നാസ്തികര്‍ നിര്‍വചിക്കുന്ന സ്വാതന്ത്ര്യത്തിന്റെ നിരര്‍ഥകത – വലീദ് മുസ്തഫ ഷാവീശ്
സമാധാനപൂര്‍ണമായ ജീവിതത്തിന് പ്രാണവായു കണക്കെ മനുഷ്യന്‍ വിലമതിക്കുന്ന ഒന്നാണ് സ്വാതന്ത്ര്യം. മനുഷ്യന്റെ ജീവനും സ്വത്തിനും അതുവഴി ജീവിതത്തിനും ഭീഷണിയുയരുന്ന സാഹചര്യത്തിലാണ് സ്വാതന്ത്ര്യത്തിന്റെ വില മിക്കപ്പോഴും അവനറിയുന്നത്. മനുഷ്യന്റെ സര്‍വവിധ സ്വാതന്ത്ര്യത്തിനും മതം കൂച്ചുവിലങ്ങിടുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് മനുഷ്യനെ മതത്തിന്റെ ശത്രുവാക്കി നിര്‍ത്തുകയെന്നതാണ് മതനിഷേധികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ദൈവിക മതത്തിന്റെ വിശ്വാസാധിഷ്ഠിതവും അനുഷ്ഠാനപരവുമായ അനുശാസനങ്ങളിലെല്ലാം സ്വാതന്ത്ര്യത്തിന്റെ തലങ്ങള്‍ പ്രകടമാണ്. എന്നാല്‍ നാസ്തികത ഉയര്‍ത്തിപ്പിടിക്കുന്ന സ്വാതന്ത്ര്യമെന്ന ആശയത്തെ നിര്‍വചിക്കാന്‍ കഴിയാതെ കുഴങ്ങുന്നവര്‍ക്ക് അതിന്റെ നിരര്‍ഥകത അംഗീകരിക്കേണ്ടിവരുന്നു. നിയമം അനുശാസിക്കുന്നതും അത് നിര്‍ണയിച്ച് തരുന്നതുമായ വ്യവസ്ഥിതിയുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടേ സ്വാതന്ത്ര്യത്തെ അനുഭവിച്ചറിയാന്‍ കഴിയുകയുള്ളൂവെന്നത് ഒരു യാഥാര്‍ഥ്യമാണ്.
എന്നാല്‍ ഒരു നിയമ വ്യവസ്ഥയുടെ അനിവാര്യത അംഗീകരിക്കുന്ന നാസ്തികര്‍ ദൈവ പ്രോക്ത സന്ദേശങ്ങളുടെ മൗലിക സ്രോതസ്സില്‍ നിന്നുള്ള അന്യൂനമായ വിധിവിലക്കുകളെ അംഗീകരിക്കാന്‍ തയ്യാറല്ല. ഈ വൈരുധ്യത്തെ വിശകലന വിധേയമാക്കുമ്പോള്‍ മതം ഉയര്‍ത്തിപ്പിടിക്കുന്ന സ്വാതന്ത്ര്യമെന്ന മഹിതാശയത്തിന്റെ അര്‍ഥവ്യാപ്തി നമുക്ക് ഒന്നുകൂടി വ്യക്തമാവുന്നു.
സ്വാതന്ത്ര്യത്തിന്റെ അര്‍ഥതലങ്ങള്‍
അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം, രാഷ്ട്രീയ സ്വാതന്ത്ര്യം എന്നിങ്ങനെ വിവിധ വീക്ഷണ കോണുകൡലൂടെ സ്വാതന്ത്ര്യമെന്ന ആശയത്തെ നിര്‍വചിക്കാറുണ്ട്. എന്നാല്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭൂമികയില്‍ നിന്ന് കൊണ്ടായിരിക്കണം സ്വത്വബോധം നിലനിര്‍ത്തി ജീവിക്കുന്ന മനുഷ്യന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആലോചനകള്‍ക്ക് തുടക്കം കുറിക്കേണ്ടത്. വ്യക്തിയുടെ ജീവിത വിജയത്തിന് ആത്യന്തികമായി ഗുണകരമാവുമ്പോള്‍ മാത്രമാണ് സ്വാതന്ത്ര്യത്തിന്റെ വിനിയോഗം പൂര്‍വാര്‍ഥത്തില്‍ ഫലപ്രദമാകുന്നത്. വിശ്വാസപ്രേരിതമായ ജീവിതത്തിലേക്ക് ദിശാബോധം നല്‍കുന്നതിലൂടെ ഇസ്‌ലാമിലെ അധ്യാപനങ്ങള്‍ വ്യക്തിയെ സംസ്‌കരിച്ച് വികാസത്തിന്റെ വഴി സുഗമമാക്കുന്നു. ഇസ്‌ലാമിലെ വിധി വിലക്കുകള്‍ പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ മനുഷ്യനെ ബന്ധിക്കുകയല്ല ചെയ്യുന്നത്. നിയമാതിര്‍ത്തിക്കുള്ളില്‍ നിന്ന് നിയന്ത്രണങ്ങള്‍ക്ക് വിധേയപ്പെട്ട് സ്വാതന്ത്ര്യത്തെ അനുഭവിക്കാനുള്ള അവസരമൊരുക്കിത്തരികയാണ് ചെയ്യുന്നത്. വിശ്വാസത്തിന്റെ മാധുര്യം നുകര്‍ന്നവര്‍ക്ക് ഇത് വ്യവച്ഛേദിച്ച് മനസ്സിലാക്കാന്‍ കഴിയുമെന്ന് നിസ്സംശയം പറയാം.
ഭൂമിയില്‍ മനുഷ്യവാസം ആരംഭിച്ചതു മുതല്‍ ഭൗതിക പ്രമത്തതയുടെ ചങ്ങലക്കെട്ടുകളില്‍ അവന്‍ ബന്ധിതമായിരിക്കുന്നു. ദേഹേച്ഛയുടെ ഉപാസകരായി, നിയമാതിര്‍ത്തികളെ തൃണവല്‍ഗണിച്ച് മുന്നോട്ടു പോകുമ്പോള്‍ സമാധാന ജീവിതമെന്നത് അനുഭവിക്കാനാകുമോ? സ്വാതന്ത്ര്യത്തിന്റെ വിനിയോഗത്തിലൂടെ ഓരോരുത്തരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമോ? ഇല്ല എന്ന് തന്നെയാണ് അതിനുത്തരം. എങ്കിലും സ്വാതന്ത്ര്യത്തിന്റെ സ്വച്ഛവായു ശ്വസിച്ച് അവകാശങ്ങള്‍ ഹനിക്കപ്പെടാത്ത, സമാധാനം പുലര്‍ന്നുകാണുന്ന ജീവിതത്തിന് ആധാരമാക്കാന്‍ നിയമവും വ്യവസ്ഥയും ഉണ്ടാവേണ്ടത് അനിവാര്യമാണ്. ഇതിനുവേണ്ടി സ്രഷ്ടാവ് പ്രവാചകനിലൂടെ നല്‍കിയ മാര്‍ഗദര്‍ശനങ്ങളും നിയമനിര്‍ദേശങ്ങളുമാണ് ഇസ്‌ലാം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ദൈവിക കല്പന അനുസരിച്ച് അവന്റെ നിയമാതിര്‍ത്തികള്‍ പാലിച്ച് ജീവിക്കുന്നതിലൂടെ പുലര്‍ന്നു കാണേണ്ടതും വ്യക്തിയുടെ സ്വാതന്ത്ര്യവും ജീവിത സുരക്ഷയുമാണ്. സ്രഷ്ടാവിന് പൂര്‍ണാര്‍ഥത്തില്‍ ജീവിതത്തില്‍ വിധേയമാക്കപ്പെടുക എന്നതാണ് മനുഷ്യന് ചെയ്യാനുള്ളത്. ആരാധന (ഇബാദത്ത്) എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്ന ആശയവും ഇത് തന്നെയാണ്. ”ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല” (51:56) എന്ന് അല്ലാഹു പറയുന്നുണ്ട്. ജീവിതത്തിന്റെ നിയോഗലക്ഷ്യം ആരാധനയാണെന്ന് വ്യക്തമാക്കിയിരിക്കെ ആരാധന നിര്‍വഹിക്കാനും സമര്‍പ്പിത മനസ്സോടെ ജീവിക്കാനും ഭൗതികതയുടെ കെട്ടുപാടുകളില്‍ നിന്നുള്ള വിവേചനം മനുഷ്യന് അനിവാര്യമാണ്. ആ അര്‍ഥത്തിലുള്ള വിവേചനം സാധ്യമാകുന്നവര്‍ക്ക് ജീവിതത്തിന്റെ നിയോഗലക്ഷ്യം നിറവേറ്റി സമാധാന പൂര്‍ണമായ ജീവിതമനുഭവിക്കുന്നവനു സാധിക്കും. വിമോചനം, സ്വാതന്ത്ര്യം എന്ന അര്‍ഥത്തില്‍ ഖുര്‍ആന്‍ പ്രയോഗിച്ച തഹ്‌രീര്‍, മുഹറര്‍ എന്നീ പദങ്ങള്‍ ഈ ഒരു പരികല്പനയില്‍ നമുക്ക് മനസ്സിലാക്കാം. ഇംറാന്റെ ഭാര്യയായ ഹന്ന ഗര്‍ഭവതിയായപ്പോള്‍ നടത്തിയ നേര്‍ച്ചയുമായി ബന്ധപ്പെട്ട ഖുര്‍ആനില്‍ വന്ന പരാമര്‍ശം (3:35) ശ്രദ്ധേയമാണ്.
ഇംറാന്റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം ‘എന്റെ റബ്ബേ, നിശ്ചയമായും എന്റെ വയറ്റിലുള്ളതിനെ സ്വതന്ത്രമാക്കപ്പെട്ട നിലയില്‍ ഞാന്‍ നിനക്ക് (നേര്‍ച്ച) നേര്‍ന്നിരിക്കുന്നു. ആകയാല്‍ നീ എന്നില്‍ നിന്ന് അത് സ്വീകരിക്കേണമേ! നിശ്ചയമായും നീ തന്നെയാണ് എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും. പ്രസ്തുത സൂക്തത്തില്‍ സ്വതന്ത്രമാക്കപ്പെട്ടവനാക്കുക എന്ന അര്‍ഥത്തില്‍ പ്രയോഗിച്ച ‘മുഹറര്‍’ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്ന ആശയം ആരാധനയിലും പള്ളി പരിപാലനത്തിലും മാത്രം ശ്രദ്ധ പതിക്കുന്നവനാക്കുക എന്നതാണ്. ഭൗതികതയുടെ ബന്ധനങ്ങളില്‍ നിന്നുള്ള മോചനവും സ്രഷ്ടാവിനോട് കാണിക്കേണ്ട വിധേയത്വവും പരസ്പര ബന്ധിത ആശയങ്ങളായിട്ട് മനസ്സിലാക്കാന്‍ ഇവിടെ നമുക്ക് സാധിക്കും.
സ്വാതന്ത്ര്യത്തിന്റെ ഫലപ്രാപ്തി
സ്വാതന്ത്ര്യം എന്നത് ജീവിത വ്യവഹാരങ്ങളില്‍ പുലര്‍ന്നു കാണേണ്ട മനുഷ്യപ്രകൃതിയുടെ ഭാഗമായിട്ടുള്ള സ്വാഭാവികാവസ്ഥയാണ്. ഈ യാഥാര്‍ഥ്യം നിര്‍മതവാദക്കാരും അംഗീകരിക്കുന്നുണ്ടെങ്കിലും ഏതെങ്കിലും മനുഷ്യബുദ്ധിയില്‍ നിന്നുദിച്ച നിയമങ്ങള്‍ക്ക് കൊണ്ടു മാത്രം സ്വാതന്ത്ര്യം പൂര്‍ണാര്‍ഥത്തില്‍ ഉറപ്പ് വരുത്താന്‍ കഴിയില്ല എന്ന സത്യത്തെ ബോധപൂര്‍വം തമസ്‌ക്കരിക്കുന്നു.
ജീവിത മേഖലകളില്‍ മനുഷ്യന്‍ തന്റെ വൈകാരിക ഭാവനകളെ കയറൂരി വിട്ടാല്‍, വിവേചനാധികാരവും വിവേകബുദ്ധിയും തനിക്കുണ്ടെന്ന അഹങ്കാര ചിന്ത അവനെ അടക്കി ഭരിച്ചാല്‍ ലോകം എത്ര അരാജകത്വപൂര്‍ണമാവും എന്ന് ചിന്തിച്ചുനോക്കുക. ദൈവികമതം മുന്നോട്ടു വെക്കുന്ന സ്വാതന്ത്ര്യത്തിന്റെ മധുരിമ നുകരാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നത് സ്വയം പര്യാപ്തനായി കാണുന്ന അവസ്ഥയില്‍ നിന്ന് മനസ്സിനെ അവന്‍ വിമോചിപ്പിക്കുമ്പോഴാണ്. അല്ലാഹു പറയുന്നു: ”നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായി തീരുന്നു. തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍.” (96:6,7)
സ്വാതന്ത്ര്യം പുലര്‍ന്നു കാണേണ്ട ഒരു രാജ്യത്ത് സ്വേച്ഛാധിപത്യവും ഭരണകൂട ഭീകരതയുമൊക്കെ തലപൊക്കുന്നതിന്റെ കാരണവും ഈ ഒരു ചിന്താഗതിയാണ്. ഭരണാധികാരിയോ, ഭരണീയനോ, തൊഴിലാളിയോ, മുതലാളിയോ ആരുമാകട്ടെ മനുഷ്യന്‍ അവന്റെ പരിമിതിയെ ഉള്‍ക്കൊണ്ട് സര്‍വശക്തനായ സ്രഷ്ടാവിന് വഴിപ്പെടുന്നില്ലെങ്കില്‍ സ്വാതന്ത്ര്യം, സമാധാനം എന്നീ മഹിതാശയങ്ങള്‍ക്ക് സമൂഹത്തില്‍ എന്ത് പ്രസക്തിയാണുള്ളത്?
ചിന്താ സ്വാതന്ത്ര്യവും ദൈവിക മാര്‍ഗദര്‍ശനവും
ഇസ്‌ലാമിലെ വിധിവിലക്കുകളുടെ പ്രാമാണിക രേഖ വിശുദ്ധ ഖുര്‍ആനും പ്രവാചക വചനങ്ങളുമാണ്. മനുഷ്യ പ്രകൃതിയോട് ഇണങ്ങിയ മാര്‍ഗനിര്‍ദേശങ്ങളാണ് മതം പഠിപ്പിക്കുന്നത്. മനുഷ്യന്റെ ചിന്ത, വികാരം, വിജ്ഞാനം, ഭാവന എന്നിവക്ക് കടിഞ്ഞാണിട്ട് കേവലം ആജ്ഞാനുവര്‍ത്തികളായി ജീവിക്കുന്ന തലത്തിലേക്കല്ല മതം മനുഷ്യനെ എത്തിക്കുന്നത്. വിശ്വാസത്തിന്റെ മര്‍മ പ്രധാനമായ തലത്തിന് ഉപോല്‍ബലകമായ തെളിവുകളെ ചിന്തയും അറിവും ഉപയോഗപ്പെടുത്തി കണ്ടെത്തുന്നതോടൊപ്പം അതിന്റെ പരിമിതിയെ അംഗീകരിക്കാനുള്ള വിനയവും കൂടി അനിവാര്യമാണ്.
അപ്പോള്‍ മനുഷ്യ ചിന്തക്കതീതമായതും വിജ്ഞാനത്തിന്റെ പരിധിക്ക് പുറത്തുള്ളതുമായ കാര്യങ്ങള്‍ ദിവ്യ വെളിപാടിന്റെ വെളിച്ചത്തില്‍ അംഗീകരിക്കേണ്ടതായി വരുന്നു. മനുഷ്യനിലെ വിചാര വികാരങ്ങളെ സംശുദ്ധീകരിച്ച് തെളിമയുള്ള ജീവിതപന്ഥാവിലേക്ക് ദൈവിക വിശ്വാസം അവനെ വഴി നടത്തുന്നു. ചിന്താസ്വാതന്ത്ര്യവും തിരഞ്ഞെടുപ്പിനുള്ള അവകാശവും അതുവഴി സ്വീകരിക്കാനും തിരസ്‌കരിക്കാനുമുള്ള അവസരവും നല്‍കുന്ന ഉദാര സമീപനത്തിലൂടെയാണ് ഖുര്‍ആന്‍ സംസാരിക്കുന്നത്. അല്ലാഹു പറയുന്നു: ”സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ, ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ” (18:29)
പ്രകൃതിയും മനുഷ്യനും
പ്രകൃതി നിയമങ്ങള്‍ക്ക് വിധേയപ്പെട്ട് മുന്നോട്ടുപോകുന്ന മനുഷ്യന്‍ പ്രകൃതിയെ തന്നെ ദൈവമായി കണ്ട് ആരാധിക്കുന്ന ബുദ്ധിശൂന്യത അവനെ വീണ്ടും അധ:പതനത്തിലേക്ക് തള്ളിവിടുന്നു. മനുഷ്യനെന്ന സൃഷ്ടി പ്രകൃതിയിലെ മറ്റു സൃഷ്ടികളെ ആരാധിക്കുന്നതിലെ നിരര്‍ഥകത ബോധ്യപ്പെടാതിരിക്കുന്നത് ചിന്തയും ബുദ്ധിയും പണയം വെക്കപ്പെട്ടതിനാലാണ്. അനുകരണത്തിന്റെ ചങ്ങലക്കെട്ടില്‍ നിന്ന് വിമോചിതരായി പ്രകൃതിയെയും മനുഷ്യനെയും കുറിച്ച് പഠിച്ച് നോക്കിയാല്‍ തന്നെ ഇക്കാര്യം എളുപ്പത്തില്‍ ബോധ്യമാവും. പ്രകൃതി പ്രതിഭാസങ്ങളിലെ അത്ഭുതങ്ങളും മനുഷ്യസൃഷ്ടിപ്പിലെ വിസ്മയാവഹങ്ങളായ ജൈവിക സവിശേഷതകളും ഉപരിപ്ലവങ്ങളായ പ്രകൃതിയെന്ന പേര് ചൊല്ലി വിളിച്ച് അവയ്ക്ക് പിന്നിലുള്ള സ്രഷ്ടാവിന്റെ സാന്നിധ്യത്തെ ബോധപൂര്‍വം നിഷേധിക്കുന്ന നാസ്തികര്‍ സ്വാതന്ത്ര്യത്തിന് പുതിയ നിര്‍വചനം കണ്ടെത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്. പ്രകൃതിയിലെ ഓരോന്നിന്റെ പിന്നിലുമുള്ള വ്യവസ്ഥാപിതത്വവും കണിശതയും സ്രഷ്ടാവിന്റെ നിയമ വ്യവസ്ഥയുടെ അത്യുന്നതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ബുദ്ധിയും വിവേകവും ചിന്താശേഷിയുമുള്ള മനുഷ്യന്‍ പ്രകൃതി വിഭവങ്ങളുടെ സ്വഭാവം മനസ്സിലാക്കി വിനിയോഗിക്കാനും വിനിമയം ചെയ്യാനുമുള്ള സാധ്യതകളെ ഉപയോഗപ്പെടുത്തിയത് മുതല്‍ പുരോഗതിയുടെ പടവുകള്‍ ചവിട്ടിക്കയറാന്‍ തുടങ്ങി. എന്നാല്‍ അതിന്റെ പിന്നിലുള്ള ആസൂത്രണ മികവും നിര്‍മാണ തികവും കടപ്പെട്ടിരിക്കുന്നത് സാക്ഷാല്‍ സ്രഷ്ടാവായ അല്ലാഹുവിനോടാണ്. വെള്ളം കുടിക്കുന്നതും ഭക്ഷണം കഴിക്കുന്നതും വസ്ത്രം ധരിക്കുന്നതുമെല്ലാം ഈ പ്രകൃതി വ്യവസ്ഥയോട് പൊരുത്തപ്പെട്ട് കൊണ്ടുള്ള ജീവിതത്തിന്റെ ഭാഗമാണ്. പ്രകൃതിയെയും അതിലെ വിഭവങ്ങളെയും യഥാവിധി സംവിധാനിച്ചവനായ സ്രഷ്ടാവിന്റെ നിയമാതിര്‍ത്തികളും മാര്‍ഗ നിര്‍ദേശങ്ങളും പൂര്‍ണാര്‍ഥത്തില്‍ പാലിക്കപ്പെടുമ്പോള്‍ മാത്രമാണ് പ്രകൃതിയിലെ സൃഷ്ടിജാലങ്ങളുടെ പൂര്‍ണ സുരക്ഷ സാധ്യമാകുന്നത്. വിനാശത്തിന്റെ വഴികളിലൂടെയുള്ള മനുഷ്യന്റെ അപഥ സഞ്ചാരം പ്രകതി ചൂഷണത്തിലും ക്ലേശ നിര്‍ഭരമായ ജീവിതത്തിലും കലാശിക്കുന്നു. ഭൂമിയില്‍ തന്നെ അമാനത്ത് (വിശ്വാസ്യത) നിര്‍വഹിക്കേണ്ട ഉത്തമ സൃഷ്്ടിയെന്ന നിലക്ക് മനുഷ്യന്റെ ഇടപെടല്‍ നിസ്വാര്‍ഥകമാവുമ്പോഴാണ് ജന്മാവകാശിമായി കാണുന്ന സാതന്ത്ര്യം പോലും അതിന്റേതായ അര്‍ഥതലത്തില്‍ അറിയാനും അനുഭവിക്കാനും കഴിയുന്നത്. മതത്തെ അടിമത്തവും മതത്തില്‍ നിന്നുള്ള വിടുതി സ്വാതന്ത്ര്യവുമായി വ്യാഖ്യാനിക്കുന്ന നാസ്തികരുടെ വാദപ്രകാരം ഉത്തരവാദ പൂര്‍ണമായ പദവിയലങ്കരിക്കാന്‍ പ്രകൃതിയില്‍ മനുഷ്യന് സാധ്യമല്ല എന്ന് പറയേണ്ടി വരും.
