1 Friday
March 2024
2024 March 1
1445 Chabân 20

നന്മയും തിന്മയും  അല്ലാഹുവിങ്കല്‍ നിന്ന് – പി കെ മൊയ്തീന്‍ സുല്ലമി

ഖൈറും ശര്‍റും (നന്മയും തിന്മയും) അല്ലാഹുവിങ്കല്‍ നിന്നാണ് എന്നത് ഈമാന്‍ കാര്യങ്ങളില്‍ പെട്ടതാണ്. ഈ ലോകത്ത് അല്ലാഹു കാര്യങ്ങള്‍ നടത്തുന്നത് രണ്ട് നിലയിലാണ്. ഒന്ന്, കാര്യകാരണബന്ധങ്ങള്‍ക്കതീതമായ അഭൗതികവും അദൃശ്യവുമായ നിലയില്‍ അല്ലാഹു നടത്തുന്നവ. രണ്ട്, കാര്യകാരണ ബന്ധങ്ങള്‍ക്കധീനവും ഭൗതികവും ദൃശ്യമായ നിലയില്‍ അവന്‍ നടത്തുന്നത്.
സൃഷ്ടികള്‍ക്ക് ജന്മനാ ചില കഴിവുകള്‍ അല്ലാഹു നല്‍കിയിട്ടുണ്ട്. പക്ഷെ, പ്രസ്തുത കഴിവുകള്‍ വ്യത്യസ്തങ്ങളാണ്. ഒരു മാന്‍കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞാല്‍ അത് നീന്തി രക്ഷപ്പെടും ആ സ്ഥാനത്തെ മനുഷ്യക്കുഞ്ഞാണെങ്കില്‍ മരിക്കും. അല്ലാഹു പറയുന്നു: ”മൂസാനബി
(അ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നല്‍കുകയും എന്നിട്ട് അതിന് വഴി കാണിക്കുകയും ചെയ്തവനാരോ അവനാണ് ഞങ്ങളുടെ രക്ഷിതാവ്” (ത്വാഹാ 50). അല്ലാഹു മനുഷ്യര്‍ക്ക് മുന്‍കൂട്ടി കഴിവുകള്‍ നല്‍കിയതുകൊണ്ടാണല്ലോ അവന്‍ ഇപ്രകാരം അരുളിയത്: ”അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ കല്‍പ്പിക്കുകയില്ല”(അല്‍ബഖറ 286).
ഖൈറും ശര്‍റും അല്ലാഹുവിന്റെ പക്കല്‍ നിന്നാണ് എന്ന ഈമാന്‍ കാര്യത്തില്‍ രണ്ടുവിധം അന്ധവിശ്വാസങ്ങള്‍ ഇന്ന് നിലവിലുണ്ട്. ഒന്ന്: സിഹ്‌റിനും കണ്ണേറിനും കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായും അഭൗതികമായും അദൃശ്യമായ നിലയിലും ഖൈറും ശര്‍റും വരുത്താന്‍ സാധിക്കും എന്ന അന്ധവിശ്വാസം. മുന്‍കാലങ്ങളില്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചിരുന്നത് യാഥാസ്ഥിതികരായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രചരിക്കുന്നത് നവയാഥാസ്ഥിതികരാണ് എന്നു മാത്രം.
മേല്‍പറഞ്ഞ വാദത്തിന് യാതൊരു വിധ അടിസ്ഥാനവുമില്ല. അല്ലാഹുവിന്റെ പണി നടത്താന്‍ അവന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അത്തരം വാദങ്ങള്‍ അല്ലാഹുവിന്റെ അഫ്ആലില്‍ (കര്‍മങ്ങളില്‍) പങ്കുചേര്‍ക്കലാണ് എന്ന് വിശുദ്ധ ഖുര്‍ആന്‍ നമ്മെ നസ്സ്വായി പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹു പറയുന്നു: ”താങ്കള്‍ക്ക് അല്ലാഹു വല്ല ദോഷവും ഏല്പിക്കുന്ന പക്ഷം അത് നീക്കം ചെയ്യാന്‍ അവനൊഴികെ മറ്റാരുമില്ല. അവന്‍ താങ്കള്‍ക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടി മാറ്റാന്‍ ഒരാളുമില്ല”(യൂനുസ് 107)
പ്രവാചകന്‍ പറയുന്നു: ”അല്ലാഹുവേ, നീ നല്‍കിയതിനെ തടുക്കുന്ന ഒരു ശക്തിയുമില്ല. നീ തടഞ്ഞതിനെ നല്‍കുന്ന ഒരാളുമില്ല” (ബുഖാരി, മുസ്‌ലിം). മേല്‍പറഞ്ഞ ഖുര്‍ആന്‍ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരാമര്‍ശങ്ങള്‍ ഖുര്‍ആനിലും ഹദീസുകളിലും നിരവധിയാണ്. രണ്ടാമതായി ഇവര്‍ പ്രചരിപ്പിക്കുന്നത് സിഹ്‌റടക്കമുള്ള എല്ലാ ശിര്‍ക്കും കുഫ്‌റും ഹറാമും അല്ലാഹുവിന്റെ അനുമതിയോടും ഇംഗിതത്തോടും കൂടിയാണ് മനുഷ്യന്‍ ചെയ്തുവരുന്നത് എന്നാണ്.
അല്ലാഹു ഖൈറിന് മാത്രമേ പ്രോത്സാഹനം നല്‍കൂ. തിന്മകള്‍ക്ക് അല്ലാഹു ഒരിക്കലും പ്രോത്സാഹനം നല്‍കുന്നതുമല്ല. അല്ലാഹു പറയുന്നു: ”നന്മയായിട്ട് താങ്കള്‍ക്ക് എന്തൊന്ന് വന്നു കിട്ടിയാലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. താങ്കളെ ബാധിക്കുന്ന ഏതൊരു തിന്മയും താങ്കളുടെ പക്കല്‍ നിന്നുതന്നെ ഉണ്ടാകുന്നതുമാണ്” (നിസാഅ് 79). അപ്പോള്‍ തിന്മകളുടെ ഉത്തരവാദിത്വം അല്ലാഹുവിനല്ല, മറിച്ച് മനുഷ്യര്‍ക്കു തന്നെയാണ് എന്ന് വ്യക്തമായി. ഒരു വചനത്തിലൂടെ മാത്രമല്ല അല്ലാഹു ഇപ്രകാരം ഉണര്‍ത്തുന്നത്. അത് ശ്രദ്ധിക്കുക: ”അല്ല; പക്ഷെ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് അവരുടെ മനസ്സുകളില്‍ കറയുണ്ടാക്കിയിരിക്കുന്നു”(മുത്വഫ്ഫിഫീന്‍ 14).
അല്ലാഹു പറയുന്നു: ”അവരുടെ സത്യനിഷേധം കാരണം അല്ലാഹു അവരുടെ മനസ്സുകളില്‍ മുദ്ര കുത്തിയിരിക്കുന്നു” (നിസാഅ് 155). ”അല്ലാഹു അവരോട് ദ്രോഹം കാണിച്ചിട്ടില്ല. പക്ഷെ, അവര്‍ സ്വയം ശരീരത്തോടുതന്നെ ദ്രോഹം ചെയ്യുകയായിരുന്നു” (ആലുഇംറാന്‍ 117). ”അവര്‍ തെറ്റിയപ്പോള്‍ (സത്യത്തില്‍ നിന്നും) അല്ലാഹു അവരുടെ മനസ്സുകളെ തെറ്റിച്ചുകളഞ്ഞു.” (സ്വഫ്ഫ് 5)
മേല്‍ പറഞ്ഞ ഖുര്‍ആന്‍ വചനങ്ങളെല്ലാം നമ്മെ പഠിപ്പിക്കുന്നത് തെറ്റുകുറ്റങ്ങളുടെ ഉത്തരവാദിത്വം മനുഷ്യര്‍ക്കു തന്നെയാണ് എന്നതാണ്. മറിച്ച്, ചെയ്യുന്ന ശിര്‍ക്കിനും കുഫ്‌റിനും, സിഹ്‌റിനും ഉത്തരവാദി അല്ലാഹുവാണെങ്കില്‍ നാം ഒരിക്കലും കുറ്റക്കാരാവുന്നതല്ല. മറിച്ച്, കുറ്റക്കാരന്‍ അല്ലാഹുവാണ് എന്ന് പറയേണ്ടിവരും. അങ്ങനെയല്ലല്ലോ അല്ലാഹു പഠിപ്പിച്ചത്? കൃത്യമായും ശരി മനസ്സിലാക്കിയിട്ട് തെറ്റുകള്‍ മനപ്പൂര്‍വം ചെയ്യുന്നവരെ അല്ലാഹു അവരുടെ വഴിക്ക് വിടും. അവരെ നന്നാക്കിത്തീര്‍ക്കാനുള്ള ഒരു ശ്രമവും അല്ലാഹുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതല്ല. അതാണ് മേല്‍ പരാമര്‍ശിക്കപ്പെട്ട ഖുര്‍ആന്‍ വചനങ്ങളുടെ താല്‍പര്യം. അതാണ് അല്ലാഹു വഴി പിഴപ്പിക്കും എന്നതിന്റെ വിവക്ഷയും.
അതേയവസരത്തില്‍ മുമ്പ് അല്ലാഹു ഖുര്‍ആനില്‍ അരുൡയതുപോലെ നേര് ആഗ്രഹിക്കുകയും നേര്‍വഴിയിലേക്ക് നയിക്കാന്‍ അല്ലാഹുവോട് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും നേര്‍വഴി തെരഞ്ഞെടുക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹു നേര്‍വഴിയിലേക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുമിച്ചു കൊടുക്കും. അതാണ് അല്ലാഹു അവനുദ്ദേശിക്കുന്നവരെ ഹിദായത്തിലാക്കും എന്നു പറഞ്ഞതിന്റെ താല്‍പര്യവും. താഴെ വരുന്ന ഖുര്‍ആന്‍ വചനങ്ങള്‍ അക്കാര്യവും നമ്മെ ബോധ്യപ്പെടുത്തുന്നു: ”സന്മാര്‍ഗം സ്വീകരിച്ചവര്‍ക്ക് അല്ലാഹു സന്മാര്‍ഗനിഷ്ഠ വര്‍ധിപ്പിച്ചു കൊടുക്കുന്നതാണ്”(മര്‍യം 76). ”സന്മാര്‍ഗം സ്വീകരിച്ചവരാകട്ടെ അല്ലാഹു അവര്‍ക്ക് കൂടുതല്‍ മാര്‍ഗദര്‍ശനം നല്‍കുകയും വേണ്ടതായ സൂക്ഷ്മത അവര്‍ക്ക് നല്‍കുകയും ചെയ്യുന്നതാണ്”(മുഹമ്മദ് 17)
അസ്വ്ഹാബുല്‍ കഹ്ഫ് എന്ന് പറയപ്പെടുന്നവര്‍ അല്ലാഹുവില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ചുരുക്കം ചില ചെറുപ്പക്കാരായിരുന്നു. അവരെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിച്ചത് ശ്രദ്ധിക്കുക: ”തങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ച ഏതാനും യുവാക്കളായിരുന്നു അവര്‍. അവര്‍ക്കു നാം സന്മാര്‍ഗബോധം വര്‍ധിപ്പിക്കുകയും ചെയ്തു”(അല്‍കഹഫ് 13). അപ്പോള്‍ സത്യവിശ്വാസികളായ സല്‍കര്‍മകാരികള്‍ക്ക് അല്ലാഹു ഹിദായത്ത് വര്‍ധിപ്പിച്ചുകൊടുക്കും എന്ന് മേല്‍ പറഞ്ഞ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.
ഇനി നന്മയും തിന്മയും ചെയ്യിപ്പിക്കുന്നത് അല്ലാഹുവാണ് എന്ന് ജഹാലത്ത് പറയുന്നവരുടെ ഏക ന്യായവാദം ഈമാന്‍ കാര്യത്തില്‍ പെട്ട ‘നന്മയും തിന്മയും അല്ലാഹുവിന്റെ പക്കല്‍ നിന്നാണെന്ന വിശ്വാസം’ എന്നതാണ്. അതിന്റെ താല്‍പര്യം എന്താണെന്ന് സലക്ഷ്യം നാം മുകളില്‍ വിശദീകരിച്ചുകഴിഞ്ഞു. അതിന്റെ താല്‍പര്യം അല്ലാഹുവാണ് നന്മയും തിന്മയും ചെയ്യിപ്പിക്കുന്നത് എന്നാണോ? ഒരിക്കലുമല്ല. നന്മയും തിന്മയും അല്ലാഹുവിന്റെ പക്കല്‍ നിന്നാണെന്നു പറഞ്ഞാല്‍ ഈ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നതും നടന്നുകഴിഞ്ഞതും നടക്കാന്‍ പോകുന്നതുമായ സകല കാര്യങ്ങളെക്കുറിച്ചും അല്ലാഹുവിന് മുന്നറിവുണ്ട്.
മേല്‍പറഞ്ഞ സകല കാര്യങ്ങളും അവന്‍ ‘ലൗഹുല്‍ മഹ്ഫൂള്’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട് (അന്‍ആം 59) എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. താഴെ വരുന്ന വചനം അതിനുദാഹരണമാണ്: ”നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവന്‍ അറിയുന്നു”(മുഹമ്മദ് 30). എന്നാല്‍ സിഹ്‌റും ശിര്‍ക്കും കുഫ്‌റും ഹറാമുമെല്ലാം മനുഷ്യന്‍ ചെയ്യുന്നത് അല്ലാഹുവിന്റെ അനുമതിപ്രകാരം അവന്റെ ഇംഗിതത്തോടുകൂടിയാണെന്ന വാദം അഹ്‌ലുസ്സുന്നയില്‍ നിന്നും വഴിപിഴച്ചുപോയ ‘ജബ്‌രിയ്യത്ത്’ എന്നു പറയുന്നവരുടേതാണ്.
സഅദുദ്ദീനു അത്തഫ്താസാനിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: ”അല്ലാഹുവിന്റെ അടിമകള്‍ക്ക് (തെറ്റും ശരിയും) സ്വതന്ത്രമായി പ്രവര്‍ത്തിക്കാവുന്നതാണ്. അല്ലാഹുവിനെ അനുസരിച്ചാല്‍ പ്രതിഫലം ലഭിക്കും. കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടും. ജബ്‌രിയ്യാക്കള്‍ വാദിക്കുന്നതുപോലെ (തെറ്റും ശരിയും ചെയ്യിക്കുന്നത് അല്ലാഹുവാണ്) യല്ല.  അവരുടെ വാദം മനുഷ്യര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ല എന്നാണ്.”(ശറഹുല്‍ അഖാഇദ:, പേജ് 155). ഇതേ വാദം തന്നെയാണ് മുശ്‌രിക്കുകളുടേതും. അല്ലാഹു അരുളി: ”ആ ബഹുദൈവ വിശ്വാസികള്‍ പറയും. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കളോ ശിര്‍ക്കു ചെയ്യുമായിരുന്നില്ല”(അന്‍ആം 148). ശിര്‍ക്കാണല്ലോ ഏറ്റവും വലിയ പാപം. സിഹ്‌റും ശിര്‍ക്കിനാല്‍ ഊട്ടപ്പെട്ട അല്ലാഹുവിനാല്‍ ശപിക്കപ്പെട്ട ഒരു മഹാപാപമാണത്.  അത് ചെയ്യുന്നവര്‍ മാത്രമല്ല, അതിന് പിന്തുണ കൊടുക്കുന്നവരും, അത് ഫലിപ്പിക്കുന്നവരും ശിര്‍ക്കിന് ഫലമുണ്ടെന്നു വാദിക്കുന്നവരും മുശ്‌രിക്കുകളെപ്പോലെത്തന്നെ അല്ലാഹുവിനോട് അവന്റെ കോടതിയില്‍ മറുപടി പറയേണ്ടി വരും.
3.8 8 votes
Article Rating
Back to Top
0
Would love your thoughts, please comment.x
()
x