നഷ്ടങ്ങളെല്ലാം ലാഭമായി മാറും
ഡോ. മന്‍സൂര്‍ ഒതായി
ഇരുട്ടും വെളിച്ചവും ചേര്‍ന്നതാണ് നമ്മുടെ ജീവിതം. സുഖവും സന്തോഷവും സംതൃപ്തിയും നിറഞ്ഞതാണ് ഒരു വശം. ദുഃഖവും ദുരിതവും നോവും നൊമ്പരവുമുള്ള മറുവശം. ആനന്ദവും സൗഖ്യവും എളുപ്പവുമാണ് നാമോരോരുത്തരും കൊതിക്കുന്നതും ഇഷ്ടപ്പെടുന്നതും. സങ്കടവും നഷ്ടവും പ്രയാസവും പ്രതിസന്ധിയും ഒരാളും ആഗ്രഹിക്കുന്നില്ല, ഇഷ്ടപ്പെടുന്നുമില്ല. എങ്കിലും ഇവയെല്ലാം ജീവിതത്തിന്റെ ഭാഗമായി നമുക്ക് അനുഭവപ്പെടുന്നു. അപ്പോള്‍ ലോകം അത്ര മനോഹരമായോ ജീവിതം രസമുള്ളതായോ മനുഷ്യര്‍ക്ക് തോന്നാറില്ല. സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും അളവില്‍ ആളുകള്‍ക്കിടയില്‍ അന്തരമുണ്ടാവും. എന്നാല്‍ തീരെ ദുഃഖമില്ലാത്തവരും സന്തോഷമൊട്ടും അനുഭവിക്കാത്തവരും വിരളമായിരിക്കും.
കുറേ നിറമുള്ള സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. പണം, ജോലി, കുടുംബം, വീട്, വരുമാനം എന്നിവയിലെല്ലാം നമുക്ക് ഒട്ടേറെ മോഹങ്ങളുണ്ട് എന്നാല്‍ കവി സൂചിപ്പിക്കുംപോലെ, നമ്മുടെ ഇഷ്ടം പോലെയല്ല എല്ലാ കാര്യങ്ങളും സംഭവിക്കുന്നത്.
മനുഷ്യന്‍ ഇച്ഛിക്കുന്നതെല്ലാം
അവന് നേടാനാവില്ല
കപ്പലുകള്‍ കൊതിക്കും പോലെയല്ല
കാറ്റടിച്ചുവീശുന്നത്.
ജീവിതം പരമാവധി ആസ്വദിക്കാനുള്ളതാണ്. വിലക്കുകളെ വലിച്ചെറിഞ്ഞ് അടിപൊളിയായി ജീവിക്കൂ എന്നതാണ് ആധുനിക ജനതയുടെ ജീവിതാശയം. പുതുതലമുറ ഈ ആശയത്തില്‍ ഏറെ ആകൃഷ്ടരുമാണ്. എന്നാല്‍ ദൈവത്തെയും മതത്തെയും പുച്ഛിക്കുന്നവര്‍ക്ക് ചെറിയ പ്രയാസങ്ങള്‍ പോലും സഹിക്കാനാവുന്നില്ല. നിസ്സാര പ്രശ്‌നങ്ങളില്‍ അവന്‍ തളരുകയും തകരുകയും ചെയ്യുന്നു. ഫലമോ നിരാശയും അസ്വസ്ഥതയും. വേദനയിലും വേര്‍പാടിലും തകര്‍ച്ചയിലും പരാജയത്തിലും നിരീശ്വരവാദിക്ക് പകച്ചുനില്‍ക്കുകയല്ലാതെ മറ്റെന്തുണ്ട് വഴി? ദുഃഖവും നഷ്ടവും നിശ്ചയിക്കപ്പെടുന്നതും അനുഭവപ്പെടുന്നതും മനോനിലയ്ക്കനുസരിച്ചാണ്.
ഓരോ അനുഭവങ്ങളും നമ്മെ സ്വാധീനിക്കുന്നത് അവയോടുള്ള നമ്മുടെ സമീപനത്തിനും മനോഭാവത്തിനും അനുസൃതമായിരിക്കും. ദൈവവിശ്വാസവും പ്രാര്‍ഥനയും പ്രസക്തമാവുന്നത് ഇവിടെയാണ്. ഐഹിക ജീവിതം കേവലം കര്‍മവേദി മാത്രം. ഈ ജീവിതത്തിലെ ഓരോ ദുഃഖവും നഷ്ടവും പാരത്രിക ജീവിതത്തിലെ അനശ്വര ജീവിതത്തിലെ സമ്പാദ്യമാണ്. ഓരോ കാര്യവും ദൈവനിശ്ചയപ്രകാരം സംഭവിക്കുന്നു എന്ന് വിശ്വസിക്കുന്നവര്‍ കിട്ടാതെപോയതില്‍ ഖേദിക്കുകയോ നഷ്ടപ്പെട്ടതില്‍ വേദനിക്കുകയോ ഇല്ല. നഷ്ടപ്പെടുന്നതിനു പിന്നില്‍ ദയാപരനായ ദൈവം വലിയ നന്മ ഒരുക്കിവെച്ചിട്ടുണ്ടെന്ന ശുഭപ്രതീക്ഷയുണ്ട് വിശ്വാസിക്ക്.
മറ്റുള്ളവര്‍ നഷ്ടമെന്ന് വിലയിരുത്തുന്ന കാര്യങ്ങളെല്ലാം സത്യവിശ്വാസിക്ക് ലാഭവും വിജയവുമാണ്. നന്മയുടെ മാര്‍ഗത്തില്‍ പണം ചെലവഴിക്കുന്നത് നഷ്ടമായി കരുതരുത്. അത് പത്തും നൂറും ഇരട്ടി ലാഭമായി തിരിച്ചും കിട്ടുമെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. രോഗവും ക്ഷീണവും ദുഃഖവും മനഃപ്രയാസവും പ്രയാസങ്ങളും എന്നുവേണ്ട, കാലില്‍ മുള്ള് തറയ്ക്കുന്നതുപോലും പാപമോചനത്തിന്റെ വഴിയാണ്. സന്തോഷവും സങ്കടവും ഒരുപോലെ ഗുണകരവും പ്രയോജനപ്രദവുമാകുന്നത് വിശ്വാസിക്ക് മാത്രം. ”വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ! എല്ലാം അവന് ഗുണകരമാണ്. സന്തോഷകരമായ കാര്യമുണ്ടായാല്‍ അവന്‍ നന്ദി കാണിക്കും. അത് അവനു ഗുണം ചെയ്യുന്നു. വിഷമം നേരിടുമ്പോള്‍ അവന്‍ ക്ഷമിക്കും. അതും അവന് ഗുണം ചെയ്യുന്നു”(മുസ്‌ലിം).