24 Friday
May 2024
2024 May 24
1445 Dhoul-Qida 16

ദാമ്പത്യപരാജയത്തിന്റെ പത്ത് കാരണങ്ങള്‍ – ഫാത്വിമ ബീകൂശാഹ്

ദാമ്പത്യം ഇതര മാനുഷിക ബന്ധങ്ങളെപ്പോലെയായാല്‍ അത് സുദൃഢമാണെന്ന് ഒരിക്കലും പറയാനാവില്ല. കൊട്ടിഘോഷിക്കപ്പെട്ട എത്രയോ ദാമ്പത്യങ്ങള്‍ തകര്‍ന്ന കഥകള്‍ നാം കേട്ടിട്ടുണ്ട്. അതിനാല്‍ ശരിയായ ആശയവിനിമയത്തിനു പുറമെ അത്യധ്വാനം, ആത്മാര്‍ഥത, സ്വപ്‌നളെക്കുറിച്ച വീണ്ടുവിചാരം തുടങ്ങിയവ കൂടിയുണ്ടെങ്കിലേ ദാമ്പത്യജീവിതം വിജയിപ്പിക്കാനാകുകയുള്ളൂവെന്ന് വിദഗ്ധര്‍ പോലും സമ്മതിക്കുന്നുണ്ട്. കേള്‍ക്കുമ്പോള്‍ വളരെ എളുപ്പമാണെന്ന് തോന്നാമെങ്കിലും പ്രയോഗതലത്തില്‍ മാത്രമേ ദാമ്പത്യത്തിന് അത് ഗുണകരമാകുകയുള്ളൂ. ദമ്പതികള്‍ക്കിടയില്‍ പൊട്ടിത്തെറികള്‍ക്കും ചേര്‍ച്ചയില്ലായ്മക്കും കാരണമാകുന്ന സംഗതികളെന്തെന്ന ചോദ്യത്തിന് ദാമ്പത്യവിദഗ്ധരും മുസ്‌ലിംകൗണ്‍സിലര്‍മാരും വ്യത്യസ്താഭിപ്രായക്കാരാണ്. വിവാഹേതരബന്ധം, ലഹരി തുടങ്ങി അങ്ങേയറ്റം ഗൗരവതരമായ കാരണങ്ങളും അതിലുള്‍പ്പെടുന്നു.

നിന്നെയിഷ്ടമാണ്
അധികദമ്പതികളും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയപ്രശ്‌നങ്ങളിലൊന്ന് ജീവിതപങ്കാളിയില്‍ ഉണ്ടാകണമെന്നാഗ്രഹിക്കുന്ന സ്വഭാവഗുണങ്ങള്‍ക്കായി നടത്തുന്ന പിടിവാശി. അതെത്തുടര്‍ന്ന് ‘നീ അങ്ങനെചെയ്യണം, അങ്ങനെയാകണം’ എന്ന രീതിയില്‍ നിരന്തരം ഉപദേശങ്ങളോ ആക്രോശങ്ങളോ അന്യോന്യം പുറപ്പെടുവിക്കുന്നു. എന്നാല്‍ ഇത്തരക്കാര്‍ വ്യക്തിജീവിതത്തില്‍ സ്വഭാവനന്‍മകള്‍ വളര്‍ത്തിയെടുക്കാനോ മുറുകെപ്പിടിക്കാനോ ശ്രദ്ധിക്കാറില്ല. ഈ അവസ്ഥാവിശേഷം മാറ്റിയെടുത്താല്‍ മാത്രമേ ‘നിന്നെയിഷ്ടമാണ്’ എന്ന സ്‌നേഹപ്രകടനം പ്രതീക്ഷിക്കാനാവുകയുള്ളൂ. നിങ്ങള്‍ വിവാഹംകഴിച്ചത് അടുക്കുംചിട്ടയും വൃത്തിബോധവും ഇല്ലാത്ത ഒരാളെയാണെങ്കില്‍ നിങ്ങളാഗ്രഹിക്കുന്നുവെന്ന ഒറ്റക്കാരണംകൊണ്ട് പ്രസ്തുത സ്വഭാവഗുണങ്ങള്‍ ആ വ്യക്തി സ്വാംശീകരിക്കണമെന്നില്ല. കാരണം, നിങ്ങളെ മാറ്റാന്‍ നിങ്ങള്‍ക്ക് മാത്രമേ കഴിയൂ. അതിനാല്‍ പങ്കാളിയോടുള്ള നിങ്ങളുടെ പ്രതികരണത്തില്‍ മാറ്റംവരുത്തുകയാണ് ഏറ്റവും ഉത്തമം.
വര്‍ത്തമാനംപറയലല്ല

ആശയവിനിമയം
അന്യോന്യം വര്‍ത്തമാനം പറഞ്ഞാല്‍ ദാമ്പത്യത്തിലെ അവശ്യഉപാധിയായ ആശയവിനിമയം പൂര്‍ത്തിയായി എന്ന തെറ്റുധാരണ ദമ്പതികള്‍ക്കുണ്ട്. നമ്മുടെ പരാതികളും കുറ്റപ്പെടുത്തലുകളും വൈകാരിക ഭീഷണികളും ഒരിക്കലും ഗുണപരമായ ആശയവിനിമയമല്ലെന്ന് തിരിച്ചറിയുക. മനസ്സറിയിക്കാന്‍ പരാതിയുടെയും വിമര്‍ശനത്തിന്റെയും മെഗാഫോണുകള്‍ ഉപയോഗിക്കരുത്. പകരം ഗുണകാംക്ഷയുടെയും ആഗ്രഹത്തിന്റെയും മന്ത്രണങ്ങള്‍ നടത്തുക. ഇത് ദാമ്പത്യത്തെ അവസാനശ്വാസം വരെയും സംരക്ഷിക്കും. സ്വതാല്‍പര്യത്തെ മാറ്റിനിര്‍ത്തി, പങ്കാളിയുടെ കണ്ണുകളിലൂടെ വിഷയത്തെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോഴാണ് ഫലപ്രദമായ ആശയവിനിമയം നടക്കുന്നത്. മാത്രമല്ല, അവ്വിധം കേള്‍ക്കുകയും സംസാരിക്കുകയും ചെയ്യുന്നത് പരസ്പര ബന്ധത്തെ ഊഷ്മളമാക്കുകയുംചെയ്യുന്നു.

സമയക്രമീകരണം
ആധുനിക നാഗരികക്രമം ജീവിതത്തെ കടുത്ത സമ്മര്‍ദത്തിലാക്കിരിക്കുന്നു. ജീവിതത്തിന്റെ അന്തസ്സത്ത സമയവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. എന്നാല്‍ ബഹുഭൂരിപക്ഷം ദമ്പതികളും തങ്ങളുടെ സമയം ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെടുകയാണ്. ദൈനംദിനപ്രവര്‍ത്തനങ്ങളുടെ ബാഹുല്യത്തില്‍ രണ്ടുപേരും തങ്ങളുടേതായ ലോകത്തേക്ക് ഉള്‍വലിയുന്ന അവസ്ഥയാണ് ഇന്ന് സംജാതമായിരിക്കുന്നത്.
ദമ്പതികള്‍ ഗുണപ്രദമാകും വിധം അഞ്ചുമിനിറ്റെങ്കിലും ഒന്നിച്ചിരുന്ന് ചെലവഴിക്കുകയെന്നത് ദാമ്പത്യജീവിതത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമാണ്. അതിന് തങ്ങളുടെ പരസ്പരബന്ധം എവ്വിധമാണെന്ന് മാന്യവും സത്യസന്ധവുമായ തുറന്ന വിലയിരുത്തല്‍ ദമ്പതികള്‍ നടത്തണം. അപ്പോഴാണ് ജീവിതപുസ്തകത്തിലെ ഒരേ താളില്‍ തന്നെയാണോ തങ്ങളുള്ളതെന്ന് തിരിച്ചറിയാനും തിരുത്താനും കഴിയുകയുള്ളൂ.

പ്രേമം
മുസ്‌ലിംദാമ്പത്യങ്ങളിലെ ഏറ്റവും വലിയ പ്രതിസന്ധി ദമ്പതികള്‍ തമ്മിലുള്ള പ്രേമമില്ലായ്മയാണെന്ന് മാര്യേജ് തെറാപിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. ജീവിതപങ്കാളികള്‍ എന്ന നിലക്ക് എല്ലാ വിഷയത്തിലും ഇരുവരുടെയും പങ്കാളിത്തം എന്നതാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. സെക്‌സ് അതിന്റെ ചെറിയ ഒരുഭാഗം മാത്രമാണ്. ആത്മീയമായും മാനസികമായും ശാരീരികമായും വൈകാരികമായും എപ്പോഴും ബന്ധം സുബദ്ധമാക്കുക എന്നര്‍ഥത്തില്‍ പ്രണയാഗ്‌നി കാത്തുസൂക്ഷിക്കാന്‍ ഭൂരിപക്ഷം ദമ്പതികള്‍ക്കും കഴിയാതെപോകുന്നു. പ്രേമം ഒരു ലക്ഷ്യമല്ല, മറിച്ച് ദാമ്പത്യത്തിലെ നിലക്കാത്ത യാത്രയാണെന്ന് മനസ്സിലാക്കണം.

അവഗണന
ദമ്പതികള്‍ക്ക് കുട്ടികളുണ്ടാകുന്നതോടെ മാതാക്കള്‍ പിതാക്കന്‍മാരെ അവഗണിക്കുന്ന അവസ്ഥ സംജാതമാകാറുണ്ട്. ഇത് ദാമ്പത്യത്തെ ഉലച്ചുകളയുന്ന പ്രശ്‌നമാണെന്ന് പറയാതെ വയ്യ. പിതാവില്‍ ഇത് അസംതൃപ്തി സൃഷ്ടിക്കുകയും പ്രേമത്തെ ഇല്ലാതാക്കുകയുംചെയ്യും. അതുപോലെത്തന്നെ സ്മാര്‍ട്ട് ഫോണ്‍, സോഷ്യല്‍ മീഡിയ എന്നിവയോട് അമിതപ്രതിപത്തി കാട്ടുന്ന ദമ്പതികളുടെ ജീവിതവും അപകടത്തിന്റെ വക്കിലാണ്. ഭക്ഷണംകഴിക്കുമ്പോഴും അര്‍ധരാത്രിയിലും ഫോണിലും നെറ്റിലും പരതിക്കൊണ്ടിരിക്കുന്ന സ്വഭാവം ദാമ്പത്യജീവിതത്തിന്‍മേല്‍ കരിനിഴല്‍ വീഴ്ത്തുന്നു. ഇതെല്ലാം അവരുടെ ശ്രദ്ധ ജീവിതപങ്കാളിയില്‍നിന്ന് തിരിച്ചുവിടുകയാണ് ചെയ്യുന്നത്. പങ്കാളി തൊട്ടടുത്തിരിക്കുന്നുവെന്നതുകൊണ്ടുമാത്രം അതിനെ ദാമ്പത്യത്തിലെ ഗുണപ്രദമായ സമയമെന്ന് വിശേഷിപ്പിക്കാനാവില്ല.

പണം, പണം, പണം
പണവും സമ്പത്ത് വാരിക്കൂട്ടലും ദാമ്പത്യത്തില്‍ വലിയൊരു പ്രശ്‌നമാണ്. വിവാഹേതര ബന്ധങ്ങളില്‍ നിന്ന് സുരക്ഷിതമായ പല ദാമ്പത്യങ്ങളും പണവിഷയത്തില്‍ തട്ടിത്തടഞ്ഞുവീഴുന്ന കാഴ്ച ആഗോളതലത്തിലുള്ള പ്രതിഭാസമാണ്. പലപ്പോഴും അരക്ഷിതാവസ്ഥയിലുള്ള പുരുഷന്‍ സ്ത്രീയെ വരുതിയില്‍ നിറുത്താന്‍ പണത്തെ ഉപകരണമാക്കുന്നു. ദമ്പതികളിലിരുവര്‍ക്കും സ്വന്തമായി വരുമാന മാര്‍ഗങ്ങളുണ്ടെങ്കില്‍ അവരില്‍ കൂടുതല്‍ വരുമാനമുള്ളയാള്‍ അസംതൃപ്തനാകുന്നത് കാണാം. ചുരുക്കത്തില്‍, പണത്തെക്കുറിച്ചു മാത്രമുള്ള ചിന്ത അനാരോഗ്യകരമായ മത്സരബോധം സൃഷ്ടിക്കാനിടവരുത്തുന്നു.

മാപ്പുതരൂ പ്രിയേ
പരസ്പരസ്‌നേഹത്തില്‍ ഊട്ടിയുറപ്പിക്കപ്പെട്ട ദാമ്പത്യത്തില്‍ വിട്ടുവീഴ്ചയും മാപ്പുചെയ്യലും നിരുപാധികമായി ഉണ്ടാകുന്ന കാര്യങ്ങളാണ്. എന്നാല്‍ അത്തരം വിട്ടുവീഴ്ചാമനോഭാവം പലദമ്പതികള്‍ക്കും പുലര്‍ത്താനാകുന്നില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ‘രാത്രി സിങ്ക് കഴുകി വൃത്തിയാക്കിയിട്ടില്ല, വസ്ത്രങ്ങള്‍ അവിടവിടങ്ങളില്‍ ചുരുട്ടി ഇടുന്നു’ എന്നുതുടങ്ങി ‘കടം വാങ്ങുന്നു’ എന്നിങ്ങനെയുള്ള ആക്ഷേപങ്ങളില്‍ മാപ്പുകൊടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ദാമ്പത്യം അസ്വാരസ്യത്തിന്റേതായി മാറും. പങ്കാളിക്ക് മാപ്പുകൊടുക്കാനുള്ള മടിയാണ് കുടുംബാന്തരീക്ഷം നരകതുല്യമാക്കുന്നത്. മാപ്പുകൊടുക്കല്‍ ദാമ്പത്യത്തിലെ ദിനചര്യയായി മാറണമെന്ന് ചുരുക്കം.

അംഗീകരിക്കാനുള്ള മടി
പങ്കാളിയുടെ നന്‍മകളില്‍ അവരെ പുകഴ്ത്താനും പ്രോത്സാഹിപ്പിക്കാനും മടികാട്ടുന്നവര്‍ എമ്പാടുമുണ്ട്. അത്തരം ദാമ്പത്യങ്ങളില്‍ പരസ്പരമുള്ള വാക്കേറ്റങ്ങള്‍ കൂടുതലായിരിക്കും. ദാമ്പത്യത്തിലുള്ള അവിശ്വാസമാണ് പങ്കാളിയെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നതിന് പിന്നില്‍. തന്റെ ആശ്രിതരായി പങ്കാളികളെ കാണുന്നവര്‍ അതിനാല്‍, തന്നെ ഉപേക്ഷിച്ച് അവര്‍ എങ്ങുംപോകില്ലെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ പങ്കാളികളാല്‍ പ്രശംസിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുന്ന ദമ്പതികള്‍ തമ്മില്‍ കലഹം ഉണ്ടാവുകയില്ലെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

വൈകാരിക പങ്കുവെയ്പ്
മറ്റുള്ളവര്‍ക്ക് തങ്ങളെക്കാള്‍ പരിഗണനയും പ്രാധാന്യവും കൊടുക്കുന്നു എന്ന പരാതി ദമ്പതികളിലോരോരുത്തരും ഉന്നയിക്കുന്നുവെന്നതാണ് സോഷ്യല്‍ മീഡിയായുഗത്തിലെ പുതിയപ്രവണത. ഇണയെവിട്ട് പുതിയ ബന്ധങ്ങള്‍ക്ക് മുതിരുന്നത് സെക്‌സിന് വേണ്ടിയായിരിക്കില്ല. മറിച്ച്, വൈകാരികബന്ധത്തിനുള്ള താല്‍പര്യമാണ്. അത്തരം ബന്ധങ്ങളുണ്ടെന്ന് പങ്കാളി തിരിച്ചറിയുന്നതോടെ ദാമ്പത്യം പഴയ ഊഷ്മളതയില്‍ മുന്നോട്ടുകൊണ്ടുപോവുക അസാധ്യമായിത്തീരുന്നു. അതിനാല്‍ തന്റെ പങ്കാളിയല്ലാത്ത മറ്റാരുമായും വൈകാരിക ബന്ധങ്ങള്‍ക്ക് ദമ്പതികളിലൊരാളും തന്നെ തുനിയരുത്.

മത്സരിക്കുന്ന മനസ്സ്
ആത്മീയമായി ഉന്നതവിതാനത്തില്‍ കഴിയുന്ന ദമ്പതികളില്‍ പോലും കണ്ടുവരുന്ന ഒരു മത്സരബോധമാണ് ഇത്. തന്റെ പങ്കാളിയുടെ പ്രവര്‍ത്തനങ്ങളെ നിസ്സാരമായി കാണാനും അതിനെ കടത്തിവെട്ടാനും സദാ വെമ്പല്‍കൊള്ളുന്ന പ്രകൃതം. അനുസരണത്തിന്റെയും ഒന്നിച്ചുള്ള മുന്നേറ്റത്തിന്റെയും സന്ദര്‍ഭം തിരിച്ചറിയാത്ത ഇത്തരം ദാമ്പത്യങ്ങള്‍ ദുരന്തങ്ങളായിരിക്കും. മറ്റെയാളെ വിജയിക്കാന്‍ അനുവദിക്കില്ലെന്ന ഈഗോ മുന്നിലായിരിക്കും. അത്തരം ഇടങ്ങളില്‍ ബന്ധങ്ങള്‍ അതിസങ്കീര്‍ണമായിരിക്കും. മേല്‍പറഞ്ഞ സ്വഭാവ സവിശേഷതകള്‍ ദാമ്പത്യത്തിന്റെ വിജയപരാജയങ്ങളെ നിര്‍ണയിക്കുന്നവയാണ്. അതിനാല്‍ ബന്ധങ്ങളില്‍ ഊഷ്മളത നിലനിര്‍ത്താന്‍ നാം അത്യധ്വാനം ചെയ്യുക.
(ഇസ്‌ലാം ഓണ്‍ലൈവ്)

3 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x