15 Wednesday
July 2026
2026 July 15
1448 Mouharrem 29

ദില്ലി കലാപം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഭരണഘടനാ ബാധ്യത നിറവേറ്റിയില്ലഹൈന്ദവ-സിഖ് സഹോദരങ്ങളുടെ സമയോചിത ചെറുത്തുനില്പ് സ്വാഗതാര്‍ഹം: കെ എന്‍ എം

കെ എന്‍ എം മര്‍കസുദ്ദഅവ മലബാര്‍സോണ്‍ ലീഡേഴ്‌സ് മീറ്റ് ജന. സിക്രട്ടറി സി.പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.

ഹൈന്ദവ-സിഖ് സഹോദരങ്ങളുടെ സമയോചിത ചെറുത്തുനില്പാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ മൗനാനുവാദത്തോടെ നടന്ന ദില്ലി കലാപത്തിന് താല്ക്കാലികമായ അറുതിവരുത്തിയതെന്ന യാഥാര്‍ഥ്യം ഏറെ ശുഭസൂചകമാണെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ഉത്തരമേഖലാ നേതൃസംഗമം അഭിപ്രായപ്പെട്ടു. വീണ്ടുമൊരു കൂട്ടക്കൊലയ്ക്ക് ഹിന്ദുസേന ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കഴിവുകെട്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കാത്തിരിക്കാതെ ഷഹീന്‍ബാഗില്‍ സുരക്ഷയൊരുക്കാന്‍ ഹിന്ദു-സിഖ് സഹോദരങ്ങള്‍ തന്നെ മുന്‍കയ്യെടുക്കണമെന്ന് സംഗമം അഭ്യര്‍ഥിച്ചു.
ദില്ലിയില്‍ കലാപം കത്തിപ്പടര്‍ന്നപ്പോള്‍ ജീവനും സ്വത്തിനും രക്ഷതേടി മുസ്്‌ലിം സമുദായം ആര്‍ത്തട്ടഹസിച്ചപ്പോള്‍ തിരിഞ്ഞുനോക്കാതെ മാളത്തിലൊളിച്ച രാഷ്ട്രീയ നേതൃത്വങ്ങള്‍ മാപ്പര്‍ഹിക്കുന്നില്ല. മര്‍ദ്ദിതരുടെ കൂടെനിന്ന് ആത്മവിശ്വാസം പകരാന്‍ ബാധ്യതപ്പെട്ട രാഷ്ട്രീയ നേതൃത്വങ്ങള്‍ കനയ്യ കുമാറിന്റെ രാജ്യസ്‌നേഹം അളക്കാന്‍ സമയം കണ്ടെത്തിയത് പരിഹാസ്യമാണ്. മുസ്്‌ലിം സമുദായത്തെ തെരഞ്ഞെടുപ്പില്‍ ചൂഷണം ചെയ്തവര്‍ കലാപ സമയത്ത് അക്രമികള്‍ക്കുവേണ്ടി മൗനം പാലിച്ചത് കടുത്ത അപരാധമാണ്.
ഭരണഘടനാപരമായ ബാധ്യത നിര്‍വഹിക്കുന്നതില്‍ പൂര്‍ണ പരാജയമായ അമിത്ഷാ രാജിവെക്കണമെന്ന് കെ എന്‍ എം(മര്‍കസുദ്ദഅ്‌വ) നേതൃസംഗമം ശക്തമായി ആവശ്യപ്പെട്ടു. ദില്ലിയിലെ കലാപത്തില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ പി സകരിയ്യ, അധ്യക്ഷത വഹിച്ചു. എന്‍ എം അബ്ദുല്‍ജലീല്‍, ഡോ. അനസ് കടലുണ്ടി, ഡോ. ജാബിര്‍ അമാനി, ബി പി എ ഗഫൂര്‍, ശംസുദ്ദീന്‍ പാലക്കോട്, അബ്ദുസ്സലാം പുത്തൂര്‍, എം അബ്ദുര്‍റശീദ്, സി എ അബൂബക്കര്‍, സലീം മേപ്പാടി, ആബിദ് മദനി, ഡോ. ഫുക്കാറലി, ഉബൈദുല്ല പാലക്കാട്, ഇസ്മാഈല്‍ കരിയാട് പ്രസംഗിച്ചു`

Back to Top