18 Tuesday
June 2024
2024 June 18
1445 Dhoul-Hijja 11

തെരഞ്ഞെടുപ്പ്: നിര്‍ണായകതയും ജനാധിപത്യത്തിന്റെ നിലനില്പും – ഹിശാമുല്‍ വഹാബ്

അതിനിര്‍ണായകമായൊരു തെരഞ്ഞെടുപ്പിനെയാണ് നാം ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി എല്ലാ രീതിയിലും ദുര്‍ഭരണം കാഴ്ചവെച്ച ഒരു ഭരണകൂടം, ഭരണത്തുടര്‍ച്ചയ്ക്കായി പുതിയ പൊള്ള വാഗ്ദാനങ്ങളുമായി കടന്നുവരുന്നു. വിഘടിച്ചുനില്ക്കുന്ന പ്രതിപക്ഷ സംഘടനകള്‍ സഖ്യങ്ങള്‍ തീര്‍ക്കുവാനും ഈ ഫാഷിസ്റ്റ് സര്‍ക്കാറിനെ താഴെ ഇറക്കാനും അശ്രാന്തം പരിശ്രമിക്കുന്നു. തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യ ഭരണക്രമത്തിലെ പരിശോധനകള്‍ക്കും വിലയിരുത്തലുകള്‍ക്കും ആസൂത്രണങ്ങള്‍ക്കുമുള്ള വേദികളാണ്. അതിനാല്‍ തന്നെ, ക്രിയാത്മകമായി സമ്മതിദാനാവകാശം വിനിയോഗിക്കുവാന്‍ പൗരന്മാര്‍ക്ക് ബാധ്യതയുണ്ട്. തങ്ങളുടെ ആശയാദര്‍ശങ്ങളുടെ പ്രയോഗവത്ക്കരണത്തിനായും ജനവിരുദ്ധ നയങ്ങളുടെ പരാജയത്തിനായും ഓരോരുത്തരും യത്‌നിക്കുമ്പോള്‍ മാത്രമേ ജനാധിപത്യത്തിന്റെ വിശാലലക്ഷ്യങ്ങള്‍ പ്രാപിക്കുവാന്‍ നമുക്ക് സാധിക്കുകയുള്ളൂ.
കഴിഞ്ഞ കാലത്തിന്റെ കണിശമായ വിലയിരുത്തലുകളാല്‍ മാത്രമേ ഏതൊരു ജനതയ്ക്കും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളെ പങ്കുവെക്കുവാന്‍ കഴിയൂ. എഴുപത് വര്‍ഷങ്ങള്‍, പിന്നിടുന്ന ഇന്ത്യ എന്ന ദേശരാഷ്ട്രത്തിന്റെ വളര്‍ച്ചയുടെ പ്രതലത്തില്‍ നിന്നാണ് ജനാധിപത്യത്തിന്റെ പ്രവര്‍ത്തനക്ഷമത നാം വിലയിരുത്തേണ്ടത്. ഭരണകൂടത്തിനുതന്നെ ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താനും പ്രതിപക്ഷങ്ങളെ നിശ്ശബ്ദമാക്കാനും സാധിച്ചത് നാം അടിയന്തിരാവസ്ഥാ കാലത്ത് കണ്ടതാണ്. പിന്നീട് ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമായ സാമൂഹ്യനീതിക്കുവേണ്ടിയുള്ള മണ്ഡല്‍കമ്മീഷന്‍ നടപടികള്‍ക്കെതിരായി അക്രമാസക്തമായ ഹിന്ദുത്വ അജണ്ടകള്‍ ബാബരി മസ്ജിദ് തകര്‍ക്കാനുള്ള പദ്ധതികളിലേക്ക് നയിച്ചതും നാം വീക്ഷിച്ചതാണ്. ഇത്തരത്തില്‍ ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ ധാരാളം നമ്മുടെ ചരിത്രതാളുകളില്‍ കാണാവുന്നതാണ്. എന്നാല്‍ ഇതിനെല്ലാമപ്പുറത്തുള്ള ഭരണകൂട സംഘ പരിവാര്‍ ബാന്ധവത്തെയാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി നമ്മള്‍ അനുഭവിച്ചത്.
2002ലെ ഗുജറാത്ത് വംശഹത്യയുടെ മേല്‍നോട്ടക്കാരനായിരുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറിയ എന്‍ ഡി എ സര്‍ക്കാര്‍ നടപ്പിലാക്കിയ അജണ്ടകള്‍ക്ക് ഒരു ദീര്‍ഘമായ വ്യാവഹാരിക ചരിത്രമുണ്ട്. ആ ഹിന്ദുത്വ വ്യവഹാരത്തിന് ഊര്‍ജം പകര്‍ന്നത് വി ഡി സവര്‍ക്കറും ഹെഡ്ഗവാറും ദീന്‍ദയാല്‍ ഉപാധ്യായും ഗോള്‍വാള്‍ക്കറുമാണ്. അവരുടെയെല്ലാം ഭാവനാപൂര്‍വമായ ഉട്ടോപ്യ എന്നത് അഖണ്ഡ ഭാരത-ഹിന്ദുത്വ രാഷ്ട്രമാണ്. അത്തരമൊരു രാഷ്ട്രീയ പദ്ധതിയുടെ പ്രയോഗവത്കരണമാണ് നാം നരേന്ദ്രമോദി സര്‍ക്കാറിലൂടെ വീക്ഷിച്ചത്. തങ്ങളുടെ ഭാവനകള്‍ക്കനുസൃതമായി ചരിത്രത്തെ വളച്ചൊടിക്കുവാനും പുരാതന ഭാരതത്തിന്റെ ഗൃഹാതുരത്വവും ഭാരതീയ സംസ്‌കൃതിയുടെ ശാസ്ത്രവും പുരാണങ്ങളും പുനര്‍വായന നടത്തുവാനും രാജ്യത്തിന്റെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുവാന്‍ അവര്‍ ശ്രമിച്ചു. ചരിത്രത്തിന്റെ ഏകശിലാത്മകമായ വിവരണത്തിലൂടെ ബ്രാഹ്മണിക്കലായ ചാതുര്‍വര്‍ണ്യത്തെ ന്യായീകരിക്കാനും മുസ്‌ലിംകളെ അപരന്മാരായി ചിത്രീകരിക്കുവാനും ഹിന്ദു-ഹിന്ദി-ഹിന്ദുസ്ഥാന്‍ എന്ന അധീശ വ്യവഹാരത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുവാനും അവര്‍ക്ക് സാധിച്ചിട്ടുണ്ട്, സമീപകാലത്ത് വര്‍ധിച്ച തോതിലുള്ള മുസ്‌ലിം വിരുദ്ധവും ദളിത് വിരുദ്ധവുമായ അക്രമങ്ങളും ആസ്സാമിലെ ദേശീയ പൗരത്വപട്ടികയും കശ്മീരിലെ കരിനിയമങ്ങളും ഈ വ്യവഹാരത്തിന്റെ സ്വാഭാവിക പരിണതികളായാണ് വിലയിരുത്തേണ്ടത്. ‘പശു’ എന്ന മൃഗം ന്യൂനപക്ഷങ്ങള്‍ക്ക് പേടിസ്വപ്‌നമായി മാറിയതും ആഗോളവിപണിയില്‍ സംഘ് പരിവാര്‍ അനുയായികളായ വ്യവസായ ഭീമന്മാര്‍ക്ക് ലാഭകരമായതും ഹിന്ദുത്വ-ഗോരക്ഷ കൊലപാതകങ്ങളുടെ പൊള്ളത്തരം വെളിച്ചത്തുകൊണ്ടുവരുന്നു. ചത്ത പശുക്കളുടെ അവശിഷ്ടങ്ങള്‍ സവര്‍ണരുടെ വീടുകളില്‍ വലിച്ചെറിഞ്ഞാണ് മനയിലെ ദളിതര്‍, തങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ പ്രതിഷേധം പ്രകടിപ്പിച്ചത്.
പശുവിനെ അറുക്കുന്നത് ‘ദേശീയ സുരക്ഷ നിയമ’ (NSA) പ്രകാരം കുറ്റകരമാവുമ്പോള്‍ തന്നെയാണ് നൂറോളം മുസ്‌ലിംകളെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ മലേഗാവ് സ്‌ഫോടനകേസിലെ പ്രതി സാധ്വി പ്രഗ്യാസിംഗ് ഭോപ്പാലില്‍ സ്ഥാനാര്‍ഥിയാവുന്നത്. ദേശസുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന മോദിയുടെ കാലത്തുതന്നെയാണ്, വലിയൊരു സുരക്ഷാ അശ്രദ്ധയായ പുല്‍വാമ അക്രമണം നടക്കുന്നത്. മുസ്‌ലിം വിരുദ്ധ ഭീകരവാദ വ്യവഹാരം ഒന്നൊന്നായി തകര്‍ന്നു വീഴുന്നതാണ് പാനായിക്കുളം കേസില്‍ 11 വര്‍ഷത്തെ വിചാരണത്തടവിനു ശേഷം വെറുതെവിട്ട അഞ്ച് മുസ്‌ലിം യുവാക്കളുടെ അനുഭവങ്ങള്‍. അതേസമയം കുറ്റം ഏറ്റുപറഞ്ഞ സ്വാമി അസിമാനന്ദയും കുറ്റം തെളിയിക്കപ്പെട്ട ഡി ജി വന്‍സാരെയും അമിത്ഷായും കേശല്‍ പുരോഹിതുമെല്ലാം ദേശ സുരക്ഷയെ വെല്ലുവിളിച്ച് നിയമപരിരക്ഷയോടെ വിലസുന്നു. സഹാറന്‍പൂരിലെ ദലിത് വിരുദ്ധ ഠാക്കൂര്‍ അക്രമണങ്ങളില്‍ പ്രതിഷേധിച്ച ചന്ദ്രേശഖര്‍ ആസാദ് രാവണിനെ ഒരു വര്‍ഷത്തോളം ചടഅ ചുമത്തി ജയിലിലടച്ച മോദി-യോഗി സര്‍ക്കാറുകള്‍ യഥാര്‍ഥ സുരക്ഷാവെല്ലുവിളിയായ ആര്‍ എസ് എസിനെ കയറൂരി വിടുന്നു.
മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക പദ്ധതികളുടെ ആസൂത്രണത്തിന്റെ അപര്യാപ്തതയും പ്രായോഗികവത്ക്കരണത്തിന്റെ പരാജയത്തിന്റെയും മാതൃകകളായിരുന്ന നോട്ടുനിരോധനവും GSTയും ഇന്ത്യന്‍ സാമ്പത്തികമേഖലയുടെ നട്ടെല്ലൊടിച്ചു. 99% നോട്ടുകളും റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടുവെന്ന യാഥാര്‍ഥ്യം, കള്ളപ്പണ നിര്‍മാര്‍ജനം, ഭീകരതഉച്ഛാടനം എന്നീ വാചാടോപങ്ങളെ കൊഞ്ഞനം കുത്തുന്നു. ‘കാഷ്‌ലെസ് എക്കോണമി’ എന്ന സുന്ദര പദ്ധതിയുടെ ഗുണഭോക്താക്കള്‍ വന്‍കിട ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുമായിരുന്നു.
ഒരു ക്ഷേമരാഷ്ട്രത്തിന്റെ അടിസ്ഥാന ഘടകങ്ങളായ നിസ്സാര നികുതി’, ‘ഉയര്‍ന്ന സബ്‌സിഡി’ എന്നിവയെ അവഗണിച്ചുകൊണ്ടാണ് GST നടപ്പിലാക്കിയതും കര്‍ഷകരുടെ ദുരിതങ്ങള്‍ക്കെതിരെ കണ്ണടയ്ക്കുന്നതും. തൊഴിലാളികളും കര്‍ഷകരും അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരും നടത്തിയ സംഘര്‍ഷങ്ങള്‍ക്ക് പുല്ലുവില കൊടുക്കുന്ന മോദി സര്‍ക്കാര്‍, കുത്തക-മുതലാളിമാരുടെ വികസന സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ രാജ്യത്തിന്റെ വിഭവങ്ങള്‍ തീറെഴുതിക്കൊടുക്കുകയാണ്. തൂത്തുക്കുടിയിലും നിയമഗിരിയിലുമെല്ലാം തദ്ദേശീയ ജനതകളെയും ആദിവാസികളെയും അടിച്ചോടിച്ചുകൊണ്ട് ആഗോള ഭീമന്മാര്‍ക്ക് ചുവന്ന പരവതാനി വിരിക്കുകയാണ് മോദി ചെയ്തത്. രാജ്യത്തിന്റെ പ്രതിരോധ-സുരക്ഷയില്‍പോലും അഴിമതി നടത്തി റാഫേല്‍ വിമാനക്കരാര്‍ റിലയന്‍സിനു നല്‍കുകയും വിജയ്മല്യയ്ക്കും ജയ്ഷാക്കും നിരവ് മോദിക്കും സുഗമമായി അതിര്‍ത്തികടക്കുവാന്‍ സൗകര്യമൊരുക്കി ഇത്തരം നടപടികളുടെയെല്ലാം പ്രത്യാഘാതങ്ങളുംദുരിതങ്ങളും സഹിക്കുവാന്‍ സാധാരണക്കാരെ പ്രാപ്തരാക്കുവാന്‍, അവരുടെ വിവരങ്ങള്‍ ചോര്‍ത്തിക്കൊണ്ട് എല്ലാം ആധാറുമായി ബന്ധിപ്പിക്കുകയും അതിലൂടെ അവരുടെ പണം പലപ്പോഴായി ഊറ്റുവാനുമുള്ള പ്രക്രിയകള്‍ നിയമവിധേയമാക്കി.
ഭരണത്തകര്‍ച്ചക്കും ഫാഷിസ്റ്റ് അജണ്ടകള്‍ക്കുമെതിരായ പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്തുവാനാണ് ബി ജെ പി ഭരണകൂടം തുനിഞ്ഞത്. യുവതലമുറ സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധങ്ങള്‍ ഉയര്‍ത്തിവിട്ടപ്പോള്‍ പൗരസമൂഹ സംഘടനകള്‍ വിവിധ രീതികളില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമൂലയുടെ വ്യവസ്ഥാപിത കൊലപാതകം ജാതി-വിരുദ്ധ പോരാട്ടങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി. ജെ എന്‍ യുവിലെ കശ്മീര്‍ ഐക്യദാര്‍ഢ്യ സദസ്സിനെതിരെയുള്ള സര്‍ക്കാര്‍ നടപടികള്‍ ദേശീയത-വ്യവഹാരത്തിന്റെ വൈവിധ്യങ്ങള്‍ പരിശോധിച്ചു. ജെ എന്‍ യുവില്‍ തന്നെ എബിവിപി അക്രമത്തിനുശേഷം കാണാതായ നജീബ് അഹ്മദ് മുസ്‌ലിം വിദ്യാര്‍ഥിത്വത്തിന്റെ പ്രതീകമായി മാറി. പശുവിന്റെ പേരില്‍ കൊല്ലപ്പെട്ട മുസ്‌ലിംകള്‍ക്ക് നീതി ലഭ്യമാക്കുവാന്‍ പൗരസമൂഹം ഒത്തുചേര്‍ന്നു. ഇസ്‌ലാം മതാശ്ലേഷണം നടത്തിയ ഹാദിയയ്ക്കു വേണ്ടി നിയമപരവും അല്ലാതെയുമുള്ള പോരാട്ടങ്ങള്‍ നടത്തി. ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസിനെതിരെ സുപ്രീംകോടതി ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തി. ഒരു തവണപോലും ആസൂത്രിതമല്ലാത്ത പത്രസമ്മേളനം നടത്താത്ത മോദിയെ എല്ലാ മാധ്യമങ്ങളും ഉപയോഗിച്ച് ജനങ്ങള്‍ വിചാരണ നടത്തി. വിമര്‍ശിക്കുന്നവരെയും വിസമ്മതിക്കുന്നവരെയും ബുദ്ധിജീവികളെയും കൊന്നൊടുക്കിയും ജയിലിലടച്ചും അടിച്ചമര്‍ത്താന്‍ നോക്കിയ ഭരണകൂടം അമ്പേ പരാജയപ്പെടുകയും ജനാധിപത്യത്തിന്റെ വിശാല സാധ്യതകളെ ഉപയോഗപ്പെടുത്തിയ പൗരസമൂഹം ഹിന്ദുത്വഫാസിസത്തിനെതിര ഐക്യനിര ഉയര്‍ത്തുകയും ചെയ്യുന്ന ഈ സാഹചര്യം വളരെ നിര്‍ണായകമാണ്.
ഹിന്ദുത്വ ഫാഷിസത്തിനെതിരെ വിവിധ രീതികളിലുള്ള രാഷ്ട്രീയ സമവാക്യങ്ങളും സഖ്യങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ ഒരു തിരിച്ചുവരവിന് കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ തന്നെ പ്രാദേശിക കക്ഷികളുടെ പിന്തുണ വളരെ പ്രധാനപ്പെട്ടതാണ്. ഈയടുത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ഇതര കക്ഷികളുടെ വിജയം പ്രതീക്ഷ നല്‍കുന്നുണ്ട്. അതുപോലെ തന്നെ വിശാല ഐക്യങ്ങളുടെ പുതിയ മാതൃകകള്‍ അസദുദ്ദീന്‍ ഉവൈസി, പ്രകാശ് അംബേദ്കര്‍ തുടങ്ങിയവര്‍ മുന്നോട്ടുവെക്കുന്നു. കേവല ഹിന്ദുത്വ-വിരുദ്ധ അജണ്ടകള്‍ക്കപ്പുറം ആനുപാതിക പ്രാതിനിധ്യവും ശാക്തിക രാഷ്ട്രീയത്തിലെ വിലപേശല്‍ നയങ്ങളും ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ജനാധിപത്യത്തെ പുഷ്ടിപ്പെടുത്തുന്നു. എന്നാല്‍ ആരാണ് കൂടുതല്‍ ഫാഷിസ്റ്റ് വിരുദ്ധര്‍ എന്ന താല്ക്കാലിക ചോദ്യങ്ങളിലേക്ക് പലപ്പോഴും മാധ്യമങ്ങള്‍ ജനങ്ങളെ വഴിനടത്തുന്നു. അത്തരം ഉപരിപ്ലവമായ കാഴ്ചപ്പാടുകള്‍ ഹിന്ദുത്വ വിരുദ്ധ വോട്ടുകളെ വിഘടിപ്പിക്കുകയും ബദല്‍ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തുക മാത്രമേ ചെയ്യുകയുള്ളൂ.
ബി ജെ പിയും സംഘ് പരിവാറും മുന്നോട്ടുവെക്കുന്ന ഇന്ത്യയെക്കുറിച്ചുള്ള ഭാവനകളെ ചെറുത്തുതോല്പിക്കേണ്ടത് ജനാധിപത്യത്തിന്റെ നിലനില്പിന്റെ അനിവാര്യതയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി അവര്‍ സജ്ജമാക്കിയ സംഘബോധം നമ്മുടെ സമൂഹബോധതലത്തില്‍ രൂഢമൂലമായി സ്ഥാനം പിടിച്ചിട്ടുണ്ട്. അപരനെക്കുറിച്ചുള്ള വെറുപ്പും വിദ്വേഷവും മനസ്സില്‍ സൂക്ഷിക്കുന്ന, ഭീതിയുടെ ഒരു മാനസികാവസ്ഥയാണ് ബി ജെ പി ഇവിടെ നടപ്പാക്കിയത്. അത് പലരീതികളിലും മറ്റു രാഷ്ട്രീയ സഖ്യങ്ങളിലേക്കും പടര്‍ന്നുപിടിക്കുകയും ഹിന്ദുത്വ അജണ്ടകളെ പ്രതിരോധിക്കാതെ, പ്രതികരിക്കുകമാത്രം ചെയ്യുന്ന തരത്തിലേക്ക് ഈ സംഘബോധം വളര്‍ന്നിട്ടുണ്ട്.
അതിനാല്‍ തന്നെ ഇന്ത്യയെക്കുറിച്ചുള്ള ബദല്‍ ആശയങ്ങളും രാഷ്ട്രീയ സമവാക്യങ്ങളുമാണ് നമുക്കിടയില്‍ നിന്ന് ഉയര്‍ന്നുവരേണ്ടത്. നല്ലദിന(അച്ഛേ ദിന്‍)ങ്ങളെക്കാള്‍ നല്ല നാളെകളെ സ്വപ്‌നം കാണാന്‍ സാധിക്കുന്ന, നവജനാധിപത്യത്തിന്റെ വിശാല ചക്രവാളങ്ങള്‍ വീക്ഷിക്കുവാന്‍ പ്രാപ്തിയേകുന്ന ഒരു തെരഞ്ഞെടുപ്പ് ഫലമായിരിക്കട്ടെയെന്ന് നമുക്ക് പ്രതീക്ഷിക്കാം.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x