തുനീഷ്യയില്‍ ഖൈസ് സഈദ് -അധികാരത്തിലേക്ക്
തുനീഷ്യയില്‍ കണക്കുകൂട്ടലുകള്‍ അസ്ഥാനത്താക്കി സ്വതന്ത്ര സ്ഥാനാര്‍ഥി ഖൈസ് സഈദ് പ്രസിഡന്റ് പദത്തിലേക്ക്. പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍പ്രകാരം രണ്ടാംഘട്ട വോട്ടെടുപ്പില്‍ വന്‍ ഭൂരിപക്ഷവുമായി നിയമ പ്രഫസറായ ഖൈസ് സഈദ് തെരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന. എതിരാളിയായിരുന്ന മാധ്യമ രാജാവ് നബീല്‍ ഖറവിക്ക് 30 ശതമാനം സീറ്റുകള്‍ മാത്രമാണുണ്ടാകുക.
രാഷ്ട്രീയ പരിചയം തീരെയില്ലാതെ ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലെത്തിയ ഖൈസ് സഈദിനായി യുവതലമുറ രംഗത്തിറങ്ങിയതാണ് വിജയമൊരുക്കിയതെന്നാണ് സൂചന. 90 ശതമാനം യുവാക്കളും സഈദിന് വോട്ടുനല്‍കിയപ്പോള്‍ മൊത്തം പോള്‍ ചെയ്തതിന്റെ 70 ശതമാനവും സഈദിനൊപ്പം നിന്നു. മറുവശത്ത്, അഴിമതി ആരോപണങ്ങളില്‍ കുടുങ്ങിയ ഖറവി വോട്ടെടുപ്പിന് നാലു ദിവസം മുമ്പാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. കള്ളപ്പണം വെളുപ്പിക്കല്‍, നികുതിവെട്ടിപ്പ് കേസുകളിലാണ് ഖറവി പ്രതിചേര്‍ക്കപ്പെട്ടത്.
മുഖ്യധാര കക്ഷികളുള്‍പ്പെടെ സജീവമായിരുന്ന ഒന്നാംഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം നേടാനായിരുന്നില്ല. നിലവിലെ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും മത്സരരംഗത്തുണ്ടായിരുന്നെങ്കിലും ജനം വോട്ടുനല്‍കിയില്ല. കൂടുതല്‍ വോട്ടുനേടിയ രണ്ടു സ്ഥാനാര്‍ഥികളെന്ന നിലക്കാണ് ഖൈസ് സഈദും ഖറവിയും രണ്ടാം ഘട്ടത്തിന് യോഗ്യത നേടിയത്. അടുത്ത നവംബറില്‍ നിശ്ചയിച്ച പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിലവിലെ പ്രസിഡന്റ് ബെയ്ജി ഖാഇദ് അസ്സബ്‌സിയുടെ മരണത്തോടെ നേരത്തേ നടത്തുകയായിരുന്നു.
വലിയ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യാന്‍പോലുമില്ലാതിരുന്ന ഖൈസ് സഈദ് ഒരു രാഷ്ട്രീയ കക്ഷിയുടെയും അംഗമല്ല. ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിന് ഊന്നല്‍ നല്‍കിയുള്ള അദ്ദേഹത്തിന്റെ കാമ്പയിന് വന്‍പിന്തുണ ലഭിച്ചിരുന്നു. അതേസമയം, ‘നസമ’ എന്ന സ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ ഉടമസ്ഥനാണ് പരാജയപ്പെട്ട ഖറവി.