1 Friday
March 2024
2024 March 1
1445 Chabân 20

നബി(സ)യുടെ സിഹ്‌റ് ബാധ പണ്ഡിത അഭിപ്രായങ്ങള്‍ എ അബ്ദുല്‍ഹമീദ് മദീനി

സിഹ്ര്‍ ചര്‍ച്ചയില്‍ അതിന്റെ ഭാഷാ അര്‍ഥതലങ്ങളിലെ വിശകലനം പ്രധാനമാണ്. ലിസാനുല്‍ അറബില്‍ നല്‍കിയിരിക്കുന്ന നിര്‍വചനം ഇങ്ങനെ വായിക്കാം: ”പിശാചിന്റെ സഹായം കൊണ്ടും സാമീപ്യം ഉപയോഗിച്ചും നടത്തുന്ന പ്രവൃത്തിയാണ് സിഹ്ര്‍”. പിശാചിന്റെ സഹായത്തോടുകൂടി മാത്രമേ സിഹ്‌റിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയുള്ളൂ എന്ന് ഫത്ഹുല്‍ ബാരിയില്‍ ഇബ്‌നുഹജറുല്‍ അസ്ഖലാനിയും രേഖപ്പെടുത്തിയിട്ടുണ്ട്. (8:91)
ഉറവിടം നിഗൂഢവും അവ്യക്തവുമായ എല്ലാ കാര്യങ്ങളും സിഹ്‌റാകുന്നു എന്നാണ് ഖാമൂസുല്‍ മുഹീത്വില്‍ പറയുന്നത്. ഇസ്‌ലാമിക് എന്‍സൈക്ലോപീഡിയയില്‍ പറയുന്നു: ”പ്രലോഭിപ്പിക്കുക എന്നാണിതിന്റെ അര്‍ഥം, യഥാര്‍ഥ വിരുദ്ധമായതിലേക്ക് സിഹ്‌റിലൂടെ ശ്രദ്ധ തിരിച്ചുവിടുന്നു. അത് കേവലം ചില ഊഹഭാവങ്ങള്‍ മാത്രമായിരിക്കും”. ഇമാം റാസിയുടെ നിരീക്ഷണവും ഇവിടെ പ്രസക്തമാണ്. കാരണം, അവ്യക്തമായ യാഥാര്‍ഥ്യരഹിത ഭാവനകളിലൂടെ മനുഷ്യരെ കബളിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും പറയുന്നതാണ് സിഹ്ര്‍ (3/204)
മേല്‍ നിര്‍വചനങ്ങളുടെ പരിധിക്കകത്താണ് മാരണവും മാജിക്കും. മാരണം എന്ന അര്‍ഥത്തിലുള്ള സിഹ്ര്‍ ആണ് കൂടുതല്‍ വിശകലനം അര്‍ഹിക്കുന്നത്. ഈ അര്‍ഥപ്രകാരം സിഹ്‌റിന് ഉപയോഗിക്കുന്ന വസ്തുക്കള്‍: മുടി, തകിട്, ചീര്‍പ്പ്, ഈത്തപ്പനക്കുല, ആള്‍രൂപം, സുലൈമാന്‍ നബിയുടെ മോതിരത്തിലെ ചിഹ്‌നങ്ങള്‍, പ്രത്യേക അക്കങ്ങള്‍ – ഇവക്കൊന്നും കാര്യകാരണതലങ്ങള്‍ക്കപ്പുറത്ത് ആര്‍ക്കെങ്കിലും ഉപദ്രവമേല്പിക്കാന്‍ കഴിയില്ല. ആറടി താഴ്ചയില്‍ കിടക്കുന്ന ശൈഖിനോ, സിദ്ധനോ, വലിയ്യിനോ ഒന്നും ചെയ്യാന്‍ സാധിക്കാത്തതുപോലെ എവിടെയെങ്കിലും കുഴിച്ചിടുന്ന മേല്‍ വസ്തുക്കളും ഈ നിലയ്ക്ക് ഒരു ഉപദ്രവവും ആര്‍ക്കും ഉണ്ടാക്കുകയില്ല. ശൈഖും വലിയ്യും അങ്ങിനെ ചെയ്യുമെന്ന് ധരിക്കുന്നത് ശിര്‍ക്കാകുമെന്നത് പോലെതന്നെയാണ്, ഭൂമിയില്‍ കുഴിച്ചിടുന്ന കിണറിലിടുന്ന മേല്‍ വസ്തുക്കളെപ്പറ്റി കരുതുന്നതും ശിര്‍ക്കിലേക്കെത്തുന്നത്.
സാഹിറാണെന്ന് അവകാശപ്പെടുന്നവര്‍ക്ക് കാര്യകാരണങ്ങള്‍ക്കകത്ത് മറ്റൊരാളെ പ്രയാസപ്പെടുത്തുവാന്‍ കഴിയും. വിഷം നല്‍കിയോ ആയുധമുപയോഗിച്ചോ അവര്‍ക്ക് മറ്റൊരാളെ അപായപ്പെടുത്താം. ജൂത സ്ത്രീ നബി(സ)ക്ക് വിഷം ചേര്‍ത്ത ഭക്ഷണം നല്‍കിയ സംഭവം പ്രസിദ്ധമാണല്ലോ. കൂടെ ഭക്ഷണം കഴിച്ച ചിലര്‍ക്ക് വിഷബാധയേറ്റുവെങ്കിലും അല്ലാഹു ബോധനം നല്‍കിയതനുസരിച്ച് നബി(സ) അത് തുപ്പിക്കളയുകയാണുണ്ടായത്.
ഇത്തരം സാഹിറുകള്‍ക്ക് ഒരു തരത്തിലുമുള്ള ഭൗതികാതീത കഴിവുകളുമില്ലാത്തതിനാല്‍, സിഹ്‌റിന്റെത് എന്നവകാശപ്പെടുന്ന മേല്‍ വസ്തുക്കള്‍കൊണ്ട് അവര്‍ക്ക് ആരെയും ഉപദ്രവിക്കാന്‍ കഴിയില്ല. അതിന് കഴിയും എന്ന് കരുതുന്നത്, എവിടെയെങ്കിലുമുള്ള ശൈഖും ഖോജയും സിദ്ധനും നമ്മെ സഹായിക്കുമെന്ന് ധരിക്കുന്നതുപോലെ ശിര്‍ക്കാകുന്നു. സാഹിര്‍ എന്നവകാശപ്പെടുന്നവര്‍ പിശാചിനെ കൂട്ടുപിടിക്കുന്നു എന്നതാണ് മറ്റൊരു ന്യായവാദം. പിശാച് മനുഷ്യന്റെ മനസ്സില്‍ ചീത്ത ചിന്തകള്‍(വസ്‌വാസ്) ഉണ്ടാക്കുകയാണ് ചെയ്യുന്നത്. 114-ാം അധ്യായം അത് സാക്ഷ്യപ്പെടുത്തുന്നു. പിശാചിന്റെ ദുര്‍ബോധനത്തിന് വഴങ്ങി വിലക്ക് ലംഘിച്ച ആദ്യപിതാവിന്റെ മനസ്സിലും പിശാച് ഉണ്ടാക്കിയത് ഈ വസ്‌വാസ് തന്നെയാണ് (ഖുര്‍ആന്‍ 7/20).
ഒരു സിഹ്‌റും സാഹിറും പ്രവര്‍ത്തിക്കാതെ തന്നെ പിശാച് നിരന്തരം മനുഷ്യന്റെ മനസ്സില്‍ ഇത്തരം വസ്‌വാസുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. വിശ്വാസ ആചാര സാംസ്‌കാരിക രംഗത്തെ എല്ലാ ജീര്‍ണതകളും സംഭവിക്കുന്നത് പിശാചുണ്ടാക്കുന്ന ദുര്‍ബോധനങ്ങള്‍ക്ക് വിധേയമായി  മനുഷ്യന്‍ പ്രവര്‍ത്തിക്കുമ്പോഴാണ്. ഇങ്ങനെ വസ്‌വാസുണ്ടാക്കി മനുഷ്യനെ വഴിതെറ്റിക്കുമെന്ന ധിക്കാരവാക്കുകള്‍ പിശാച് അല്ലാഹുവിനോട് പറഞ്ഞ സന്ദര്‍ഭത്തിലും, അതിന് അവന് അല്ലാഹു സമയമനുവദിച്ചിരിക്കുന്നു എന്ന് പറഞ്ഞപ്പോഴും അവിടെയൊന്നും സിഹ്‌റിന്റെയോ സാഹിറിന്റെയോ ഇടപെടല്‍ അല്ലാഹു പരാമര്‍ശിച്ചിട്ടുമില്ല. സാഹിറിന് പിശാചിനെ കൂട്ടുപിടിക്കാന്‍ കഴിയുമെന്നതിന് അടിസ്ഥാനമൊന്നുമില്ല. ഭക്തരും വിശ്വാസികളുമായവരെ ഇപ്രകാരം വസ്‌വാസിലൂടെ വഴിതെറ്റിക്കാന്‍ കഴിയില്ലന്ന് അല്ലാഹു പറയുന്നു. തനിക്കത് സാധിക്കുകയില്ല എന്ന് പിശാചും അല്ലാഹുവിനോട് സമ്മതിക്കുന്നുണ്ട്.
പിശാചിന്റെ വസ്‌വാസുകള്‍ ദുര്‍ബല മനസ്‌കര്‍ക്ക് രോഗാവസ്ഥ ഉണ്ടാക്കക്കിയേക്കാം എന്ന് നിരീക്ഷിക്കുന്ന പണ്ഡിതരുമുണ്ട്. അത്തരം രോഗങ്ങളും പിശാചിനെ കൂട്ടുപിടിച്ചുകൊണ്ടുള്ള സാഹിറിന്റെ പ്രവര്‍ത്തനഫലമായിട്ടല്ല. മറിച്ച്, ആ വ്യക്തിയുടെ മനസ്സിന്റെ ബലഹീനതയാണ് കാരണം. അത്തരം മനസ്സുകളെ പെട്ടെന്ന് പേടിപ്പിക്കുവാനും ആശ്ചര്യപ്പെടുത്തുവാനും ആര്‍ക്കും കഴിയും. മാജിക്, കണ്‍കെട്ട് വിദ്യകള്‍ എന്ന അര്‍ഥത്തിലുള്ള സിഹ്‌റിനും മറ്റുള്ളവരെ വിസ്മയിപ്പിക്കുവാനോ ഭയപ്പെടുത്തുവാനോ കഴിഞ്ഞേക്കും. എന്നാല്‍ അതിനും യാഥാര്‍ഥ്യമില്ല.
മൂസാ നബി(അ)യുടെ ചരിത്രത്തില്‍ ഖുര്‍ആനില്‍ വന്നിരിക്കുന്ന ‘സിഹ്ര്‍’ സങ്കല്പം മാജിക്കിനെ സൂചിപ്പിച്ചുകൊണ്ടാണ്. കാലിയായ പെട്ടി തുറന്ന് കാണിച്ച് അതില്‍ ഒന്നുമില്ല എന്ന് കാണികളെ ബോധ്യപ്പെടുത്തി, കുറച്ചുനേരം അടച്ചുവെച്ചതിനുശേഷം തുറന്ന് കറന്‍സികളും മിഠായികളും പുറത്തെടുക്കുന്ന തെരുവ് ജാലവിദ്യക്കാരന്റെതും യാഥാര്‍ഥ്യമില്ലാത്ത ‘സിഹ്ര്‍’ ആണ്. നോക്കി നില്ക്കുന്നവര്‍ക്ക് അങ്ങനെ തോന്നുന്നുവെന്നു മാത്രം. ഖുര്‍ആന്‍ 7:116ല്‍ പറയുന്ന കണ്‍കെട്ടു വിദ്യ തന്നെയാണിതും. ജാലവിദ്യയിലൂടെ ഉണ്ടാക്കാവുന്ന തോന്നലുകള്‍ തന്നെയാണ് സാഹിറുകളുടെ വടിയും കയറും നിലത്തിട്ടപ്പോള്‍ അവ ഓടുകയാണെന്ന് മൂസാ നബിക്ക് അനുഭവപ്പെട്ടതും (ഖുര്‍ആന്‍ 16/60) മാജിക്ക്, മാരണം എന്നീ അര്‍ഥതലങ്ങളില്‍ യാഥാര്‍ഥ്യമോ തദടിസ്ഥാനത്തിലുള്ള പ്രതിഫലനമോ ഇല്ല
അഹ്‌ലുസ്സുന്നയുടെ സമീപനം
മേല്‍ പറഞ്ഞതിന് വിപരീതമായി സിഹ്‌റിന് യാഥാര്‍ഥ്യമുണ്ടെന്ന അഹ്‌ലുസ്സുന്നയുടെ വാദഗതിയാണ് പഠനവിധേയമാക്കേണ്ട മറ്റൊന്ന്. ഖുര്‍ആന്‍ പരാമര്‍ശനം 16:61 ആണ് ഇതിന്നവര്‍ തെളിവ് നല്‍കുന്നത്. അതിന്റെ പശ്ചാത്തലം നാം വ്യക്തമാക്കി. അവരുടെ അഭിപ്രായങ്ങളാകട്ടെ, പലതും വിര്‍ശനവിധേയവുമാണ്. പ്രമാണങ്ങളുമായി പൊരുത്തപ്പെടാത്തതിനാല്‍ അവ നാം മാറ്റിനിര്‍ത്തിയിട്ടുണ്ട്. മുത്തലാഖ്, തറാവീഹ്, റക്അത്തുകളുടെ എണ്ണം, തുടങ്ങിയവ ഇതിനുദാഹരണമാണ്. ഒറ്റയടിക്ക് ത്വലാഖ് മൂന്നും ചൊല്ലിയാല്‍ ഒരെണ്ണമായേ പരിഗണിക്കുകയുള്ളൂ എന്നതാണ് പ്രാമാണികം. സിഹ്‌റിലൂടെ കാര്യകാരണ ബന്ധങ്ങള്‍ക്കപ്പുറത്ത് ഒരാള്‍ക്ക് ഉപദ്രവമേല്‍പ്പിക്കാന്‍ കഴിയുമെന്നതും പ്രമാണ വിരുദ്ധമായതിനാല്‍ അഹ്‌ലുസ്സുന്നയുടെ അംഗീകാരം അസ്ഥാനത്താണ്.
സിഹ്‌റിന് യാഥാര്‍ഥ്യമോ പ്രതിഫലനമോ ഇല്ല എന്ന നിലപാടുകളുള്ളവരും അഹ്‌ലുസ്സുന്നയുടെ പക്ഷത്തുണ്ട്. ഇമാം അബൂഹനീഫയെപ്പോലുള്ളവര്‍ ഈ ഗണത്തില്‍ പെടുന്നു. ലബീദ് ബിന്‍ അഅ്‌സം ഈത്തപ്പനക്കുലയും മുടിയും ചീര്‍പ്പും ദര്‍വാന്‍ കിണറില്‍ ഇട്ടാല്‍ അതിന്റെ ഫലമെന്നോണം 40 ദിവസം/6 മാസം നബിക്ക് ബുദ്ധിഭ്രമമുണ്ടായി എന്നത് പരമ്പര ദുര്‍ബലവും ആശയം ഖുര്‍ആന്‍ വിരുദ്ധവുമായ ഹദീസായതുകൊണ്ടാണ് പലരും അത് അസ്വീകാര്യമായി കണ്ടത്.
ഇമാം നവവി അല്‍മജ്മൂഅ് ഫീ ശറഹില്‍ മുഹദ്ദബ് എന്ന ഗ്രന്ഥത്തില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നു. സിഹ്ര്‍ ഒരു വസ്തുതയാണെന്നും അതിന് സ്വാധീനമുണ്ടാകാമെന്നും പറഞ്ഞശേഷം നബിക്ക് സിഹ്ര്‍ ബാധിച്ചു എന്ന ഹദീസിനെ പ്രമാണബദ്ധമായിത്തന്നെ ഖണ്ഡിക്കുന്നുണ്ട്. സിഹ്ര്‍ ബാധയുടെ സുദീര്‍ഘ ഹദീസിന് അനുബന്ധമായി ഇബ്‌നുകസീര്‍ പറയുന്നു. ‘ഈ ഹദീസ് പരമ്പരയില്ലാതെയാണ് ഉദ്ധരിച്ചിരിക്കുന്നത്. അതില്‍ അവ്യക്തതയുണ്ട്, വഞ്ചനാത്മകവുമാണ്’. അല്‍ഫലഖ്, അന്നാസ് എന്നീ അധ്യായങ്ങള്‍ സിഹ്ര്‍ പശ്ചാത്തലത്തില്‍ അവതരിച്ചുവെന്ന ഹദീസിലെ പരാമര്‍ശമാണ് ഈ നിഗമനത്തിന് കാരണം. ഇവ രണ്ടും മക്കയിലാണ് അവതരിച്ചത്, നബിക്ക് സിഹ്ര്‍ ബാധയേറ്റു എന്ന് പറയുന്നതാകട്ടെ ഹിജ്‌റ ഏഴാം വര്‍ഷവും. തുടര്‍ന്ന് ഇമാം നവവി പറയുന്നു. നബി(സ)ക്ക് ബാധയേറ്റു എന്നുള്ള ഹദീസ് തള്ളിക്കളയേണ്ടതാണ്. കാരണം അത് ശരിവെച്ചാല്‍, നബി മസ്ഹൂറാണെന്ന ശത്രുക്കളുടെ വാദം അംഗീകരിക്കലായിരിക്കും. അതാകട്ടെ വ്യക്തമായ ഖുര്‍ആന്‍ ലംഘനവുമായിരിക്കും.
ഖാദി ഇയാദിനെ ഉദ്ധരിച്ച് ഇമാം റാസി പറയുന്നു. നബിക്ക് സിഹ്ര്‍ ബാധിച്ചുവെന്ന റിപ്പോര്‍ട്ട് ബാത്വിലാണ്. ഇതെങ്ങനെ സ്വഹീഹാകും? അല്ലാഹു പറയുന്നു: ‘അല്ലാഹു നിന്നെ ജനങ്ങളില്‍ നിന്ന് സംരക്ഷിക്കും (5:61), സാഹിര്‍ എങ്ങനെ, എവിടെ വന്നാലും വിജയിക്കില്ല (16:69). തീര്‍ച്ചയായും സിഹ്ര്‍ ബാധയേറ്റു എന്നത് പ്രവാചകത്വത്തെ അപമാനിക്കലാണ്. അത് ശരിയാണെങ്കില്‍ എല്ലാ പ്രവാചകന്മാരെയും സജ്ജനങ്ങളെയും സിഹ്‌റിലൂടെ ഉപദ്രവിക്കാന്‍ കഴിയേണ്ടിയിരുന്നു. സാഹിറുകള്‍ക്ക് ആഗ്രഹിക്കുന്നതെന്തും നേടാനും കഴിയുമായിരുന്നു.
ശൈഖ് ഖാസിമി തന്റെ ഗ്രന്ഥമായ മഹാസിനു തഅ്‌വീലില്‍ പറയുന്നു. ഈ ഹദീസ് സ്വഹീഹാണെങ്കില്‍കൂടി സ്വീകാര്യയോഗ്യമല്ല. പ്രാമാണികരായ പണ്ഡിതര്‍ നിരീക്ഷിച്ചതുപോലെ സ്വഹീഹായി വന്ന പല ഹദീസുകളും പരമ്പരകളും ആശയവും വിമര്‍ശനവിധേയമാണ്. സ്വഹാബിമാരുടെ കാലത്ത് തന്നെയും ഖബര്‍ ആഹാദ്(ഏകറാവി റിപ്പോര്‍ട്ട്) വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇമാം ഗസ്സാലി തന്റെ ഗ്രന്ഥം അല്‍മുസ്ത്വസ്ഫയില്‍ പറയുന്നു: ”അലി(റ), ബര്‍വഅ് ബിന്‍തു വാശികിന്റെ കഥയില്‍ അബൂസിനാനുല്‍ അശ്ജഇയുടെ ഹദീസ് തള്ളിയിരിക്കുന്നു. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ അല്‍മുസ്വദ്ദയില്‍ പറയുന്നതിങ്ങനെ. ഹദീസ് ഉദ്ധരിക്കുന്ന വ്യക്തിക്ക് തെറ്റ് പറ്റുകയോ അയാള്‍ കളവ് പറഞ്ഞതായി സംശയിക്കപ്പെടുകയോ ചെയ്യുമ്പോള്‍ അത് തള്ളപ്പെടുന്നത് ഹദീസ് നിഷേധമല്ല. നബി(സ) അങ്ങനെ പറയുകയില്ല എന്നതിന് തെളിവുണ്ടുതാനും. ഇങ്ങനെ ഹദീസ് മാറ്റി വെക്കുന്നവര്‍ കാഫിറോ ഫാസിഖോ അല്ല. ഒന്നിലധികം സ്വഹാബിമാരുടെ റിപ്പോര്‍ട്ടുകള്‍ സ്വഹീഹായിട്ടും ഹദീസ് പണ്ഡിതര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്(അല്‍മജ്മൂഅ് ഫീ ശറഹില്‍ മുഹദ്ദബ് 19/243,244). പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും നബിയുടെ സിഹ്ര്‍ ബാധ തള്ളിയിട്ടുണ്ട്. അബൂസഅലബ 1/139, ഇബ്‌നുകസീര്‍ 3/59, ഇമാം ഖുര്‍തുബി 10/273, വഹബസുഹലി 16/243 തുടങ്ങിയവ ഇതിനുദാഹരണമാണ്.
ഇതിനുപുറമെ മേല്‍ ഹദീസിന്റെ പരമ്പരയിലുള്ള ഹിശാം ഉര്‍വയില്‍ നിന്നുദ്ധരിക്കുന്ന ഹദീസ് പല മുഹദ്ദിസുകളും സ്വീകരിക്കുന്നില്ല. ഹിശാം തദ്‌ലീസ് നടത്തുന്ന ആളാണെന്ന് ഫത്ഹുല്‍ ബാരിയുടെ ആമുഖത്തില്‍ പറയുന്നുണ്ട്. പ്രമാണയോഗ്യമല്ലെന്നും ഹദീസ് പണ്ഡിതര്‍ പറയുന്നു. ഇമാം ശാഫിഈ പറയുന്നതിങ്ങനെ: ഹിശാമിന്റെ പിതാവിന്റെ ശിഷ്യന്മാരില്‍ ആരും റിപ്പോര്‍ട്ട് ചെയ്യാതെ ഹിശാം മാത്രം റിപ്പോര്‍ട്ട് ചെയ്ത ഒറ്റപ്പെട്ട ഹദീസ് ദുര്‍ബലമാണ്(ഫത്ഹുല്‍ബാരി 6/707). സാഹിര്‍ എങ്ങനെ വന്നാലും വിജയിക്കുകയില്ല എന്ന വചനം ഇമാം റാസി വീണ്ടും വിശദീകരിക്കുന്നു. സാഹിറിന്റെ ലക്ഷ്യം നന്മയോ തിന്മയോ ആകട്ടെ, അത് നേടിയെടുക്കാന്‍ കഴിയില്ല. ഇത് സിഹ്‌റിന്റെ സ്വാധീനത്തെ മൊത്തത്തില്‍ തള്ളിക്കളയുന്നു (റാസി 22/75)
ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ”ഹൃദയം ഭക്തിസാന്ദ്രമായി അല്ലാഹുവിനെ നിരന്തരം ഓര്‍ത്ത് അവനോട് പ്രാര്‍ഥിക്കുന്നവര്‍ക്ക് ഒരിക്കലും സിഹ്ര്‍ ബാധ ഏല്‍ക്കുകയില്ല. ”അതിന്റെ സ്വാധീനം ദുര്‍ബല മനസ്സുകളില്‍ മാത്രമാണുണ്ടാവുക. സ്ത്രീകളിലും കുട്ടികളിലും അജ്ഞരായ മൂഢന്മാരിലുമാണ് അതിന്റെ സ്വാധീനമുണ്ടാകുന്നത്” (ഫത്ഹുല്‍ബാരി 13:164). മേല്‍ പറഞ്ഞ വിഭാഗങ്ങളില്‍ നബി(സ) ഉള്‍പ്പെടുകയില്ലെന്നത് ഏവരും അംഗീകരിക്കുന്നു.
ശൈഖ് ഇബ്‌നുബാസ് പറയുന്നു: സാഹിര്‍ ഉണ്ടാക്കുന്ന ചില തോന്നലുകളും സംശയവുമാണ് സിഹ്ര്‍. കാണികള്‍ക്ക് അത് യാഥാര്‍ഥ്യമാണെന്ന് തോന്നും. ശൈഖ് സ്വാലിഹുല്‍ ഫൗസാനും ഇതേ നിരീക്ഷണമാണുള്ളത്.
സംശയാസ്പദമായ കാര്യങ്ങള്‍ മാറ്റിനിര്‍ത്തി സംശയമില്ലാത്തത് സ്വീകരിക്കുകയെന്ന നബിവചനവും ഈ വിഷയത്തില്‍ സ്വീകരിക്കേണ്ട സമീപനം വ്യക്തമാക്കുന്നു. ഗുരുതരപാപങ്ങളില്‍(സബ്ഉല്‍മൂബിഖാത്ത്) ഒന്നും രണ്ടും സ്ഥാനത്താണ് ശിര്‍ക്കും സിഹ്‌റും എണ്ണിയിരിക്കുന്നത്. ഇവ രണ്ടിനും യാഥാര്‍ഥ്യമോ പ്രതിഫലനമോ ഇല്ല. ദര്‍ഗകളിലും മഖാമുകളിലും ചെന്ന് പറഞ്ഞ് കാര്യം സാധിച്ചു എന്നവകാശപ്പെടുന്നവര്‍ക്ക് അത് നല്‍കിയിരിക്കുന്നത് അല്ലാഹുവാണ്. മരിച്ചുപോയവരുടെ കഴിവോ മഹത്വമോ അല്ല. സിഹ്‌റിലൂടെ ഓരാള്‍ക്ക് ഉപദ്രവമുണ്ടായി എന്ന് പറയുന്നതിലും, യഥാര്‍ഥത്തില്‍ അത് സംഭവിച്ചിരിക്കുന്നത് അല്ലാഹുവിന്റെ നിശ്ചയപ്രകാരം മാത്രം. എല്ലാ നന്മയും അല്ലാഹുവില്‍ നിന്ന് മാത്രം (ഖുര്‍ആന്‍ 16/53). വിപത്തുകള്‍ എന്താണെങ്കിലും അതും അല്ലാഹുവിന്റെ നിശ്ചയമനുസരിച്ച് മാത്രം (64/11). അവന്റെ നിശ്ചയമനുസരിച്ച് സംഭവിക്കുന്നതിന് കാര്യകാരണ തലങ്ങളുണ്ടായിരിക്കും. ഇനി അത് നിഗൂഢമാണെങ്കില്‍പോലും ഒരിക്കലും സാഹിറിന്റെ പ്രവര്‍ത്തനഫലമായല്ല സംഭവിക്കുന്നത്.
5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x