25 Wednesday
June 2025
2025 June 25
1446 Dhoul-Hijja 29

തുനീഷ്യയില്‍ വീണ്ടും ജനകീയ പ്രക്ഷോഭം

കഴിഞ്ഞ പതിറ്റാണ്ടില്‍ ലോകം കണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവമായിരുന്നു അറബ് വസന്തം. അതുണ്ടാക്കിയ അലയൊലികളും രാഷ്ട്രീയ മാറ്റങ്ങളുടെ തുടര്‍ച്ചകളും ഇനിയും തീര്‍ന്നിട്ടില്ല. പല രാഷ്ട്രങ്ങളുടെയും ഭരണക്രമങ്ങളെ കീഴ്‌മേല്‍ മറിച്ചിട്ട അറബ് വസന്തത്തിന് തുടക്കമിട്ട രാജ്യം എന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു രാജ്യമായിരുന്നു തുനീഷ്യ. അവിടെ നിന്നാരംഭിച്ച ജനകീയ മുന്നേറ്റങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് കൂടി പടര്‍ന്ന് കയറുകയായിരുന്നു. എന്നാല്‍ അറബ് വസന്താനന്തരമുള്ള തുനീഷ്യ കൂടുതല്‍ കലുഷിതമായിക്കൊണ്ടിരിക്കുന്നതായാണ് അവിടെ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. പല സര്‍ക്കാര്‍ പദ്ധതികളും പാളിപ്പോകുകയും ജനങ്ങള്‍ അസ്വസ്ഥരായി തെരുവുകളില്‍ വീണ്ടും കൂട്ടം കൂടാന്‍ ആരംഭിക്കുന്നതുമായ വാര്‍ത്തകളായിരുന്നു ഏതാനും നാളുകളായി അവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ശമ്പളം വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് തുനീഷ്യയിലെ പൊതുമേഖലാ ജീവനക്കാര്‍ സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി തെരുവിലിറങ്ങിയതാണ് പുതിയ വാര്‍ത്ത. തൊഴിലാളി സംഘടനകളും തുനീഷ്യന്‍ സര്‍ക്കാരും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സമരക്കാര്‍ തെരുവിലിറങ്ങാന്‍ തീരുമാനിച്ചത്. ഏഴ് ലക്ഷത്തോളം ആളുകള്‍ സമര രംഗത്തുണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലും സമരം വ്യാപിപ്പിക്കാന്‍ പദ്ധതിയുള്ളതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. വിമാനത്താവളം, തുറമുഖങ്ങള്‍ തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകളിലും സമരം ശക്തമാക്കുമെന്ന് സമരക്കാര്‍ അറിയിച്ചിട്ടുണ്ട്. അറബ് വസന്താനന്തരം ജനകീയ സര്‍ക്കാര്‍ രാജ്യത്ത് അധികാരമേറ്റെങ്കിലും ധനക്കമ്മി പരിഹരിക്കാനോ ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ പരിഹരിക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. വലിയ സാമ്പത്തിക ബാധ്യതയിലേക്ക് തുനീഷ്യ കൂപ്പ് കുത്തുന്നതായാണ് മനസിലാക്കാന്‍ സാധിക്കുന്നത്.
Back to Top