ത്വലാഖ് കാഠിന്യമോ കാരുണ്യമോ? – പ്രഫ. ശംസുദ്ദീന്‍ പാലക്കോട്
ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ടി വന്ന ഒരു വ്യക്തിയെ സമയമായിട്ടോ ആരെങ്കിലും ഇടപെട്ടിട്ടോ പുതിയ നിയമനിര്‍മാണം വഴിയോ മോചിപ്പിക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. അപ്പോള്‍ അതാ കുറച്ച് പേര്‍ രംഗത്ത് വരുന്നു; ജയില്‍ ജീവിതം എന്ന അവകാശം അനുഭവിക്കാന്‍ അവസരം കൊടുക്കാതെ അയാളെ ജയില്‍ വിമുക്തനാക്കിയത് ശരിയായില്ല, അത് ആ ജയില്‍പ്പുള്ളിയോട് ചെയ്ത പീഡനമാണ്. അതിനാല്‍ ജയില്‍പ്പുള്ളികള്‍ക്കെല്ലാം ആജീവനാന്തം ജയിലില്‍ തന്നെ കഴിയാനുള്ള അവസരമുണ്ടാക്കി കൊടുക്കണം. അവരെ സ്വതന്ത്രരാക്കി വിഷമിപ്പിക്കരുത്! ജയില്‍ പുള്ളിയെ മോചിപ്പിച്ചതിനെതിരെ അവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പേരില്‍ സമരം ചെയ്ത ആളുകള്‍ പറയുന്ന ന്യായവാദങ്ങള്‍ ഇങ്ങനെ പോകുന്നു എന്നും സങ്കല്‍പ്പിക്കുക! നിങ്ങള്‍ക്കെന്ത് തോന്നുന്നു; ഇത്തരം നിലപാടുകളെപ്പറ്റി?
എന്നാല്‍ ജയില്‍ ജീവിതത്തിന് സമാനമായ ചില ദാമ്പത്യജീവിതങ്ങള്‍ അത്യപൂര്‍വമായിട്ടാണെങ്കിലും നമ്മുടെ സമൂഹത്തിലുണ്ടെന്ന കാര്യം നിഷേധിക്കാനാവില്ല. ഇത്തരം ദാമ്പത്യ ബന്ധത്തിന്റെ ജയില്‍ സെല്ലുകള്‍ക്കുള്ളില്‍ ശ്വാസം മുട്ടിക്കഴിയുന്ന ദമ്പതികളെ ന്യായമായ ബോധ്യത്തിന് ശേഷം ജയില്‍ സെല്ലു തുറന്നുവിടുന്നത് ദമ്പതികളോട് ചെയ്യുന്ന കാരുണ്യമാണോ കാഠിന്യമാണോ? മാനവികതയില്‍ വിശ്വസിക്കുന്നവരൊക്കെ പറയും അത് കാരുണ്യമാണെന്ന്. ഈ കാരുണ്യമാകുന്നു ഇസ്‌ലാമിലെ ത്വലാഖ്. ത്വലാഖ് എന്ന അറബി പദത്തിന്റെ മലയാള ഭാഷ്യം തന്നെ തുറന്നുവിടുക, വിമോചനം ലഭ്യമാക്കുക എന്നതാണ്.
അത്യപൂര്‍വമായ സന്ദര്‍ഭങ്ങളില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രം ബാധകമായ ഒരു നിയമ സംഹിതയുടെ പദധ്വനി പോലും കാരുണ്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മാനവികതയുടെയും വിശാലമായ അര്‍ഥ തലങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്ന് വരുമ്പോള്‍ ആ നിയമത്തിന്റെ യഥാര്‍ഥ പൊരുളറിയാന്‍ മാനവികതയില്‍ വിശ്വസിക്കുന്നവരെങ്കിലും ശ്രമിക്കേണ്ടതല്ലേ. ഇസ്‌ലാമിലെ ത്വലാഖിന് കാരുണ്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മാനവികതയുടെയും മുഖമാണുള്ളതെന്ന് പറഞ്ഞാല്‍ അത് വിശ്വാസം വരാത്ത വിധം നമ്മുടെ പൊതുബോധം വിപരീത ദിശയിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, മുസ്‌ലിംകളില്‍ കുറെപ്പേര്‍ ത്വലാഖിനെ ദുരുപയോഗം ചെയ്തത്. രണ്ട്, ത്വലാഖിനെ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണമായ ഖുര്‍ആനില്‍ നിന്ന് വായിച്ചു മനസ്സിലാക്കാന്‍ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നില്ല എന്നത്. ഇതിന്റെ ഫലമായിട്ടാണ് ഇസ്‌ലാമിലുള്ള ത്വലാഖും ഇസ്‌ലാമിലില്ലാത്ത മുത്വലാഖും കൂട്ടിക്കുഴച്ച് വിവാദങ്ങള്‍ ഉയര്‍ന്നത്.
സ്ത്രീപീഡനം അന്ന്
ത്വലാഖ് സ്ത്രീയുടെ ജീവിതത്തില്‍ (പുരുഷന്റെയും) കാരുണ്യത്തിന്റെയും മാനവികതയുടെയും നിയമമായിട്ടാണ് ഇസ്‌ലാം കൊണ്ടുവന്നിട്ടുള്ളത്. ഇത് ബോധ്യപ്പെടാന്‍ ഖുര്‍ആന്‍ അവതരിക്കുന്ന കാലത്തെ ബഹുമുഖമായ സ്ത്രീ പീഡന സമ്പ്രദായങ്ങളെക്കുറിച്ച അവബോധമാണ് ആദ്യം വേണ്ടത്. ദാമ്പത്യവുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള സ്ത്രീ പീഡനങ്ങള്‍ പുരുഷന്റെ ഒരവകാശം പോലെ അന്ന് അറബികളില്‍ നിലനിന്നിരുന്നു. ഇവയെല്ലാം പക്ഷെ ഖുര്‍ആന്‍ റദ്ദു ചെയ്തു. ഖുര്‍ആന്‍ റദ്ദ് ചെയ്ത പീഡനങ്ങള്‍ ഇവയാണ്:
സ്ത്രീ അനന്തര സ്വത്ത്: മരണപ്പെട്ട പിതാവിന് തങ്ങളുടെ ഉമ്മയല്ലാത്ത മറ്റു ഭാര്യമാരുണ്ടെങ്കില്‍ (ഒട്ടുമിക്കയാളുകള്‍ക്കും അക്കാലത്ത് ധാരാളം ഭാര്യമാരുണ്ടായിരുന്നു) അവരെ മക്കള്‍ പിതാവിന്റെ സ്വത്തുക്കള്‍ ഓഹരിവെച്ചെടുക്കുന്നത് പോലെ അനന്തരാവകാശ സ്വത്തായി കണക്കാക്കി ഓഹരിവെച്ചെടുത്തിരുന്നു! ഈ സമ്പ്രദായത്തെ ഖുര്‍ആന്‍ ശാശ്വതമായി നിരോധിച്ചു. (4:19 കാണുക)
മഹ്ര്‍ തിരിച്ച് ചോദിച്ച് പീഡിപ്പിക്കല്‍: വിവാഹസമയത്ത് പുരുഷന്‍ ഭാര്യക്ക് വിവാഹമൂല്യം (മഹ്ര്‍) നല്‍കുന്ന സമ്പ്രദായം അന്നുമുണ്ടായിരുന്നു. (ഈ സമ്പ്രദായത്തെ ഇസ്‌ലാം പിന്നീട് ചില ഭേദഗതികളോടെ നിയമമാക്കി നിലനിര്‍ത്തി). സ്ത്രീ പുരുഷനില്‍ നിന്ന് വിവാഹമോചനം നേടേണ്ട അവസ്ഥ വന്നാല്‍ വിവാഹ സമയത്ത് നല്‍കിയ മഹര്‍ തിരിച്ച് ചോദിച്ച് സ്ത്രീക്ക് മോചനം നല്‍കാതെയും മോചനം നീട്ടിക്കൊണ്ട് പോയിട്ടും പീഡിപ്പിക്കുന്ന രീതി അന്ന് നിലവിലുണ്ടായിരുന്നു. മഹര്‍ തിരിച്ചു തന്നാലേ വിവാഹമോചനം നല്‍കൂ എന്ന പുരുഷന്റെ ഈ ആധിപത്യവാദത്തെ ഇസ്‌ലാം നിരോധിക്കുകയും വിവാഹമോചന സമയത്ത് മഹ്ര്‍ തിരിച്ച് ചോദിക്കുന്നതിനെ അന്തസ്സില്ലാത്ത പരിപാടിയാണെന്ന് സൂചിപ്പിച്ച് ഖുര്‍ആന്‍ നിരോധിക്കുകയും ചെയ്തു. (4:19, 2:229 കാണുക)
ത്വലാഖ് കൊണ്ടുള്ള കളി: നിസ്സാര കാരണത്തിന് പോലും സ്ത്രീയെ ത്വലാഖ് ചൊല്ലുക, ഇദ്ദ കഴിയാന്‍ നേരം തിരിച്ചെടുക്കുക, വീണ്ടും ചെറിയ പ്രശ്‌നത്തിന് ത്വലാഖ് ചൊല്ലുക, തിരിച്ചെടുക്കുക. ഇങ്ങനെ സ്ത്രീയുടെ ജീവിതത്തെ തട്ടിക്കളിക്കുന്ന അവസ്ഥ അറബികള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നു. തിരിച്ചെടുക്കുന്നത് പോലും പലപ്പോഴും അവളെ പീഡിപ്പിക്കാന്‍ വേണ്ടിയായിരുന്നു. അഥവാ ത്വലാഖിന്റെ അധികാരം കയ്യിലുണ്ടെന്ന് കരുതി സ്ത്രീയുടെ ജീവിതം കൊണ്ട് പന്താടുന്ന അവസ്ഥ! ഇങ്ങനെ അനന്തമായും വര്‍ധിതമായും ത്വലാഖ് ചൊല്ലുന്ന രീതിക്ക് ഖുര്‍ആന്‍ കൃത്യമായ നിയമ നിര്‍മ്മാണത്തിലൂടെ കടിഞ്ഞാണിട്ടു. രണ്ട് തവണ ത്വലാഖ് ചൊല്ലലും തിരിച്ചെടുക്കലുമാവാം. മൂന്നാം തവണയും ത്വലാഖ് ചൊല്ലിയാല്‍ പിന്നീട് അവന് അവളെ തിരിച്ചെടുക്കാന്‍ അനുവാദമില്ല. സ്ത്രീയുടെ ജീവിതത്തിന് സുരക്ഷിതത്വം തീര്‍ക്കുകയാണ് ത്വലാഖ് രണ്ട് തവണയേ പാടുള്ളൂ എന്ന നിയമ നിര്‍മാണത്തിലൂടെ ഇസ്‌ലാം ചെയ്തത്. (2:229, 230 കാണുക)
ഇഷ്ടംപോലെ പെണ്ണുകെട്ടല്‍: പുരുഷന് എത്ര വേണമെങ്കിലും പെണ്ണ് കെട്ടാമെന്ന ഒരു അവസ്ഥ അറേബ്യന്‍ സമൂഹത്തില്‍ നിലനിന്നിരുന്നു. ചില ഭാര്യമാരെ അവഗണിക്കുകയും മറ്റു ചിലര്‍ക്ക് മുന്തിയ പരിഗണന നല്‍കുന്ന വിവേചനവും വ്യാപകമായിരുന്നു. ഈ രണ്ടവസ്ഥകളെയും ഇസ്‌ലാം നിയന്ത്രിച്ചു. അനിവാര്യമായ സാഹചര്യത്തില്‍ കര്‍ശനമായ നിബന്ധനകള്‍ പാലിച്ചുകൊണ്ട് നാല് വരെ കല്യാണമാവാം എന്ന് പരിധി നിര്‍ണയിച്ചു. ഭാര്യമാര്‍ക്കിടയില്‍ നീതിപാലിക്കാന്‍ നിര്‍ദേശിച്ചു. ഒന്നിലധികം ഭാര്യമാരുണ്ടായിട്ട് തുല്യനീതി പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു ഭാര്യ മാത്രമേ പാടുള്ളൂ എന്ന കര്‍ശനനിയമവും ഖുര്‍ആന്‍ കൊണ്ടുവന്നു. (4:3,129 കാണുക)
ഭാര്യയെ പരപുരുഷബന്ധത്തിന് പ്രേരിപ്പിക്കല്‍: പരപുരുഷ, പരസ്ത്രീ ലൈംഗികബന്ധം ഇസ്‌ലാം ഗുരുതരമായാണ് കാണുന്നത്. ഭര്‍ത്താവിന്റെ അനുവാദമില്ലാതെ ഭാര്യ പരപുരുഷ ബന്ധത്തിലേര്‍പ്പെട്ടാല്‍ ഭാര്യയുമായി ബന്ധപ്പെട്ട വ്യക്തിയെ അഞ്ചുവര്‍ഷം ജയിലിലടക്കണമെന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിധിയാണ് സുപ്രീം കോടതി ഈയിടെ ഒരു വിധിന്യായത്തിലൂടെ റദ്ദ് ചെയ്തത്. രണ്ട് കാരണമാണ് വിധി പറഞ്ഞ ജഡ്ജിമാര്‍ ഇതിന് ന്യായമായി പറഞ്ഞത്.
ഒന്ന്, അന്യന്റെ ഭാര്യയുമായി അനുവാദമില്ലാതെ(!) വ്യഭിചാരത്തിലേര്‍പ്പെട്ട പുരുഷനെയാണ് ശിക്ഷിക്കുന്നത്. ഇതേ തെറ്റ് ചെയ്യുകയും വ്യഭിചാരത്തിന് സ്വമേധയാ വഴങ്ങിക്കൊടുക്കുകയും ചെയ്ത സ്ത്രീയെ പ്രസ്തുത നിയമം ശിക്ഷിക്കുന്നില്ല. ഇരുവരും ചെയ്യുന്ന പിഴകള്‍ക്ക് ദണ്ഡനം ഒരുവന് മാത്രം നല്‍കുന്ന സിദ്ധാന്തത്തെയാണ് സുപ്രീംകോടതി വിധി ചോദ്യം ചെയ്തിട്ടുള്ളത്. രണ്ട്, ലൈംഗികത സ്വകാര്യസ്വത്തല്ല, അത് സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കാന്‍ ആണിനും പെണ്ണിനും അവകാശമുണ്ട്! അതിനാല്‍ ഉദാര ലൈംഗികത അഥവാ വ്യഭിചാരം അനുവദനീയമാക്കപ്പെടുകയും ചെയ്തു!
കോടതിവിധിയിലെ ഒന്നാമത്തെ നിരീക്ഷണം ആശ്വാസം പകരുന്നതാണെങ്കിലും രണ്ടാമത്തെ നിരീക്ഷണം സംസ്‌കാരമുള്ള സമൂഹത്തിന് യോജിച്ചതല്ല. ഭാര്യയെ പരപുരുഷ ബന്ധത്തിന് ഭര്‍ത്താവ് നിര്‍ബന്ധിക്കുന്ന സ്ത്രീപീഡനമാണ് പൂര്‍വകാല അറേബ്യന്‍ സമൂഹത്തില്‍ നിലനിന്നിരുന്നത്. എന്നാല്‍ ഭാര്യക്ക് പരപുരുഷന്മാരുമായി ലൈംഗിക ബന്ധത്തിനുള്ള അനുവാദം നല്‍കുകയാണ് പുതിയ കോടതിവിധിയിലൂടെ സംജാതമായിട്ടുള്ളത്! ഇത് കുടുംബജീവിതത്തിന്റെ വിശുദ്ധിയെയും കെട്ടുറപ്പിനെയും ദമ്പതികള്‍ തമ്മിലുള്ള പരസ്പര വിശ്വാസത്തെയും പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
സ്ത്രീപീഡനം ഇന്നും തുടര്‍ക്കഥ
എക്കാലത്തും സ്ത്രീകള്‍ പീഡനത്തിന്റെ പ്രധാന ഇരകളാണ്. ആധുനിക കാലത്തും ഇത്തരം പീഡനങ്ങള്‍ വ്യാപകമാണ്. സ്ത്രീധനം രാജ്യത്തിലെ നിയമപ്രകാരവും ഇസ്‌ലാം പോലുള്ള പ്രധാന മതങ്ങളുടെ നിയമസംഹിതകളിലും നിരോധിക്കപ്പെട്ടതാണെങ്കിലും മുസ്‌ലിംകളില്‍ ഉള്‍പ്പെടെ സ്ത്രീധനം നിര്‍ബാധം ഇന്നും നിലനില്‍ക്കുന്നു. ഈ വിഷയത്തില്‍ മതത്തിന്റെ പൊതുബോധമല്ല മതവിശ്വാസികളില്‍ പലരുടെയും പൊതുബോധം. ഖുര്‍ആന്‍ ആറിടത്ത് പുരുഷന്‍ സ്ത്രീക്ക് മഹ്ര്‍ നല്‍കണമെന്നുണര്‍ത്തുമ്പോള്‍ സ്ത്രീയുടെ സമ്പത്ത് മോഹിച്ച് പെണ്ണ് കെട്ടരുത് എന്ന മതനിയമത്തെ അടിവരയിടുകതന്നെയാണ് ചെയ്യുന്നത്. എന്നിട്ടും ഈ നിയമം ലംഘിക്കുന്നത് മുസ്‌ലിംകള്‍ തന്നെയാണ്. സ്ത്രീധനത്തിന്റെ പേരില്‍ ഏതാണ്ടെല്ലാ സമുദായത്തിലും ധാരാളം സ്ത്രീകള്‍ ഇക്കാലത്തും പീഡിപ്പിക്കപ്പെടുന്നുണ്ട്.
ത്വലാഖ് ഇസ്‌ലാമിക നിയമമാണെന്നും അത് പീഡനമല്ല, മോചനവും ആശ്വസവുമാണെന്നും സൂചിപ്പിച്ചുവല്ലോ. എന്നാല്‍ മുത്വലാഖിന്റെ പേരില്‍ കുറച്ച് സ്ത്രീകളെങ്കിലും മുസ്‌ലിം സമുദായത്തില്‍ ദുരിതമനുഭവിക്കുന്നുണ്ടെന്ന് പറയാതെ വയ്യ. ഇസ്‌ലാമില്‍ ഇല്ലാത്ത ഒരു നിയമത്തിന്റെ പേരിലാണ് ഈ ദുരിതം! വിവാഹമോചന നിയമങ്ങളുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ വ്യക്തമായി വിശകലനം ചെയ്യുന്ന രണ്ട് ഡസനോളം ആയത്തുകളുണ്ട്. (അല്‍ബഖറ: 227-237, ത്വലാഖ്: 1-6, നൂര്‍ 6-10 കാണുക) ഇതിലൊന്നും മുത്വലാഖ് അഥവാ ‘ഒറ്റയിരിപ്പില്‍ മൂന്ന് ത്വലാഖും ഒന്നിച്ചുചൊല്ലുക’ എന്ന നിയമവിരുദ്ധ സമ്പ്രദായത്തെ പരിചയപ്പെടുത്തുന്നില്ല. പിന്നെയുള്ളത് ത്വലാഖ് രണ്ട് പ്രാവശ്യമായി രണ്ട് സന്ദര്‍ഭങ്ങളിലായി നിര്‍വഹിക്കാമെന്നും ആ രണ്ട് തവണയും തിരിച്ചെടുക്കാമെന്നുമുള്ള നിയമമാണ്. മൂന്നാമതും ത്വലാഖ് ചൊല്ലിയാല്‍ അവളെ ഈ മനുഷ്യന് പുനര്‍വിവാഹം ചെയ്യാന്‍ മതം അനുവദിക്കുന്നില്ല എന്ന നിയമമാണുള്ളത്. ഇത് പുരുഷന് ഒരു താക്കീതും സ്ത്രീക്ക് ഒരു സുരക്ഷയുമാണ് പ്രദാനം ചെയ്യുന്നത്.
എന്നാല്‍ മൂന്ന് ത്വലാഖും ഒന്നിച്ചുചൊല്ലല്‍ മതം വകവെച്ചുതന്ന അവകാശമാണ് എന്ന നിലയിലാണ് ചിലര്‍ ധരിച്ചുവെച്ചിരിക്കുന്നത്. മുത്വലാഖ് നിരോധിച്ചുകൊണ്ടുള്ള നിയമനിര്‍മാണത്തെയും കോടതിവിധിയെയും ഇസ്‌ലാമിന്റെ ഒരു നിയമത്തിനെതിരെയുള്ള നിയമവും വിധിയുമായി തെറ്റിദ്ധിരിക്കേണ്ടിവരുന്നത് അതുകൊണ്ടാണ്.
എന്നാല്‍ പുതിയ സാഹചര്യത്തില്‍ മുത്വലാഖിനെയാണ് പ്രത്യക്ഷത്തില്‍ നിരോധിച്ചതെങ്കിലും ത്വലാഖ് തന്നെ പ്രയാസകരമാക്കുന്ന അവസ്ഥാവിശേഷത്തിലേക്ക് ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക എല്ലാ മുസ്‌ലിംകള്‍ക്കുമുണ്ട്. ഇതുമൂലം സംഭവിക്കുക സ്ത്രീകള്‍ക്ക് ആശ്വാസമാകേണ്ട ത്വലാഖ് നിര്‍വഹിക്കപ്പെടാതെ ക്രൂരനും ദുസ്സ്വഭാവിയുമായ ഒരു പുരുഷന്റെ ഭാര്യയായി ദുരിതജീവിതം നയിക്കാന്‍ സ്ത്രീകള്‍ വിധിക്കപ്പെടുക എന്നതായിരിക്കും. ഭാര്യാഭര്‍തൃബന്ധത്തിന്റെ ഈടുറപ്പും വിശുദ്ധിയും കാത്തുസൂക്ഷിക്കപ്പെടുന്നത് ഇരുവരും തമ്മില്‍ മാത്രം നിലനില്‍ക്കുന്ന പങ്കുവെക്കപ്പെടാത്ത സ്വകാര്യ ലൈംഗികതയുടെ പേരിലാണ്. എന്നാല്‍ സ്ത്രീകളുടെ അവകാശം എന്ന നിലയില്‍ ഉദാര ലൈംഗികതക്കു സ്വാതന്ത്ര്യം നല്‍കിയില്‍ കുടുംബ ജീവിതത്തിന്റെ ഭദ്രത തകരും. മുമ്പൊക്കെ ഒറ്റപ്പെട്ട വ്യക്തികളും സംഘങ്ങളുമാണ് ഉദാരലൈംഗികവാദം ഉന്നയിച്ചിരുന്നത്. ഇപ്പോള്‍ ഇതിന് നിയമപരിരക്ഷ കൂടി ലഭിക്കുന്നതോടെ ഉദാരലൈംഗികതയും വ്യഭിചാരവും സാര്‍വത്രികമാകാന്‍ ഇടയാകും.
അനിവാര്യമായ സാഹചര്യത്തിലും, കര്‍ശനമായ നിബന്ധനകള്‍ പാലിച്ചുകൊണ്ടും നിര്‍വഹിക്കപ്പെടുന്ന ഇസ്‌ലാമിലെ ത്വലാഖ് സ്ത്രീക്കും പുരുഷനും കാഠിന്യമോ പീഡനമോ അല്ല. മറിച്ച് കാരുണ്യവും ആശ്വാസവുമാകുന്നു. നൈമിഷികമായ വൈകാരികതയ്ക്ക് അടിമപ്പെട്ടിട്ടോ ഒറ്റത്തവണയായോ ‘മുത്വലാഖ്’ രൂപത്തിലോ നിര്‍വഹിക്കാവുന്ന കാര്യമല്ല ത്വലാഖ്. അപ്പോള്‍ അതിന് പീഡനത്തിന്റെയും കാഠിന്യത്തിന്റെയും മുഖം വരാനിടയാകും. ഈ ബോധ്യം പൊതുബോധ ബോധ്യത്തേക്കാള്‍ ആദ്യമുണ്ടാകേണ്ടത് മുസ്‌ലിംകള്‍ക്ക് തന്നെയാണ്. അതിന് വേണ്ടത് വിശുദ്ധ ഖുര്‍ആനിലെ ഇരുപതിലധികം വരുന്ന ‘ത്വലാഖ് സൂക്തങ്ങള്‍’ അവര്‍ സൂക്ഷ്മമായി വായിക്കുകയും ഗ്രഹിക്കുകയുമാണ്.