8 Tuesday
July 2025
2025 July 8
1447 Mouharrem 12

ദുരന്തങ്ങള്‍ ദൈവകോപമല്ല ദൈവിക ദൃഷ്ടാന്തമാണ് – പ്രഫ. ശംസുദ്ദീന്‍ പാലക്കോട്

പ്രപഞ്ചത്തിലുണ്ടാകുന്ന ദുരന്തങ്ങളെയും മനുഷ്യജീവിതത്തിലുണ്ടാകുന്ന കടുത്ത പ്രയാസങ്ങളെയും മൂന്ന് ദിശാസൂചകങ്ങളിലൂടെയാണ് ഖുര്‍ആന്‍ വിശകലനം ചെയ്യുന്നത്. പരീക്ഷണങ്ങള്‍, ദൃഷ്ടാന്തങ്ങള്‍, വലിയ ശിക്ഷക്ക് മുമ്പുള്ള ചെറിയ ശിക്ഷകള്‍ എന്നിവയാണവ. ഈ വിശകലനങ്ങളിലൂടെ കടന്നുപോകുന്ന വ്യത്യസ്ത സൂക്തങ്ങളും സന്ദര്‍ഭങ്ങളും ഖുര്‍ആനില്‍ ധാരാളമായി കാണാം. ഉദാഹരണമായി ഫിര്‍ഔനിന്റെ ഭരണകാലത്ത് (റംസീസ് രണ്ടാമന്‍) ഈജിപ്തില്‍ തുടരെത്തുടരെയുണ്ടായ പ്രകൃതിദുരന്തങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളും. നൈല്‍ നദിയുടെ ഇരുകരകളിലും സമൃദ്ധമായി വളര്‍ന്ന കൃഷിയെല്ലാം നശിച്ചുപോയ മഹാപ്രളയം, മഴ മാറിയപ്പോള്‍ വ്യാപകമായ വെട്ടുകിളി ശല്യം, പേന്‍ശല്യവും തവളശല്യവും, കുടിവെള്ളത്തിന് രക്തവര്‍ണം സംഭവിക്കല്‍ എന്നിങ്ങനെ തുടരെത്തുടരെ പലവിധ പ്രകൃതി, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അവരെ ബാധിക്കുകയുണ്ടായി.
താന്‍ ദൈവമാണെന്ന് അവകാശപ്പെട്ട ആള്‍ദൈവ ഭരണാധികാരിയായിരുന്നു ഫിര്‍ഔന്‍. പക്ഷെ ഈ ആപത്തുകളില്‍ നിന്ന് തന്റെ പ്രജകളെ രക്ഷിക്കാനോ അവരെ സമാശ്വസിപ്പിക്കാനോ അദ്ദേഹത്തിന് സാധിച്ചില്ല. ഫിര്‍ഔനല്ല ദൈവം എന്ന് ആവര്‍ത്തിച്ച് മൂസാനബി(അ) പറയുന്നതില്‍ കാര്യമുണ്ടെന്ന് ആ ജനതക്ക് ബോധ്യപ്പെടുകയും അവര്‍ മുസാനബിയെ സമീപിച്ച് താങ്കള്‍ താങ്കളുടെ ദൈവത്തോട് പ്രാര്‍ഥിച്ച് ഈ വിപത്ത് നീക്കിത്തന്നാല്‍ ഞങ്ങള്‍ നീ പറയുന്ന പ്രപഞ്ചദൈവത്തില്‍ വിശ്വസിച്ചുകൊള്ളാമെന്ന് പറയുകയും ചെയ്തു. അങ്ങനെ മൂസാനബിയുടെ പ്രാര്‍ഥനയുടെ ഫലമായി ദൈവഹിത പ്രകാരം കാലാവസ്ഥ സാധാരണ നിലയിലായി. അപ്പോള്‍ ആ ജനത വീണ്ടും പഴയ രീതിയില്‍ ദൈവനിഷേധ സ്വഭാവത്തിലേക്ക് തന്നെ മടങ്ങുകയും ചെയ്തു. പ്രളയത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനത്തില്‍നിന്നും ഒരു പാഠവും അവര്‍ പഠിച്ചല്ല എന്നര്‍ഥം! ഈ സംഭവ വിവരണങ്ങളുടെ പരിസമാപ്തി ഖുര്‍ആനില്‍ ഇങ്ങനെ വായിക്കാം: ”അപ്പോള്‍ നാം അവരുടെ കാര്യത്തില്‍ ശിക്ഷാ നടപടി എടുത്തു. അങ്ങനെ അവരെ നാം കടലില്‍ മുക്കിക്കളഞ്ഞു. അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുകളയുകയും അവയെപ്പറ്റി അശ്രദ്ധരാവുകയും ചെയ്തതിന്റെ ഫലമത്രെ അത്.” (അഅ്‌റാഫ് 136)
മറ്റൊരു സംഭവം ഖുര്‍ആന്‍ വിശകലനം ചെയ്യുന്നത് നോക്കുക: ഫിര്‍ഔനിന്റെയും പരിവാരങ്ങളുടെയും നാശവും ഫിര്‍ഔന്‍ സാമ്രാജ്യത്തിന്റെ സമ്പൂര്‍ണ നാശവും സംഭവിച്ചതിന് ശേഷം മൂസാനബി ഇസ്‌റാഈല്യരെ കൂട്ടി ദൈവനിശ്ചയ പ്രകാരം സഞ്ചരിക്കുന്ന കഥ ഖുര്‍ആന്‍ പറയുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ ലോകത്തൊരു ജനവിഭാഗത്തിനും അല്ലാഹു നല്‍കിയിട്ടില്ലാത്ത വിശേഷ അനുഗ്രഹങ്ങള്‍ ബനൂഇസ്‌റാഈല്യര്‍ക്ക് അല്ലാഹു നല്‍കിയ കാര്യം ഓര്‍മപ്പെടുത്തുന്നത് കാണാം. പതിറ്റാണ്ടുകളോളം ഫിര്‍ഔന്റെ ഭരണത്തില്‍ അധസ്ഥിതാവസ്ഥയില്‍ കഴിയേണ്ടിവന്ന ബനൂ ഇസ്‌റാഈല്യര്‍ മൂസാനബിയിലൂടെ വിമോചിപ്പിക്കപ്പെടുകയും സുഭിക്ഷവും അനുഗൃഹീതവുമായ പുതിയ ഒരു ജീവിതത്തിലേക്ക് പരിവര്‍ത്തിപ്പിക്കപ്പെടുകയും ചെയ്തു. ആ സംഭവങ്ങള്‍ നാള്‍വഴി രൂപത്തില്‍ മനസ്സിലാക്കാവുന്ന വിധം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ശേഷം ബനൂ ഇസ്‌റാഈ ല്യര്‍ ദൈവിക കോപത്തിനിരയായി പലവിധ കഷ്ടനഷ്ടങ്ങളും ഫിര്‍ഔന്റെ കാലത്തുണ്ടായതിനെക്കാള്‍ വലിയ ശിക്ഷക്കും പരീക്ഷണത്തിനും വിധേയമാവുകയും ചെയ്തു.
ഏകദൈവ വിശ്വാസം പ്രചരിപ്പിക്കുന്ന പ്രവാചകന്റെ കൂടെ നിന്നുകൊണ്ടുതന്നെ കാളക്കുട്ടിയെ പൂജിക്കുക എന്ന ബഹുദൈവാരാധനയെ നിസ്സങ്കോചം വാരിപ്പുണരുന്ന അവസ്ഥ വരെ അവരിലുണ്ടായി. പ്രവാചകന്റെ കല്‍പനകള്‍ക്ക് സ്വകീയമായ വ്യാഖ്യാനവും പ്രവാചക കല്‍പനകളുടെ ലംഘനവും ഉണ്ടായതിനാല്‍ അല്ലാഹു അവരില്‍ ചിലരെ ഇതിന്റെ ഫലമായി കുരങ്ങന്മാരാക്കി, അല്ലാഹു അനുഗ്രഹിച്ച ജനത നന്ദികേടിലും ധിക്കാരത്തിലും അധര്‍മ ജീവിതത്തിലും അതിരുകവിഞ്ഞപ്പോള്‍ അല്ലാഹു അവര്‍ക്ക് ഈ ലോകത്ത് വെച്ചുതന്നെ ശിക്ഷയും നിന്ദ്യതയും അനുഭവിപ്പിച്ചു എന്നുതന്നെയാണ് ഖുര്‍ആന്‍ പറയുന്നത്. ആ ഭാഗം ഖുര്‍ആനില്‍ നമുക്കിങ്ങനെ വായിക്കാം: ”കാളക്കുട്ടിയെ ദൈവമായി സ്വീകരിച്ചവരാരോ അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കോപവും ഐഹികജീവിതത്തില്‍ നിന്ദ്യതയും വന്നുഭവിക്കുന്നതാണ്. കള്ളം കെട്ടിച്ചമച്ചവര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത് അപ്രകാരമത്രെ.” (അഅ്‌റാഫ് 152)
ഒരു ഭരണകൂടത്തിന്റെയും ഒരു മതസമൂഹത്തിന്റെയും സവിസ്തരമായ സംഭവ വിവരണകഥ സൂറതുല്‍ ബഖറയില്‍ 90-ലധികം ആയത്തുകളിലായും അത്രതന്നെ ആയത്തുകളിലായി സൂറത്തുല്‍ അഅ്‌റാഫിലും വിശദീകരിക്കുന്നുണ്ട്. ഒന്ന് ദൈവനിഷേധത്താലും ബഹുദൈവത്വത്താലും ദൈവികശിക്ഷ ഏറ്റുവാങ്ങിയ ഒരു ഭരണകൂടമാണെങ്കില്‍ മറ്റൊന്ന് മതവിശ്വാസത്തിന്റെ നാമധാരണത്തിനപ്പുറത്തേക്ക് മതത്തെ ഉള്‍ക്കൊള്ളുകയോ പ്രവാചകാധ്യാപനങ്ങള്‍ക്ക് വില കല്‍പിക്കുകയോ ചെയ്യാതിരുന്ന ഒരു മതസുദായത്തിന്റെ പതന കഥയാണെന്ന വ്യത്യാസമേയുള്ളൂ. ഈ രണ്ടു വിഭാഗത്തിനും വന്നുപെട്ട ദൂരവ്യാപകമായ ദുരന്തങ്ങളെ വിശേഷിപ്പിക്കാന്‍ ഖുര്‍ആന്‍ ഉപോഗിച്ചിട്ടുള്ള പദം രിജ്‌സ് (ശിക്ഷ), അദാബ് (ശിക്ഷ), ദില്ലത്ത് (നിന്ദ്യത), ഗ്വളബ് (ദൈവകോപം) എന്നിവയാണ്. വെള്ളപ്പൊക്കംപോലെയുള്ള പ്രകൃതി ദുരന്തങ്ങളും ചെള്ള് ശല്യം, തവള ശല്യം തുടങ്ങിയ പാരിസ്ഥിതിക പ്രശ്‌നങ്ങളുമുണ്ടാകാന്‍ അന്ന് കുന്നും മലയും ഇടിച്ചതായോ നൈല്‍നദിയുടെ ഗതി തിരിച്ചുവിട്ട് പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് ഭംഗം വരുത്തിയതായോ കാലാവസ്ഥാ വ്യതിയാനത്തിന് നിമിത്തമായ എന്തെങ്കിലും അരുതായ്മകള്‍ ആ ജനത ചെയ്തതായോ ഖുര്‍ആന്‍ സവിസ്തരം പ്രതിപാദിച്ച ഈ സംഭവ വിശകലനങ്ങളിലെവിടെയും സൂചിപ്പിക്കുന്നുമില്ല.
അപ്പോള്‍ ‘മനുഷ്യരുടെ സ്വയം കൃതാനര്‍ഥങ്ങളാണ് കരയിയും കടലിലും കുഴപ്പങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ കാരണം’ എന്ന ഖുര്‍ആന്‍ സൂക്തം (30:41) മനുഷ്യന്‍ നടത്തുന്ന പാരിസ്ഥിതിക കൈയ്യേറ്റങ്ങളില്‍ മാത്രമായി തളച്ചിടുകയോ പരിമിതപ്പെടുത്തുകയോ ചെയ്യരുത്. സൂറതുര്‍റഹ്മാനില്‍ അല്ലാഹു പറഞ്ഞ പടച്ചവന്‍ ഉണ്ടാക്കിയ/പഠിപ്പിച്ച പ്രപഞ്ച ജീവിതത്തില്‍ മനുഷ്യന്‍ പാലിക്കേണ്ട ധാര്‍മികവും പാരിസ്ഥിതികവുമായ എല്ലാ ധര്‍മശാസനകളും മനുഷ്യന്‍ പാലിക്കണമെന്നഥം. ‘ആ സന്തുലിതാവസ്ഥയില്‍ നിങ്ങള്‍ അതിരുകവിയരുത്’ എന്ന ഖുര്‍ആനിക ശാസന (56:8) പാരിസ്ഥിതിക നിയമലംഘനങ്ങളില്‍ മാത്രം പരിമിതപ്പെടുത്തുന്നത് ശരിയല്ല എന്നാണ് അല്ലാഹുവിന്റെ നടപടിക്രമങ്ങളെ സംബന്ധിച്ച ഖുര്‍ആനിക വായനയില്‍ നിന്ന് മനസ്സിലാവുക.
തെറ്റ് ചെയ്തവരെ അല്ലാഹു ഇവിടെവെച്ചുതന്നെ ശിക്ഷിക്കുമോ? അത് ദൈവിക കാരുണ്യത്തിന് നിരക്കുന്നതാണോ എന്നത് ഒരു വൈകാരിക ചോദ്യം മാത്രമായേ കാണാനൊക്കൂ. കാരണം ക്രൂരമായ നിയമലംഘനവും അധാര്‍മിക ജീവിതവും മുഖമുദ്രയാക്കിയ ഫിര്‍ഔന്‍ ചക്രവര്‍ത്തിക്കും അയാളുടെ പരിവാരങ്ങള്‍ക്കും ഒരു തിരിച്ചറിവിലൂടെ ശരിയായ ജീവിത പാന്ഥാവിലേക്ക് തിരിച്ചുവരാന്‍ ചെറിയ ചെറിയ പരീക്ഷണങ്ങളിലൂടെയും ശിക്ഷകളിലൂടെയും ദൃഷ്ടാന്തങ്ങളിലൂടെയും കാരുണ്യവാനായ അല്ലാഹു അവസരം ഒരുക്കിക്കൊടുക്കുകയാണ് ചെയ്തത്. ബനൂ ഇസ്‌റാഈല്‍ സമുദായത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. പക്ഷേ, രണ്ട് കൂട്ടരും ദുരനുഭവങ്ങളില്‍ നിന്ന് ഒരു പാഠവും പഠിച്ചില്ല! ആദ്യത്തെയാള്‍ അല്ലാഹുവിന്റെ കടുത്ത ശിക്ഷക്ക് പിന്നീട് വിധേയമാവുകയും ബനൂ ഇസ്‌റാഈല്‍ സമുദായം അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്ക് വിധേയമാവുകയും ചെയ്തു. അഥവാ ചെറിയ ശിക്ഷകളെ ശിക്ഷളായിത്തന്നെ കണ്ടാലും അത് ദൈവീക കാരുണ്യത്തിന്റെ (വലിയ ശിക്ഷയില്‍ നിന്ന് അവര്‍ക്ക് രക്ഷപ്പെടാനുള്ള മുന്നറിയിപ്പ്) കരുതലായിത്തന്നെയാണ് നാം കാണേണ്ടത്.
ഈ വിഷയത്തില്‍ കൃത്യമായ വെളിച്ചം പകര്‍ന്നുതരുന്ന ഖുര്‍ആന്‍ സൂക്തം നോക്കൂ: ”എന്നാല്‍ ധിക്കാരം കാണിച്ചവരാരോ അവരുടെ വാസസ്ഥലം നരകമാകുന്നു. അവര്‍ അതില്‍ നിന്ന് പുറത്ത് കടക്കാന്‍ ഉദ്ദേശിക്കുമ്പോഴെല്ലാം അതിലേക്ക് തന്നെ അവര്‍ തിരിച്ചയക്കപ്പെടുന്നതാണ്. നിങ്ങള്‍ നിഷേധിച്ച് തള്ളിക്കളഞ്ഞിരുന്ന ആ നരകത്തിലെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക എന്ന് അവരോട് പറയപ്പെടുകയും ചെയ്യും. ഏറ്റവും വലിയ ആ ശിക്ഷ കൂടാതെ (ഐഹികമായി) ചെറിയ തരം ശിക്ഷകളും നാം അവരെ ആസ്വദിപ്പിക്കുന്നതാണ്. അവര്‍ ഒരു വേള മടങ്ങിയേക്കാം.” (സജദ 20,21)
ഐഹികമായ പല ദുരന്തങ്ങളും (ശിക്ഷകള്‍) വലിയ ശിക്ഷയില്‍ നിന്ന് നമുക്ക് രക്ഷപ്പെടാനുള്ള തുറന്നുവെച്ച അവസരങ്ങളും ധിക്കാരികളായ ജനങ്ങളോടു പോലും കാരുണ്യവാനായ ദൈവത്തിന്റെ കരുണയുടെ കരുതലുമാണെന്നാണല്ലോ വ്യാഖ്യാനമാവശ്യമില്ലാത്തവിധം ഈ സൂക്തം നമ്മോട് പറയുന്നത്. താഴെ കൊടുക്കുന്ന രണ്ട് മൂന്ന് ആയത്തുകള്‍ കൂടി ഇതിനോട് ചേര്‍ത്തുവായിക്കുക: ”ഏതൊരു നാട്ടില്‍ നാം പ്രവാചകനെ അയച്ചപ്പോഴും അവിടത്തുകാരെ ദുരിതവും കഷ്ടപ്പാടും കൊണ്ട് നാം പിടികൂടാതിരുന്നിട്ടില്ല അവര്‍ വിനയമുള്ളവരായിത്തീരാന്‍ വേണ്ടിയത്രെ അത്.” (അഅ്‌റാഫ്: 94)
ഈ സൂക്തത്തിന് ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനി നല്‍കിയ വ്യാഖ്യാനക്കുറിപ്പ് ഇപ്രകാരം: ”ജനങ്ങള്‍ പ്രവാചകനെ നിഷേധിച്ചുതള്ളുമ്പോള്‍ നിഷേധം നാശഹേതുവാണെന്ന് അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ വേണ്ടിയാണ് അല്ലാഹു ഇപ്രകാരം ചെയ്യുന്നത്. ദുരിതവും സൗഭാഗ്യവുമൊക്കെ ഞങ്ങളുടെ മുന്‍കാല തലമുറകളില്‍ മാറി മാറി വന്നിട്ടുണ്ട്. അതൊക്കെ ലോകത്ത് സ്വാഭാവികമാണ്, അതൊന്നും അല്ലാഹുവിന്റെ പരീക്ഷണമായി ഞങ്ങള്‍ കരുതുന്നില്ല. ഇതായിരുന്നു അവരുടെ നിലപാട്” (വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷ 7:94,95 സൂക്തങ്ങള്‍ക്ക് നല്‍കിയ 234, 235 വ്യാഖ്യാനക്കുറിപ്പ്)
മനുഷ്യന്‍ ആകമാനം നിസ്സഹായമായിപ്പോകുന്ന പ്രകൃതിദുരന്തങ്ങളെയും അസ്വാഭാവികമായ പാരിസ്ഥിതിക പ്രശ്‌നങ്ങളെയും വ്യാപകമായ പകര്‍ച്ച വ്യാധികളെയും കേവലം ലോകത്ത് നടക്കുന്ന സാധാരണ സംഭവങ്ങളായി അവഗണിക്കരുത് എന്നുതന്നെയാണ് ഖുര്‍ആന്‍ ആവര്‍ത്തിച്ചു മനുഷ്യരെ ഓര്‍മപ്പെടുത്തുന്നത്. ദൈവിക ശിക്ഷയിറങ്ങി തകര്‍ന്നടിഞ്ഞ ഒരു നാടിനെ ചൂണ്ടി അല്ലാഹു ലോകസമൂഹത്തോട് പറയുന്ന ഒരു പ്രധാന കാര്യം ഇപ്രകാരം: ”’ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയം സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്ത് നിന്നും നാം അവര്‍ക്ക് അനുഗ്രഹങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. പക്ഷെ അവര്‍ നിഷേധിച്ചുതള്ളുകയാണ് ചെയ്തത്. അപ്പോള്‍ അവര്‍ ചെയ്തുവച്ചതിന്റെ ഫലമായി നാം അവരെ പിടികൂടി. എന്നാല്‍ ആ നാടുകളിലുള്ളവര്‍ അവര്‍ രാത്രിയില്‍ ഉറങ്ങിക്കൊണ്ടിരിക്കെ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെപ്പറ്റി നിര്‍ഭയരായിരിക്കുകയാണോ? ആ നാടുകളിലുള്ളവര്‍ അവര്‍ പകല്‍ സമയത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെപ്പറ്റിയും അവര്‍ നിര്‍ഭയരായിരിക്കുകയാണോ? അപ്പോള്‍ അല്ലാഹുവിന്റെ തന്ത്രത്തെ പറ്റിത്തന്നെ അവര്‍ നിര്‍ഭയരായിരിക്കുകയാണോ? എന്നാല്‍ നഷ്ടകാരികളായ ഒരു ജനതയല്ലാതെ അല്ലാഹുവിന്റെ തന്ത്രത്തെപ്പറ്റി നിര്‍ഭയരാവുകയില്ല” (അഅ്‌റാഫ് 96-99)
ധര്‍മബോധത്തോടെയും ദൈവബോധത്തോടെയും ജീവിക്കുന്ന സമൂഹത്തിന് താരതമ്യേന ദുരന്തങ്ങളും കഷ്ടനഷ്ടങ്ങളും കുറവായിരിക്കും എന്ന് ഈ ആയത്തുകളില്‍ നിന്ന് വായിച്ചെടുക്കാന്‍ പ്രയാസമില്ലല്ലോ. ധര്‍മബോധവും ദൈവബോധവും തന്നെയാണ് സമാധാന സംതൃപ്ത ജീവിതത്തിന്റെ ഇന്ധനം എന്ന് കൃത്യമായും വ്യക്തമാക്കുന്ന ഒരു ആയത്ത് ഖുര്‍ആനിലുള്ളത് ഇപ്രകാരം: ”എന്റെ ഉല്‍ബോധനത്തെ വിട്ട് വല്ലവരും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവര്‍ക്ക് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പ്പിച്ചു കൊണ്ടുവരുന്നതാണ്.” (ത്വാഹ 124)
അപ്പോള്‍ നല്ല മനുഷ്യരും ചെറിയ കുഞ്ഞുങ്ങളും, എന്തിന് ആരാധനാലയങ്ങള്‍ വരെ നാശത്തിന് വിധേയമായിട്ടുണ്ടല്ലോ, ദൈവം ഈ നിരപരാധികളെ ഇങ്ങനെ ശിക്ഷിക്കാന്‍ അവന്‍ ഇത്ര കരുണയില്ലാത്തവനാണോ എന്ന സംശയവും സ്വാഭാവികമാണെങ്കിലും അതും വൈകാരികരതയില്‍ നിന്ന് വരുന്ന ഒരു ചോദ്യമായേ കാണാനാവുകയുള്ളൂ. കേവല വൈകാരികമായ ഈ സംശയത്തിനും വളരെ ഗൗരവതരമായ ഒരു മറുപടി ഖുര്‍ആനിലുണ്ട്. ”ഒരു പരീക്ഷണം (കുഴപ്പം) വരുന്നത് നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളില്‍ നിന്നുള്ള അക്രമികള്‍ക്ക് പ്രത്യേകമായിട്ടാവുകയില്ല. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.” (വി.ഖു 8:25)
കുറ്റവാളികളെ മാത്രം തിരഞ്ഞുപിടിച്ച് ശിക്ഷിക്കുക എന്നത് അല്ലാഹുവിന് സാധിക്കാത്തതുകൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. പക്ഷെ അല്ലാഹുവിന്റെ നിയതമായ ഒരു രീതിയുണ്ട്. ആ രീതിയനുസരിച്ചാണ് പ്രപഞ്ചത്തില്‍ ഓരോ കാര്യങ്ങളും സംഭവിക്കുന്നതെന്നര്‍ഥം. അതിന്റെ എല്ലാ യുക്തിരഹസ്യങ്ങളും മനുഷ്യബുദ്ധിയുടെ പരിധിയില്‍ ഒതുങ്ങുന്നതാവണമെന്നില്ല.
ഇപ്പോള്‍ ഒരു നൂറ്റാണ്ടിനിടക്കുണ്ടായിട്ടുള്ള, കേരളത്തെ മുക്കാല്‍ ഭാഗവും ബാധിച്ച ഈ മഹാപ്രളയത്തെ ദൈവകോപമെന്നും ദൈവികശിക്ഷയെന്നും ഒറ്റയടിക്ക് വിധിയെഴുതുന്നത് ശരിയല്ലാത്തതുപോലെ തന്നെ ശരികേടാണ് കുന്നിടിച്ചതുകൊണ്ടും ഡാം തുറന്നതുകൊണ്ടുമാണ് ഈ ദുരന്തങ്ങളുണ്ടായത് എന്ന് പറഞ്ഞ് പരിമിതമായ ഒരു ഭൗതിക കാരണത്തിലേക്ക് അതിനെ ചുരുക്കിക്കെട്ടുന്നതും! അത് ചിലപ്പോള്‍ ഒരു കാരണമാകാമെങ്കിലും ‘മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചത്’ എന്ന ഖുര്‍ആനിക പ്രയോഗത്തെ മനുഷ്യകരങ്ങള്‍ പ്രകൃതിയില്‍ ഏല്‍പിക്കുന്ന ആഘാതങ്ങള്‍ എന്ന ചെറിയ അര്‍ഥത്തില്‍ വായിക്കുന്നതും ശരിയല്ല. ഏതായാലും ഇതെല്ലാം ദൈവികദൃഷ്ടാന്തങ്ങള്‍ എന്നെങ്കിലും ഉറക്കെ പറയാന്‍ മതവിശ്വാസികളെങ്കിലും സന്മനസ്സ് കാണിക്കണം.
Back to Top