിശ്വാസത്തിന്റെ മുന്നില്‍ മറ്റുള്ളതെല്ലാം നിസ്സാരമായി കാണാന്‍ കഴിയണം. അതേസമയം പരലോക മോക്ഷത്തിനുവേണ്ടി ഐഹിക ക്ഷേമങ്ങള്‍ പൂര്‍ണമായി ത്യജിക്കുക എന്നത് ഇസ്‌ലാമിന്നു വിരുദ്ധമാണ്. എന്നാല്‍ ഐഹിക സുഖങ്ങള്‍ക്കുവേണ്ടി മോക്ഷത്തിന്റെ മാര്‍ഗം കൈയൊഴിക്കുക എന്നത് ആത്മഹത്യാപരവുമാണ്. തന്റെ വിശ്വാസമനുസരിച്ച് ജീവിക്കാന്‍ നേരിടേണ്ടി വരുന്ന പ്രതികൂല സാഹചര്യങ്ങള്‍ തരണം ചെയ്തുകൊണ്ട് മുന്നോട്ടു നീങ്ങുക എന്നതാണ് ജിഹാദ്. നമ്മുടെ മാര്‍ഗത്തില്‍ ആരെങ്കിലും ജിഹാദിനൊരുങ്ങിയാല്‍ അവരുടെ മാര്‍ഗം നാം എളുപ്പമാക്കിക്കൊടുക്കും(29:69) എന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം ആരാണ്? ഒരു വിവേചനവുമില്ലാതെ സമൂഹത്തില്‍ കാണുന്നത് എല്ലാം എടുത്തണിയുന്ന സര്‍വ സ്വതന്ത്രനല്ല. ഒന്നിനും ഞാനില്ല എന്ന നിലപാടില്‍ സമൂഹത്തോട് പുറംതിരിഞ്ഞുനിന്ന് ഒറ്റപ്പെടുന്നവനുമല്ല.  ആകാവുന്നേടത്തോളം കൂട്ടുചേരുകയും അരുതായ്കയില്‍ നിന്ന് സ്വത്വം നിലനിര്‍ത്തി മാറിനില്ക്കുകയും ചെയ്യുന്നവനാണ്. ഇതാണ് സാമൂഹ്യ ജീവിതത്തിലെ യഥാര്‍ഥ ജിഹാദ്.

മദ്യം, ചൂതാട്ടം, വ്യഭിചാരം, പലിശ തുടങ്ങിയ സാമൂഹിക തിന്മകളില്‍ നിന്ന് ഏറ്റവുമധികം അകന്നുനില്ക്കുന്ന വിഭാഗം, ഒരു സമൂഹമെന്ന നിലയില്‍, മുസ്‌ലിംകള്‍ മാത്രമാണ്. പക്ഷേ, ജീര്‍ണതയോടെ നാടോടുമ്പോള്‍ ജീര്‍ണതയുടെ നടുവില്‍ ഓടുന്നവര്‍ ഈ ആദര്‍ശസമൂഹത്തിലും ഉണ്ട് എന്ന വസ്തുത വിസ്മരിച്ചുകൂടാ. അത്തരക്കാരെ നിരന്തര ബോധവല്ക്കരണത്തിലൂടെ യഥാര്‍ഥ ജീവിതപ്പാതയിലേക്ക് നയിക്കുക എന്നതും ജിഹാദാണ്. അതെ. ജിഹാദ് യുദ്ധപ്രഖ്യാപനമാണ്. സമൂഹങ്ങളോടല്ല, ജീര്‍ണതകളോട്. തോക്കുകൊണ്ടല്ല, വിശ്വാസം കൊണ്ട്.

Back to Top