20 Thursday
June 2024
2024 June 20
1445 Dhoul-Hijja 13

നന്മ ശീലമാക്കുക – ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി

”സത്യസന്ധത മനുഷ്യനെ പുണ്യത്തിലേക്ക് നയിക്കും. പുണ്യം സ്വര്‍ഗത്തിലേക്കും നയിക്കുന്നു. സത്യം പറയുന്ന വ്യക്തി അതിലൂടെ പൂര്‍ണ സത്യസന്ധനായി മാറും. കള്ളം അധര്‍മത്തിലേക്ക് നയിക്കും, അധര്‍മം നരകത്തിലേക്കും. കളവ് പറയുന്ന വ്യക്തി അല്ലാഹുവിന്റെ പക്കല്‍ പെരുംകള്ളനായി രേഖപ്പെടുത്തപ്പെടും.”
ബുഖാരിയും മുസ്‌ലിമും സമാനരൂപത്തില്‍ രേഖപ്പെടുത്തിയ ഈ ഹദീസ് അബ്ദുല്ല ബിന്‍ മസ്ഊദാണ് നബിയില്‍ നിന്ന് ഉദ്ധരിക്കുന്നത്. നബിയുടെ ഭാഷാസൗന്ദര്യം ഈ ഹദീസില്‍ പ്രകടമാണ്. ഓരോ ഖണ്ഡവും അന്ത്യാക്ഷരപ്രാസത്തിലാണുള്ളത്. എതിര്‍ പദാവലി (മുഖാബല) കൃത്യമായി വിന്യസിച്ചിരിക്കുന്ന ഈ ഹദീസ് അറബി അലങ്കാര ശാസ്ത്രത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്നു. പ്രവാചകത്വത്തിന്റെ മുദ്രയായിട്ടാണ് ഹ്രസ്വഭാഷണ ശൈലി (ജവാമി ഉല്‍ കലിം) അദ്ദേഹത്തിന് ലഭിച്ചത്.
ആദ്യപിതാവ് ആദമിന് അല്ലാഹു താമസം അനുവദിച്ച സ്വര്‍ഗത്തിലേക്കായിരിക്കണം മനുഷ്യന്റെ അവസാനയാത്ര. അതിനനുസൃതമായിട്ടാണ് മതത്തില്‍ വിശ്വാസ ആരാധന സംസ്‌കരണമൂല്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. അവയുടെ ചൈതന്യമാണ് സ്വഭാവഗുണങ്ങളെ വിശുദ്ധവും പവിത്രവുമാക്കുന്നത്. മനുഷ്യന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് ഉല്‍കൃഷ്ട സ്വഭാവങ്ങള്‍ക്കാണ്. വാക്കും പ്രവൃത്തിയും പൊരുത്തപ്പെട്ടുവരുമ്പോള്‍ മാത്രമേ സ്വഭാവങ്ങള്‍ മഹിതമാകുകയുള്ളൂ. സത്യസന്ധതയാണ് എല്ലാ മാനുഷിക മൂല്യങ്ങളുടെയും മുഖമുദ്ര. നിരവധി ഖുര്‍ആന്‍ വചനങ്ങളും നബിവചനങ്ങളും അതിന്റെ പ്രാധാന്യം കുറിക്കുന്നുണ്ട്. ഈ ഹദീസിലെ ‘സ്വിദ്ഖ്’ സംസാരത്തില്‍ സത്യം പറയുക എന്നത് മാത്രമല്ല, അര്‍ഥമാക്കുന്നത്, സമീപനങ്ങളും നയനിലപാടുകളും സത്യമായിരിക്കണം. മനസ്സും ആ നിലവാരത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് സത്യസന്ധതയുടെ സ്വാധീന വലയത്തില്‍ ജീവിതത്തെയാകമാനം കൊണ്ടുവരാന്‍ കഴിയുന്നത്. ഒരാളുടെ സത്യസന്ധതയ്ക്ക് ലഭിക്കുന്ന ബഹുമതിയാണ് ഹദീസില്‍ പറയുന്ന ‘സിദ്ദീഖ്’ എന്ന പ്രയോഗം നബി(സ)യുടെ അടുത്ത സ്‌നേഹിതന്‍ അബൂബക്കര്‍(റ) ആണ് ഇസ്‌ലാമിക ചരിത്രത്തില്‍ ഈ ബഹുമതിക്ക് ആദ്യമായി അര്‍ഹനായത്. സത്യസന്ധമായ സമീപനത്തിലൂടെ നബിയെ പൂര്‍ണമായും കൃത്യമായും അംഗീകരിക്കുവാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധതയായിരുന്നു അതിന് കാരണം. വിശ്വാസാധിഷ്ഠിത ജീവിതത്തിന് കൂടുതല്‍ അനുയോജ്യമായ ഇടം തേടി മക്കക്ക് പുറത്തേക്ക് പോകാന്‍ ശ്രമിച്ച അദ്ദേഹത്തെ അമുസ്‌ലിമായ സുഹൃത്ത് തിരിച്ചുവിളിച്ചത് ചരിത്രം രേഖപ്പെടുത്തുന്നു. ‘താങ്കളെ പോലുള്ളവര്‍ ഈ നാട്ടില്‍ നിന്ന് പുറത്തുപോകരുത്’ എന്ന അദ്ദേഹത്തെ വിലയിരുത്തല്‍ അബൂബക്കറിന് സത്യസന്ധതക്ക് ലഭിച്ച അംഗീകാരമായിരുന്നു.
മത കാര്യങ്ങളില്‍ നാം സ്വീകരിക്കുന്ന സത്യസന്ധതയാണ് മറ്റു കാര്യങ്ങളിലും അത് സൂക്ഷിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്നത്. മതകാര്യങ്ങളില്‍ അല്ലാഹുവിനോടുള്ള ബന്ധമാണ് പ്രധാനം. നാം എവിടെയാണെങ്കിലും അവന്‍ നമ്മോടൊപ്പമുണ്ട് എന്ന ബോധവും ബോധ്യവുമാണ് ഈ ബന്ധത്തിന്റെ അടിത്തറ. തന്റെ ഓരോ വാക്കും യഥാസമയം രേഖപ്പെടുത്തുന്നുവെന്നത് ചിന്തകളിലും സംസാരത്തിലും കൂടുതല്‍ ജാഗ്രത പാലിക്കാന്‍ വഴിയൊരുക്കുന്നു. അല്ലാഹുവുമായുള്ള ബന്ധം വിശ്വാസിയെ സത്യസന്ധതയില്‍ നിലനിര്‍ത്തുന്നുവെന്നര്‍ഥം. ഒരു കാര്യത്തില്‍ പ്രവേശിക്കുന്നതും പുറത്തുവരുന്നതും സത്യമാര്‍ഗത്തിലായിരിക്കണമേ എന്ന പ്രാര്‍ഥന (ഖുര്‍ആന്‍ 17:80) പതിവാക്കാന്‍ അല്ലാഹു കല്പിക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്. അകവും പുറവും ഒരുപോലെയായിരിക്കുക എന്നതാണ് ഇതിനാവശ്യം. ചിന്തകള്‍ക്കും വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും വ്യക്തതയും സുതാര്യതയും നല്‍കാനും സത്യസന്ധത അനിവാര്യമാണ്. സ്രഷ്ടാവിനുവേണ്ടി മനസ്സ് വൃത്തിയാക്കി വെക്കുന്നതുപോലെ വാക്കുകളും പ്രവൃത്തികളും ജനപ്രിയമാകണമെങ്കില്‍ സത്യസന്ധത കൂടിയേ തീരൂ.
ജീവിതമഖിലം ഗുണപരമായി പരിവര്‍ത്തിപ്പിക്കാന്‍ സത്യസന്ധത ചാലകശക്തിയായി പ്രവര്‍ത്തിക്കണം. അപ്പോഴാണ് അത് പുണ്യമായി മാറുന്നത്. അല്ലാഹുവിന് ഏറെ പ്രിയപ്പെട്ടതും മനുഷ്യന്റെ, പുണ്യം ചെയ്യുന്ന മാനസികാവസ്ഥയാണ്. നിങ്ങള്‍ ദൈവഭക്തി പാലിക്കുകയും സത്യസന്ധര്‍ക്കൊപ്പം നിലകൊള്ളുകയും ചെയ്യുക (9:119) എന്ന ഖുര്‍ആന്‍ ആഹ്വാനം ഇവിടെ ശ്രദ്ധേയമാണ്. സത്യസന്ധത നിലനിര്‍ത്താനാവശ്യമായ സാമൂഹ്യ പരിസരം രൂപപ്പെടുത്തണമെന്ന് കൂടിയാണ് അതിന്റെ താല്‍പര്യം. ഈ സന്ദര്‍ഭത്തില്‍ മാത്രമേ സമൂഹത്തില്‍ എല്ലാവര്‍ക്കും അതിന്റെ ഗുണഫലം ലഭിക്കുകയുള്ളൂ. ‘അയാള്‍ കള്ളം പറയുകയില്ല’ എന്ന് ഓരോരുത്തരും മറ്റുള്ളവരെപ്പറ്റി വിധിയെഴുതുമ്പോള്‍ എല്ലാവര്‍ക്കും പരസ്പര വിശ്വാസം ഉണ്ടാകുന്നു. ചെറുതും വലുതുമായ സ്വഭാവ ഗുണങ്ങള്‍ നാം  വളര്‍ത്തിയെടുത്താല്‍ അവ പിന്നീട് നമ്മെ വളര്‍ത്തി വലുതാക്കും.
സത്യസന്ധതയുടെ മറുഭാഗത്തുള്ള കള്ളവും അതുണ്ടാക്കുന്ന വിനകളുമാണ് ഹദീസിന്റെ രണ്ടാം പകുതി. ഏത് കള്ളവും അധര്‍മമായിരിക്കും. ഒരു കള്ളം അതിവിദഗ്ധമായി പറഞ്ഞു ഫലിപ്പിക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞേക്കാം. എന്നാലും അതിലുള്ള പൊരുത്തക്കേടുകള്‍ നമ്മുടെ ശരീരഭാഷയില്‍ നിന്ന് മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ വായിച്ചെടുക്കാന്‍ കഴിയും. ‘കളവ്’ പറയുന്ന വ്യക്തിയില്‍ നിന്ന്, അതിന്റെ ദുര്‍ഗന്ധം കാരണം, മലക്കുകള്‍ മൈലുകള്‍ക്കപ്പുറത്തേക്ക് മാറിനില്‍ക്കും” എന്ന ഹദീസും ഇതൊന്നിച്ച് വായിക്കേണ്ടതുണ്ട്. തമാശയായി പോലും കളവ് സംസാരത്തില്‍ വരാന്‍ പാടില്ല എന്നും നബി(സ) ഓര്‍മപ്പെടുത്തുന്നു. കള്ളം ശീലമാക്കുന്നതോടെ അതിന്റെ അനുബന്ധങ്ങളായ ദുസ്വഭാവങ്ങളും ആ വ്യക്തിയെ കീഴ്‌പ്പെടുത്തുന്നു. വഞ്ചനയും പരദൂഷണവും വൈരവും പകപോക്കലുകളുമെല്ലാം കള്ളത്തിന്റെ ഉല്‍പന്നങ്ങളാണ്. ‘കദ്ദാബ്’ എന്ന വിശേഷണം ഒരിക്കലും രക്ഷപ്പെടാന്‍ പറ്റാത്തവിധം കളവിന്റെ സഹകാരിയായി ജീവിക്കുന്ന അവസ്ഥയാണ്. വിശ്വാസവും ആരാധനകളും കൃത്യവും അന്യൂനവുമാണെങ്കിലും കള്ളം പതിവാക്കിയെന്ന പേരില്‍ നരകത്തില്‍ കഴിയേണ്ടി വരുന്നവനാണ് കദ്ദാബ്.
സ്വഭാവ വൈകൃതമില്ലാതെ ഉല്‍കൃഷ്ടനായി കഴിയാന്‍ ഇബ്‌നു മസ്ഊദ്(റ) തന്നെ നിര്‍ദേശിക്കുന്ന ജീവിത ശൈലിയുണ്ട്. ‘നന്മ അവരെ ശീലിപ്പിക്കുക. ശീലങ്ങളിലൂടെ മാത്രമേ നന്‍മ നിലനില്‍ക്കുകയുള്ളൂ.” ജീവിതത്തിന് ശക്തിയും സൗന്ദര്യവും നല്‍കേണ്ട എല്ലാ സ്വഭാവഗുണങ്ങളും സ്വന്തമാക്കാന്‍ അവ ശീലമാക്കല്‍ നിര്‍ബന്ധമാണ്. കൃത്രിമ സ്വഭാവങ്ങള്‍ക്ക് നിലനില്‍പുണ്ടാവില്ല. എല്ലാ നന്‍മയും ശീലമായിരിക്കണം. എല്ലാ ശീലങ്ങളും നന്‍മയുമായിരിക്കണം.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x