26 Friday
July 2024
2024 July 26
1446 Mouharrem 19

നടതള്ളപ്പെടുന്ന അവശ വാര്‍ധക്യം

എന്തെങ്കിലും അത്യാഹിതങ്ങള്‍ വരമ്പോഴാണ് ചില പ്രശ്‌നങ്ങള്‍ ജനങ്ങള്‍ അറിയുന്നതും അധികൃത ശ്രദ്ധയില്‍ പെടുന്നതും. രചനാത്മകമായ മാധ്യമപ്രവര്‍ത്തനം പലപ്പോഴും നന്മയുടെ പാതയിലേക്ക് സമൂഹത്തെ നയിക്കാറുണ്ട്. ഏതാനും ദിവസം മുന്‍പ് മലപ്പുറം തവനൂര്‍ വൃദ്ധസദനത്തിലെ നാല് വൃദ്ധര്‍ ഒരേ ദിവസം മരണപ്പെട്ടത് വാര്‍ത്തയായി. ഇതില്‍ അസ്വാഭാവികതയോ ദുരൂഹതകളോ ആരോപിക്കപ്പെടേണ്ടതില്ല. കാരണം വ്യത്യസ്ത നാടുകളില്‍ ഓരോ വൃദ്ധന്‍ മരണപ്പെടുന്നു. തികച്ചും സാധാരണം. ഇവരെല്ലാം ഒരിടത്ത് എങ്ങനെ മരിച്ചു എന്നതാണ് ചോദ്യം. വര്‍ഷങ്ങളായി ഈ വൃദ്ധരെല്ലാം ഒരു സദനത്തിലെ അന്തേവാസികളാണ് എന്നതാണ് കാരണം. ചിലര്‍ ദശാബ്ദങ്ങളായി ഇവിടെയാണ്. അവര്‍ ഒരേസമയം മരണപ്പെടുന്നു എന്നത് യാദൃച്ഛികം. അവരുടെ പരിചരണത്തിലോ ശേഷക്രിയകളിലോ നടത്തിപ്പുകാരുടെ ഭാഗത്ത് വീഴ്ചകള്‍ പറ്റിയോ എന്ന് അന്വേഷിക്കാവുന്നതാണ്. പരിഹാരവും ആവശ്യമാണ്.
എന്നാല്‍ ഇത്തരം വൃദ്ധപ്പുരകളില്‍ ജീവിതം തള്ളി നീക്കുന്നവര്‍ ആരാണ്? ഉറ്റവരും ഉടയവരും ഇല്ലാതെ സര്‍ക്കാരോ സന്നദ്ധ സംഘടനകളോ സംരക്ഷണം ഏറ്റെടുത്തവര്‍ കുറച്ചുപേര്‍ കാണുമെങ്കിലും ഭൂരിപക്ഷം വൃദ്ധരും അത്തരത്തിലുള്ളവരല്ല. സ്വന്തം മക്കളാല്‍ പേരമക്കളാല്‍ ഉപേക്ഷിക്കപ്പെട്ട അപ്പൂപ്പന്മാരും അമ്മൂമ്മമാരും ആണ് വൃദ്ധ മന്ദിരങ്ങളില്‍ കഴിയുന്നവരില്‍ ഏറെയും എന്നാണ് അന്വേഷണം നടത്തിയ മീഡിയ നല്‍കിയ വിവരം. വേറൊരു ഭാഷയില്‍ പറഞ്ഞാല്‍ ചവച്ചരച്ച് നീരൂറ്റിക്കുടിച്ച് തുപ്പിക്കക്കളയുന്ന ചണ്ടിയായി നമ്മുടെ വല്യുപ്പയും വല്യുമ്മയും മാറ്റപ്പെടുന്ന ദുരവസ്ഥ. മാനവികതയുടെ അപചയമാണിത് എന്നേ പറയാനാവൂ.
സൃഷ്ടി വര്‍ഗങ്ങളില്‍ മനുഷ്യന് മാത്രമേ കുടുംബബന്ധങ്ങള്‍ നിലനിര്‍ത്താന്‍ കഴിയൂ. അമ്മയും കുഞ്ഞും എന്ന ഒരു ജൈവബന്ധം എല്ലാ ജന്തുക്കള്‍ക്കുമുണ്ട്. പറക്കമുറ്റുന്നതുവരെ മുലപ്പാല്‍ വറ്റുന്നതുവരെ കുഞ്ഞിനെ നോക്കുക എന്ന ജന്തുസഹജമായ നൈസര്‍ഗികതയ്ക്കപ്പുറം ജന്തുക്കള്‍ക്ക് ബന്ധമില്ല. ഒരു ജന്തുവും തന്റെ വൃദ്ധമാതാപിതാക്കളെയോ പേരക്കുഞ്ഞിനെയോ അറിയില്ല. എന്തിനധികം, ജന്മം നല്‍കിയ പിതാവാരെന്ന് പക്ഷിമൃഗാദികളോ ഉരഗകീട വര്‍ഗങ്ങളോ അന്വേഷിക്കാറില്ല. അത് അവയുടെ പോരായ്മയല്ല; മാറ്റം ആവശ്യമില്ലാത്ത പ്രകൃതിയാണ്. ഇങ്ങനെ കേവലം മൃഗതൃഷ്ണയില്‍ വളര്‍ച്ച പ്രാപിക്കുന്ന ഒരു ഹോമോസാപ്പിയന്‍ സ്പീഷീസല്ല മനുഷ്യന്‍. വിശേഷബുദ്ധിയും ചിന്താശേഷിയും നല്കപ്പെട്ട മനുഷ്യന്‍ ഉത്തരവാദിത്തം ഏല്പിക്കപ്പെട്ട ഉത്കൃഷ്ട സൃഷ്ടിയാണ്. മാതാപിതാ പുത്രകളത്ര ബന്ധങ്ങളും സാഹോദര്യവും കാത്തുസൂക്ഷിക്കുന്ന ബന്ധവിശുദ്ധിയുടെ ബലിഷ്ഠ കവചമാണ് മാനവികതയെ സാര്‍ഥകമാക്കുന്നത്. പ്രപിതാക്കളെയും പേരക്കിടാങ്ങളെയും മനുഷ്യന്‍ മാത്രമേ പരിഗണിക്കാറുള്ളൂ. ഇതിന്റെയെല്ലാം ആധാരം കുടുംബമെന്ന സങ്കല്പമാണ്. ദാമ്പത്യമെന്ന മാധുര്യമാണ്. മതങ്ങള്‍ പൊതുവിലും ഇസ്‌ലാം വിശേഷിച്ചും പഠിപ്പിക്കുന്ന സാമൂഹിക ജീവിതം ഇങ്ങനെയാണ്.
മതബോധവും ധര്‍മനിഷ്ഠയും വിനഷ്ടമാകുന്ന സമൂഹങ്ങളില്‍ ബന്ധശൈഥില്യങ്ങളും തത്ഫലമായുണ്ടാവുന്ന ശിഥില കുടുംബങ്ങളും സമൂഹത്തിന്റെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ടിരിക്കുന്നു. മതനിരാസം ഫാഷനായി കാണുന്നവര്‍ ഈ ദുരവസ്ഥയ്ക്ക് ആക്കം കൂട്ടുന്നു. മതകീയ സമൂഹങ്ങള്‍ക്കിടയില്‍ തന്നെ, ഭൗതിക പ്രമത്തതയും സുഖാഢംബര തത്പരതയും പാശ്ചാത്യഭ്രമവും ചേര്‍ന്നപ്പോള്‍ ബന്ധവിച്ഛേദവും വൃദ്ധ തിരസ്‌കാരവും ശിശുഹത്യയും കൂടിവരുന്നതായി കാണുന്നു. എല്ലാം സാമ്പത്തിക പരിപ്രേക്ഷ്യത്തിലൂടെ കാണുമ്പോള്‍ ആവശ്യമില്ലാത്തത് ഒഴിവാക്കുക എന്ന ‘ഡിസ്‌പോസിബ്ള്‍’ സംസ്‌കാരം മനുഷ്യരിലേക്കു കടന്നുവരുന്നു. ഒരു കുഞ്ഞിനെ പോറ്റിവളര്‍ത്തുന്നത് വലുതാവുമ്പോള്‍ അതില്‍ ലഭിക്കാവുന്ന ലാഭം പ്രതീക്ഷിച്ചല്ല. വൃദ്ധമാതാപിതാക്കളെ സംരക്ഷിക്കുന്നതും പ്രത്യുപകാരം കണ്ടുകൊണ്ടല്ല. മറിച്ച്, അതാണ് മനുഷ്യത്വം. മനുഷ്യത്വം മരവിച്ചവര്‍ക്കുമാത്രമേ കുഞ്ഞിനെ കൊക്കയിലെറിയാനും അച്ഛനമ്മമാരെ തെരുവില്‍ തള്ളാനും കഴിയൂ. ഇത്തരം അനിവാര്യ സംരക്ഷണങ്ങള്‍ ഭൗതിക സര്‍ക്കാറുകളും മനുഷ്യാവകാശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്വന്തം പേരില്‍ സ്വത്തുണ്ടായിട്ടും അവകാശികളാല്‍ തിരസ്‌കൃതരാവുന്ന മാതാപിതാക്കള്‍ക്കുവേണ്ടിയുള്ള ഒരു നിയമമാണ് റിവേഴ്‌സ് മോര്‍ടേജ്. ഇയ്യിടെ പാലക്കാട് ജില്ലയിലെ മുണ്ടൂരിലെ രാജമ്മ എന്ന ഒരു വൃദ്ധയ്ക്കുവേണ്ടി ഈ നിയമം നടപ്പിലാക്കിയതായി വാര്‍ത്ത വന്നിരുന്നു. വൃദ്ധയുടെ മരണശേഷം അവകാശികള്‍ക്ക് അവരുടെ സ്വത്ത് കിട്ടണമെങ്കില്‍ സ്വത്ത് ഈടായി വൃദ്ധയ്ക്ക് ബാങ്ക് നല്‍കിയ കടം വീട്ടിയേ തീരൂ. മാതാപിതാക്കളെ അവഗണിച്ചുതള്ളിയ മക്കള്‍ക്കും ഈയടുത്തകാലത്തായി കോടതി ശിക്ഷയും പിഴയും വിധിച്ചതായും നാം കണ്ടു. എന്നാല്‍ നിയമവും കോടതിയും ശിക്ഷയും ഭയന്നല്ല മാതാപിതാക്കളെയും വൃദ്ധജനങ്ങളെയും പരിചരിക്കുന്നത്. അത് മാനവികതയുടെ തേട്ടമാണ്. ഇസ്‌ലാമില്‍ ഈ സംരക്ഷണം വിശ്വാസത്തിന്റെ ഭാഗമാണ്; മോക്ഷത്തിന്റെ നിബന്ധനയാണ്.
വിശുദ്ധ ഖുര്‍ആന്‍ വചനങ്ങള്‍ എത്രയോ ചിന്തോദ്ദീപകം! ”കാരുണ്യത്തോടുകൂടി എളിമയുടെ ചിറക് നീ മാതാപിതാക്കള്‍ക്ക് താഴ്ത്തിക്കൊടുക്കുക. ‘എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ അവരിരുവരും എന്നെ പോറ്റിവളര്‍ത്തിയതുപോലെ ഇവരോട് നീ കാണിക്കേണമേ’ എന്ന് നീ പ്രാര്‍ഥിക്കുകയും ചെയ്യുക” (17:24). ”അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെ ഇണകളെ ഉണ്ടാക്കുകയും നിങ്ങള്‍ക്ക് പുത്രന്മാരെ ഉണ്ടാക്കിത്തരികയും ചെയ്തിരിക്കുന്നു” (16:72). മനുഷ്യധിഷണയെ തട്ടിയുണര്‍ത്തിക്കൊണ്ട് ആത്മവിചാരത്തിനായി ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു. ”അല്ലാഹുവാണ് നിങ്ങളെ പടച്ചത്. അവന്‍ നിങ്ങളെ മരിപ്പിക്കുകയും ചെയ്യും. നിങ്ങളില്‍ ചിലര്‍, പലതും അറിഞ്ഞതിനുശേഷം യാതൊന്നും അറിയാത്ത അവസ്ഥയില്‍ എത്തത്തക്കവണ്ണം അവശ വാര്‍ധക്യത്തിലേക്ക് തള്ളപ്പെടുന്നു. അല്ലാഹു എല്ലാം അറിയുന്നവനും എല്ലാ കഴിവും ഉള്ളവനുമാകുന്നു” (16:70)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x