30 Monday
June 2025
2025 June 30
1447 Mouharrem 4

ധര്‍മപാതയില്‍ കാലിടറാതെ – പി മുസ്തഫ നിലമ്പൂര്‍

അല്ലാഹുവാണ് സര്‍വലോക സ്രഷ്ടാവും സംരക്ഷകനും. അവന്‍ സര്‍വതിന്റെയും പരമാധികാരിയാണ്. മുഴുവന്‍ അനുഗ്രഹങ്ങളും നന്മകളും അവനില്‍ നിന്നുള്ളതാണ്. ഇവ അവന്റെ പ്രീതിക്ക് സമര്‍പ്പിക്കുകയെന്നത് അവനിലുള്ള സമര്‍പ്പണത്തിന്റെയും നന്ദിയുടെയും ഭാഗമാണ്. അല്ലാഹുവിനെയും റസൂലിനെയും യഥാവിധം വിശ്വസിക്കുകയും തന്റെ രക്ഷിതാവിന്റെ പ്രീതിക്കായി അവന്റെ മാര്‍ഗത്തില്‍ നിലകൊണ്ടും സമര്‍പ്പിച്ചും ജീവിക്കേണ്ടവരാണ് നാം. അന്നേരം നന്ദിയുള്ള ദാസര്‍ക്ക് വിജയം സുനിശ്ചിതമാണ്. ഒരാളുടെ ഇച്ഛയെ റബ്ബിന്റെ സംതൃപ്തിക്കായി സമര്‍പ്പിക്കാന്‍ കഴിയല്‍ ത്യാഗം (ജിഹാദ്) ആണ്. അവര്‍ക്കാണ് സ്വര്‍ഗമുള്ളത്. ”അപ്പോള്‍ ഏതൊരാള്‍ തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കി നിര്‍ത്തുകയും ചെയ്തുവോ (അവന്) സ്വര്‍ഗം തന്നെയാണ് സങ്കേതം.” (സൂറതു നാസിആത്ത് 40,41)
വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും നാട്ടിലും ശാന്തിയും സമാധാനവുമാണ് ഇസ്‌ലാം ആഗ്രഹിക്കുന്നത്. ഇസ്‌ലാമിന്റെ ഏത് നിയമത്തിലും സത്യം, നീതി, സഹിഷ്ണുത, സമാധാനം, പ്രായോഗികത എന്നിവ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ സമാധാനം തകര്‍ക്കുകയും സമൂഹത്തിന്റെ നിലനില്‍പ്പിനെ തകിടം മറിക്കുകയും ചെയ്യുമ്പോള്‍ സമാധാന അന്തരീക്ഷത്തിനായി പോരാടുക എന്നതും സാമാധാന സംസ്ഥാപനത്തിന് അനിവാര്യമാണ്. അത് തന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലും പ്രീതിക്കും ആകുമ്പോഴാണ് ധര്‍മയുദ്ധമായി  തീരുന്നത്. ”സത്യവിശ്വസികളേ, വേദനാജനകമായ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ? നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കണം. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളുടെ സ്വത്തുകള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും നിങ്ങള്‍ സമരം ചെയ്യുകയും വേണം. അതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്. നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍.” (സ്വഫ്ഫ് 10, 11)
”നിങ്ങള്‍ സൗകര്യമുള്ളവരാണെങ്കിലും ഞെരുക്കമുള്ളവരാണെങ്കിലും (ധര്‍മ്മ സമരത്തിന്) ഇറങ്ങി പുറപ്പെട്ടു കൊള്ളുക. നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിങ്ങള്‍ സമരം ചെയ്യുക. അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടെങ്കില്‍.” (തൗബ 41)
നബി(സ) പറഞ്ഞു: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പുറപ്പെട്ടവന്റെ ഉത്തരവാദിത്വം അവന്‍ ഏറ്റെടുത്തിരിക്കുന്നു. കാരണം. എന്റെ മാര്‍ഗത്തിലുള്ള സമരവും എന്നിലുള്ള ദൃഢവിശ്വാസവും എന്റെ ദൂതനെ സത്യപ്പെടുത്തലും മാത്രമാണ് അവനെ വീട്ടില്‍ നിന്ന് പുറപ്പെടുവിച്ചത്.” (ബുഖാരി 2803, മുസ്‌ലിം 1876)
ധര്‍മ്മസമരത്തില്‍ നബി(സ)യുടെ പ്രാര്‍ഥന, അദ്ദേഹത്തിന്റെ തവക്കല്‍ മനസ്ഥിതിയെ നമുക്ക് വ്യക്തമാക്കി തരുന്നു. ”അല്ലാഹുവേ, നീയാണ് എന്റെ രക്ഷകനും സഹായിയും. നിന്നെയും കൊണ്ടാണ് ഞാന്‍ മുന്നോട്ട് നയിക്കുന്നത്. നിന്റെ സഹായത്തിലാണ് ഞാന്‍ ശത്രുവിനെ അതിജയിക്കുന്നതും അടരാടുന്നതും.”  (അബുദാവൂദ് 2632, തിര്‍മിദി 3578)
കര്‍മങ്ങളില്‍ ശ്രേഷ്ഠവും മഹത്വവുമുള്ളതാണ് ജിഹാദ്. അബൂദര്‍റ്  ജുന്‍ദുബ്ബ്‌നു ജുനാദ(റ) പറയുന്നു: ഞാന്‍ പ്രവാചകനോട് ചോദിച്ചു: പ്രവാചകരേ, കര്‍മങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് ഏതാണ്?  നബി(സ) പറഞ്ഞു: അല്ലാഹുവിലുള്ള വിശ്വാസവും അവന്റെ മാര്‍ഗ്ഗത്തിലുള്ള ധര്‍രസമരവും.” (ബുഖാരി 2518, മുസ്‌ലിം 84)
ഇബ്‌നുമസ്ഊദ്(റ) ഒരിക്കല്‍ നബി(സ)യോട് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട കര്‍മ്മം ഏതാണെന്ന് ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞത്, കൃത്യസമയത്തുള്ള നമസ്‌ക്കാരം, മാതാപിതാക്കളോട് നന്മ ചെയ്യല്‍, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള ജിഹാദ് എന്നിവയാണ്. (ബുഖാരി 527). മറ്റൊരിക്കല്‍ ഏറ്റവും ശ്രേഷ്ഠകരമായ കര്‍മ്മത്തെ സംബന്ധിച്ച്  ചോദിച്ചപ്പോള്‍, അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കല്‍, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള ജിഹാദ്, പുണ്യകരമായ ഹജ്ജ് എന്നിങ്ങനെ നബി(സ) പറഞ്ഞു. (ബുഖാരി 1519)
അനസ്(റ) ഉദ്ധരിക്കുന്നു: നബി(സ) പറഞ്ഞു: പ്രഭാതത്തിലോ പ്രദോഷത്തിലോ അല്ലാഹുവിന്റെ മാര്‍ഗ്ഗങ്ങളില്‍ സമരത്തിന് പുറപ്പെടല്‍ ഇഹലോകവും അതിലുള്ളത് മുഴുവനും ലഭിക്കുന്നതിനെക്കാള്‍ മഹത്തരമാണ്.” (ബുഖാരി 2792, മുസ്‌ലിം 1880)
അബുഹുറയ്‌റ(റ) പറയുന്നു: ”പ്രവാചകനോട്(സ) ഒരിക്കല്‍ ചോദിക്കപ്പെട്ടു. പ്രവാചകരേ, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള സമരത്തിന് തുല്യമായ കര്‍മമേതാണ്. അവിടുന്ന് പറഞ്ഞു: അത് നിങ്ങള്‍ക്ക് സാധ്യമല്ല.” (ബുഖാരി 2785)
നബി(സ) പറഞ്ഞു: …. നിശ്ചയം നിങ്ങളിലൊരാള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യോദ്ധാവായി നിലക്കൊള്ളുകയാണ്. തന്റെ ഭവനത്തില്‍ വെച്ചുള്ള എഴുപത് വര്‍ഷത്തെ നമസ്‌ക്കാരത്തിനെക്കാളും ഉല്‍കൃഷ്ഠമായത്.” (തിര്‍മുദി 1650)
ധര്‍മ്മസമരത്തിനുള്ള തയ്യാറെടുപ്പും സഹായസഹകരണങ്ങളും പ്രതിഫലാര്‍ഹമാണ്. നബി(സ) പറഞ്ഞു: ഒരാള്‍ അല്ലാഹുവിലും അവന്റെ വാഗ്ദാനത്തിലും വിശ്വാസമര്‍പ്പിച്ചു കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരു കുതിരയെ പരിപാലിച്ചാല്‍ അത് വയറ് നിറക്കുന്നതും ദാഹം തീര്‍ക്കുന്നതും അതിന്റെ കാഷ്ഠവും മൂത്രവുമെല്ലാം തന്നെ അന്ത്യനാളില്‍ അയാളുടെ (നന്മയുടെ) തുലാസില്‍ തൂങ്ങുന്നതാണ്. (ബുഖാരി 2853). രക്തസാക്ഷിത്വം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചവന് അങ്ങനെ സംഭവിച്ചില്ലെങ്കിലും അതിന്റെ പ്രതിഫലമുണ്ടെന്ന് നബി(സ) പ്രസ്താവിച്ചിട്ടുണ്ട്. (മുസ്‌ലിം 1908)
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള ധര്‍മസമരത്തില്‍ രക്തസാക്ഷിയാകുന്നവര്‍ക്ക് ഉറുമ്പ് കടിക്കുന്ന മരണ വേദന മാത്രമേയുണ്ടാകൂ. ഖബര്‍ ശിക്ഷയില്‍ നിന്നും അവര്‍ സുരക്ഷിതരാണ്. അന്ത്യനാളില്‍ അവരുടെ മുറിവില്‍ നിന്ന് രക്തം ഒലിക്കുന്ന അവസ്ഥയിലായിരിക്കും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുക. അതിന്റെ വര്‍ണ്ണം രക്തത്തിന്റെതും ഗന്ധം കസ്തൂരിയുടെതുമായിരിക്കും. (ബുഖാരി 5533, മുസ്‌ലിം 1876)
ഈ ശ്രേഷ്ഠതയും പ്രതിഫലവും ലഭിക്കുന്നതെല്ലാം റബ്ബിലുള്ള ദൃഢവിശ്വാസം കൊണ്ടും അവനിലേക്കുള്ള സമര്‍പ്പണ മനോഭാവം നിമിത്തവുമാണ്. കപട വിശ്വാസികളും അവിശ്വാസികളും നിര്‍ണായകമായ ഇത്തരം ഘട്ടത്തില്‍ വഞ്ചകരായി തിരിഞ്ഞു കളയും. കാരണങ്ങള്‍ ബോധിപ്പിക്കുന്നവരും അല്ലാത്തവരും അവരിലുണ്ടാകും. എന്നാല്‍ രണാങ്കണത്തിലിറങ്ങിയവരില്‍ തന്നെ പിന്തിരിഞ്ഞോടുന്ന പ്രവണത ചിലപ്പോള്‍ സംഭവിക്കാം. വിശ്വാസ ദുര്‍ബലത കൊണ്ടോ പരീക്ഷണ സാഹചര്യത്തിലോ ആകാം. ഇത് കടുത്ത പാപവും വന്‍പാപങ്ങളില്‍ പെട്ടതുമാണ്. പൊതുനന്മ ലക്ഷ്യമാക്കിയാണ് ധര്‍മസമരം നടത്തുന്നതെന്നിരിക്കെ നന്മയുടെ സംഘത്തെ ദുര്‍ബലമാക്കുകയും വഞ്ചിക്കുകയും ചെയ്യുന്നതോടൊപ്പം അധര്‍മത്തിന്റെ സംഘത്തെ ശക്തിപ്പെടുത്തലുമാണത്.
ല്ലാഹു പറയുന്നു: ”സത്യവിശ്വസികളേ, സത്യനിഷേധികള്‍ പടയണിയായി വരുന്നത് നിങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ അവരില്‍ നിന്ന് പിന്തിരിഞ്ഞു ഓടരുത്. യുദ്ധതന്ത്രത്തിനായി സ്ഥാനം മാറുന്നതിനോ (സ്വന്തം) സംഘത്തോടൊപ്പം ചേരുന്നതിനോ അല്ലാതെ അന്ന് അവരില്‍ നിന്നു (ശത്രുക്കളുടെ മുമ്പില്‍ നിന്ന്) വല്ലവനും പിന്തിരിഞ്ഞു കളയുന്ന പക്ഷം അവന്‍ അല്ലാഹുവില്‍ നിന്നുള്ള കോപത്തിനു പാത്രമായിരിക്കുന്നതും അവന്റെ സങ്കേതം നരകമായിരിക്കുന്നതുമാണ്. ചെന്നു ചേരാന്‍ കൊള്ളരുതാത്ത സ്ഥലമത്രെ അത്.” (അന്‍ഫാല്‍ 15,16)
Back to Top