3 Sunday
December 2023
2023 December 3
1445 Joumada I 20

തൗഹീദ്യുക്തിസഹമായദൈവവിശ്വാസം -അബ്ദുല്‍അലി മദനി


ഇസ്‌ലാം മതത്തിന്റെ അടിസ്ഥാനം ഏകദൈവവിശ്വാസവും ഏകദൈവാരാധനയുമാണ്. ലാഇലാഹ ഇല്ലല്ലാഹ് എന്ന വചനം ഈ ആശയമാണ് വിളിച്ചറിയിക്കുന്നത്. ലോകത്ത് നിയുക്തരായ മുഴുവന്‍ പ്രവാചകന്മാരുടെയും പ്രബോധനത്തിലെ മുഖ്യമായ പ്രമേയം ഇതുതന്നെയാണ്. മാനവരാശിക്ക് പ്രപഞ്ചനാഥന്‍ കനിഞ്ഞേകിയ മതമത്രെ ഇസ്‌ലാം. അത് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തോടെ പൂര്‍ത്തീകരിക്കപ്പെട്ടു. അതിനാല്‍ ഒരാള്‍ പൂര്‍ണ മുസ്‌ലിമായി പരിഗണിക്കപ്പെടണമെങ്കില്‍ രണ്ട് സാക്ഷ്യവചനങ്ങളും മനസ്സറിഞ്ഞ് പ്രഖ്യാപിക്കുകയും കര്‍മപഥത്തില്‍ പ്രതിഫലിപ്പിക്കുകയും വേണം.അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു എന്ന് അര്‍ഥം ലഭിക്കുന്ന അശ്ഹദു അന്‍ലാഇലാഹ ഇല്ലല്ലാഹ് വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ് എന്നതാണാ വചനങ്ങള്‍. ഒരാള്‍ ഇവ മനസ്സിലുറപ്പിച്ച് പ്രഖ്യാപിച്ച് തന്റെ ജീവിതം കര്‍മങ്ങള്‍ കൊണ്ട് സജീവമാക്കുമ്പോള്‍ ഈ രണ്ട് സാക്ഷ്യവചനങ്ങളും അയാള്‍ അന്വര്‍ഥമാക്കിയതായി കണക്കാക്കപ്പെടുന്നു.പ്രപഞ്ച സ്രഷ്ടാവും സര്‍വചരാചരങ്ങളെയും ഭരിച്ചുകൊണ്ടിരിക്കുന്നവനുമായ അല്ലാഹുവിനെ മാത്രമേ ആരാധ്യനാക്കാന്‍ പാടുള്ളൂ എന്നതിന് ഞാന്‍ സാക്ഷിയാണെന്ന് പ്രഖ്യാപിക്കുന്ന ഒരാള്‍ അയാളുടെ ആരാധനകളൊന്നും പ്രപഞ്ചസ്രഷ്ടാവിന്നല്ലാതെ നല്‍കാന്‍ പാടില്ല. മറിച്ചായാല്‍, അയാളുടെ സാക്ഷ്യപ്പെടുത്തല്‍ നിരര്‍ഥകവും വ്യാജവുമായിത്തീരും. അതുപോലെത്തന്നെ മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദൂതനാണെന്ന് ഒരാള്‍ സാക്ഷ്യപ്പെടുത്തുകവഴി പ്രവാചകന്‍ പഠിപ്പിച്ചിട്ടില്ലാത്ത ഒന്നുംതന്നെ അയാള്‍ തന്റെ ജീവിതചര്യയായി സ്വീകരിക്കാവതല്ല. അങ്ങനെയല്ലെങ്കില്‍ അയാളുടെ ഈ സാക്ഷ്യപ്പെടുത്തല്‍ വ്യാജമായി പരിണമിക്കും.അപ്പോള്‍ ഇത്രയും ഉജ്വലമായൊരു ആശയത്തെ ജീവിതസരണിയുടെ ആധാരമാക്കുമ്പോള്‍ ഈ വചനങ്ങളുടെ അര്‍ഥതലങ്ങള്‍ നാം ആഴത്തില്‍ പരിശോധിക്കേണ്ടതുണ്ട്. ഈ വചനത്തിന്റെ ആദ്യഭാഗമായ ലാഇലാഹ ഇല്ലല്ലാഹ് (അല്ലാഹു അല്ലാതെ ആരാധ്യനില്ല) എന്ന് ഒരാള്‍ സമ്മതിക്കുമ്പോള്‍ താഴെ പറയുന്ന ആശയങ്ങള്‍ അയാള്‍ അംഗീകരിക്കല്‍ അനിവാര്യമായിത്തീരുന്നു. ഒന്ന്, ഈ പ്രപഞ്ചത്തിന് ഒരു നാഥനുണ്ട് എന്നത് പരമാര്‍ഥമാണ്. അഥവാ, ഇവിടെ നാം കാണുന്ന കോടാനുകോടി സൃഷ്ടിജാലങ്ങള്‍, പ്രതിഭാസങ്ങള്‍, അത്ഭുതങ്ങള്‍ ഒന്നുംതന്നെ കേവലമൊരു യാദൃച്ഛികതയുടെ സന്തതിയല്ല. ശക്തമായൊരു സ്‌ഫോടനത്തിലൂടെ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടതുമല്ല. അതുപോലെത്തന്നെ ഈ സൃഷ്ടികള്‍ പരസ്പരം സൃഷ്ടിച്ചുണ്ടാക്കിയതുമല്ല. സ്രഷ്ടാവായി ഒരുവന്‍ അവയുടെ പിന്നിലുണ്ട്.രണ്ട്, മനുഷ്യന്‍ നിര്‍വഹിക്കുന്ന ആരാധനകളെല്ലാം അല്ലാഹുവിന്നു മാത്രമേ ആകാവൂ. കാരണം, മനുഷ്യരില്‍ അധികപേരും അവരുടെ ആരാധനകളും അര്‍ഥനകളും പ്രാര്‍ഥനകളും പരമമായ കീഴ്‌വണക്കവും പ്രപഞ്ചനാഥനല്ലാത്ത സൃഷ്ടികള്‍ക്ക് സമര്‍പ്പിക്കുന്നതായി നാം കാണുന്നു. ഈ ഭീമമായ അക്രമം മനുഷ്യര്‍ മാത്രമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മനുഷ്യരല്ലാത്ത ജീവജാലങ്ങളൊന്നും പ്രപഞ്ചനാഥനെയല്ലാതെ വണങ്ങുന്നില്ല. അവനെയല്ലാതെ മഹത്വപ്പെടുത്തുന്നില്ല. അതിനാല്‍ അവനെ മാത്രമേ ആരാധിക്കാവൂ.മൂന്ന്, അവനല്ലാതെ ആരാധ്യനില്ലെന്നതിന് ഞാന്‍ സാക്ഷിയാണെന്ന പ്രഖ്യാപനം. അതായത്, എന്റെ സത്യവിശ്വാസവും അതിനെ ശക്തിപ്പെടുത്തുന്ന സദ്കര്‍മങ്ങളും നോക്കി മനസ്സിലാക്കുന്ന ഏതൊരാള്‍ക്കും ഞാന്‍ ഈ പ്രപഞ്ചത്തിന്റെ നാഥനെയല്ലാതെ ആരാധിക്കുന്നവനല്ലെന്ന് ബോധ്യപ്പെടും. ചില സൃഷ്ടികള്‍ മറ്റു സൃഷ്ടികളെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുമ്പോള്‍ അതിനെ വ്യക്തിപൂജ, സൃഷ്ടിപൂജ എന്നൊക്കെയാണല്ലോ പറയുക. ദൈവാരാധനയെന്ന് അതിനെ ഒരിക്കലും പറയാവതല്ല. അങ്ങനെയാണ് കുലദൈവങ്ങളും കുട്ടിദൈവങ്ങളും വിഗ്രഹാരാധനയും ഫോട്ടോ, പ്രതിമ, പ്രതിഷ്ഠ എന്നിവയും ഉടലെടുത്തത്. പൂജിക്കാന്‍ വേണ്ടി മനുഷ്യര്‍ കണ്ടെത്തുന്ന പുണ്യവാളന്മാരുടെ ഫോട്ടോകള്‍ ചില കലാകാരന്മാരുടെ ഭാവനാ സൃഷ്ടികള്‍ മാത്രമാണ്.സായിബാബയുടെയും അമൃതാനന്ദ മയിയുടെയുമല്ലാത്ത മറ്റെല്ലാ ആരാധ്യരുടെയും ഫോട്ടോകള്‍ അതില്‍പെടുന്നു. ഈ വിധത്തിലുള്ള സാങ്കല്‍പികതകള്‍ കൂടുതല്‍ ദുരൂഹതകളാണുണ്ടാക്കുന്നത്. തന്മൂലം മനുഷ്യപ്രകൃതിയുടെ പരിശുദ്ധി മലീമസമാക്കപ്പെടുകയും ചെയ്യുന്നു. ഇത്തരം വേണ്ടാത്തരങ്ങള്‍ ശുദ്ധ പ്രകൃതിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുവരുന്നതും മനുഷ്യര്‍ മാത്രമാണ്. മൃഗങ്ങള്‍ പരസ്പരം ആരാധിക്കുന്നില്ല. അതുപോലെത്തന്നെ അവ മനുഷ്യരെ ആരാധിക്കുകയോ പൂജിക്കുകയോ ചെയ്യാറില്ല. എന്നാല്‍ മനുഷ്യര്‍ പരസ്പരവും അനേകം സൃഷ്ടികളെയും ആരാധ്യരാക്കുന്നവരാണ്. നാല്, ഈ വചനം ഉദ്‌ഘോഷിക്കുന്നത് അല്ലാഹുവല്ലാത്ത ആരാധ്യരെല്ലാം തന്നെ സാങ്കല്പികം മാത്രമാണെന്ന യാഥാര്‍ഥ്യമാണ്. കേവലമൊരു തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍ ദൈവാവതാരവും ദൈവത്തിന്റെ ഭാഗവുമൊക്കെയാക്കി പലതിനെയും ചിത്രീകരിക്കുകയാണ്. യാതൊരു ഉറപ്പുമില്ലാത്ത നിഗൂഢതകളാണിതുവഴി വന്നുചേരുന്നത്. മനുഷ്യരില്‍ നിന്ന് അല്ലാഹുവല്ലാത്ത പലതിനെയും ആരാധിക്കുന്നവരോട് അവയൊക്കെ യഥാര്‍ഥ ദൈവമാണെന്ന് നിങ്ങള്‍ക്കുറപ്പുണ്ടോ എന്ന് ചോദിച്ചാല്‍ അവര്‍ പറയും, ഇവയിലൊക്കെ ദൈവം അവതരിച്ചിരിക്കാം. ഇവയൊക്കെ ദിവ്യത്വമുള്ളതായേക്കാമെന്ന്. ആകാം, ആയേക്കാം എന്നല്ലാതെ തീര്‍ച്ചയായും ഈ വസ്തുക്കള്‍ സത്യമായ ദൈവം തന്നെയാണെന്ന് ഉറപ്പിച്ചുപറയാന്‍ ബഹുദൈവാരാധകര്‍ക്കൊന്നും ധൈര്യമുണ്ടാവില്ലതന്നെ.ഏകദൈവാരാധനയും ഏകദൈവവിശ്വാസവുമാണ് പ്രപഞ്ചനാഥന്‍ അവന്റെ എല്ലാ സൃഷ്ടികളുടെയും മേല്‍ ശുദ്ധ പ്രകൃതിയായി നിശ്ചയിച്ചിട്ടുള്ളത്. പരിപാവനമായ ഈ പ്രകൃതിയെ കളങ്കിതമാക്കുന്നതും മനുഷ്യര്‍ മാത്രമാണ്. മനുഷ്യരല്ലാത്ത മറ്റെല്ലാ സൃഷ്ടികളും ദൈവിക നിശ്ചയത്തെ അംഗീകരിക്കുന്നവരാണ്. ആരാധനകളിലും പ്രാര്‍ഥനകളിലും പരമമായ കീഴ്‌വണക്കങ്ങളിലും ബഹുദൈവ സാന്നിധ്യം സങ്കല്പിച്ചു വ്യക്തിപൂജയും സൃഷ്ടിപൂജയും നടത്തി ധിക്കാരം പ്രകടിപ്പിക്കാന്‍ മനുഷ്യര്‍ക്ക് ലജ്ജയില്ല. എന്നാല്‍ ഖുര്‍ആന്‍ മനുഷ്യരോട് ഇത് നിങ്ങള്‍ ലാഘവമായെടുക്കരുതെന്നും നിങ്ങളുടെ നാഥനെ മനസ്സിലാക്കി അറിഞ്ഞശേഷമാണ് അവനെ ആരാധിക്കേണ്ടതെന്നും പഠിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.”അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ മനസ്സിലാക്കുക” (വി.ഖു 47:19). ഈ സത്യത്തെ അറിയാനും അറിയിക്കാനും പഠിക്കാനും ചിന്തിക്കാനുമായി ഖുര്‍ആന്‍ സ്വീകരിച്ച മാര്‍ഗം ദൈവികദൃഷ്ടാന്തങ്ങളുടെ കലവറയായ പ്രപഞ്ചത്തെ ബുദ്ധിയുള്ള മനുഷ്യരുടെ മുന്നില്‍ മലര്‍ക്കെ തുറന്നുവെക്കുകയാണ്. ദൃഷ്ടാന്തങ്ങളിലൂടെ ചിന്തിക്കാന്‍ പഠിപ്പിക്കുന്ന ഖുര്‍ആന്‍ അതിലെ അനേക വചനങ്ങളിലൂടെ മുഖ്യമായ പലതിനെയും ചിന്താവിഷയമാക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.”അവര്‍ക്കൊരു ദൃഷ്ടാന്തമുണ്ട്. നിര്‍ജീവമായ ഭൂമി. അതിന് നാം ജീവന്‍ നല്‍കുകയും അതില്‍നിന്ന് നാം ധാന്യം ഉല്പാദിപ്പിക്കുകയും ചെയ്തു. എന്നിട്ടതില്‍ നിന്നാണ് അവര്‍ ഭക്ഷിക്കുന്നത്” (വി.ഖു 36:33). ഈ സൂക്തത്തിനുശേഷം ഏകദേശം പത്തോളം ആയത്തുകള്‍ വിവിധങ്ങളായ ദൈവികദൃഷ്ടാന്തങ്ങളിലടങ്ങിയ അത്ഭുതങ്ങളെപ്പറ്റി ഉറ്റാലോചിക്കാന്‍ തന്നെയാണ് ആവശ്യപ്പെടുന്നത് (സൂറത് യാസീനിലെ 33 മുതല്‍ 46 കൂടിയ വചനങ്ങള്‍ നോക്കുക)വിശുദ്ധ ഖുര്‍ആന്‍ 3:190-ല്‍ ഓര്‍മിപ്പിക്കുന്നത് നോക്കുക. ”തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും രാപ്പകലുകള്‍ മാറിമാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്”. ”ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകളുടെ മാറ്റത്തിലും മനുഷ്യര്‍ക്കുപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും ആകാശത്തുനിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക് അതുമുഖേന ജീവന്‍ നല്‍കിയതിലും ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും കാറ്റുകളുടെ ഗതിക്രമത്തിലും ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ചുനയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.” (വി.ഖു 2:164)വിസ്മയകരമായ ഈ വ്യവസ്ഥ ചൂണ്ടിക്കാണിച്ച് പ്രപഞ്ചനാഥന്റെ അസ്തിത്വെത്തപ്പറ്റി മനസ്സിലാക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരോട് ആവശ്യപ്പെടുന്നു. ഒട്ടകം, ആകാശം, പര്‍വതങ്ങള്‍, ഭൂമി എന്നിവയെപ്പറ്റി വസ്തുനിഷ്ഠമായി പഠിക്കാന്‍ ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു (വി.ഖു 88:17-20 വചനങ്ങള്‍ നോക്കുക). പരിണാമ സിദ്ധാന്തത്തിനുപോലും വഴങ്ങിക്കിട്ടാത്ത ഒട്ടകമെന്ന അത്ഭുത ജീവിയുടെ സൃഷ്ടിപ്പിനെപ്പറ്റി ചിന്തിക്കാന്‍ പറഞ്ഞുകൊണ്ടാണ് സൃഷ്ടിപ്പിന്റെ മഹത്വത്തെ ചിന്തയ്ക്ക് വിഷയീഭവിപ്പിക്കാന്‍ ഖുര്‍ആന്‍ കല്പിക്കുന്നത്.അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ട ഒട്ടനേകം പരമ യാഥാര്‍ഥ്യങ്ങളിലൂടെ ബുദ്ധി തിരിച്ചുവിടുന്ന ഏതൊരാള്‍ക്കും അതിലടങ്ങിയ ഗാംഭീര്യവും മനോഹാരിതയും ദര്‍ശിക്കാനാകും. ധാരാളം സൂക്തങ്ങളിലൂടെ ഖുര്‍ആന്‍ അതിസമര്‍ഥമായി ചില ചോദ്യങ്ങള്‍ തൊടുത്തുവിടുന്നുണ്ട്. ഈ ചോദ്യങ്ങള്‍ മനുഷ്യ സമൂഹത്തിലെ എല്ലാതരക്കാരോടുമാണ്. 1) ”അപ്പോള്‍ നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് സൃഷ്ടിച്ചുണ്ടാക്കുന്നത്. അതല്ല, നാമാണോ സൃഷ്ടികര്‍ത്താവ്?”(വി.ഖു 56:58,59)2) ”ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തില്‍നിന്ന് ഇറക്കിയത്, അതല്ല നാമാണോ ഇറക്കിയവന്‍?” (വി.ഖു 56:68,69)3) ”(നബിയേ) പറയുക, നിങ്ങള്‍ ചിന്തിച്ചുനോക്കിയോ? അല്ലാഹു നിങ്ങളുടെ കേള്‍വിയും കാഴ്ചകളും പിടിച്ചെടുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിന്മേല്‍ അവന്‍ മുദ്രവെക്കുകയും ചെയ്യുന്നപക്ഷം അല്ലാഹുവല്ലാതെ ഏതൊരു ആരാധ്യനാണ് നിങ്ങള്‍ക്കത് കൊണ്ടുവന്നുതരാനുള്ളത്? നോക്കൂ ഏതെല്ലാം വിധത്തില്‍ നാം തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നു, എന്നിട്ടും അവര്‍ പിന്‍തിരിഞ്ഞുകളയുന്നു” (വി.ഖു 6:46)4) ”(നബിയേ) പറയുക. നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്പിന്റെ നാളുവരെ അല്ലാഹു നിങ്ങളുടെ മേല്‍ രാത്രിയെ ശാശ്വതമാക്കിത്തീര്‍ത്തിരുന്നെങ്കില്‍ അല്ലാഹു അല്ലാത്ത ഏതൊരു ദൈവമാണ് നിങ്ങള്‍ക്ക് വെളിച്ചം കൊണ്ടുവരിക? എന്നിരിക്കെ, നിങ്ങള്‍ കേട്ടുമനസ്സിലാക്കുന്നില്ലേ. പറയുക, നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്പിന്റെ നാളുവരെ അല്ലാഹു നിങ്ങളുടെ മേല്‍ പകലിനെ ശാശ്വതമാക്കിയിരുന്നെങ്കില്‍ അല്ലാഹുവല്ലാത്ത ഏതൊരു ദൈവമാണ് നിങ്ങള്‍ക്ക് വിശ്രമിക്കുവാന്‍ ഒരുരാത്രി കൊണ്ടുവന്നുതരിക? എന്നിരിക്കെ, നിങ്ങള്‍ കണ്ടു മനസ്സിലാക്കുന്നില്ലേ?” (വി.ഖു 28:71,72)ഒരുപക്ഷേ ഈ വകചോദ്യങ്ങള്‍ മനുഷ്യര്‍ സ്വയം ചോദിച്ചിരിക്കാം. അല്ലെങ്കില്‍ തന്റെ കണ്‍മുമ്പില്‍ അനുഭവിച്ചറിഞ്ഞ പലതിനെയും കുറിച്ച് അന്വേഷണം നടത്തിയിരിക്കാം. എങ്കിലും അവര്‍ക്കതില്‍ ദിശാബോധം നല്‍കാനും എന്നുമെന്നും അവരുടെ മസ്തിഷ്‌കങ്ങളെയും ചിന്തകളെയും കര്‍മനിരതമാക്കാനുമാണ് ഇത്തരം ചോദ്യങ്ങള്‍ ഖുര്‍ആന്‍ ഉന്നയിക്കുന്നത്. പ്രപഞ്ചത്തിന്റെ നാഥന്‍ പ്രപഞ്ചം തന്നെയല്ല, പ്രപഞ്ചത്തിന്റെ സാക്ഷാല്‍ നാഥനെ അറിയാനും മനസ്സിലാക്കി അവനെ ആരാധിക്കാനും ഇത്തരം പഠനങ്ങളിലൂടെ മനുഷ്യര്‍ക്ക് കഴിയും. എന്നാല്‍, അവിടെയും ധിക്കാരികളായി മാറുന്ന മനുഷ്യര്‍ അവസാനമായി ബഹുദൈവാരാധനകളിലും ബഹുദൈവസങ്കല്പങ്ങളിലുമാണ് എത്തിപ്പെടുന്നത്. അതല്ലെങ്കില്‍ ഒന്നും തന്നെയില്ലെന്ന നിരീശ്വരത്വത്തിലും. കേവലം ചിന്തയിലെ അശക്തതയില്‍ നിന്നുടലെടുത്ത് ധിക്കാരം കൂട്ടിക്കലര്‍ത്തി പുറത്തുവിടുന്ന പ്രകടനമാണ് ദൈവാസ്തിക്യത്തെ തള്ളിപ്പറയുന്ന നിരീശ്വരത്വം. ഇതും സങ്കല്പവും ദുരൂഹതകളും നിറഞ്ഞതാണ്. ഊഹാപോഹങ്ങളാണ്.ഈ മഹാപ്രപഞ്ചത്തിലെ പ്രതിഭാസങ്ങള്‍ക്ക് പിന്നിലുള്ള അവയുടെ സ്രഷ്ടാവിനെയും കൈകാര്യകര്‍ത്താവിനെയും അന്വേഷിച്ചുനടന്ന മനുഷ്യന്‍ അശക്തനായതിനാല്‍ തന്നേക്കാള്‍ മെച്ചപ്പെട്ടതോ അത്ഭുതകരമായതോ ആയ മറ്റൊരു സൃഷ്ടിയില്‍ അതായിരിക്കാം ആരാധ്യന്‍ എന്ന നിലയ്ക്ക് അവയെ പൂജിക്കുകയും അവയ്ക്ക് സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്നതിന്നാണ് ബഹുദൈവാരാധന എന്ന് പറയുക. അവയൊന്നും ദൈവങ്ങളല്ലെങ്കിലും ദൈവങ്ങള്‍ എന്ന് അവയെ വിളിക്കുന്നത് ദിവ്യത്വം ആരോപിക്കുന്നതിനാല്‍ മാത്രമാണ്.സാക്ഷാല്‍ സ്രഷ്ടാവിന് സമര്‍പ്പിക്കേണ്ടത് ഈ സൃഷ്ടികള്‍ക്ക് നല്‍കുക വഴി അവ ദൈവീകതയുടെ വിതാനത്തിലേക്ക് ഉയര്‍ത്തപ്പെടുകയാണ്. മനുഷ്യര്‍ അവരുടെ അശക്തതയാലും ദുര്‍ബലതയാലുമാണ് ഇത്തരം ഊഹാപോഹങ്ങളില്‍ അകപ്പെടുന്നത്. ഖുര്‍ആന്‍ സൂചിപ്പിക്കുന്നത് കാണുക: ”അവനുപുറമെ നിങ്ങള്‍ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല. അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ല” (വി.ഖു 12:40). മനുഷ്യര്‍ സൃഷ്ടികളെ ദൈവമാക്കി ചിത്രീകരിച്ച് അവയ്ക്ക് ദിവ്യത്വത്തിന്റെ പരിവേഷം നല്‍കി ആരാധിക്കുന്നത് അവിവേകമാണെന്ന് സാരം. മറുഭാഗത്ത്, ഈ പ്രപഞ്ചത്തിലെ അത്ഭുതകരമായ പ്രതിഭാസങ്ങള്‍, സൃഷ്ടികള്‍, ദൃഷ്ടാന്തങ്ങള്‍ എല്ലാം ഒരു വലിയ പൊട്ടിത്തെറിയുടെ പരിണിതഫലമാണെന്ന നിഗമനമാണ്. ഒട്ടിച്ചേര്‍ന്നതിനെ വേര്‍പെടുത്തുന്നതും ഒരു മഹാസ്‌ഫോടനത്തിലൂടെ രൂപപ്പെടുത്തുന്നതും എന്തായാലും ഒരുപോലെയല്ലല്ലോ. വേര്‍പെടുത്തിയതായാലും സ്‌ഫോടനത്തിലൂടെയായാലും അതിന്റെ പിന്നില്‍ ഒരു നാഥന്‍ വേണ്ടതല്ലേ?എന്നിട്ടും ഒരു സ്രഷ്ടാവിന്റെ സാന്നിധ്യത്തെ പാടെ നിരാകരിച്ചുകൊണ്ട് സ്വയംഭൂവായി ഉടലെടുത്തതാണീ പ്രപഞ്ചമെന്ന നിഗമനമാണ് ദൈവനിഷേധത്തിലെത്തിയത്. ആരാണ് പൊട്ടിത്തെറിപ്പിച്ചത്? പൊട്ടിത്തെറിയുടെ തൊട്ടുമുന്നിലും പിന്നിലുമെന്താണ് സംഭവിച്ചത്? വളരെ വ്യവസ്ഥാപിതവും സൂക്ഷ്മവുമായ ഈ മഹാപ്രപഞ്ചത്തെ ഇത്തരമൊരു സ്‌ഫോടനത്തിലൂടെ ഉണ്ടാക്കാന്‍ സാധ്യതകളൊരുക്കിയതാരാണ്? എന്നിങ്ങനെ ചോദ്യം ഉന്നയിച്ചാല്‍ അവയ്‌ക്കൊന്നും ഉത്തരം പറയാനില്ല.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x