നമ്മുടെ കൗമാരം മാതൃകയാക്കുന്നത് ആരെയാണ്? വി എസ് എം
കൗമാരക്കാര്‍ക്കാര്‍ക്കായി ക്ലാസ് എടുക്കവെ കൗതുകത്തിനാണ് അവരോട് ഒരു ചോദ്യമുന്നയിച്ചത്. ”നിങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുകയും മാതൃകയാക്കാന്‍ താല്പര്യപ്പെടുകയും ചെയ്യുന്ന നേതാവ് ആരാണ്?”
90 ശതമാനത്തിലേറെ മുസ്‌ലിം വിദ്യാര്‍ഥികളടങ്ങുന്നതും അറുപതിലധികം വരുന്നതുമായ ആ കൗമാരക്കൂട്ടം നിമിഷങ്ങളുടെ ഇടവേളക്ക് ശേഷം തങ്ങളുടെ ഇഷ്ടതാരങ്ങളെ ആവേശത്തോടെ വെളിപ്പെടുത്താന്‍ തുടങ്ങി.
ബ്രസീല്‍ ഫുട്ബാള്‍ താരം നെയ്മര്‍, അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസ്സി, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി, ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി എന്നിങ്ങനെ പോയി എണ്‍പത് ശതമാനത്തിന്റെയും മനോഗതം. ഗാന്ധിജി, നെല്‍സണ്‍ മണ്ടേല, ഏണസ്‌റ്റോ ചെഗുവേര എന്നിവരായിരുന്നു അഞ്ചാറു പേരുടെ മാതൃകകള്‍. രണ്ടു പേര്‍ മാതൃക കണ്ടത് സ്വന്തം മാതാക്കളിലായിരുന്നു.
ഇടയിലൊരാള്‍ മാത്രം ആ പേര് വിളിച്ചു പറഞ്ഞു, മുഹമ്മദ് നബി(സ)! സത്യത്തില്‍, നബിചരിത്രം എത്രയോ വായിച്ചിട്ടുള്ള ഈയുള്ളവന്‍ പോലും ആ കൗമാരക്കാരന്റെ മുമ്പില്‍ നിമിഷങ്ങളോളം സ്തംഭിച്ചു നിന്നു. ഹൃദയം കൊണ്ട് ആ പതിനഞ്ചുകാരനെ അഭിനന്ദിക്കുകയും ചെയ്തു.
കായിക താരങ്ങളിലും വിപ്ലവനായകരിലും മാതൃകകള്‍ കാണുന്നതിനെ കേവലം കൗമാര, യൗവന ചാപല്യമായി അവഗണിക്കാനാവില്ല ആര്‍ക്കും. ഈ റോള്‍മോഡലുകളെ പലതിലും ഇവര്‍ അനുകരിക്കാറുമുണ്ട്. തലമുടിയില്‍, അണിയുന്ന വസ്ത്രത്തില്‍, കുടിക്കുന്ന പാനീയത്തില്‍, ഓടിക്കുന്ന വാഹനത്തില്‍ തുടങ്ങി നടത്തത്തിലും ഇരിപ്പിലും ശൈലികളിലും വരെ അനുകരണം കാണാം. ഈ ചാപല്യം യൗവനത്തിലും തുടര്‍ജീവിതത്തിലും നിലനിര്‍ത്താനും ഇവര്‍ ശ്രമിച്ചെന്നിരിക്കും. എത്രമാത്രം സങ്കടകരമാണ് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ പ്രവണത?
***
ഹിജ്‌റാബ്ദത്തിലെ മൂന്നാം മാസമായ റബീഉല്‍ അവ്വല്‍ പടിവാതിലിലെത്തിക്കഴിഞ്ഞു. തിരുനബിയുടെ പിറവി ഈ മാസത്തിലാണെന്നതിനാല്‍ മുസ്‌ലിംകളില്‍ ഒരു വിഭാഗത്തിന് ഈ മാസം അതിന്റെ അര്‍ഥം സൂചിപ്പിക്കും പോലെ ശരിക്കും ഒരു വസന്തകാലം തന്നെയാണ്. പൊതു നിരത്തുകളെ വര്‍ണാഭമാക്കിയും അന്തരീക്ഷത്തെ ശബ്ദമയമാക്കിയും നബിസ്‌നേഹം പ്രകടമാക്കുകയും പ്രവാചക കീര്‍ത്തനം ഘോഷിക്കുകയും ചെയ്യുന്നു ഈ മാസത്തില്‍.
മദ്‌റസ ഫെസ്റ്റിവല്‍, മന്‍ഖൂസ് മൗലിദ് പാരായണം, മദ്ഹ് ഗാനരചന എന്നിവ മുതല്‍ അന്താരാഷ്ട്ര മീലാദ് കോണ്‍ഫറന്‍സുകള്‍ വരെ അരങ്ങേറാനിരിക്കുകയുമാണ്. ഈ വേളയിലാണ് കൗമാരക്കൂട്ടം നെഞ്ചേറ്റിക്കൊണ്ടു നടക്കുന്ന മാതൃകാ പുരുഷന്മാരില്‍ പുണ്യനബിയുടെ നാമം മരുന്നിന് മാത്രം പരിമിതമായുള്ള അനുഭവം ഓര്‍ത്തു പോയത്.
എവിടെയാണ് സത്യത്തില്‍ പാളിച്ചകള്‍ സംഭവിക്കുന്നത്? കൗമാരയൗവനങ്ങളുടെ ഹൃദയങ്ങളില്‍ തിരുനബി സ്വാധീന ശക്തിയാവുന്നില്ലെന്നത് ഗൗരവത്തോടെ കാണേണ്ടതില്ലേ? കാലത്തിന്നനുസരിച്ച് കോലംമാറിയും വിഭാഗീയതയുടെ മല്‍സരവേദിയില്‍ മേല്‍കൈ നേടാന്‍ മതത്തിന് നിരക്കാത്തത് പോലും ചെയ്ത് നബിദിനാഘോഷം കെങ്കേമമാക്കിയിട്ടും എന്തേ, പുതു തലമുറയുടെ മാതൃകാ പട്ടികയില്‍ തിരുനബി ഇടംപിടിക്കാതെ പോകുന്നു?
തിരുനബി എന്ന നേതാവ്
ഇരു ലോകങ്ങളിലും വിശ്വാസികളുടെ നേതാവാണല്ലോ (സയ്യിദുല്‍ കൗനയ്ന്‍) പ്രിയ ദൂതന്‍. റബീഉല്‍ അവ്വലില്‍ ആലപിക്കപ്പെടുന്ന മദ്ഹ് ഗീതങ്ങളില്‍ ഇക്കാര്യം ആവര്‍ത്തിച്ച് വരുന്നുണ്ട്. എന്നാല്‍ നമ്മുടെ ജീവിതത്തിലെവിടെയാണ് ഈ പ്രവാചകനെ നാം നേതാവായി ഗണിക്കുന്നത്? മഹാത്മാഗാന്ധിയും തോമസ് കാര്‍ലൈലും മൈക്കല്‍ എച്ച് ഹാര്‍ട്ടും നബിയെക്കുറിച്ച് പറഞ്ഞത് അഭിമാനപൂര്‍വം എടുത്തു പറയാനല്ലാതെ, ആ ജീവിതം നമ്മുടെ ജീവിതത്തോട് ചേര്‍ത്ത് വെക്കാന്‍ എളിയ ശ്രമം നടത്തുന്നതില്‍ പോലും നാം പരാജയപ്പെടുകയാണ് പലപ്പോഴും.
‘പ്രവാചകന്റെ ലാളിത്യവും ആത്മബലവും അര്‍പ്പണബോധവും ദൈവത്തിലും തന്റെ ദൗത്യത്തിലുമുള്ള പരമമായ വിശ്വാസവും’ ഗാന്ധിജിക്ക് മാതൃകയായിരുന്നു. എന്നിട്ടും ഗാന്ധിജിയുടെ ലാളിത്യമാണല്ലോ പലരും ആദ്യം എടുത്തു പറയുന്നത്.
‘സ്വന്തം സന്ദേശത്തിന്റെ അവസാനത്തെ വാഹകനാവാന്‍ ദൈവം തെരഞ്ഞെടുത്ത മുഹമ്മദ് നബിയില്‍ ഞാന്‍ ആകൃഷ്ടനായി. ലോകത്തെ നയിക്കാന്‍ അദ്ദേഹത്തിന് കഴിയും’ എന്ന് പറഞ്ഞത് വിശ്രുത സാഹിത്യകാരന്‍ ലിയോ ടോള്‍സ്‌റ്റോയിയാണ്. ടോള്‍സ്‌റ്റോയി പറഞ്ഞതിന് അടിവരയിടാനല്ലാതെ അത് ജീവിതചര്യയാക്കാന്‍ നമുക്കെത്രത്തോളം കഴിയുന്നുണ്ട്.
‘മതപരവും മതേതരവുമായ കാര്യങ്ങളെ സമാനതയില്ലാത്ത വിധം സംയോജിപ്പിച്ച മുഹമ്മദ് മാനവചരിത്രത്തിലെ ഏറ്റവും ശക്തനായ ഏക വ്യക്തിത്വമാണ്’ എന്ന് മൈക്കല്‍ എച്ച് ഹാര്‍ട്ട് തീര്‍പ്പിലെത്തി. ഹാര്‍ട്ടിനെ പേര്‍ത്തും പേര്‍ത്തും പ്രശംസ കൊണ്ട് മൂടുന്ന നാം ആ പ്രസ്താവനയോട് എത്രത്തോളം നീതികാണിക്കുന്നുണ്ട്? ഈ പ്രതിഭാധനരെല്ലാം ബഹുമാനിച്ചാദരിക്കുകയും നേതാവായി വാഴ്ത്തുകയും ചെയ്യുന്ന ഇസ്‌ലാമിന്റെ പ്രവാചകനെ സ്വന്തം ജീവിതനൗകയുടെ അമരത്തിരുത്താന്‍ വിശ്വാസികളില്‍ പലര്‍ക്കും ആവുന്നില്ല. പിന്നെങ്ങനെ പുതു തലമുറയുടെ ജീവിതമാതൃകയില്‍ ദൂതരിടം പിടിക്കും? ഇതെല്ലാം മാറ്റിവെക്കാം. ”നീ മഹത്തായ സ്വഭാവത്തിനുടമ തന്നെ; തീര്‍ച്ച” (അല്‍ഖലം 4) എന്ന വിശുദ്ധ വചനം മാത്രം പോരേ വിശ്വാസികള്‍ക്ക് നബി(സ)യുടെ നേതൃ മഹത്വം അനുഭവിച്ചറിയാന്‍.
മാതൃകയാവണം നമുക്ക്
തിരുദൂതന്‍
മുസ്‌ലിംകള്‍ക്ക് ഒരൊറ്റ ജീവിത മാതൃക മാത്രമേ ഇസ്‌ലാം പരിചയപ്പെടുത്തുന്നുള്ളൂ. അത് മുഹമ്മദ് നബി(സ)യാണ്. അല്ലാഹു എന്ന പ്രപഞ്ച വിധാതാവിനാല്‍ നയിക്കപ്പെട്ട സൃഷ്ടി ശ്രേഷ്ഠന്‍. വിശുദ്ധ വേദമായ ഖുര്‍ആനിന്റെ ജീവിതപ്പതിപ്പ്. ആരാധന മുതല്‍ ആഘോഷം വരെയും സമാധാനം മുതല്‍ യുദ്ധം വരെയും കുളിമുറി മുതല്‍ കിടപ്പറ വരെയുമുള്ള മേഖലകളിലെ അവിടുത്തെ ഓരോ ചര്യയും വിശ്വാസിയുടെ മുമ്പില്‍ രേഖയായി കിടക്കുന്നു. സ്വകാര്യ വേളകളില്‍ ഭാര്യ ആഇശയോട് പറഞ്ഞ ചെറുനര്‍മം പോലും ഇതില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ടില്ല. ദൂതരുടെ തലയിലെ നരച്ച മുടിയിഴകളുടെ എണ്ണമെടുക്കാന്‍ വരെ മല്‍സരിച്ച അനുചരര്‍ക്കിടയിലായിരുന്നു രണ്ടു വ്യാഴവട്ടക്കാലത്തെ ആ ധന്യജീവിതം. ദൂതര്‍ ഉറങ്ങിയ കട്ടിലിന്റെ ആകൃതിയും വലുപ്പവും മുതല്‍ അവിടുന്ന് വിട്ടേച്ചുപോയ ഏതാനും വസ്തുവകകളെ കുറിച്ച് ഗ്രന്ഥങ്ങള്‍ നിരവധി വിരചിതമായിട്ടുണ്ട്.
ഇങ്ങനെ ചരിത്രത്തിന്റെ പകല്‍വെളിച്ചത്തില്‍ സ്വകാര്യങ്ങളില്ലാതെ ജീവിച്ച ഒരു ഉല്‍കൃഷ്ട ജീവിതം നമുക്ക് മുന്നില്‍ കുത്തും കോമയും വിടാതെ ഉണ്ടായിട്ടുമെന്തേ അത് നമ്മില്‍ പലര്‍ക്കും മാതൃകയാവുന്നില്ല? മാതൃകയാക്കാന്‍ മക്കളെ പ്രേരിപ്പിക്കുന്നില്ല? വിശുദ്ധ ഖുര്‍ആന്‍ പ്രവാചകനെ കുറിച്ച് പറഞ്ഞതിങ്ങനെയല്ലേ: ”സംശയമില്ല; നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ മികച്ച മാതൃകയുണ്ട്. അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷയര്പ്പിച്ചവര്ക്കാണി ത്. അല്ലാഹുവെ ധാരാളമായി ഓര്‍ക്കുന്നവര്‍ക്കും.” (അഹ്‌സാബ് 21)
അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷ നഷ്ടപ്പെട്ടവരും അല്ലാഹുവെക്കുറിച്ചുള്ള ഓര്‍മകളില്ലാത്തവരുമായി നാം മാറുന്നത് എന്തൊരു ദുരന്തമായിരിക്കും? വരാനിരിക്കുന്ന നബിദിനത്തിലെങ്കിലും ഇത്തരം ആലോചനകള്‍ നമ്മിലുണ്ടാകണം. അല്ലെങ്കില്‍ നെയ്മറിന്റെയും കോഹ്‌ലിയുടെയും പിന്നാലെ കറങ്ങിത്തിരിഞ്ഞ് മോഹാലസ്യപ്പെട്ട് വീണുപോകും നമ്മുടെ മക്കള്‍.