12 Thursday
December 2024
2024 December 12
1446 Joumada II 10

ദുരന്തമുഖത്തെ നാസ്തിക വിഭ്രാന്തികള്‍

സി പി അബ്ദുസ്സമദ്‌


കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളപായമുണ്ടായ ദുരന്തം. വയനാട് മുണ്ടക്കൈ, ചൂരല്‍മല ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കേരളത്തിലൊഴുക്കിയത് കണ്ണീര്‍പ്പുഴയാണ്. ഇതിനു മുന്‍പ് ഒറ്റ സംഭവത്തിലായി കൂടുതല്‍ ആളുകള്‍ കേരളത്തില്‍ മരണപ്പെട്ടത് 2004ല്‍ കൊല്ലം അഴീക്കലിലുണ്ടായ സുനാമിയിലായിരുന്നു. അന്ന് കണക്കുകള്‍ പ്രകാരം 169 മുതല്‍ 178 വരെ ആളുകളാണ് മരണപ്പെട്ടത്. എന്നാല്‍ ആഴ്ചകള്‍ക്കു മുമ്പ് വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ നാന്നൂറിലധികം ആളുകളുടെ മരണം സ്ഥിരീകരിച്ചു കഴിഞ്ഞു. അതായത് ഇതിനു മുമ്പ് ഉണ്ടായ അപകടത്തിന്റെ ഇരട്ടിയിലധികം ആളപായം വിഷയത്തില്‍ ഇപ്പോള്‍ തന്നെ പിന്നിട്ടുകഴിഞ്ഞു. ഇനിയും ഒത്തിരിപ്പേരെ കണ്ടുകിട്ടിയിട്ടില്ല. 2018ലെ മഹാപ്രളയത്തില്‍ കേരളത്തിലൊട്ടാകെ വിവിധ ഉരുള്‍പൊട്ടലുകളിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി മരണപ്പെട്ടവരുടെ എണ്ണം 483ഓളമാണ്. അതുമായി താരതമ്യം ചെയ്താല്‍ ഒരു ഗ്രാമത്തിലെ രണ്ടു വാര്‍ഡുകളില്‍ നിന്നുമായി മാത്രം നാന്നൂറിലധികം ആളുകള്‍ മരണപ്പെട്ട ഈ ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിയാന്‍ സാധിക്കും. കുടുംബത്തോടെ ഒലിച്ചുപോയവര്‍, വീടും സമ്പാദ്യവും കുടുംബവും മുഴുവന്‍ നഷ്ടപ്പെട്ട് തനിച്ചായവര്‍ എന്നിങ്ങനെ അനേകം ദുരന്തബാധിതരെ നമുക്കവിടെ കാണാം.
ഈ അപകടത്തിന്റെ ആഴം മനസ്സിലാക്കിത്തന്നെ കേരളം മുഴുവന്‍ ഈ ദുരിതബാധിതര്‍ക്കൊപ്പം നില്‍ക്കുകയാണ്. ജോലിത്തിരക്കുകളെല്ലാം മാറ്റിവച്ച് ദുരന്തം സംഭവിച്ച സ്ഥലത്തും പരിസരങ്ങളിലുമായി രക്ഷാപ്രവര്‍ത്തനവും മൃതദേഹങ്ങളെ കണ്ടെത്തലും അവ സംസ്‌കരിക്കലും ശുചീകരണവും അടക്കം ഒത്തിരി സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട നൂറുകണക്കിന് മനുഷ്യരെ നമുക്ക് കാണാം.
അവിടെയെത്താത്ത കോടിക്കണക്കിന് മനുഷ്യരും ഈ ദുരന്തത്തില്‍പെട്ടവര്‍ക്ക് തണലായി വര്‍ത്തിക്കുന്നുണ്ട്. ഭൂമി സംഭാവന ചെയ്തും, തുകയും മറ്റ് അവശ്യസാധനങ്ങളുമെല്ലാം ശേഖരിച്ചും വീട് നിര്‍മാണവും, വിദ്യാര്‍ഥികളുടെ പഠനവും അടക്കമുള്ള ഈ പ്രദേശവാസികളുടെ പുനരധിവാസത്തിനായി പലതരം പ്രവര്‍ത്തനങ്ങളാല്‍ തിരക്കിലാണ് കേരളത്തിലെ മിക്ക ജനങ്ങളും. ഈ ആളുകള്‍ വിവിധ മതവിശ്വാസികളും വ്യത്യസ്ത രാഷ്ട്രീയധാരകള്‍ കൊണ്ടുനടക്കുന്നവരും വ്യത്യസ്ത സന്നദ്ധ സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ആണ്.
ആ വ്യത്യാസങ്ങളെല്ലാം മാറ്റിവെച്ചുകൊണ്ട് നന്മയുടെയും ജനക്ഷേമത്തിന്റെയും വഴിയില്‍ അവര്‍ ഒന്നിക്കുകയാണ്. ആശയപരമായി ഏറെ അന്തരമുള്ള സമുദായ, രാഷ്ട്രീയ സംഘടനകളുടെ സന്നദ്ധ പ്രവര്‍ത്തകര്‍ വിവിധങ്ങളായ തങ്ങളുടെ യൂണിഫോമുകളില്‍ കൈകോര്‍ത്ത് നില്‍ക്കുന്ന ചിത്രം കേരളത്തില്‍ ട്രെന്‍ഡിംഗാണ്. പ്രസക്തമായ പല അഭിപ്രായ വ്യത്യാസങ്ങള്‍ പോലും ഈ ഒരു സമയത്ത് മാറ്റിവെച്ച് എല്ലാ സംഘങ്ങളും ഔചിത്യം കാണിക്കുന്ന മനോഹരമായ കാഴ്ച.
അത്തരത്തിലുള്ള ഒരു അഭിപ്രായപ്രകടനങ്ങളും ചര്‍ച്ചയും കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ കാണാന്‍ കഴിയാത്ത സമയം. ഇനി തങ്ങളുടെ ആശയത്തെ പറ്റിയോ പ്രത്യയശാസ്ത്രത്തെ പറ്റിയോ സംഘടനയെ പറ്റിയോ ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ തന്നെ, അതിലൂടെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന, സാന്ത്വനമേകുന്ന കാര്യങ്ങള്‍ മാത്രം പറയാന്‍ എല്ലാവരും ശ്രദ്ധിച്ചു.
നാസ്തിക
അല്‍പത്തരങ്ങള്‍

എന്നാല്‍ കേരളീയരുടെ ഈ പൊതുസ്വഭാവത്തില്‍ നിന്നു വ്യത്യസ്തമായ ഒരു വിഭാഗത്തെ നമുക്ക് കാണാന്‍ കഴിയും. നമുക്ക് അവരില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തക സംഘങ്ങളെ കാണാന്‍ കഴിയില്ല. ദുരിതബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയിലും അവരില്ല. പക്ഷേ അവര്‍ ബഹുഭൂരിപക്ഷം വരുന്ന ദുരിതബാധിതരെയും തങ്ങളുടെ വീട്ടിലെ മുറികളില്‍ സുഖ ശീതളിമയില്‍ ഇരുന്നു കളിയാക്കുന്നതായി കാണാം.
ദുരന്തത്തില്‍പെട്ട നിഷ്‌കളങ്കരായ വിശ്വാസികളോട് ‘നിങ്ങളുടെ ദൈവം എവിടെപ്പോയി?’, ‘എന്തേ നിങ്ങളെ നിങ്ങളുടെ ദൈവം രക്ഷിക്കാതിരുന്നത്?’, ‘നിങ്ങളുടെ ദൈവം ഇത്ര ക്രൂരനാണോ?’ എന്നിങ്ങനെയുള്ള അല്‍പത്തരങ്ങള്‍ ചോദിക്കാന്‍ അവര്‍ സമയം കണ്ടെത്തുന്നു. ഈ പ്രയാസത്തിന്റെ സമയത്തും, സമൂഹത്തിനു വേണ്ടി ചെയ്യാന്‍ ഒത്തിരി കാര്യങ്ങളുണ്ടായിരിക്കെയും ഈ സമൂഹത്തോട് ചോദിക്കേണ്ട ഏറ്റവും വലിയ ചോദ്യമായി അവര്‍ മനസ്സിലാക്കുന്നത് ‘ദൈവം എവിടെ’ എന്നതാണ്. മറ്റാരുമല്ല, യുക്തിവാദികള്‍ എന്നെല്ലാം സ്വയം വിളിക്കുന്ന, പറയപ്പെടുന്ന നിരീശ്വരവാദ – നാസ്തിക സംഘങ്ങള്‍.
ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ദുരന്തബാധിതരെ ഏതെങ്കിലും വിധേന സഹായിക്കലാവണമല്ലോ മനുഷ്യത്വമുള്ളവരുടെ മുന്‍ഗണന. മതം ഉപേക്ഷിക്കൂ, മനുഷ്യരാവൂ എന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറയുന്ന നാസ്തികരില്‍നിന്നു സ്വാഭാവികമായും പ്രതീക്ഷിക്കേണ്ടതും അതാണ്. പക്ഷേ അവര്‍ ചെയ്യുന്നതോ, മുകളില്‍ പറഞ്ഞ തരത്തിലുള്ള ‘ദൈവവുമായി’ ബന്ധപ്പെട്ട ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുക എന്നതാണ്. ഏത് തരത്തിലാണ് ഈ ചോദ്യങ്ങള്‍ ദുരിതബാധിതരെ സഹായിക്കുന്നത് എന്ന് ഏതെങ്കിലും നാസ്തിക ബുദ്ധിജീവി ഒന്ന് വിശദീകരിക്കേണ്ടിയിരിക്കുന്നു. ഈ ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതുകൊണ്ട് ആര്‍ക്കാണ്, എന്ത് തരത്തിലാണ് ഉപകാരം ലഭിക്കുന്നത്…?
ദൈവവിശ്വാസികളായ മനുഷ്യര്‍ക്ക് ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ആകെ അത്താണിയായി ഉള്ളത് ദൈവമാണ്. അവര്‍ എല്ലാം സമര്‍പ്പിക്കുന്നത് സകലതിനും കഴിവുള്ള ദൈവത്തിലാണ്. ആ ദൈവത്തിലുള്ള വിശ്വാസമാണ് അവരെ മുന്നോട്ട് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. സകലതും നഷ്ടപ്പെട്ട, ഇനിയെങ്ങോട്ട്, ഇനിയെന്ത്, എന്നെല്ലാം ചിന്തിച്ചിരിക്കുന്നവര്‍ക്ക് ദൈവം തങ്ങള്‍ക്ക് എന്തെങ്കിലും വഴി കാണിച്ചുതരും എന്ന ആശ്വാസവാക്ക് സ്വയം പറയാന്‍ കഴിയുന്നത് അവര്‍ക്ക് ദൈവത്തിലുള്ള ദൃഢമായ വിശ്വാസം കൊണ്ടാണ്. ആ ആശ്വാസവാക്ക് അവര്‍ക്ക് നല്‍കുന്ന പ്രചോദനം ഒട്ടും ചെറുതല്ല. ഇങ്ങനെ ഭരമേല്‍പ്പിക്കാന്‍ ആരും ഇല്ലാത്തത് കൊണ്ടായിരിക്കണം ലോകത്ത് പൊതുവേ ആത്മഹത്യാ നിരക്കും വിഷാദരോഗവുമെല്ലാം നിരീശ്വരവാദികളില്‍ കൂടുതലായി കാണുന്നത്.

എന്തുതന്നെയായാലും, സകലതും നഷ്ടപ്പെട്ടു നില്‍ക്കുന്നവര്‍ക്ക് സമാധാനം നല്‍കുന്നതാണ് അവരുടെ ദൈവവിശ്വാസം. അങ്ങനെയൊരു വിശ്വാസമുള്ളത് കൊണ്ട് അവര്‍ക്കോ മറ്റുള്ളവര്‍ക്കോ ഉപകാരമല്ലാതെ മറ്റൊന്നും ഉണ്ടാവുന്നില്ല. ദൈവം സത്യമാണ് എന്ന് ബുദ്ധിക്ക് യുക്തിപരമായ തെളിവുകളോടെ ബോധ്യപ്പെടും എങ്കില്‍ മനുഷ്യ മനസ്സിന് വൈകാരികമായ പല സാഹചര്യങ്ങളിലൂടെയും അത് മനസ്സിലാവും. നാസ്തികര്‍ ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് കൊണ്ട് സംഭവിക്കുന്നതെന്താണ്? ചിലയാളുകള്‍ക്ക് അവരുടെ വിശ്വാസത്തില്‍ സംശയങ്ങളുണ്ടായേക്കാം. ആ സംശയത്തിലൂടെ നേരത്തെ പറഞ്ഞ ദൈവവിശ്വാസത്തില്‍ നിന്നും അവര്‍ക്ക് ലഭിച്ച ആശ്വാസം നഷ്ടപ്പെട്ട് നിരാശക്കുമേല്‍ നിരാശയനുഭവിച്ചുകൊണ്ട് അവര്‍ പ്രയാസപ്പെട്ടേക്കാം. അവരുടെ നിരാശയും പ്രയാസവുമല്ലാതെ ഒരു ഉപകാരം പോലും ഈ ദുരന്തമുഖത്തെ ‘ദുരന്തം പറച്ചിലിലൂടെ’ നമുക്ക് കാണാന്‍ കഴിയില്ല. അങ്ങനെ മറ്റെന്തെങ്കിലും ഉപകാരം കാണുന്നവരുണ്ടെങ്കില്‍ അവര്‍ക്കത് സമര്‍ഥിക്കാവുന്നതാണ്. ഇതിനു വേണ്ടിയാണോ മനുഷ്യത്വമുള്ളവരെന്നു സ്വയം അവകാശപ്പെടുന്നവര്‍ തങ്ങളുടെ സമയം ചെലവഴിക്കുന്നത്…? ഈ സാധുക്കളുടെ നിരാശകൊണ്ട് നിങ്ങള്‍ക്കെന്ത് നേട്ടമാണുള്ളത്…? ഇനി നാസ്തികരായ നിങ്ങള്‍ നിരന്തരം അനുഭവിക്കുന്ന നിരാശ മറ്റുള്ളവര്‍ക്കുകൂടി പകര്‍ന്നുകൊണ്ട് സുഖം കണ്ടെത്തുന്ന സാഡിസ മനോഭാവമാണോ ഇതിന്റെ പ്രചോദനം?.
ദൈവവിശ്വാസം ആരുടെയെങ്കിലും വാക്കുകള്‍ കേള്‍ക്കുമ്പോഴേക്കും നഷ്ടപ്പെടുന്നവരല്ല ഭൂരിപക്ഷം വിശ്വാസികളും. അത്തരം ദൃഢവിശ്വാസികളെ സംബന്ധിച്ച് മുകളില്‍ സൂചിപ്പിച്ച നാസ്തിക ചോദ്യങ്ങള്‍ പരിഹാസവും കളിയാക്കലുകളുമാണ്. വീട്ടില്‍ ഒരാപത്ത് സംഭവിക്കുമ്പോള്‍ കുടുംബപ്രശ്‌നം പറഞ്ഞ് വീട്ടുകാരെ കളിയാക്കുന്ന ബന്ധുവിനെ നമ്മള്‍ എങ്ങനെയായിരിക്കും കാണുക? അതിനേക്കാള്‍ മോശമാണ്, സകലതും നഷ്ടപ്പെട്ടു നില്‍ക്കുന്നവരോട് ‘നിങ്ങളുടെ ദൈവം എവിടെപ്പോയി’ എന്ന് ചോദിച്ചുകൊണ്ടുള്ള ഈ കളിയാക്കല്‍. ദൈവം ഉണ്ടോ ഇല്ലയോ എന്ന ചര്‍ച്ചയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. അത് വിശ്വാസികള്‍ പല തവണ നടത്തിയതും, ഇനിയും നടത്താവുന്നതുമാണ്. മുകളില്‍ പറഞ്ഞതു പോലെ യുക്തിപരമായും വൈകാരികമായും പല കോണുകളിലൂടെ മനുഷ്യര്‍ക്ക് ദൈവത്തെ ബോധ്യപ്പെടാവുന്നതുമാണ്. ദൈവം ഉണ്ടെന്നും ഇല്ലെന്നുമെല്ലാം വിശ്വസിക്കുന്നവര്‍ക്ക് ഒരുപോലെ ഉറപ്പുള്ള കാര്യമാണ് ദൈവവിശ്വാസം കൊണ്ട് ഉപകാരവും ആശ്വാസവുമുണ്ട് എന്നത്. വലിയ അത്യാപത്തുകള്‍ സംഭവിക്കുമ്പോള്‍ പോലും ദൈവവിശ്വാസം, ആളുകളെ മാനസികമായി പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്നു എന്ന് ഒത്തിരി പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു.
ദുരന്തമുഖവുമായി ബന്ധപ്പെട്ട മറ്റൊരു നാസ്തികപ്രവണതയായിരുന്നു ‘ജൃമ്യ എീൃ ണമ്യമിമറ’ എന്ന ഹാഷ്ടാഗിനെ കളിയാക്കല്‍. സമൂഹത്തില്‍ അടിയന്തരമായി തിരുത്തേണ്ട ഒരു അപകടമായിട്ടാണ് അവര്‍ അതിനെ കണ്ടത്. ജൃമ്യ എീൃ ണമ്യമിമറ (വയനാടിനു വേണ്ടി പ്രാര്‍ഥിക്കുക) എന്നത് വെട്ടിമാറ്റി ജമ്യ എീൃ ണമ്യമിമറ (വയനാടിനു വേണ്ടി ചെലവഴിക്കുക) എന്ന് എഴുതി പ്രചരിപ്പിക്കലായിരുന്നു അവരുടെ പ്രധാന വിനോദം. ഇതിനുള്ളില്‍ രണ്ടു കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഒന്ന് ഇവിടെ പറഞ്ഞതുപോലെ വയനാടിനു വേണ്ടി ചിലര്‍ പ്രാര്‍ഥിക്കാന്‍ പറയുന്നു എന്നതാണ് ഇപ്പോള്‍ ഏറ്റവും അടിയന്തരമായി തിരുത്തേണ്ട വിഷയം എന്ന ധാരണ. രണ്ടാമത്തേത് ‘പ്രാര്‍ഥിക്കാന്‍ പറയുന്നവരെല്ലാം അങ്ങനെ പറഞ്ഞുകൊണ്ട് വെറുതെ ഇരിക്കുകയാണ്, അവര്‍ ദുരിതബാധിതര്‍ക്കു വേണ്ടി ഒന്നും ചെലവഴിക്കുന്നില്ല, ഈ പ്രാര്‍ഥിക്കാന്‍ പറയുന്ന നേരം പോയി എന്തെങ്കിലും ചെലവഴിക്കൂ’ എന്ന ഉപദേശം. ഇതില്‍ ആദ്യത്തേത് ഒന്ന് പരിശോധിക്കുക. വയനാടിനു വേണ്ടി ചിലര്‍ പ്രാര്‍ഥിക്കാന്‍ പറയുന്നു എന്നതാണോ ഇപ്പോള്‍ ഏറ്റവും അടിയന്തരമായി തിരുത്തേണ്ട വിഷയം? അങ്ങനെ പറയുന്നവര്‍ എന്തെങ്കിലും തെറ്റ് ചെയ്യുകയാണോ?
ഒരാള്‍ മറ്റൊരാള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു എന്ന് വച്ചാല്‍ എന്താണ് അതിനര്‍ഥം? മറ്റൊരാള്‍ക്ക് നന്മയുണ്ടാവാന്‍ ഇയാള്‍ ആഗ്രഹിക്കുന്നു എന്നല്ലേ? താന്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കൈകള്‍ നീട്ടുന്ന ദൈവത്തോട് പറയാന്‍ തന്റെ ആവശ്യങ്ങള്‍ക്കും സ്വകാര്യ ആഗ്രഹങ്ങള്‍ക്കും ഒപ്പം മറ്റൊരാളുടെ ക്ഷേമം കൂടി ഉള്‍പ്പെടുത്തുന്നു എങ്കില്‍, അതയാളുടെ മനസ്സിലെ നന്മയ്ക്കുള്ള ഏറ്റവും മികച്ച ഉദാഹരണമല്ലേ…? ആ നന്മയാണോ നാസ്തികര്‍ തിരുത്തേണ്ടതായി കാണുന്ന ഏറ്റവും വലിയ അപരാധം…? മാത്രമല്ല, പ്രാര്‍ഥിക്കാനുള്ള ഈ നിര്‍ദേശം മഹാഭൂരിപക്ഷം വരുന്ന ദുരിതബാധിതര്‍ക്ക് ആശ്വാസദായകമായ ഒരു സന്ദേശം കൂടിയാണ്.
എല്ലാത്തിനും സാധിക്കുന്ന ഒരു ദൈവം നിങ്ങളെ കേള്‍ക്കും, നിങ്ങള്‍ക്കു വേണ്ടി ഞങ്ങളും അവനോട് ചോദിക്കുന്നുണ്ട്, ഈ ജീവിതം വളരെ ചെറുതാണ്, അവന്റെയടുക്കലാണ് യഥാര്‍ഥ ജീവിതമുള്ളത്, ഈ ചെറിയ ജീവിതത്തില്‍ ന്യായത്തിന്റെയും സത്യത്തിന്റെയും വഴിയില്‍ സഹിച്ച ഓരോ ബുദ്ധിമുട്ടുകള്‍ക്കും ത്യാഗങ്ങള്‍ക്കും അവന്‍ കണക്കില്ലാതെ പ്രതിഫലം നല്‍കിയേക്കും എന്നിങ്ങനെ നീളുന്നു ‘പ്രാര്‍ഥന’ എന്ന അത്ഭുതവാക്കില്‍ ഉള്‍ചേര്‍ന്ന അനേകം സന്ദേശങ്ങള്‍. പ്രേ ഫോര്‍ വയനാട് എന്നതിനെതിരെയുള്ള പ്രചാരണത്തിലെ രണ്ടാമത്തെ ഘടകം ‘പ്രാര്‍ഥിക്കാന്‍ പറയുന്നവരെല്ലാം അങ്ങനെ പറഞ്ഞുകൊണ്ട് വെറുതെ ഇരിക്കുകയാണ് അവര്‍ ദുരിതബാധിതര്‍ക്ക് വേണ്ടി ഒന്നും ചെലവഴിക്കുന്നില്ല’ എന്ന ആശയവും അതിനെ തുടര്‍ന്നുള്ള ഉപദേശവുമായിരുന്നു. ഇത് പക്ഷേ ദുരന്തമുഖത്തെ പറ്റി അറിയുന്നവര്‍ക്ക് കേള്‍ക്കാവുന്ന ഏറ്റവും വലിയ തമാശയാണ്. അവിടെ ശാരീരികമായും സാമ്പത്തികമായും തങ്ങളെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുന്നവരില്‍ ഭൂരിഭാഗവും വിശ്വാസികള്‍ തന്നെയാണ്. തങ്ങളുടെ സംഘടനാ മെക്കാനിസം മുഴുവന്‍ ഇതിനായി നീക്കിവെച്ച ഒത്തിരി മത, സാമുദായിക സംഘടനകളിലും അവയല്ലാത്ത പൊതു രാഷ്ട്രീയ, രാഷ്ട്രീയേതര സംഘങ്ങളിലും പ്രവര്‍ത്തിക്കുന്ന വിശ്വാസികളെ നോക്കി ഈ ചോദ്യം ചോദിക്കാന്‍ തങ്ങളുടെ വാക്കുകള്‍ കൊണ്ടു പോലും ദുരിതബാധിതര്‍ക്ക് ആശ്വാസം പകരാന്‍ കഴിയാത്ത നാസ്തികര്‍ക്ക് എന്തവകാശമാണുള്ളത്?
വിശ്വാസികളോട്
നേരത്തെ പറഞ്ഞതുപോലെ, ചില വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോഴേക്കും വിശ്വാസത്തില്‍ ആശയക്കുഴപ്പം ഉണ്ടാവുന്ന ദുര്‍ബലമനസ്‌കരായ വിശ്വാസികള്‍ക്കു വേണ്ടി ഈ വിമര്‍ശനങ്ങളോടുള്ള പ്രതികരണം കൂടി ഉള്‍പ്പെടുത്താം എന്ന് കരുതുന്നു.
ചോദ്യം: ദൈവം ഉണ്ടെങ്കില്‍ എന്തുകൊണ്ട് ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നു?
ഉത്തരം: ദൈവം എല്ലാ ബുദ്ധിമുട്ടുകളെയും ഈ ലോകത്തു നിന്നു ഒഴിവാക്കിത്തരാം എന്ന് ആര്‍ക്കും വാക്ക് നല്‍കിയിട്ടില്ല. മറിച്ച് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ കൊണ്ട് പരീക്ഷണങ്ങള്‍ ഉണ്ടാവാം എന്നാണു ദൈവം പറഞ്ഞത്.
‘കുറച്ചൊക്കെ ഭയം, വിശപ്പ്, സ്വത്തുക്കളിലും ദേഹങ്ങളിലും ഫലങ്ങളിലും കുറവ് എന്നിവ കൊണ്ട് നിശ്ചയമായും നാം നിങ്ങളെ പരീക്ഷിക്കുന്നതാണ്. ക്ഷമിക്കുന്നവര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക.’ (വി.ഖു 2:155)
എന്തിനാണ് ജീവിതം നല്‍കിയത് എന്ന് ദൈവം പറഞ്ഞു വെക്കുന്നത് ഇങ്ങനെയാണ് ‘നിങ്ങളില്‍ ആരാണ് കൂടുതല്‍ നല്ല പ്രവൃത്തി ചെയ്യുന്നവരെന്ന് നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാണ് (അവന്‍)’ (വി.ഖു 67:2)
അതായത്, ജീവിതം സൃഷ്ടിച്ചതേ മനുഷ്യരെ പരീക്ഷിക്കാന്‍ വേണ്ടിയാണ്. അപ്പോള്‍ ഈ ജീവിതത്തില്‍ ആ പരീക്ഷണത്തിനായി ഉള്ള കാര്യങ്ങള്‍ കാണുന്നതില്‍ ഒരസ്വാഭാവികതയും ഇല്ല. ഒരുപാട് അവസരങ്ങളിലൂടെ വലിയ നന്മകള്‍ ചെയ്യാനുള്ള സാഹചര്യങ്ങള്‍ മനുഷ്യരുടെ മുന്നിലേക്കെത്തുന്നു, അവര്‍ അത് ചെയ്യുന്നുണ്ടോ, എങ്ങനെയാണ് അതിനെ നേരിടുന്നത് എന്ന് ദൈവം പരീക്ഷിക്കുന്നു, അതിനുള്ള പ്രതിഫലം പരലോകത്ത് നല്‍കുന്നു.
ചോദ്യം: ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമെങ്കില്‍ പിന്നെ എന്തിനാണ് പ്രാര്‍ഥിക്കുന്നത്…?
ഉത്തരം: നിങ്ങള്‍ പ്രാര്‍ഥിക്കുന്നുണ്ടെങ്കില്‍ നിശ്ചയമായും നിങ്ങള്‍ക്ക് ഉത്തരം ലഭിക്കും എന്ന് പടച്ചവന്‍ വാഗ്ദാനം നല്‍കുന്നുണ്ട്. ‘എന്നെ വിളി(ച്ചു പ്രാര്‍ഥി)ച്ചാല്‍ ഞാന്‍ വിളി(ച്ചു പ്രാര്‍ഥി)ക്കുന്നവന്റെ വിളിക്ക് ഉത്തരം നല്‍കുന്നതാണ്’ (വി.ഖു 2:186). പ്രാര്‍ഥനയുടെ രീതി ശരിയാവല്‍ മാത്രമാണ് പ്രാര്‍ഥന സ്വീകരിക്കാനും ഉത്തരം ലഭിക്കാനുമുള്ള മാനദണ്ഡം. പക്ഷേ ആ ഉത്തരം ലഭിക്കല്‍ നമ്മള്‍ വിചാരിക്കും പോലെ ചോദിച്ച കാര്യം അതുപോലെ നല്‍കുന്നതല്ല. മൂന്നു തരത്തില്‍ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കും എന്ന് പ്രവാചകന്‍ ഒരു ഹദീസിലൂടെ പഠിപ്പിക്കുന്നത് കാണാം. ഒന്ന്, ചോദിക്കുന്ന കാര്യം അത് പോലെ നല്‍കുന്നു. രണ്ട്, ചോദിച്ച കാര്യം അതുപോലെ നല്‍കാതെ, ഒരു തിന്മ ഒഴിവാക്കിത്തരുന്നു. മൂന്ന്, ഇവ രണ്ടും ഇല്ലാതെ, ആ പ്രാര്‍ഥനക്ക് പരലോകത്ത് പ്രതിഫലം നല്‍കുന്നു.
ഇതില്‍ മൂന്നാമത് പറഞ്ഞതാണ് ഒരാള്‍ക്ക് ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും വലിയ പ്രതിഫലം.
ചോദ്യം: ചിലര്‍ക്ക് വലിയ പരീക്ഷണം, ചിലര്‍ക്ക് ചെറിയ പരീക്ഷണം, ചിലര്‍ക്ക് പരീക്ഷണമേ ഇല്ലാത്ത സുഖ ജീവിതം. ഇത് അനീതിയല്ലേ…?
ഉത്തരം: ഇത് തെറ്റിദ്ധാരണയാണ്. ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. അതിലൂടെ അവര്‍ക്കുള്ള പരീക്ഷണവും. പരീക്ഷണം ഇല്ലാത്ത ആരും ഇല്ല. ദുഃഖം മാത്രമല്ല, സുഖമോ ദുഃഖമോ ഉണ്ടാക്കുന്ന എല്ലാ സാഹചര്യങ്ങളും പരീക്ഷണം തന്നെയാണ്.
കൈകാര്യം ചെയ്യാന്‍ ഒത്തിരി ബുദ്ധിമുട്ടുള്ള അവസ്ഥകളിലൂടെയുള്ള പരീക്ഷണങ്ങള്‍ ചിലര്‍ക്ക് ലഭിച്ചേക്കാം. അത്ര ബുദ്ധിമുട്ടില്ലാത്ത പരീക്ഷണങ്ങള്‍ മറ്റു ചിലര്‍ക്കും. പക്ഷേ അത് അനീതിയല്ല, ഓരോ പരീക്ഷണങ്ങളിലെയും നീതിയും അനീതിയും ബോധ്യപ്പെടണമെങ്കില്‍ അതിന്റെ മൂല്യനിര്‍ണയവും പര്യവസാനവും കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഇവിടെ പറഞ്ഞ പല തീവ്രതകളിലുള്ള പരീക്ഷണങ്ങളോടുള്ള ഓരോരുത്തരുടെയും പ്രതികരണത്തെ മൂല്യനിര്‍ണയം ചെയ്യുന്നത് ആ പരീക്ഷണത്തിന്റെ പ്രകൃതം ഏറ്റവും നന്നായി അറിയുന്ന, ഏറ്റവും വലിയ നീതിമാനായ പടച്ചവനാണ്. അതുകൊണ്ടു തന്നെ ചിലയാളുകള്‍ ചെയ്യുന്ന നന്മയുടെ ഘനം ആയിരിക്കില്ല അതേ നന്മകള്‍ ചെയ്യുന്ന മറ്റൊരാള്‍ക്ക് ലഭിക്കുന്നത്. അവരുടെ വ്യക്തിപരമായ വ്യത്യാസങ്ങള്‍, ജീവിത സാഹചര്യങ്ങള്‍, ആ നന്മ ചെയ്യുന്ന അവസരം ഓരോരുത്തര്‍ക്കും എങ്ങനെയാണ് എന്നിങ്ങനെ നമുക്ക് അറിയാവുന്നതും അറിയാത്തതും ആയ ഒത്തിരി കാര്യങ്ങള്‍ ദൈവം പരിഗണിച്ചേക്കും.
പ്രതിമാസം പതിനായിരം രൂപ ശമ്പളമുള്ള വ്യക്തിയും പത്തു ലക്ഷം രൂപ ശമ്പളമുള്ള വ്യക്തിയും ആയിരം രൂപ അശരണര്‍ക്കായി സംഭാവന ചെയ്യുന്നു എങ്കില്‍, തുക ഒന്നാണെങ്കിലും അവ രണ്ടും ദൈവം പരിഗണിക്കുക ഒരേ രീതിയിലായിരിക്കില്ല എന്നതുറപ്പാണ്. ഇവിടെ അവര്‍ക്ക് ലഭിക്കുന്ന ശമ്പളത്തിനപ്പുറം വീട്ടിലെ സാഹചര്യം, സമ്പത്ത് ചെലവഴിക്കാനായി അവര്‍ക്കു മുന്നിലുള്ള മറ്റു അവസരങ്ങള്‍, ഈ രണ്ടു പേരുടെയും ഇഷ്ടങ്ങളും താത്പര്യങ്ങളും തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ദൈവം പരിഗണിച്ചേക്കും.
മാത്രമല്ല, ലോകത്ത് നടക്കുന്ന ഒരേ സംഭവം പലര്‍ക്കും പല തരത്തിലുള്ള പരീക്ഷണങ്ങളാണ്. ഉദാഹരണത്തിന് ഗസ്സയിലെ ഒരു കുട്ടിയെ പരിഗണിക്കുക. അവന്റെ മുന്നിലേക്ക് ഒരു ബോംബ് വന്നു വീഴുന്നു, തന്റെ ഉറ്റവരും ഉടയവരും മരണപ്പെടുന്നത് അവന്‍ കാണുന്നു, തന്റെ ശരീരഭാഗങ്ങള്‍ അറ്റുപോകുന്നു എന്നെല്ലാം ചിന്തിക്കുക. അവനു ഈ സാഹചര്യം ഏതു തരത്തിലുള്ള പരീക്ഷണമായിരിക്കും എന്നത് ഒരു പരിധി വരെ നമുക്ക് ഊഹിക്കാം.
പക്ഷേ ഇത് അവനു മാത്രമുള്ള പരീക്ഷണമല്ല, ഇത് കണ്ടു നില്‍ക്കുന്ന ആരോഗ്യവാനായ, എതിര്‍ സൈന്യത്തിനെതിരെ പോരാടാന്‍ ശക്തിയും കഴിവുമുള്ള ഫലസ്തീന്‍ യുവാവിനു ഇത് മറ്റൊരു രീതിയിലുള്ള പരീക്ഷണമാണ്. ഈ വിവരം അറിയുന്ന ഈ മേഖലയില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന പല രാജ്യങ്ങളുടെയും തലപ്പത്തുള്ളവര്‍ക്ക് ഇത് മറ്റൊരു തരത്തിലുള്ള പരീക്ഷണമാണ്. ലോകത്തിന്റെ പല കോണിലും ഇരുന്നു കൊണ്ട് ഈ വാര്‍ത്ത അറിയുന്ന നമുക്ക് ഇത് മറ്റൊരു രീതിയിലുള്ള പരീക്ഷണമാണ്.
ഒരു നിമിഷത്തെ തീരുമാനം കൊണ്ട് ഈ അക്രമം അവസാനിപ്പിക്കാന്‍ കഴിയുന്ന അമേരിക്കന്‍ പ്രസിഡന്റിനും ഇസ്രായേലി പ്രധാനമന്ത്രിക്കും ഇതേ വിഷയം മുകളില്‍ പറഞ്ഞ എല്ലാവരേക്കാളും വ്യത്യസ്തമായ പരീക്ഷണങ്ങളാണ്. ഈ പരീക്ഷണങ്ങളിലെ ഇവരുടെ പ്രതികരണങ്ങള്‍ക്ക് മാര്‍ക്കിടുന്നത് ഈ സാഹചര്യങ്ങളെയും ഇവരെയും പറ്റി ഇവരേക്കാള്‍ നന്നായി അറിയുന്ന, നീതിമാനായ പടച്ചവനുമാണ്.

പരലോകവും
നീതിയും

പരലോകം കൂടി ചേര്‍ത്ത് മനസ്സിലാക്കിയാലേ പടച്ചവന്‍ ഇസ്ലാമിലൂടെ നമ്മെ പഠിപ്പിക്കുന്ന നീതി എന്തെന്ന് ബോധ്യമാവൂ. പരീക്ഷണത്തിന്റെ ഈ ലോകം വളരെ ചെറുതും, പരലോകം വളരെ വളരെ വലുതുമാണ്. ഈ ചെറിയ ലോകത്ത് സമ്പൂര്‍ണ നീതി സംഭവ്യമാകാത്ത തരത്തിലാണ് പടച്ചവന്‍ അതിനെ ക്രമീകരിച്ചിരിക്കുന്നത്.
അതാണ് പരലോകത്തെ പ്രസക്തമാക്കുന്നതും അതിന്റെ ആവശ്യകതയെ നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നതും. നരകത്തിലേക്ക് പോകുന്നവന്‍ പോലും താന്‍ അതിനു അര്‍ഹനാണെന്നു ബോധ്യപ്പെട്ട് നരകത്തിലേക്ക് പോവുന്ന തരത്തിലാണ് പരലോകത്തിന്റെ ക്രമീകരണം. അവിടത്തെ നീതി നടപ്പിലാക്കുന്ന രീതി നമുക്ക് അറിവില്ല, അതിലെ അജ്ഞതയും ആകാംക്ഷയും കൂടി ചേര്‍ന്നതാണ് പരലോകത്തിന്റെ മനോഹാരിത.
ഈ ലോകത്ത് അനുഭവിക്കുന്ന സുഖവും ദുഖവും ഒന്നും പരലോകത്ത് പരിഗണിക്കാവുന്ന ഓര്‍മയില്‍ പോലും ഉണ്ടാവുന്ന ഒരനുഭവമല്ല. കാരണം അത്രമേല്‍ ചെറുതാണ് പരലോകത്തെ സംബന്ധിച്ച് ഈ ലോകം. നമ്മുടെ വിരല്‍ ഒരു കടലില്‍ മുക്കി എടുത്താല്‍ ആ വിരലിന്റെ അറ്റത്തു കാണുന്ന തുള്ളിയെയാണ് ഇഹലോകമായി പ്രവാചകന്‍ പരിചയപ്പെടുത്തിയത്. പരലോകമാവട്ടെ, ബാക്കി വരുന്ന ആ കടലും.
മറ്റൊരു സന്ദര്‍ഭത്തില്‍, ഈ ലോകത്ത് പ്രയാസം മാത്രം അനുഭവിച്ച ഒരു മനുഷ്യനെ പടച്ചവന്‍ പരലോകത്ത് സ്വര്‍ഗത്തില്‍ ഒന്ന് മുക്കിയെടുത്ത ശേഷം അയാളോട് നീ ഇതുവരെ എന്തെങ്കിലും പ്രയാസം അനുഭവിച്ചിട്ടുണ്ടോ എന്ന് ചോദിക്കുമ്പോള്‍ അയാള്‍ ‘ഇല്ല’ എന്ന് മറുപടി പറയുന്നതായും കാണാം. അതുപോലെ ഈ ലോകത്ത് സുഖം മാത്രം അനുഭവിച്ച ഒരു മനുഷ്യനെ നരകത്തില്‍ ഒന്ന് മുക്കിയെടുത്ത ശേഷം അയാളോട് നീ ഇതുവരെ എന്തെങ്കിലും സുഖം അനുഭവിച്ചിട്ടുണ്ടോ എന്ന് ചോദിക്കുമ്പോള്‍ അയാള്‍ ഇല്ല എന്ന് മറുപടി പറയുന്നതായും പ്രവാചകന്‍ ഒരു ഹദീസില്‍ സൂചിപ്പിക്കുന്നു.
സംക്ഷിപ്തമായി പറഞ്ഞാല്‍, ഒരു തുള്ളിയും കടലും തമ്മിലുള്ള വ്യത്യാസം ഇഹലോകവും പരലോകവും തമ്മില്‍ ഉണ്ട്. ഇഹലോകത്തെ വലിയ സുഖങ്ങള്‍ പോലും നരകത്തിലെ ഒരു മുക്കലില്‍ തീരാവുന്നതും, ഈ ലോകത്തെ ഏറ്റവും വലിയ പ്രയാസങ്ങള്‍ പോലും സ്വര്‍ഗത്തിലെ ഒരു മുക്കലില്‍ തീരാവുന്നതുമാണ്. ഇത്രയും വലിയ പരലോകം ആണ് ഇസ്ലാമിലെ നീതി നടപ്പാക്കപ്പെടുന്ന ലോകം. ചെറിയ ലോകമായ ഈ ലോകത്ത് ലഭിക്കുന്ന സുഖ ദുഖങ്ങളിലെ വ്യത്യാസം മാത്രം പരിഗണിച്ച് ഇസ്ലാം മുന്നോട്ട് വെക്കുന്ന അത്യന്തികമായ നീതി വിലയിരുത്തുന്നതില്‍അര്‍ഥമില്ല.

Back to Top