22 Sunday
December 2024
2024 December 22
1446 Joumada II 20

ദൈവിക പരീക്ഷണങ്ങള്‍ വിവിധ രൂപത്തില്‍ – പി കെ മൊയ്തീന്‍ സുല്ലമി

നന്മയും തിന്മയും അല്ലാഹുവിന്റെ പക്കല്‍ നിന്ന് ഉണ്ടാകുന്ന പ്രതിഭാസമാണെന്നത് ഈമാന്‍ കാര്യത്തില്‍ പെട്ടതാണ്. അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള ശിക്ഷകള്‍ നാല് അവസ്ഥകളില്‍ ഉണ്ടാകാം എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
(ഒന്ന്) അല്ലാഹുവിങ്കല്‍ നിന്നുള്ള ശിക്ഷ. മൂസാ(അ)ക്ക് അല്ലാഹു രക്ഷ നല്‍കിയതും ഫറോവയെ കടലില്‍ മുക്കിക്കൊന്നതും ഇതിന് ഉദാഹരണമാണ്. അല്ലാഹു പറയുന്നു: ”അങ്ങനെ രണ്ട് സംഘവും പരസ്പരം കണ്ടപ്പോള്‍ മൂസായുടെ അനുചരന്മാര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിടിക്കപ്പെട്ടവര്‍ തന്നെയാണ്. അദ്ദേഹം (മൂസാ) പറഞ്ഞു: ഒരിക്കലുമില്ല. തീര്‍ച്ചയായും എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട്. അവന്‍ എനിക്ക് വഴി കാണിച്ചുതരും. അപ്പോള്‍ നാം മൂസാക്ക് വഹ്‌യ് നല്‍കി. നീ നിന്റെ വടികൊണ്ട് കടലില്‍ അടിക്കൂ എന്ന്. അങ്ങനെ കടല്‍ പിളരുകയും അനന്തരം വെള്ളത്തിന്റെ ഓരോ ഭാഗവും വലിയ പര്‍വതം പോലെ ആയിത്തീരുകയും ചെയ്തു. മറുകക്ഷിയെയും (ഫിര്‍ഔന്‍ പക്ഷം) നാം അതിന്റെ അടുത്തെത്തിക്കുകയുണ്ടായി. മൂസായെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും മുഴുവന്‍ നാം രക്ഷപ്പെടുത്തി. പിന്നെ മറുകക്ഷിയെ നാം മുക്കി നശിപ്പിച്ചു.” (ശുഅറാ 61-66)
ഫിര്‍ഔനിന് സമാനമായ നിലയില്‍ മൂസാനബി(അ)യെ ദ്രോഹിച്ച വ്യക്തിയായിരുന്നു ഖാറൂന്‍. അദ്ദേഹത്തെയും അല്ലാഹു കഠിനമായി ശിക്ഷിച്ചു. ”അങ്ങനെ അവനെയും അവന്റെ ഭവനത്തെയും നാം ഭൂമിയില്‍ ആഴ്ത്തിക്കളഞ്ഞു.” (ഖസ്വസ് 81). ഫിര്‍ഔനിന്റെ മരണ ശേഷവും അദ്ദേഹത്തിന്റെ ജനത ധിക്കാരം തുടര്‍ന്നുകൊണ്ടേയിരുന്നു. അവര്‍ക്കും അല്ലാഹു ശിക്ഷ നല്‍കുകയുണ്ടായി. ”വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവളകള്‍, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിത്തീരുകയും ചെയ്തു.” (അഅ്‌റാഫ് 133)
നിഷേധികളെ മാത്രമല്ല, അല്ലാഹു ശിക്ഷിക്കുക, തെറ്റുകള്‍ ചെയ്താല്‍ പ്രവാചകന്മാരെ അടക്കം അല്ലാഹു ശിക്ഷിക്കും. യൂനുസ് നബി(അ)യുടെ ചരിത്രം അതാണ് പഠിപ്പിക്കുന്നത്. ”യൂനുസും ദൂതന്മാരില്‍ പെട്ടവന്‍ തന്നെയാണ്. ഭാരം നിറച്ച കപ്പലിലേക്ക് അദ്ദേഹം ഓടിപ്പോയ സന്ദര്‍ഭം (ഓര്‍ക്കുക). അങ്ങനെ അദ്ദേഹം നറുക്കെടുപ്പില്‍ പങ്കെടുത്തു. അപ്പോള്‍ അദ്ദേഹം പരാജിതരുടെ കൂട്ടത്തിലായിത്തീര്‍ന്നു. അങ്ങനെ അദ്ദേഹം ആക്ഷേപത്തിന് അര്‍ഹനാകും വിധം ആ വന്‍ മത്സ്യം അദ്ദേഹത്തെ വിഴുങ്ങി. എന്നാല്‍ അദ്ദേഹം അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്നവരുടെ കൂട്ടത്തിലായിരുന്നില്ലെങ്കില്‍ ജനങ്ങള്‍ ഉയിര്‍ത്തെഴുന്നേല്പിക്കപ്പെടുന്ന ദിവസം വരെ അതിന്റെ വയറ്റില്‍ തന്നെ അദ്ദേഹത്തിന് കഴിഞ്ഞുകൂടേണ്ടി വരുമായിരുന്നു. എന്നിട്ട് അദ്ദേഹത്തെ രോഗിയായ നിലയില്‍ തുറന്ന സ്ഥലത്തേക്ക്് നാം തള്ളി.” (സ്വാഫ്ഫാത്ത്് 139-146)
യൂനുസ് നബി(അ) പ്രബോധനത്തില്‍ നിന്നും നിരാശപ്പെട്ട് പിന്തിരിഞ്ഞോടിയതിന്റെ പേരില്‍ അദ്ദേഹത്തെ മത്സ്യം വിഴുങ്ങുകയും അദ്ദേഹത്തിന്റെ പ്രാര്‍ഥനയുടെ കാഠിന്യം കാരണം അല്ലാഹു അദ്ദേഹത്തെ കരയിലേക്ക് രക്ഷപ്പെടുത്തുകയും ചെയ്ത ചരിത്രമാണ് മേല്‍ വിശദീകരിച്ചത്. ഉഹ്ദ് യുദ്ധത്തില്‍ പരാജയം നല്‍കിക്കൊണ്ട് പരീക്ഷിക്കപ്പെട്ടത് അനുസരണക്കേടിന്റെ പേരിലായിരുന്നെങ്കില്‍ ഹുനൈന്‍ യുദ്ധത്തില്‍ പരാജയമുണ്ടായത് അഹങ്കാരത്തിന്റെ പേരിലായിരുന്നു.
(രണ്ട്) സത്യവിശ്വാസികള്‍ക്ക് അവരുടെ വിശ്വാസത്തെ പരീക്ഷിക്കാന്‍ വേണ്ടി യാതനകളും വിഷമതകളും നല്‍കും. അല്ലാഹു പറയുന്നു: ”ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നതുകൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ ഒഴിവാക്കപ്പെടുമെന്ന് മനുഷ്യര്‍ ധരിച്ചുവെച്ചിരിക്കുകയാണോ?” (അന്‍കബൂത്ത് 2). വിശ്വാസത്തിന്റെ തോതനുസരിച്ച് ഇത്തരം പരീക്ഷണങ്ങള്‍ ഉണ്ടാകാവുന്നതാണ്. നബി(സ) പറയുന്നു: ”ജനങ്ങളില്‍ വെച്ചേറ്റവും പരീക്ഷണത്തിന്ന് വിധേയരാകുന്നവര്‍ പ്രവാചകന്മാരാണ്. പിന്നെ സജ്ജനങ്ങളുമാണ്.” (അസ്വ്ഹാബുസ്സുനന്‍)
ഇത്തരം കഠിനമായ പരീക്ഷണത്തിന് വിധേയനായ ഒരു പ്രവാചകനായിരുന്നു അയ്യൂബ് നബി(അ). ശാരീരികമായും സാമ്പത്തികമായും സന്താനപരമായും വളരെയധികം സൗഖ്യം അനുഭവിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തെ അല്ലാഹു പരീക്ഷണങ്ങള്‍ക്ക് വിധേയനാക്കി. സന്താനങ്ങള്‍ ഓരോരുത്തരായി മരണപ്പെട്ടു. സമ്പത്ത് മുഴുവന്‍ നശിച്ചു. ജനങ്ങള്‍ വെറുക്കുന്ന വിധമുള്ള മാരകമായ രോഗം നല്‍കപ്പെട്ടു. പക്ഷെ, അദ്ദേഹം അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശനാകാതെ ക്ഷമയും തവക്കുലുമായി മുന്നോട്ട് പോയി. ”അയ്യൂബിനെയും ഓര്‍ക്കുക. അദ്ദേഹം തന്റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് ഇപ്രകാരം പ്രാര്‍ഥിച്ച സംഭവം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണ്യകരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ. അപ്പോള്‍ അദ്ദേഹത്തിന് നാം ഉത്തരം നല്‍കുകയും, അദ്ദേഹത്തിന്് നേരിട്ട കഷ്ടപ്പാട് നാം അകറ്റിക്കളയുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അവരോടൊപ്പം അവരുടെ അത്രയും പേരെ നാം അദ്ദേഹത്തിന് നല്‍കുകയും ചെയ്തു” (അന്‍ബിയാഅ് 83, 84)
സൂറത്ത് സ്വാദിലെ 41-ാം വചനത്തെ ഇമാം ഇബ്‌നു കസീര്‍(റ) വിശദീകരിക്കുന്നു: ”അല്ലാഹു അദ്ദേഹത്തിന്റെ ശരീരത്തിലും സമ്പത്തിലും സന്താനങ്ങളിലും പരീക്ഷിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ശരീരത്തില്‍ ഹൃദയമൊഴിച്ച് രോഗം ബാധിക്കാത്ത ഒരു സൂചി കുത്തുന്ന സ്ഥലം പോലും അവശേഷിച്ചിരുന്നില്ല.” (4:39)
ബിലാല്‍, അമ്മാറുബ്‌നു യാസിര്‍, സുമയ്യ, ഖബാബ്(റ) തുടങ്ങിയവരെല്ലാം വിശ്വാസപരമായി പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അവരൊക്കെ പരീക്ഷിക്കപ്പെട്ടത് കഠിനമര്‍ദനങ്ങളാലായിരുന്നു. അപ്പോള്‍ ദൈവികമായ പരീക്ഷണങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിങ്കല്‍ നിന്ന് നേരിട്ടും മറ്റു ചിലപ്പോള്‍ ശത്രുക്കളാലും ഉണ്ടായേക്കാം. ശത്രുക്കളുടെ ദ്രോഹം മുഖേനയാണ് പരീക്ഷണമെങ്കില്‍ കഴിയുമെങ്കില്‍ അതിനെ നേരിടണം. ഖുര്‍ആന്‍ പറയുന്നു: ”നിങ്ങള്‍ക്കെതിരെ ആര്‍ അതിക്രമം കാണിച്ചാലും അവന്‍ നിങ്ങളുടെ മേല്‍ കാണിച്ച അതിക്രമത്തിന് തുല്യമായി അവന്റെ നേരെയും അതിക്രമം കാണിച്ചുകൊള്ളുക.” (അല്‍ബഖറ 194)
അതിക്രമം സമൂലനാശമാണ്. അതിനെ കഴിയുമെങ്കില്‍ പ്രതിരോധിക്കാം. അല്ലാത്തപക്ഷം അല്ലാഹുവില്‍ ഭരമേല്പിച്ച് അവനോട് സഹായം തേടുക. അതാണ് മക്കയില്‍ വെച്ച് അതിക്രമമുണ്ടായപ്പോള്‍ നബി(സ)യും സ്വഹാബികളും ചെയ്തത്. എടുത്തുചാട്ടം ഒന്നിനും പരിഹാരമല്ല.
(മൂന്ന്) ജനങ്ങള്‍ മുഴുകിക്കൊണ്ടിരിക്കുന്ന തെറ്റുകുറ്റങ്ങളില്‍ നിന്നും അവര്‍ മോചിതരാകാന്‍ വേണ്ടി അല്ലാഹു ഇടക്കിടെ പരീക്ഷണാര്‍ഥം ചില ശിക്ഷകള്‍ നടപ്പില്‍ വരുത്താറുണ്ട്. അല്ലാഹു പറയുന്നു: ”ഏറ്റവും വലിയ ആ (പരലോക) ശിക്ഷ കൂടാതെ ചില ചെറിയ തരം ശിക്ഷകളും നാം അവരെ ആസ്വദിപ്പിക്കുന്നതാണ്. അവര്‍ (തെറ്റുകളില്‍നിന്നും) മടങ്ങിയേക്കാം.” (സജദ 21). ഇത്തരം ശിക്ഷകള്‍ ചിലപ്പോള്‍ നല്ല മനുഷ്യരെയും ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ നാട്ടില്‍ നടമാടുന്ന തിന്മകള്‍ക്കെതിരെ നിശ്ശബ്ദരാവുകയോ മൗനാനുവാദം നല്‍കുകയോ ചെയ്യുന്നവരും പ്രസ്തുത ശിക്ഷയില്‍ അകപ്പെടുന്നതാണ്.
അല്ലാഹു പറയുന്നു: ”ഒരു പരീക്ഷണം (ശിക്ഷ) വരുന്നത് നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളില്‍ നിന്നുള്ള അതിക്രമികള്‍ക്ക് പ്രത്യേകമായിട്ടായിരിക്കില്ല.” (അന്‍ഫാല്‍ 125). നാട്ടില്‍ അക്രമം നടമാടുമ്പോള്‍ അതിനെ ഇസ്വ്‌ലാഹ് (നന്നാക്കിത്തീര്‍ക്കുക) എന്നാണ് ഖുര്‍ആനിന്റെ കല്പന. എങ്കില്‍ ആ നാടിനെ അല്ലാഹു നശിപ്പിക്കുന്നതല്ലായെന്നാണ് അല്ലാഹു പറയുന്നത്. അല്ലാഹു പറയുന്നു: ”നാട്ടുകാര്‍ സല്‍പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരായിരിക്കെ താങ്കളുടെ രക്ഷിതാവ് അന്യായമായി നാടുകള്‍ നശിപ്പിക്കുന്നതല്ല.” (ഹൂദ് 117)). ഭൂകമ്പം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തുടങ്ങിയവയും ഭയം, വിശപ്പ്, ധനനഷ്ടം ആദിയായവയും ഇത്തരം ശിക്ഷകളുടെ ഭാഗമായി വരാവുന്നതാണ്. എന്നാല്‍ ഇത്തരം ശിക്ഷകള്‍കൊണ്ട് മുന്‍ഗാമികളെ അല്ലാഹു ഒന്നടങ്കം നശിപ്പിച്ചതുപോലെ സമൂലനാശം വരുത്തും വിധത്തിലായിരിക്കില്ലായെന്ന് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ ഒന്നിലധികം തവണ രേഖപ്പെടുത്തിയിട്ടുണ്ട്.
(നാല്) അല്ലാഹുവിന്റെ നടപടി എന്ന നിലയില്‍ വരുന്ന പരീക്ഷണങ്ങള്‍. ഇത്തരം പരീക്ഷണങ്ങള്‍ മനുഷ്യന്‍ ഒരുക്കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ക്കും അപ്പുറത്തായിരിക്കും. അതില്‍ ക്ഷമിക്കുക, സംഭവിച്ച വിപത്തിന്ന് പകരമായി നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ അനുഗ്രഹത്തിന്ന് അല്ലാഹുവിനോട് പ്രാര്‍ഥിക്കുക എന്നതായിരിക്കണം അത്തരം സന്ദര്‍ഭങ്ങളിലെ നിലപാട്. അല്ലാഹു അവന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നവനാണ്. അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. അല്ലാഹു പറയുന്നു: ”അവന്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുകയില്ല. അവരാകട്ടെ ചോദ്യം ചെയ്യപ്പെടുന്നതുമാണ്” (അന്‍ബിയാഅ് 23). ”തീര്‍ച്ചയായും നിന്റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് തികച്ചും നടപ്പിലാക്കുന്നവനാകുന്നു.” (ഹൂദ് 107)
ബസ്സിന്റെ മുകളിലേക്ക് മരം വീണ് അതിലുള്ള യാത്രക്കാര്‍ മരിക്കുക. ഉരുള്‍പൊട്ടലിലൂടെ കുടുംബങ്ങള്‍ വീടുകളടക്കം ഭൂമിയില്‍ ആഴ്ന്നുപോവുക തുടങ്ങിയവ മേല്‍ പറഞ്ഞ അല്ലാഹുവിന്റെ നടപടിയില്‍ പെട്ടതായേക്കാം. മേല്‍പറഞ്ഞ യാത്രക്കാരും കുടുംബങ്ങളും മോശക്കാരായിരിക്കണം എന്നില്ല. അല്ലാഹു പറയുന്നു: ”അവനൊരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു.”
(അല്‍ബഖറ 117)

Back to Top