5 Tuesday
March 2024
2024 March 5
1445 Chabân 24

തുനീഷ്യയില്‍ ഗന്നൂശി ലക്ഷ്യമിടുന്നത് – ഡോ. സൈഫുദ്ദീന്‍ കുഞ്ഞ് 

തുനിഷ്യയില്‍ ഒക്‌ടോബര്‍ മാസത്തില്‍  പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ ശൈഖ് റാശിദുല്‍ ഗന്നൂശി മത്സരിക്കാനൊരുങ്ങുന്നത് പ്രാധാന്യത്തോടെയാണ് വീക്ഷിക്കേണ്ടത്. രണ്ട് വ്യാഴവട്ടക്കാലം ലണ്ടനില്‍ അഭയാര്‍ഥിയായിരുന്ന റാശിദുല്‍ ഗന്നൂശി 2011ല്‍ അറബ് ഭരണക്രമത്തെ പിടിച്ചുലക്കാന്‍ ഹേതുവായ ജാസ്മിന്‍ വിപ്ലവ ത്തിലൂടെ സ്വേഛാധിപതിയായ മുന്‍ പ്രസിഡന്റ്‌സൈനുല്‍ ആബിദീന്‍ ബിന്‍ അലി അധികാരമൊഴിയേണ്ടിവന്നതിനു ശേഷമാണ് തുനീഷ്യയി ല്‍ തിരിച്ചെത്തിയത്. വിപ്ലവാനന്തര തുനീഷ്യന്‍ രാഷ്ട്രീയത്തിലെ അവിഭാജ്യ ഘടകമായി മാറിയ അദ്ദേഹത്തിന്റെ അന്നഹ്ദ പാര്‍ട്ടി ആദ്യ ജനാധിപത്യ തെരെഞ്ഞെടുപ്പില്‍ തന്നെ ഭൂരിപക്ഷ വോട്ടു നേടി അധികാരത്തിലേറിയിരുന്നു. രണ്ടാം ഘട്ട തെരഞ്ഞെടുപ്പുകളില്‍ നിര്‍ണായക രാഷ്ട്രീയ കക്ഷിയായി തുടരുന്നു.
മുന്‍ തെരെഞ്ഞെടുപ്പുകളിലൊന്നും മത്സരിക്കാതിരുന്ന ശൈഖ് ഗന്നൂശി പുതിയ തീരുമാനത്തിലൂടെ തുനീഷ്യന്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തിന്റെ പരമോന്നതാധികാരം നേടാനുള്ള ശ്രമമാണിതെന്ന് അന്നഹ്ദാ പാര്‍ട്ടിയുടെ വിമര്‍ശകര്‍ ആരോപിക്കുന്നത്. തുനീഷ്യയുടെ ജനാധിപത്യ പരിവര്‍ത്തനത്തിന്റെ സന്നിഗ്ധഘട്ടത്തി ല്‍ പാര്‍ട്ടി നേതൃത്വത്തിന് കൂടുതല്‍ കാര്യപ്രസക്തമായ ഭാഗധേയം ഉറപ്പുവരുത്താനാണ് ഈ തീരുമാനമെന്ന് പാര്‍ട്ടി പ്രസ്താവനയിറക്കിയിരുന്നു.
ഈയിടെ അന്തരിച്ച പ്രസിഡന്റ് ബാജി ഖാ യിദ് അസിബ്‌സിയെയും റാശിദ് ഗനൂശിയുമാണ് യഥാര്‍ഥത്തില്‍ തുനീഷ്യന്‍ രാഷ്ട്രീയം നിയന്ത്രിച്ചിരുന്നത്. ഒക്ടോബര്‍ ആറാം തിയതിയില്‍ നടക്കുന്ന ഇലക്ഷനിലുടെ പ്രധാനമന്ത്രി പദമോ സ്പീക്കര്‍ സ്ഥാനമോ ലക്ഷ്യം വെച്ചാണ് ഈ പുതിയ നീക്കം. സിബ്‌സിയുടെ മരണത്തോടനുബന്ധിച്ചു നവംബര്‍ 17ന് നിര്‍ണയിച്ചിരുന്ന പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ സെപ്തംബര്‍ 15 ന് നടത്താന്‍ തുനീഷ്യന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലും അന്നഹ്ദ നിര്‍ണായക ശ ക്തിയായി മാറും. അറബ് വസന്താനന്തര രാഷ്ട്രീയ ക്രമത്തില്‍ താരതമ്യേന രാഷ്ട്രീയ സന്തുലിതാവസ്ഥ നിലനില്‍ക്കുന്ന രാജ്യമാണ് തുനീഷ്യ. ആഭ്യന്തര സംഘര്‍ഷം തുടരുന്ന  ഇതര രാഷ്ട്രങ്ങളില്‍ നിന്ന് വിഭിന്നമായി പുതിയ ഭരണഘടനയും സെക്യുലര്‍  ഇസ്‌ലാമിസ്റ്റ് സഖ്യത്തിന്റെ ഭരണകൂടവും സ്വതന്ത്ര തെരെഞ്ഞെടുപ്പുകളും ഉള്ള തുനീഷ്യ മികച്ച രാഷ്ട്രീയ മാതൃകയായി തുടരുന്നു.
ശൈഖ് ഗന്നൂശിയും അന്നഹ്ദാ പാര്‍ട്ടിയും
രാഷ്ട്രത്തില്‍ സമാധാനാന്തരീക്ഷം രൂപപ്പെടുത്തുന്നതില്‍ അന്നഹ്ദ പാര്‍ട്ടിയുടെ നയങ്ങള്‍ക്കും തന്ത്രജ്ഞതയും പ്രസ്താവ്യമായ സ്ഥാനമുണ്ട്.
മുന്‍കാല തെരെഞ്ഞെടുപ്പു ക ളില്‍ സ്വീകരിച്ച നയങ്ങള്‍ ഇതില്‍ പ്രധാനമാണ്. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതിരിക്കുക, സഖ്യഭരണത്തില്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുക, രാഷ്ട്രീയ സമ്മര്‍ദ്ദ കക്ഷിയായി നിലകൊള്ളുക, രാജ്യത്ത് പുതുതായി രൂപപ്പെട്ട ജനാധിപത്യക്രമത്തെ ശക്തിപ്പെടുത്താനാവശ്യമായ  നയനിലപാടുകള്‍ സ്വീകരിക്കുക എന്നീ തീരുമാനങ്ങളിലൂടെ രാഷ്ട്രത്തിന്റെ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തെ നിയന്ത്രിക്കാന്‍ അന്നഹ്ദ പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമൂഹിക ഏകത നിലനില്‍ക്കുക എന്നത് വിപ്ലവത്തിന്റെ അനിവാര്യഫലങ്ങളിലൊന്നാണെന്നാണ് റാശിദ് ഗനൂശിയുടെ നിരീക്ഷണം. രാഷ്ട്രീയ കാഴ്ചപ്പാടുകളുടെ വൈവിധ്യം സാമൂഹിക ഏകതക്ക് വിഘാതം വരുത്തരുതെന്ന് അദ്ദേഹം ശഠിക്കുന്നുണ്ട്.രാഷ്ട്രത്തിലെ എല്ലാ ശബ്ദങ്ങള്‍ക്കും സാന്നിധ്യവും പങ്കാളിത്തവുമുള്ള രാഷ്ട്രീയ ബഹുസ്വരത, മത വര്‍ഗഭേദമന്യേ രാഷ്ട്രത്തിന്റെ വികസനത്തിനാവശ്യമായ വിഷയങ്ങളിലെ കൂടിയാലോചനയില്‍ എല്ലാവര്‍ക്കും  പങ്കാളിത്തം, എല്ലാവര്‍ക്കും നീതി, ഇസ്‌ലാമില്‍ ജനാധിപത്യ പ്രക്രിയയുടെ പ്രാധാന്യം, സമൂഹത്തിന്റെ എല്ലാവിധ വളര്‍ച്ചകളിലും സ്ത്രീകളുടെ സാന്നിധ്യം എന്നിവയാണ് ശൈഖ് റാശിദ് ഖന്നൂശി മുന്നോട്ടു വെക്കുന്ന ആശയങ്ങ ള്‍. ഈ നയനിലപാടുകള്‍ സ്വീകരിച്ചതുകൊണ്ടാണ് അന്നഹ്ദാ പാര്‍ട്ടിയെ തുനീഷ്യന്‍ സമൂഹത്തില്‍ നേതൃപരമായ രാഷ്ട്രീയ സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കുന്നത്.
ഇലക്ഷനും പാര്‍ട്ടികളും
യൂസുഫ് ശാഹിദിന്റെ സെക്യുലറിസ്റ്റ് പാര്‍ട്ടി തഹ്‌യ തൂനിസ് പാര്‍ട്ടി, ഖാഇദ് അസിബ്‌സിയുടെ പുത്രന്‍ ഹാഫിദ് ഖാഇദ് സിബ്‌സി നയിക്കുന്ന നിദാ തൂനിസ് പാര്‍ട്ടി,  മുഹമ്മദ് അബൗവിന്റെ ഡെമോക്രാറ്റിക് കറന്റ് പാര്‍ട്ടി എന്നീ പാര്‍ട്ടികളാണ് പാര്‍ലിമെന്ററി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നത്.
മുന്‍ പ്രസിഡന്റിന്റെ നിദാ തൂ നിസ് പാര്‍ട്ടി അന്നഹ്ദാ പാര്‍ട്ടിയുടെ പ്രതിപക്ഷമായി രൂപം കൊണ്ടതാണ്. ബിന്‍ അലി ഭരണകൂടാനുകൂലികള്‍, ട്രേഡ് യൂണിയനുകള്‍, അകാഡമികുകള്‍, ബിസിനസ് രംഗത്തെ പ്രമുഖര്‍ എന്നിവരെ ഏ കോപിച്ച് ഖാഇദ് സിബ്‌സി രൂപീകരിച്ച നിദാ തൂനിസ് 2014 ലെ പൊതു തെരെഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും  ഭരണകൂട രൂപീകരണത്തിന് അന്നഹ്ദ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കേണ്ടി വന്നു. സിബ്‌സിയുടെ തീവ്ര മതേതര നിലപാടുകളും തീരുമാനങ്ങളും നിദാ തൂനിസ് അന്നഹ്ദാ സഖ്യത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ട്. നിദാ തൂനിസ് പാര്‍ട്ടി അഭിമുഖീക രിക്കുന്ന ആഭ്യന്തര ഭിന്നത, വരുന്ന തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുണ്ട്. സിബ്‌സിയുടെ മകന്‍ ഹാഫിദ് സിബ്‌സിയുമായുള്ള അഭിപ്രായഭിന്നത കാരണം പ്രധാനമന്ത്രി യൂസുഫ് ശാഹിദ് തഹ്‌യാ തൂനിസ് പാര്‍ട്ടി രൂപീകരിച്ചത് അന്നഹ്ദയുടെ രാഷ്ട്രീയ വിജയത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വെല്ലുവിളികള്‍
രാഷ്ട്രീയ മുന്നേറ്റത്തിനൊപ്പം  സാമ്പത്തിക വികസനം നടന്നിട്ടില്ലെന്നതാണ് തുനീഷ്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇരുപതിമൂന്ന് വര്‍ഷക്കാലത്തെ ഭരണത്തിലൂടെ സൈനുല്‍ ആബിദീന്‍ ബിന്‍ അലി ഇല്ലാതാക്കിയ തുനീഷ്യയുടെ സാമ്പത്തിക രാഷ്ട്രീയ ഭദ്രത ഭരണകൂടത്തെ വേട്ടയാടുന്നുണ്ട്. ദുര്‍ബലമായ ആഭ്യന്തര വികസനവും വളരെ കുറഞ്ഞ നിക്ഷേ പവും കാരണം സാമ്പത്തികരംഗം ഇപ്പോഴും ശ്രദ്ധേയായ വളര്‍ച്ച കൈവരിച്ചിട്ടില്ല. തൊഴിലില്ലായ്മക്ക് ചെറിയ തോതില്‍ മാത്രമേ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ.ഒക്ടോബറിലെ പൊതുതെരഞ്ഞെടുപ്പ് തുനീഷ്യയുടെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുമെന്നതില്‍ സംശയമില്ല. തുനീഷ്യന്‍ സമൂഹം നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും പുതിയ ഭരണകൂടത്തിന് പരിഹാരം കണ്ടെത്തുക തന്നെവേണം.
രാഷ്ട്രത്തിന്റെ സുഭദ്രമായ ഭാവിക്കു വേണ്ടി മുല്ലപ്പൂ വിപ്ലവത്തിന്റെ കാരണങ്ങള്‍ക്ക് ശരിയായ പ്രതിവിധി സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x