26 Friday
July 2024
2024 July 26
1446 Mouharrem 19

താഴ്മയില്ലായ്മ വീഴ്ചയുണ്ടാക്കുന്നു – ഡോ. പി എം മുസ്തഫ കൊച്ചിന്‍

വിനയത്തിന്റെ വിപരീത പദമാണ് അഹന്ത. അഹങ്കാരം, അഹംഭാവം, ഗര്‍വ്, പൊങ്ങച്ചം, വലുപ്പത്തരം എന്നിവ പര്യായപദങ്ങളാണ്. ‘അണുമണിത്തൂക്കം അഹങ്കാരം മനസ്സിലുണ്ടായാല്‍ സ്വര്‍ഗം പുല്‍കില്ലെന്ന്’ നബി(സ) പഠിപ്പിച്ചതില്‍ ഗര്‍വിന്റെ ഗുരുതരാവസ്ഥ അടങ്ങിയിട്ടുണ്ട്.
പിശാചാണ് പ്രപഞ്ചത്തിലെ ആദ്യ അഹങ്കാരി. അല്ലാഹുവിനോടാണവന്‍ വിളച്ചില്‍ കാണിച്ചത്. അവനോട് അല്ലാഹു ആദമിനെ പ്രണമിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ അവന്‍ മോട്ട് കാണിച്ച് വിസമ്മതം പ്രകടിപ്പിച്ചു (2:34) അവന്റെ മനോഭാവമായിരുന്നു അതിന് കാരണം. ”നിന്നോട് ഞാന്‍ ആജ്ഞാപിച്ചപ്പോള്‍ പ്രണമിക്കുന്നതില്‍ നിന്നും നിന്നെ തടഞ്ഞതെന്ത്?’ അല്ലാഹു ചോദിച്ചു. പിശാചിന്റെ മറുപടി: ”ഞാനാണ് അവനേക്കാള്‍ ഉത്തമം (ക മാ ീസ, ഒല ശ െിീ േീസ) നീയെന്നെ സൃഷ്ടിച്ചത് തീയില്‍ നിന്നും അവനെ സൃഷ്ടിച്ചത് മണ്ണില്‍ നിന്നും”(7:12, 38:75,76)
ഈ അഹങ്കാര മനോഭാവമായിരുന്നു പിശാചിന്റെ പതനത്തിന്റെ പാതയൊരുക്കിയത്. അല്ലാഹു പറഞ്ഞു: ”ഇവിടെ നിന്ന് നീ ഇറങ്ങിപ്പോകുക… ഇവിടെ നിനക്ക് അഹങ്കാരം കാണിക്കാന്‍ പറ്റുകയില്ല. പുറത്തു കടക്കൂ! നീ നിന്ദ്യരുടെ കൂട്ടത്തിലാകുന്നു.”(7:13)
സ്വന്തത്തെ മഹത്വവല്‍ക്കരിക്കുകയും അപരനെ നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്നതില്‍ നിന്നാണ് അഹംഭാവം ഉറവയെടുക്കുന്നത്. എന്നെ സംബന്ധിച്ചുള്ളതെല്ലാം ഏറ്റവും മെച്ചപ്പെട്ടതും മറ്റുള്ളവരുടേതെല്ലാം വളരെ മോശപ്പെട്ടതും എന്ന് ചിന്തിക്കുന്നതോടെയാണ് പതനം തുടങ്ങുകയും വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നത്. നിന്നിടത്ത് നിന്ന് ഒരിഞ്ചുപോലും വളരാനോ ഉയരാനോ അഹംഭാവിക്ക് കഴിയുകയില്ല.
അഹന്തയുടെ ചരിത്രം
നൂഹ്(അ)ന്റെ ജനത അല്ലാഹുവിന്റെ ശാപകോപങ്ങളാല്‍ നശിപ്പിക്കപ്പെട്ടത് അഹന്തയാലാണ്. ”നീ അവര്‍ക്ക് മാപ്പ് നല്‍കുമെന്ന് പറഞ്ഞ് അവരെ ഞാന്‍ (നൂഹ്) ക്ഷീണിച്ചപ്പോഴെല്ലാം അവര്‍ അവരുടെ കര്‍ണപുടങ്ങളില്‍ വിരല്‍ തിരുകുകയും അവരുടെ വസ്ത്രങ്ങള്‍ മൂടിപ്പുതയ്ക്കുകയും ദുശ്ശാഠ്യത്തിലുറച്ച് നില്‍ക്കുകയും അങ്ങേയറ്റം അഹങ്കരിക്കുകയും ചെയ്തു. (71:7)
ആദിനെ സൃഷ്ടിച്ച അല്ലാഹു അവരേക്കാള്‍ ശക്തിയില്‍ മികച്ചവനായിരിക്കെ, ”ഞങ്ങളേക്കാള്‍ ശക്തിയില്‍ മികച്ചത് ആര്” എന്ന് പറഞ്ഞുകൊണ്ടാണ് ആദ് സമുദായം അന്യായ അഹംഭാവം നടിച്ചത്. (41:15). ”നിങ്ങളുടെ പരമോന്നതനായ സംരക്ഷകന്‍ ഞാനാകുന്നു” എന്നു പറഞ്ഞ ഫിര്‍ഔനിന്റെ പതനത്തിന് വഴിതെളിച്ചതും അഹന്തയല്ലാതെ മറ്റൊന്നുമല്ല. ഫിര്‍ഔനും അവന്റെ പ്രമാണിമാരും (10:75,23:46) അവന്റെ സൈന്യങ്ങളും (28:39) അഹങ്കരിച്ചു (7:133) എന്നു ഖുര്‍ആന്‍ പറയുന്നു. ഫിര്‍ഔനെ കൂടാതെ ഖാറൂനും ഹാമാനും അഹങ്കരിച്ചവരാണെന്നും (29:39) ഖുര്‍ആന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഈ സമ്പൂര്‍ണതയും തന്റെ സാമര്‍ഥ്യത്താല്‍ സമ്പാദിച്ചതാണെന്ന ഖാറൂനിന്റെ അഹങ്കാരവാദം ഖുര്‍ആനിലുണ്ട്. (28:78). ശുഐബ്(അ)യുടെ ചരിത്രവും മറ്റൊന്നല്ല. ‘ശുഐബേ, നിന്നെയും നിന്റെ കൂടെയുള്ള വിശ്വാസികളെയും ഞങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കും. അല്ലെങ്കില്‍ ഞങ്ങളുടെ മാര്‍ഗത്തിലേക്ക് നിങ്ങള്‍ മടങ്ങിവരണം” എന്ന് ആ ജനതയെക്കൊണ്ട് പറയിപ്പിച്ചത് അവരുടെ അഹങ്കാരമായിരുന്നു. (7:88)
അഹങ്കാരം
വിശ്വാസത്തിന് തടസ്സം
പിശാചിനെയും കാലം കണ്ട സകല അഹങ്കാരികളെയും വഴിപിഴപ്പിച്ചത് അഹന്തയാണ്. ”ജനങ്ങള്‍ക്ക് നേര്‍മാര്‍ഗം വന്നെത്തിയപ്പോഴെല്ലാം അതില്‍ വിശ്വസിക്കാന്‍ തടസ്സമായത്, അല്ലാഹു ഒരു മനുഷ്യനെയാണോ, തന്റെ സന്ദേശ വാഹകനായി നിയോഗിച്ചിരിക്കുന്നത് എന്ന അവരുടെ വാക്ക് മാത്രമായിരുന്നു. (17:94) പ്രവാചകന്മാര്‍ക്കെതിരെ തിരിഞ്ഞ പ്രമാണിമാരുടെയും പ്രതികരണവും അഹംഭാവത്തിന്റേതായിരുന്നു: ”ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും നിസ്സാരന്മാരായിട്ടുള്ളവര്‍ പ്രഥമ വീക്ഷണത്തില്‍ നിന്നെ പിന്തുടര്‍ന്നതായിട്ട് മാത്രമാണ് ഞങ്ങള്‍ കാണുന്നത്. നിനക്ക് ഞങ്ങളേക്കാള്‍ യാതൊരു ശ്രേഷ്ഠതയും ഞങ്ങള്‍ കാണുന്നുമില്ല. (11:27). തങ്ങളില്‍ നിന്നുള്ള ഒരുവന്‍ സന്ദേശവാഹകനായി നിയോഗിതനായപ്പോള്‍ അതുള്‍ക്കൊള്ളാന്‍ അഹങ്കാരം അവരെ അനുവദിച്ചില്ല. അവര്‍ പ്രവാചകരോട് പറഞ്ഞു: ”നിങ്ങള്‍ ഞങ്ങളെ പോലുള്ള മനുഷ്യര്‍ മാത്രമാകുന്നു.”(14:10). മനോഭാവത്തെ ബാധിക്കുന്ന മ്ലേഛതയാണ് അഹന്ത. പ്രവൃത്തിയില്‍ മാത്രമല്ല, മനോഭാവം, വികാരം, സമീപനം, സമ്പ്രദായം, സ്വഭാവം, പെരുമാറ്റം, വാക്ക്, നോക്ക്, ഭാവം എന്നിവയിലൂടെയൊക്കെ അഹന്ത പുറത്തുചാടും.

നടത്ത രീതിയില്‍ അഹങ്കാരം
നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് പോലുള്ള ഇസ്‌ലാമികാനുഷ്ഠാനങ്ങളുടെ വിശദാംശങ്ങള്‍ കൂടുതല്‍ വിവരിച്ചിട്ടില്ലാത്ത ഖുര്‍ആന്‍ അവ നിര്‍ബന്ധമാക്കുന്നതിന് മുമ്പ് തന്നെ മനുഷ്യന്റെ നടത്തം എങ്ങനെ എന്ന് പ്രാധാന്യപൂര്‍വം പഠിപ്പിച്ചിരിക്കുന്നു. അഹങ്കാരം ഏറെ പ്രകടമാവുന്ന പ്രവൃത്തികളിലൊന്നാണ് നടത്തരീതി. ”നീ ഭൂമിയില്‍ ഗര്‍വോടെ നടക്കരുത്, ഈ ഭൂമിയെ നിനക്കൊന്നും പിളര്‍ത്താനാവില്ലെടോ, ഉയരത്തില്‍ മലയോളം പൊങ്ങാനൊട്ടു കഴിയുമില്ല.” (17:37)

വേഷത്തിലെ അഹങ്കാരം
മനസ്സിനെ അടക്കി വാഴുന്ന അഹന്തയുടെ മറ്റൊരു ലക്ഷണമാണ് വസ്ത്രം നിലത്ത് വലിച്ചിഴച്ച് നടക്കല്‍. അഹങ്കാരത്തോടെ വസ്ത്രം വലിച്ചിഴച്ച് നടക്കരുതെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. വസ്ത്രമെന്ന വേഷത്തിലും മുഖഭാവത്തില്‍ പോലും അഹങ്കാരം ധ്വനിപ്പിക്കുന്നതും ഇസ്‌ലാം അസഹ്യമായി ഗണിക്കുന്നു.
ശരീര ഭാഷയിലെ അഹങ്കാരം
”നീ ആളുകളുടെ നേരെ മുഖം കോട്ടരുത്, ഭൂമിയില്‍ അഹങ്കരിക്കരുത്. പൊങ്ങച്ചം കാണിക്കാന്‍ വീമ്പിളക്കുന്ന ആരെയും അല്ലാഹു സ്‌നേഹിക്കുകയില്ല”(31:18) എന്ന ഖുര്‍ആനിക് വാക്യത്തില്‍ നമ്മുടെ ശരീരഭാഷയില്‍ പോലും അഹംഭാവം ധ്വനിപ്പിക്കരുത് എന്ന് സൂചിപ്പിക്കുകയാണ്. കൊച്ചു മനസ്സിന്റെ വൈകൃതമാണ് ഞാനെന്ന ഭാവം. അഹം എന്ന ഭാവമുണ്ടായാല്‍ പണക്കാരന്‍ പണിക്കാരനെ അകറ്റിനിര്‍ത്തും, പണ്ഡിതന്‍ പാമരനെ പുച്ഛിക്കും, നേതാവ് അനുയായിയെ തരം താഴ്ത്തും, വിദ്യാര്‍ഥി അധ്യാപകനെ ധിക്കരിക്കും, മകന്‍ മാതാപിതാക്കളെ അനാദരിക്കും.

വിനയത്തിന്റെ വഴി
അഹങ്കാരത്തിന്റെ നേര്‍ വിപരീതമാണ് വിനയം. അഹംഭാവത്തിനറുതി വരുത്തി വിനയം വളര്‍ത്തുകയെന്നത് ഇസ്‌ലാമിന്റെ താല്പര്യങ്ങളിലൊന്നാണ്. ഇസ്‌ലാമിലെ ആരാധനാകര്‍മങ്ങളിലൊന്നാണ്. ഇസ്‌ലാമിലെ ആരാധനാകര്‍മങ്ങള്‍ പോലും മനുഷ്യനില്‍ വിനയം വളര്‍ത്താന്‍ സഹായകമാകുന്നുണ്ട്. ആരാധനകളുടെ ആത്മാവ് ഉള്‍ക്കൊണ്ട് അത് അനുഷ്ഠിക്കുന്ന ഏതൊരു വിശ്വാസിയും വിനീതനായിത്തീരും. നമസ്‌കാരവും, സകാത്തും, നോമ്പും, ഹജ്ജും വിശ്വാസികളില്‍ വിനയം വളര്‍ത്തുന്നു. എല്ലാത്തരം മനുഷ്യരും ഇടകലര്‍ന്ന് നില്‍ക്കുന്ന സംഘ നമസ്‌കാരവും, ദാഹവും വിശപ്പും അറിയിക്കുന്ന വ്രതാനുഷ്ഠാനവും, സമ്പത്ത് ചെലവഴിക്കുന്ന സകാത്തും നമ്മെ വിനയത്തിലേക്ക് കൊണ്ടെത്തിക്കും. ഹാജര്‍ എന്ന അടിമപ്പെണ്ണ് കയറി നില്‍ക്കുക വഴി അല്ലാഹുവിന്റെ അടയാളമായി മാറിയ സ്വഫാ – മര്‍വ കുന്നുകളില്‍ കയറിയുള്ള തീര്‍ഥാടനമായ ഹജ്ജ് വിശ്വാസിയെ താഴ്മയുള്ളവനാക്കും.
അഞ്ചു നേരത്തെ നമസ്‌കാരങ്ങളില്‍ നൂറോളം പ്രാവശ്യം ആവര്‍ത്തിക്കുന്ന അല്ലാഹു അക്ബര്‍ (അല്ലാഹു ഏറ്റവും വലിയവന്‍) നമ്മെ നിസ്സാരനും വിനയാന്വിത നുമാക്കാതിരിക്കില്ല. നബി(സ) പറഞ്ഞു: ”അല്ലാഹുവിനു വേണ്ടി വിനയം കാണിക്കുന്നവനെ അവന്‍ ഉന്നതനാക്കും.”(മുസ്‌ലിം). യഥാര്‍ഥത്തില്‍, എന്നിലും നിന്നിലും ശരികളുണ്ട് (I am ok, you are ok)എന്ന മനോഭാവവും വിനയവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. തീര്‍ച്ച

1 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x