2 Monday
December 2024
2024 December 2
1446 Joumada II 0

ദുരന്തങ്ങള്‍ നമ്മെ തളര്‍ത്താതിരിക്കട്ടെ

ഡോ. മന്‍സൂര്‍ ഒതായി


നിറമുള്ള കുറേ സ്വപ്‌നങ്ങളുമായാണ് ഓരോ പ്രഭാതത്തെയും നാം സ്വീകരിക്കുന്നത്. കര്‍ഷകനും കച്ചവടക്കാരനും കൂലിപ്പണിക്കാരനും മാത്രമല്ല, വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരുമെല്ലാം രാവിലെ വീട്ടില്‍ നിന്നിറങ്ങുന്നത് മനസ്സില്‍ ഒത്തിരി മോഹങ്ങളുമായാണ്. എന്നാല്‍ നാം പ്രതീക്ഷിക്കുന്നതുപോലെ തന്നെ കാര്യങ്ങള്‍ നടന്നുകൊള്ളണമെന്നില്ല. പ്രതീക്ഷയ്ക്കപ്പുറത്ത് പലതും സംഭവിക്കാനും സാധ്യതയുണ്ട്. ഓര്‍ക്കാപ്പുറത്ത് സംഭവിക്കുന്ന പല പ്രയാസങ്ങളും നമ്മെ മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. ജീവിതത്തിന്റെ സുഖകരമായ ഒഴുക്കില്‍ അവിചാരിതമായി സംഭവിക്കുന്ന ദുരന്തങ്ങളും ദുരിതങ്ങളും നമ്മെ തളര്‍ത്തിയേക്കാം.
എന്ത് നഷ്ടം സംഭവിച്ചാലും എന്ത് പ്രതിസന്ധിയുണ്ടായാലും മനുഷ്യ മനസ്സില്‍ ആദ്യം ഉയരുന്ന ചിന്ത ഇനിയെന്ത് എന്നായിരിക്കും. താന്‍ ഒറ്റപ്പെട്ടു, തനിക്കെല്ലാം നഷ്ടപ്പെട്ടു എന്ന ചിന്ത മനുഷ്യനെ വല്ലാതെ തളര്‍ത്തിക്കളയും. അതുകൊണ്ടാണ് ദുരന്തങ്ങള്‍ക്ക് ഇരയാകുന്നവരുടെ അടുത്തേക്ക് മനുഷ്യസ്‌നേഹികളും രക്ഷാപ്രവര്‍ത്തകരും ഓടിയെത്തുന്നത്. ‘കൂടെയുണ്ട് ഞങ്ങള്‍’ എന്ന സന്ദേശം നല്‍കി മാനസിക പിന്തുണ നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡിലെ ഒന്നാമത്തെ സ്‌റ്റെപ്പാണിത്.
ജീവിതത്തിലെ ഓരോ നഷ്ടവും നമ്മുടെ സന്തോഷത്തെ ബാധിക്കുന്ന കാര്യമാണ്. എന്നാല്‍ സംഭവിച്ച ദുരിതങ്ങളെയോര്‍ത്ത് നിത്യമായി ദുഃഖിച്ചിരിക്കാന്‍ പറ്റുമോ? പരാതിയും പരിഭവവും പടച്ചവനോട് അരിശവും തോന്നിയിട്ടെന്ത് പ്രയോജനം? ഈ മഹാ പ്രപഞ്ചത്തിലെ ഓരോ പരമാണുവിന്റെയും ചലനവും ജീവിതത്തിലെ സകല കാര്യങ്ങളും ദൈവനിശ്ചയപ്രകാരം സംഭവിക്കുന്നു എന്ന് ഉറച്ചു വിശ്വസിക്കുമ്പോള്‍ നഷ്ടപ്പെട്ടതില്‍ നാം തീരാദുഃഖിതരാവില്ല. വരാനിരിക്കുന്നതില്‍ ഏറെ ആശങ്കപ്പെടുകയുമില്ല. വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു: ”ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല, അതിനെ നാം ഉണ്ടാക്കുന്നതിനു മുമ്പുതന്നെ ഒരു രേഖയില്‍ ഉള്‍പ്പെട്ടു കഴിഞ്ഞതായിട്ടല്ലാതെ” (വി.ഖു 57:22).
ദുരന്തങ്ങളും ദുരിതങ്ങളും നേരിടുമ്പോള്‍ നിരാശ, നിസ്സഹായത, മൂല്യമില്ലായ്മ എന്നിവയെല്ലാം നമ്മെ ബാധിച്ചേക്കാം. അതോടൊപ്പം ഇത്തരം സന്ദര്‍ഭങ്ങള്‍ മനുഷ്യന്റെ പരിമിതിയും നിസ്സഹായതയും ബോധ്യപ്പെടുവാനുള്ള അവസരങ്ങളായും മാറുന്നു. ഒപ്പം ആത്മീയ മൂല്യങ്ങളുടെ ആഴവും ശക്തിയും ബോധ്യപ്പെടുന്ന സന്ദര്‍ഭങ്ങളാണ്. പ്രതിസന്ധികള്‍ക്കിടയിലും സര്‍വനിയന്താവും ദയാപരനുമായ ദൈവം കൈവെടിയില്ല എന്ന വിശ്വാസം നമുക്ക് മുന്നോട്ടുപോകാനുള്ള ഊര്‍ജം പകരും. താങ്ങാനാവാത്ത കാര്യങ്ങള്‍ ശക്തനായ സ്രഷ്ടാവില്‍ ഭരമേല്‍പിച്ചാല്‍ സുരക്ഷിതത്വവും സാന്ത്വനവും അനുഭവിക്കാനുമാവും. ”അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നവര്‍ക്ക് അവന്‍ തന്നെ മതി. അല്ലാഹു അവന്റെ കാര്യം നിറവേറ്റുക തന്നെ ചെയ്യും” (വി.ഖു 65:3).
വിഷമതകളും കഷ്ടതകളും നേരിടേണ്ടിവരുമ്പോള്‍ രണ്ടു മാര്‍ഗങ്ങളാണ് നമുക്കു മുമ്പിലുള്ളത്. നിരാശയുടെയും നിസ്സംഗതയുടെയും ആവലാതിയുടെയും വഴിയാണ് അവയിലൊന്ന്. സങ്കടങ്ങള്‍ക്കു നടുവിലും ദിവ്യകാരുണ്യത്തില്‍ അഭയം പ്രാപിച്ച് സൗഖ്യം തേടലാണ് മറ്റൊരു വഴി. ഈ വഴിയില്‍ പ്രത്യാശയുണ്ട്. പൊരുത്തപ്പെട്ട് മുന്നോട്ടുപോകാനുള്ള കരുത്തുണ്ട്.

Back to Top