8 Friday
November 2024
2024 November 8
1446 Joumada I 6

തിരിച്ചറിഞ്ഞ് തിരുത്താം – അബ്ദുല്‍വദൂദ്

ഇസ്‌ലാമിനുമുമ്പുള്ള അറേബ്യന്‍ കാലഘട്ടത്തെ ‘ജാഹിലിയ്യത്ത്’ എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. ജാഹിലിയ്യത്ത് എന്നാല്‍ അജ്ഞതയാണ്. വിവരമില്ലാത്തയുഗം. ‘ഡാര്‍ക് ഏജ്’ (ഉമൃസ മഴല) എന്ന് ചരിത്രപുസ്തകങ്ങളിലും കാണുന്നു. എന്തുകൊണ്ട് ആ കാലഘട്ടം ഇരുണ്ടുപോയി? സൂര്യപ്രകാശത്തിന്റെ അഭാവമായിരുന്നില്ല പ്രശ്‌നം. പിന്നെയോ? പ്രശ്‌നം വിജ്ഞാനമില്ലാത്തതായിരുന്നു. അപ്പോള്‍ വിജ്ഞാനമില്ലാത്ത ജാഹിലിയ്യത്തിലേക്ക് ഇസ്‌ലാം വന്നു എന്നതിന്റെയര്‍ഥം, വിജ്ഞാനമില്ലാത്ത അവസ്ഥയിലേക്ക് വിജ്ഞാനം വന്നുവെന്നാണ്. ആ വിജ്ഞാനം ഒരു സമൂഹത്തെയും കാലഘട്ടത്തെയും പിന്നീടുള്ള പരസഹസ്രം ജനകോടികളെയും എത്രമാത്രം ഉന്നതമായ വികാസത്തിലേക്കും സംസ്‌കരണത്തിലേക്കും നയിച്ചുവെന്നത് സാമ്യതയില്ലാത്ത ചരിത്രമാണ്. അറിവ് എങ്ങനെയാണ് വ്യക്തിയെയും സമൂഹത്തെയും തിരുത്തുന്നതെന്ന് ആ ചരിത്രവായനയിലുണ്ട്.
മനുഷ്യന്‍ ഈ പ്രപഞ്ചത്തിലെ ചെറിയ സൃഷ്ടിയാണ്. അനേക ജീവജാലങ്ങളോടൊപ്പം വസിക്കുന്ന നിസ്സാരമായ ഒരു ബിന്ദു. പല ജീവികള്‍ക്കുമുള്ള കഴിവുകള്‍ മനുഷ്യനില്ല. അത്ര ആയുസ്സുമില്ല. സവിശേഷമായ അനേകം കഴിവുകള്‍ പല ജീവികള്‍ക്കുമുണ്ട്. ഉദാഹരണത്തിന് തേനീച്ച. അതിന് ദിശയറിയാന്‍ സൂര്യപ്രകാശത്തിന്റെ ആവശ്യമില്ല. വിരിഞ്ഞു നില്ക്കുന്ന പൂവിന്റെ അരികെ നില്ക്കുന്ന സസ്യശാസ്ത്രജ്ഞന് കൂടുതല്‍ തേനുള്ള പൂവിനെ തിരിച്ചറിയാനാവില്ല. തേനീച്ചക്ക് അത് അനായാസം കഴിയുന്നു. തേനീച്ചയുടെ പാര്‍പ്പിടം വിസ്മയകരമാണ്. അതിനിപുണനായ എന്‍ജിനീയര്‍ക്കുപോലു അത്തരമൊന്നുണ്ടാക്കാനാവില്ല. തേനിച്ചയുടെ ജോലി വിഭജനം ഒരു പരിഷ്‌കൃത നാഗരികസമൂഹത്തെക്കാള്‍ മികച്ചതാണ്.
ചിതലിന്റെ പുറ്റ് അതിലേറെ വിസ്മയജനകമാണ്. ഭദ്രമായ അനേകം അറകളോടുകൂടിയ പുറ്റിന് 25 അടിവരെ ഉയരമുണ്ടാകാറുണ്ട്. ചിതലിന്റെ വലുപ്പവും പുറ്റിന്റെ ഉയരവും താരതമ്യം ചെയ്ത് മനുഷ്യന്‍ അതിനനുസൃതമായ വീടുണ്ടാക്കുകയാണെങ്കില്‍ ചുരുങ്ങിയത് ആയിരം നിലയുള്ള കെട്ടിടം നിര്‍മ്മിക്കേണ്ടിവരും. തവള അതിന്റെ വലുപ്പത്തിന്റെ ഇരുപതിരട്ടിയോളം ദുരേക്ക് ചാടാന്‍ കഴിവുള്ള ജീവിയാണ്. ഉടലിന്റെ 200 ഇരട്ടി ദൂരത്തേക്ക് ചാടാ ന്‍ പുല്‍ച്ചാടിക്ക് കഴിയുന്നു. താമസിക്കുന്ന സ്ഥലത്തെ കാലാവസ്ഥ പ്രതികൂലമായാല്‍ അനേകായിരം കിലോമീറ്ററുകള്‍ക്കകലെ അനുയോജ്യമായ കാലാവസ്ഥ കണ്ടെത്താന്‍ ദേശാടന പക്ഷികള്‍ക്ക് സാധിക്കുന്നു. പെണ്‍ നിശാശലഭങ്ങള്‍ ശരീരഗന്ധംകൊണ്ട് കിലോമീറ്ററുകള്‍ക്കകലെയുള്ള ആണ്‍ ശലഭത്തെ ആകര്‍ഷിക്കുന്നു. നില്ക്കുന്നിടത്തുനിന്ന് മുന്നോട്ടും പിന്നോട്ടും വിവിധ വശങ്ങളിലേക്കും മുകളിലേക്കും താഴേക്കും നിഷ്പ്രയാസം പറക്കാന്‍ തുമ്പികള്‍ക്ക് സാധിക്കുന്നു. പൂച്ചയുടെ കാഴ്ചശക്തിയും നായയുടെ ശ്രവണശക്തിയും കഴുകന്റെ ഘ്രാ ണശക്തിയും ഉറുമ്പിന്റെ സന്ദേശപ്രസരണവും വിസ്മയകരമായ ദൃഷ്ടാന്തങ്ങളാണ്.
ഇതര ജീവജാലങ്ങള്‍ക്കുള്ള യാതൊരു കഴിവുമില്ലാതെയാണ് മനുഷ്യന്‍ പിറക്കുന്നത്. മുയലിനെപ്പോലെ ഓടാന്‍ അവന് സാധിക്കില്ല. ആനയുടെ തുമ്പിക്കയ്യിന്റെ ശക്തി അവന്റെ കൈകള്‍ക്കില്ല. ആമയുടെ സുരക്ഷാകവചം അവന്റെ ശരീരത്തിനില്ല. തണുപ്പില്‍ നിന്ന് രക്ഷപ്രാപിക്കാന്‍ ധ്രുവക്കരടിയുടെ രോമകവചങ്ങള്‍ അവനില്ല. പറക്കാന്‍ ചിറകുകളോ ഊളിയിടാന്‍ ചെകിളകളോ ഇല്ല. ബീവറിനെപ്പോലെ വീട് നിര്‍മ്മിക്കാന്‍ ശേഷിയില്ലാതെയാണ് അവന്‍ ജനിച്ചത്. ആര്‍ട്ടിക്‌ടേണിനെപ്പോലെ വഴിയറിയാന്‍ അവന് കഴിയില്ല. ടോര്‍ പിഡോ മത്സ്യത്തെപ്പോലെ വൈദ്യുതിയുല്പാദിപ്പിക്കാന്‍ സാധ്യമല്ല. കൈകകളുയര്‍ത്തി കരയാനും മോണകാട്ടി ചിരിക്കാനും മാത്രം സാധിക്കുന്ന അവസ്ഥയിലാണ് മനുഷ്യന്റെ ജന്മം. ഈ മനുഷ്യന്‍ ധ്രുവക്കരടിയെ തോല്പിക്കുന്ന രോമക്കുപ്പായങ്ങള്‍ കണ്ടുപിടിച്ചു. മുയലിനെക്കാള്‍ വേഗതയിലോടുന്ന വാഹനം നിര്‍മിച്ചു. ബീവറിനേക്കാള്‍ സുന്ദരമായ വീടുനിര്‍മിച്ചു. കഴുകനെ വെല്ലുന്ന വിമാനങ്ങളും പുലിയെ കൊല്ലുന്ന തോക്കും കണ്ടുപിടിച്ചു. പറവകളെ പിന്നിലാക്കി പറന്നുകളിച്ചു. മത്സ്യത്തെ തോല്പ്പിക്കുംവിധം ഊളിയിടാനും കടലില്‍ പാര്‍ക്കാനും അവന് സാധിച്ചു. ഉറുമ്പിനെക്കാള്‍ മികവുറ്റ സന്ദേശഗമനമാര്‍ഗങ്ങള്‍ കണ്ടെത്തി. ഈ പ്രപഞ്ചത്തിലെ കരുത്തുറ്റ ജന്തുവര്‍ഗമായി മാറി.
മനുഷ്യന്റെ കഴിവുകളില്‍ വലിയൊരു പങ്കും അവന്‍ ആര്‍ജിച്ചെടുത്തതാണ്. മനുഷ്യനൊഴിച്ചുള്ള ജീവജാലങ്ങള്‍ക്കൊന്നും ജന്മവാസനകളുടെ അതിരുകള്‍ക്കപ്പുറത്തേക്ക് കടക്കാനാവില്ല. വളര്‍ച്ചയും പുരോഗതിയും വികാസവും അവയ്ക്ക്അസാധ്യമാകുന്നത് അതിനാലാണ്. ആയിരം വര്‍ഷങ്ങള്‍ക്കപ്പുറം എങ്ങനെയാണോ കൂടുകൂട്ടിയത് അങ്ങനെതന്നെയാണ് തേനീച്ച ഇന്നും കൂടുണ്ടാക്കുന്നത്. പൂവില്‍ തേനുള്ളതറിയാന്‍ തേനീച്ച ഒരു ശാസ്ത്ര ഉപകരണവും കണ്ടെത്തിയിട്ടില്ല. പറക്കാന്‍ പക്ഷികള്‍ മുമ്പില്ലാത്ത ഒരു മാര്‍ഗം കണ്ടെത്തിയിട്ടില്ല. സന്ദേശക്കൈമാറ്റത്തിന് നൂതനമാര്‍ഗം ഉറുമ്പ് കണ്ടെത്തിയിട്ടില്ല. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ജന്മസിദ്ധികളല്ലാതെ സ്വകീയ വികാസം അവയ്ക്ക് അസാധ്യമാണ്. പ്രകൃതിയില്‍ ഊട്ടപ്പെട്ടതിനനുസരിച്ച് കഴിഞ്ഞുകൂടുന്നതിനപ്പുറം ചെറിയ ചുവടുവെപ്പുപോലും സാധ്യമല്ല. മനുഷ്യന്‍ വ്യത്യസ്തനാണ്. നമ്മുടെ മുന്‍ഗാമികള്‍ക്ക് പറക്കാന്‍ മോഹമുണ്ടായിരുന്നു, സാധിച്ചില്ല. നാം പറക്കുന്നു, അതിനുള്ള ഉപകരണങ്ങള്‍ കണ്ടെത്തി. അഥവാ മനുഷ്യന്‍ മാറിക്കൊണ്ടിരിക്കുന്നു. പൂര്‍വികര്‍ പാര്‍ത്തിരുന്നത് പാറപ്പൊത്തിലായിരുന്നു. പിന്നെ പുല്ലു മേഞ്ഞ പുരകളിലായി. ശേഷം ഓലമേഞ്ഞ കുടിലുകളിലായി. കാലം പിന്നിട്ടപ്പോള്‍ ഓടുമേഞ്ഞ വീടുകളിലായി. ഇപ്പോള്‍ നാം പാര്‍ക്കുന്നതോ, മനോഹരമായ സിമന്റുസൗധങ്ങളില്‍! ഇനി വരാനിരിക്കുന്ന തലമുറകള്‍ എവ്വിധമായിരിക്കും പാര്‍പ്പിടമുണ്ടാക്കുക എന്നത് ചിന്തകള്‍ക്കുപോലും അപ്പുറമാണ്. അഥവാ, മനുഷ്യന്‍ പുരോഗമിക്കുന്നു, പരിഷ്‌കൃതനാകുന്നു. ഈ പ്രപഞ്ചത്തിലെ ഇതര ജീവജാലങ്ങളില്‍ നിന്ന് അവനെ സവിശേഷനാക്കുന്നത് ഇതാണ്. ജന്മവാസനകളുടെ അതിരുകള്‍ക്കപ്പുറം വികസിക്കാനുള്ള അവന്റെ സാധ്യതകള്‍ അവനെ മികവുറ്റവനാക്കുന്നു. ഒരു എന്‍ജിനീയറുടെ മകനെ കാട്ടില്‍ വിട്ടാല്‍ അവന്‍ എന്‍ജിനീയറായി വളരില്ല. കാട്ടാളനായി വളരും. അവന്‍ മനോഹരമായ വീടിനുള്ള പ്ലാന്‍ വരയ്ക്കില്ല. പച്ചിലയും കാട്ടുഫലങ്ങളും തിന്ന് വന്യജീവികള്‍ക്കൊപ്പം കാട്ടുമനുഷ്യനായിത്തീരും. കുരങ്ങന്റെ കുട്ടി കാട്ടിലാണെങ്കിലും നാട്ടിലാണെങ്കിലും കഴിക്കുന്ന ഭക്ഷണത്തിലല്ലാതെ പിതാവില്‍നിന്നോ മാതാവില്‍നിന്നോ യാതൊരു സാംസ്‌കാരിക വ്യത്യാസവുമില്ലാതെയാണ് വളരുക.
മനുഷ്യന്‍ ആര്‍ജിച്ചെടുത്ത വിജ്ഞാനം മനുഷ്യനെ പരിഷ്‌കൃതനാക്കുന്നു. വലിയ വികാസത്തിലേക്ക് നൂറ്റാണ്ടുകള്‍തോറും വികസിക്കാന്‍ പ്രാപ്തനാക്കുന്നു. അക്ഷരം അവനെ മികച്ച പുരോഗതിയിലേക്ക് നയിക്കുന്നു. ശരി, അറിവ് മനുഷ്യനെ പരിഷ്‌കൃതനാക്കി. നാഗരികനാക്കി. ഈ പ്രപഞ്ചത്തിലെ മികവുറ്റ സൃഷ്ടിയാക്കി മാറ്റി. മനുഷ്യനെ പരിഷ്‌കൃതനാക്കിയ അറിവ് അവനെ സംസ്‌കൃതനാക്കിയോ? വിസ്മയകരമായ വികാസത്തിലേക്ക് അവനെ നയിച്ച വിജ്ഞാനം അവനെ സംസ്‌കരിക്കുന്നതില്‍ വിജയിച്ചുവോ? സംശുദ്ധമായ വ്യക്തിപ്രഭാവത്തിലേക്ക് വികസിക്കാന്‍ യോഗ്യനാക്കിയോ? ഈ ചോദ്യത്തിനുള്ള ഉത്തരം തേടുമ്പോള്‍ നമ്മുടെ ആവേശം കെട്ടുപോകുന്നു.
അക്ഷരജ്ഞാനമില്ലാത്ത കാട്ടു മനുഷ്യനില്‍നിന്ന് അക്ഷരജ്ഞാനമുള്ള നാട്ടു മനുഷ്യന്‍ എത്ര വ്യത്യസ്തമാകുന്നുണ്ട്? കോഴ്‌സുകളും സര്‍ട്ടിഫിക്കറ്റുകളും ശേഖരിച്ചുകൂട്ടിയിരിക്കുന്ന നാട്ടു മനുഷ്യന്‍ അതൊന്നും കണ്ടിട്ടില്ലാത്ത അറിഞ്ഞിട്ടില്ലാത്ത കാട്ടുമനുഷ്യനില്‍ നിന്ന് എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്? യുണിവേഴ്‌സിറ്റികളും വിദ്യാഭ്യാസ സമുച്ചയങ്ങളുമുള്ള നാട്, അതൊന്നുമില്ലാത്ത കാടിനെക്കാളും എത്ര ഉന്നതമായ സ്ഥാനമാണ് നേടിയിട്ടുള്ളത്? ആശ്വാസകരമായ മറുപടി നമുക്കില്ലാതെപോവുന്നു. പിഞ്ചുകുഞ്ഞും വയോവൃദ്ധയും ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവം കാട്ടിലെ കഥകളില്‍നിന്ന് നാമാരും കേട്ടിട്ടില്ല. വര്‍ഗീയതയെക്കുറിച്ച് കാട്ടില്‍ നിന്ന് കേട്ടിട്ടില്ല. മതത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ അന്യനെ കൊല്ലുന്നതും ചതിക്കുന്നതും കാട്ടില്‍നിന്നല്ല, നാട്ടില്‍നിന്നാണ് കേട്ടത്. എന്തുകൊണ്ട്? പരിഷ്‌കൃതനായ മനുഷ്യന്‍ സംസ്‌കൃതനാകാതെ പോകുന്നു. പരിഷ്‌കൃതനല്ലാത്ത കാട്ടാളന്‍ സ്വസ്ഥമായി ജീവിക്കുന്നു. സ്വസ്ഥതയും സുഖവും തേടി പരിഷ്‌കൃതനായ മനുഷ്യന്‍ കാട്ടിലേക്ക് യാത്രപോകുന്നു. എന്തുകൊണ്ട്? കാട്ടില്‍ പ്രശ്‌നങ്ങളില്ല. എല്ലാ സ്വസ്ഥം! മനുഷ്യന്‍ കടന്നുചെന്നിട്ടില്ലാത്ത കാട്ടില്‍ കുഴപ്പങ്ങളില്ല. മനുഷ്യന്‍ ജീവിച്ചു പാകപ്പെടുത്തിയ നാട്ടില്‍ ആകെ കുഴപ്പം!
അടിസ്ഥാനപരമായ പ്രശ്‌നം ഉന്നയിക്കപ്പെടുന്നത് ഇവിടെയാണ്. നേടിയതൊന്നുമായിരുന്നില്ല നേടേണ്ടിയിരുന്നതെന്ന മൗലികമായ വിചാരത്തിലേക്ക് നാമെത്തിച്ചേരുന്നത് ഇവിടെയാണ്.
അറിവുകൊണ്ട് സാക്ഷാത്കരിക്കപ്പെടേണ്ടത് എന്താണ്? കുറേ കെട്ടിടങ്ങളും ഉപകരണങ്ങളും മാത്രമാണോ? നമ്മേക്കാള്‍ ഉയരത്തിലേ ക്ക് ഉയര്‍ത്തിവെച്ചിരിക്കുന്ന ടവറുകള്‍ നമ്മെ ലോകത്തോളം ബന്ധിപ്പിക്കുന്നുണ്ട്. ഭൂഗോളത്തെ മടക്കിച്ചുരുട്ടി നാം കീശയിലിട്ടിട്ടുണ്ട്. അയല്‍ക്കാരനെ അറിയില്ലെങ്കിലും നമ്മുടെ മക്കള്‍ അമേരിക്കക്കാരനോടൊത്ത് ‘ചാറ്റ്’ ചെയ്യുന്നുണ്ട്. കാലിന്നടിയിലൂടെയും തലയ്ക്കു മുകളിലൂടെയും കമ്പികള്‍ പായുന്നുണ്ട്. എല്ലാമുണ്ട്. പക്ഷേ, മൗലികമായി സാധിക്കേണ്ട ആത്മസംസ്‌കരണത്തിലേക്ക് പാകപ്പെട്ടിട്ടില്ല.
നബിതിരുമേനി(സ)യുടെ നിയോഗലക്ഷ്യമായി ഖുര്‍ആന്‍ പറയുന്നത് ”…അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതിക്കേള്‍പ്പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും” ചെയ്യുകയെന്നാണ് (ആലുഇംറാന്‍: 164). തസ്‌കിയത് അഥവാ സംസ്‌കരണവും വികാസവുമാണ് പ്രവാചകനിയോഗത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന്. നിലവിലുള്ള അവസ്ഥയില്‍ നിന്നും കൂടുതല്‍ മെച്ചപ്പെട്ട മറ്റൊരവസ്ഥയിലേക്കുള്ള നീക്കമാണ് ‘വികാസം’ എന്ന അര്‍ഥത്തിലുള്ള തസ്‌കിയത്ത്. ഇത്തരമൊരു തസ്‌കിയത്തിന്റെ സമ്പൂര്‍ണ സാക്ഷ്യമായിരുന്നു തിരുനബി(സ) വളര്‍ത്തിയെടുത്ത സമൂഹം. ആറാം നൂറ്റാണ്ടിലെ അപരിഷ്‌കൃതരായ അറബിക്കൂട്ടത്തെ പ്രോജ്വലമായ വിചാര വിപ്ലവത്തിലേക്കും വിമലീകൃത ജീവിതത്തിലേക്കും വികാസക്ഷമമായ ഹൃദയാവസ്ഥയിലേക്കും നബിതിരുമേനി(സ) നയിച്ചു. നീതിയും നിയമവുമില്ലാതിരുന്ന കാട്ടറബിയെ നിയമം പാലിക്കുന്ന ഖലീഫയാക്കി മാറ്റിയ ഖുര്‍ആനിന്റെ വഴി സുതാര്യമാണ്.
Back to Top