തവസ്സുലെന്നാല്‍ മഹാന്മാരോടുള്ള പ്രാര്‍ഥനയല്ല
അലി മദനി മൊറയൂര്‍
തവസ്സുല്‍, വസീല എന്നീ പദങ്ങള്‍ ഏറെ തെറ്റിദ്ധരിപ്പിക്കലുകള്‍ക്ക് വിധേയമായ പദങ്ങളാണ്. ഇമാം റാഗിബ് തവസ്സുല്‍ എന്ന പദത്തിന് നല്‍കിയ അര്‍ഥം: ‘ആഗ്രഹപൂര്‍വം ഒരു വസ്തുവിലേക്ക് എത്തുക എന്നതാണ് വസീലത്തുകൊണ്ടുദ്ദേശിക്കുന്നത്. ‘ആഗ്രഹപൂര്‍വം’ എന്നുകൂടി അതിന് അര്‍ഥമുള്ളതുകൊണ്ട് എത്തുക എന്നര്‍ഥമുള്ള ‘വസീല’ യില്‍ നിന്ന് അത് പ്രത്യേകമായി തീരുന്നു. മതകാര്യങ്ങള്‍ മനസ്സിലാക്കി ആരാധനകള്‍ നടത്തി ശരീഅത്തിനോടുള്ള ആദരവും ബഹുമാനവും കാത്തുസൂക്ഷിച്ച് കൊണ്ട് അല്ലാഹുവിലേക്ക് അടുക്കാനുള്ള മാര്‍ഗം സ്വീകരിക്കുക എന്നതാണ് ‘വസീല’ യുടെ അര്‍ഥവും ആശയവും.’ (അല്‍മുഫ്റദാത്). ഇബ്നുല്‍ അസീര്‍ പറയുന്നു: ‘വസീല എന്നാല്‍ ഒരു വസ്തുവിലേക്ക് ചെന്ന് ചേരാനും ആ വസ്തുവുമായി കൂടുതല്‍ അടുക്കാനും ഉതകുന്ന കാര്യം എന്നാണ് വാക്കര്‍ഥം. ഹദീസില്‍ ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവുമായുള്ള അടുപ്പത്തെക്കുറിച്ചാണ്. അന്ത്യദിനത്തില്‍ പ്രവാചകന് (സ) അനുവദിക്കപ്പെടുന്ന ശിപാര്‍ശയെന്നും സ്വര്‍ഗത്തിലെ ഒരു പദവിയെന്നും അഭിപ്രായമുണ്ട്.'(നിഹായത്ത്)
‘രാജസന്നിധിയിലെ സ്ഥാനം, പദവി, അടുപ്പം എന്നൊക്കെയാണ് വസീല, വാസില എന്നിവയുടെ അര്‍ഥം. എന്നാല്‍ അങ്ങനെ അല്ലാഹുവിലേക്ക് ചേര്‍ത്തി പറയുമ്പോള്‍ അല്ലാഹുവിലേക്ക് അര്‍പ്പിക്കുന്ന വല്ല പുണ്യകര്‍മവും ചെയ്തു എന്നും അര്‍ഥം വരുന്നു.’ (അല്‍ഖാമൂസ്). ‘രാജസന്നിധിയില്‍ ലഭിക്കുന്ന സ്ഥാനം, പദവി, അടുപ്പം എന്നിവക്ക് വസീല എന്ന് പറയും. ഒരാള്‍ വല്ല പ്രവര്‍ത്തിയും മുഖേന അല്ലാഹുവിലേക്ക് അടുത്താല്‍ അയാള്‍ അല്ലാഹുവിലേക്ക് വസീല ചെയ്തു എന്ന് പറയുന്നു.’ (ലിസാനുല്‍ അറബ്)
ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളിലും മേല്‍ ഉദ്ധരിച്ചതിനു സമാനമായ ആശയങ്ങളാണ് പ്രതിപാദിച്ചത്. ‘അല്ലാഹുവില്‍ നിന്ന് പ്രതിഫലം ലഭിക്കാനും അവനുമായി അടുക്കാനും പുണ്യകര്‍മങ്ങള്‍ ചെയ്യുകയും കുറ്റകൃത്യങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുന്നതിനാണ് വസീല എന്ന് പറയുന്നത്.’ (തഫ്സീറുല്‍ ബൈളാവി, 10:102). ‘അല്ലാഹുവിലേക്ക് അടുപ്പമുണ്ടാക്കുന്ന സല്‍കര്‍മങ്ങളാണ് വസീല’ (ജലാലൈനി). ‘വസീല കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അടുപ്പമാകുന്നു.’ (തഫ്സീറുത്ത്വബ്രി)
ഹദീസ് വ്യാഖ്യാനഗ്രന്ഥങ്ങളിലും ഇതേ ആശയം തന്നെയാണ് വസീലയെക്കുറിച്ച് വിശദീകരിച്ചത്. പ്രസിദ്ധ ഭാഷാ നിഘണ്ടുക്കളും ഖുര്‍ആന്‍ തഫ്സീറുകളും ഹദീസ് വ്യാഖ്യാന ഗ്രന്ഥങ്ങളും പരിശോധിച്ചാല്‍ തവസുല്‍, വസീല എന്നീ പദങ്ങളെക്കുറിച്ച് ഒരേ സ്വരത്തില്‍ പ്രഖ്യാപിച്ചത് ‘ആഗ്രഹവും പ്രതീക്ഷയും വെച്ച് കൊണ്ട് പുണ്യകര്‍മങ്ങള്‍ ചെയ്തു അല്ലാഹുവുമായി അടുപ്പമുണ്ടാക്കുക എന്നതാണ് തവസ്സുല്‍ അല്ലെങ്കില്‍ വസീല’ എന്നാണ്.
ഖുര്‍ആന്‍
എന്തു പറയുന്നു
സൂറതുല്‍ മാഇദയിലെ 35-ാം വചനത്തിലും ഇസ്രാഇലെ 57-ാം വചനത്തിലുമാണ് വസീല എന്ന പദം ഉപയോഗിച്ചത്. ‘സത്യവിശ്വാസികളേ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കാനുള്ള മാര്‍ഗം തേടുകയും അവന്റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പ്പെടുകയും ചെയ്യുക. നിങ്ങള്‍ക്ക്(അതുവഴി) വിജയം പ്രാപിക്കാം.’ (5:35)
ഈ ആയത്തിനെ വിശദീകരിച്ച് സമസ്ത പണ്ഡിതനായ കൂറ്റനാട് മുഹമ്മദ് മുസ്ല്യാര്‍ എഴുതുന്നു: ‘അല്ലാഹുവിന്റെയും റസൂലിന്റെയും ആജ്ഞകളെ ധിക്കരിച്ച അതിക്രമകാരികളായ യഹൂദികളുടെ ദുഷിച്ച സമ്പ്രദായങ്ങള്‍ വിവരിച്ചതിനെ തുടര്‍ന്ന് സത്യവിശ്വാസികള്‍ സ്വീകരിക്കേണ്ട മാര്‍ഗം വിശദീകരിക്കുകയാണ്. ഏതൊന്നു മുഖേന ലക്ഷ്യത്തില്‍ എത്തിച്ചേരുന്നുവോ ആ ഒന്നിന് വസീല എന്ന് പറയുന്നു. അല്ലാഹുവിനെ സൂക്ഷിക്കുക എന്നാല്‍ അവന്‍ വിരോധിച്ച എല്ലാ കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുക എന്നാണ്. അവങ്കലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗം (വസീല) അന്വേഷിക്കുക എന്നാല്‍ അവന്‍ കല്‍പിച്ച കാര്യങ്ങള്‍ അനുസരിക്കുക, അവന് വഴിപ്പെടുക എന്നാണ്.
ഇമാം ഖതാദ(റ) പറയുന്നു: അല്ലാഹുവിനെ അനുസരിച്ചും അവന് തൃപ്തിപ്പെടുത്തുന്ന കര്‍മങ്ങള്‍ ചെയ്തും അവനിലേക്ക് നിങ്ങള്‍ അടുക്കുക എന്നാണര്‍ഥം. (അദ്ദുര്‍റുല്‍ മന്‍സൂര്‍ 6:71). വസീല എന്ന വാക്ക് വളരെ വിപുലമായ അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് അതില്‍ നിന്ന് ഗ്രഹിക്കാം. നമസ്‌കാരം, നോമ്പ് തുടങ്ങിയ ദേഹം കൊണ്ട് ചെയ്യുന്ന സല്‍കര്‍മങ്ങളും, സകാത്ത്, സദഖ തുടങ്ങിയ ധനപരമായ സല്‍കര്‍മങ്ങളും ദിക്ര്‍ ദുആ മുതലായവയും അതില്‍പ്പെടുന്നുണ്ട്.
പ്രാര്‍ഥിക്കുമ്പോള്‍ അവനവന്‍ ചെയ്ത സല്‍കര്‍മങ്ങള്‍ മുന്‍നിര്‍ത്തി പ്രാര്‍ഥിക്കലും അതില്‍പെടുന്നു. ഒരു ഗുഹയില്‍ മൂന്നുപേര്‍ കുടുങ്ങിപോയതും ചെയ്തയൊരു സല്‍കര്‍മം മുന്‍നിര്‍ത്തി അല്ലാഹുവിനോട് പ്രാര്‍ഥിച്ചപ്പോള്‍ ഫലം കണ്ടതുമായ സംഭവം സുപ്രസിദ്ധവും ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചതുമാണ്. (ഫത്ഹുര്‍റഹ്മാന്‍, 2:50)
‘അവര്‍ വിളിച്ചു തേടിക്കൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു). അവര്‍ അവന്റെ കാരുണ്യം ആഗ്രഹിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു. നിന്റെ രക്ഷിതാവിന്റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു’ (17:57).
ഈ വചനത്തെ വിശദീകരിച്ച് കൂറ്റനാട് മുഹമ്മദ് മുസ്‌ലിയാര്‍ എഴുതുന്നു: ‘മലക്കുകള്‍, ഹ. ഉസൈര്‍, ഹ. ഈസാ, മര്‍യം ബീവി എന്നിവര്‍ ഇലാഹുകളാണെന്ന് മുശ്രിക്കുകളില്‍ ചിലര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ അവരൊന്നും ഇലാഹുകളാവാന്‍ പറ്റുകയില്ലെന്നാണിവിടെ വ്യക്തമാക്കുന്നത്. കാരണം അവര്‍ക്ക് സ്വന്തമായി ഒരു കഴിവുമില്ല. ആപത്തുകള്‍ അകറ്റാന്‍ പോലും അവര്‍ അശക്തരാണ്. അവരില്‍ സമുന്നതന്‍മാരായ ഈസാ, ഉസൈര്‍ മുതലായവര്‍ തന്നെ അല്ലാഹുവിന്റെ സാമീപ്യം നേടാനുള്ള മാര്‍ഗങ്ങള്‍ തേടുന്നവരും അവനെ ഭയപ്പെടുന്നവരും അവന്റെ കാരുണ്യം ആഗ്രഹിക്കുന്നവരുമാണെന്നത് തര്‍ക്കമറ്റ കാര്യമാണ്. ചുരുക്കത്തില്‍ അവര്‍ തന്നെ അല്ലാഹുവിനെ ആശ്രയിച്ചു നില്‍ക്കുന്നവരാണെന്നും അങ്ങനെ ഉള്ളവര്‍ ഇലാഹുകളാവാന്‍ അര്‍ഹരല്ലെന്നുമുള്ള അനിഷേധ്യ വസ്തുതയാണ് വാക്യങ്ങള്‍ പഠിപ്പിക്കുന്നത്.’ (ഫത്ഹുര്‍റഹ്മാന്‍, 3:252). ഇതാണ് തവസ്സുല്‍, വസീല എന്നത് കൊണ്ട് ഉദ്ദേശിച്ചത് എന്ന് സമസ്ത പണ്ഡിതന്റെ വാക്കുകളിലൂടെ തന്നെ നമുക്ക് മനസ്സിലാക്കാം.
എന്നാല്‍ അല്ലാഹു കൊടുത്ത കഴിവില്‍ നിന്ന് മഹാന്മാരോട് ചോദിക്കാം എന്ന വാദമായിരുന്നു മക്കയിലെ മുശ്രിക്കുകള്‍ക്കുണ്ടായിരുന്നത്. അത് അവര്‍ തല്‍ബിയത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു: ‘സ്വന്തമായി ഒന്നും ഉടമയിലില്ലാത്ത നിന്റെ ഉടമയിലുള്ള ഒരു പങ്കുകാരനല്ലാതെ നിനക്ക് ഒരു പങ്കുകാരുമില്ല’. ഖേദകരമെന്ന് പറയട്ടെ, ഇതേ വാദം ആവര്‍ത്തിക്കുകയാണ് ഇന്ന് സമസ്തയുടെ പണ്ഡിതന്മാരും ചെയ്തുകൊണ്ടിരിക്കുന്നത്. യഥാര്‍ഥത്തില്‍ അവര്‍ക്ക് നല്‍കപ്പെട്ട കഴിവെന്താണെന്ന് അവരെ ഇടയാളന്മാരാക്കുന്ന ഒരാളും അറിയുന്നില്ല.
അല്ലാഹു പറയുന്നു: ‘അല്ലാഹുവിന് പുറമെ പങ്കാളികളെ വിളിച്ച് പ്രാര്‍ഥിക്കുന്നവര്‍ എന്തൊന്നിനെയാണ് പിന്‍പറ്റുന്നത്. അവര്‍ ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്. അവര്‍ അനുമാനിച്ച് (കള്ളം) പറയുക മാത്രമാണ് ചെയ്യുന്നത്’ (10:60). കൊടുത്ത കഴിവില്‍ നിന്നാണ് ഞങ്ങള്‍ ചോദിക്കുന്നത് എന്ന വാദം അബദ്ധമാണ്. കാരണം അല്ലാഹു കൊടുക്കാത്ത ഒരു കഴിവും ഒരാള്‍ക്കുമില്ല എന്ന വസ്തുത ഇവര്‍ സൗകര്യപൂര്‍വം മറന്നുകളയുന്നു.
മഹാന്മാരായ ആളുകള്‍ ചെയ്ത സല്‍കര്‍മങ്ങള്‍ മുന്‍നിറുത്തിയും തവസ്സുല്‍ ചെയ്യാമെന്ന് സമസ്തയുടെ പണ്ഡിതന്മാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്. അതിന് തെളിവായി സൂറത്തുന്നിസാഇലെ 64-ാം വചനമാണ് ഉദ്ധരിക്കാറുള്ളത്. പ്രസ്തുത വചനം അത്തരത്തിലുള്ള ഒന്ന് പഠിപ്പിക്കുന്നില്ല എന്ന് ആ വചനത്തിന് കെ വി മുഹമ്മദ് മുസ്ല്യാര്‍ നല്‍കിയ വിശദീകരണത്തിന് നിന്നു തന്നെ വ്യക്തമാവും.
‘നബി(സ)യെ അനുസരിക്കണമെന്ന് കല്‍പിച്ചതായി നാം കണ്ടുവല്ലോ. ഇത് ഒരു പുത്തന്‍ സിദ്ധാന്തമല്ല. താന്‍ അയച്ച ഏതൊരു റസൂലിനെയും അനുസരിക്കണമെന്ന് അദ്ദേഹത്തിന്റെ ജനതക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അല്ലാഹു ഉണര്‍ത്തുന്നു. നബി(സ) യെ വിട്ട് താഗൂത്തിന്റെ അടുക്കല്‍ കേസ് പറയാന്‍ പോയവര്‍ അതുമൂലം തങ്ങളോട് തന്നെ വമ്പിച്ച ദ്രോഹമാണ് ചെയ്തത്. അങ്ങേയറ്റം നീതിയോടും സത്യസന്ധതയോടും കൂടി വിധി കല്‍പിക്കുന്ന ശത്രുക്കളാല്‍ പോലും അംഗീകരിക്കപ്പെടുന്ന നബി(സ)യെ അവര്‍ അവഗണിച്ചു എന്നത് നിസാര കാര്യമാണോ? എന്നാല്‍ അത് ഒരു കുറ്റമാണെന്ന് പോലും അവര്‍ ഗ്രഹിച്ചില്ല. ഇനി സംഭവിച്ചുപോയി എങ്കില്‍ അപ്പോള്‍ തന്നെ നബി(സ)യുടെ അടുക്കല്‍ വന്ന് കുറ്റം സമ്മതിച്ച് ആത്മാര്‍ഥമായി അല്ലാഹുവിനോട് പാപമോചനത്തിനപേക്ഷിക്കുകയും നബി(സ)യും അവര്‍ക്ക് വേണ്ടി പൊറുക്കലിനെ തേടുകയും ചെയ്തിരുന്നുവെങ്കില്‍ അവരുടെ പശ്ചാതാപം അവന്‍ സ്വീകരിക്കുമായിരുന്നു. പക്ഷെ അവര്‍ വ്യാജം പറഞ്ഞും കള്ള സത്യം ചെയ്തും നബി(സ)യെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. പൂര്‍വവേദങ്ങളില്‍ നബി(സ)യെക്കുറിച്ച പ്രതിപാദനങ്ങള്‍ ഉണ്ടായിട്ടും നേര്‍ക്കുനേരെ അവിടുത്തെ പദവികളും സ്ഥാനങ്ങളും ഗ്രഹിക്കാന്‍ കഴിഞ്ഞിട്ടും ആ കപടന്‍മാര്‍ ഈ നയത്തില്‍ നിന്നും പിന്തിരിഞ്ഞില്ല.’ (ഫത്ഹുര്‍റഹ്മാന്‍, 1:496)
മറ്റൊന്ന്, മഴ ലഭിക്കാതെ വന്നപ്പോള്‍ അബ്ബാസുബ്നു അബ്ദില്‍ മുത്തലിബിനോട് ഉമര്‍(റ) മഴക്ക് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ട സംഭവമാണ്. ഇത് ഇസ്ലാമില്‍ അനുവദനീയമായ തവസ്സുലാണ്. എന്നാല്‍ അല്ലാഹു അല്ലാത്തവരോടു പ്രാര്‍ഥിക്കാനുള്ള, അല്ലെങ്കില്‍ മരണപ്പെട്ടുപോയവരോട് ഇടതേട്ടം നടത്താനുള്ള തെളിവായിട്ടാണ് സമസ്തയുടെ പണ്ഡിതന്മാര്‍ പഠിപ്പിക്കാറുള്ളത്. അവരുടെ ജല്‍പനങ്ങള്‍ തീര്‍ത്തും നിരര്‍ഥകമാണ് എന്ന് ആ ഹദീസ് ഒരു തവണ വായിച്ചാല്‍ തന്നെ മനസ്സിലാകും.
1. നബി(സ) ജീവിച്ചിരിക്കുമ്പോള്‍ സ്വഹാബികള്‍ പ്രവാചകനോട് മഴക്ക് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ പ്രവാചകന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ അല്ലാഹു അവര്‍ക്ക് മഴ നല്‍കി.
2. എന്നാല്‍ നബി(സ) വഫാത്തായപ്പോള്‍ അവര്‍ സമസ്തക്കാര്‍ ചെയ്യുന്നത് പോലെ വഫാത്തായ പ്രവാചകനോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടില്ല. പ്രവാചകനോടും തേടിയില്ല. കാരണം അത് അനിസ്ലാമികമാണെന്ന് അവര്‍ മനസ്സിലാക്കി.
3. പകരം ജീവിച്ചിരിക്കുന്ന അബ്ബാസിനോട്(റ) മഴക്ക് വേണ്ടി റബ്ബിനോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടു.
തവസ്സുല്‍: ഇസ്ലാം
അനുവദിച്ചതും
അനുവദിക്കാത്തതും
ജീവിച്ചിരിക്കുന്ന നല്ല മനുഷ്യരോട് നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റിത്തരുന്നതിന് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടാവുന്നതാണ്. അതാണ് ഉമര്‍(റ) ഇവിടെ ചെയ്തത്. നബി(സ)യില്‍ നിന്ന് അവര്‍ പഠിച്ചതും അതുതന്നെ. അതുപോലെ അല്ലാഹുവിന്റെ നാമവിശേഷണങ്ങള്‍ എടുത്ത് പറഞ്ഞ് നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റിത്തരുന്നതിന് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കാവുന്നതാണ്. ഇത് അനുവദനീയമായ തവസ്സുല്‍ ആണ്. അയ്യൂബ് നബി(അ) അടക്കമുള്ള പ്രവാചകന്‍മാര്‍ ഈ രീതിയില്‍ പ്രാര്‍ഥിച്ചത് ഖുര്‍ആനില്‍ കാണാം. (26:83)
മൂന്നുപേര്‍ ഗുഹയില്‍ അകപ്പെട്ട സന്ദര്‍ഭത്തില്‍ അവര്‍ ചെയ്ത ഏറ്റവും നല്ല കര്‍മങ്ങള്‍ എടുത്തുപറഞ്ഞ് അല്ലാഹുവിനോട് പ്രാര്‍ഥിച്ച സംഭവം ഹദീസ് ഗ്രന്ഥങ്ങളില്‍ വളരെ പ്രസിദ്ധമാണ്. അഥവാ നമ്മള്‍ ഓരോരുത്തരും വ്യക്തിപരമായി ചെയ്ത ഏറ്റവും നല്ല കര്‍മങ്ങള്‍ മുന്‍നിറുത്തി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതും അനുവദനീയമായ തവസ്സുലില്‍ പെട്ടതാണ്. ഇതിനപ്പുറം മഹാന്മാരും ഔലിയാക്കളും ചെയ്ത പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയോ അവരുടെ ഹക്ക്, ജാഹ്, ബര്‍ക്കത്ത് മുന്‍നിര്‍ത്തിയോ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നത് അനിസ്ലാമികമാണ്. പ്രമാണത്തിന്റെ പിന്‍ബലമില്ലാത്തതാണ്.