26 Thursday
December 2024
2024 December 26
1446 Joumada II 24

തള്ളില്‍ റിക്കാര്‍ഡിട്ട്  ഉഗ്ര യാഥാസ്ഥിതികര്‍ – വി എസ് എം

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അടുത്ത വര്‍ഷം എണ്‍പതിലേക്ക് കടക്കുകയാണ്. അനുയായി വൃന്ദത്തിന്റെ ഊഷ്മള സ്‌നേഹാദരവുകള്‍ക്ക് മധ്യേ കാലത്തിന്റെ അച്ചുതണ്ടും പണ്ഡിത ചക്രവര്‍ത്തിയുമായി വാഴുന്ന അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ ഈ കാര്യദര്‍ശിക്ക് ദൗര്‍ബല്യങ്ങളേറെയുണ്ട്. വിദേശയാത്ര, പുത്തന്‍ വാഹനങ്ങള്‍, തിരുശേഷിപ്പുകളുടെ സമാഹരണം എന്നിങ്ങനെ നീണ്ടു പോകും ആ പട്ടിക. തനിക്കുവേണ്ടി തക്ബീര്‍ മുഴക്കുകയും തന്റെ കൈകാലുകള്‍ മുത്താന്‍ തിരക്കു കൂട്ടുകയും ചെയ്യുന്ന അനുയായികളും ഈ അന്താരാഷ്ട്ര വ്യക്തിത്വത്തിന്റെ ദൗര്‍ബല്യം തന്നെ.
അമേരിക്ക മുതല്‍ ബ്രൂണെ വരെയുള്ള രാജ്യങ്ങളില്‍ കേരളത്തിലേതിനെക്കാള്‍ കാലം ചെലവിടുന്നതും റോള്‍സ് റോയ്‌സ് മുതലിങ്ങോട്ടുള്ള ആഡംബര വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നതും ഈ ഭ്രമം കൊണ്ടാണ്. ശൈഖ് ഖസ്‌റജിയെ തെരഞ്ഞുപിടിച്ച് അദ്ദേഹത്തില്‍ നിന്ന് തിരുനബിയുടെ വിശുദ്ധ കേശം വാങ്ങി അത് കേരളക്കരയിലേക്ക് കൊണ്ടുവന്നത്, അത് പ്രതിഷ്ഠിക്കാന്‍ നാല്പത് കോടി രൂപയുടെ മസ്ജിദ് പണിയുമെന്ന് പ്രഖ്യാപിച്ചത്, ഖസ്‌റജിയെ കോഴിക്കോട്ട് കൊണ്ടുവന്ന് മീലാദാഘോഷ വേദിയില്‍ വെച്ച് അദ്ദേഹത്തില്‍ നിന്ന് തിരു പാനപാത്രം ഏറ്റുവാങ്ങിയത് ഇതെല്ലാം ഈ ഭ്രമംകൊണ്ടു തന്നെ.
ഇത്തരം പ്രവര്‍ത്തനങ്ങളാണ് മുസ്‌ലിയാരെ വിവാദ പുരുഷനാക്കി മാറ്റിയത്. പക്ഷെ, എന്തിനെയും പുഞ്ചിരിയോടെ നേരിടും ഇദ്ദേഹം; കൊട്ടപ്പുറത്ത് വഹാബികളുടെ ചോദ്യങ്ങളെ നേരിട്ട അതേ ലാഘവത്തോടെ.
സ്വന്തമായുണ്ടാക്കിയെടുത്ത ഇത്തരം മഹത്വങ്ങള്‍ക്ക് അടിവരയിടാനിറങ്ങിയിരിക്കുകയാണ് ശിഷ്യന്‍മാരും ഉപകാര സ്മരണയുമായി നടക്കുന്ന ആശ്രിതരില്‍ ചിലരുമിപ്പോള്‍. യു എ ഇക്കാരനായ അഹ്മദ് ഖസ്‌റജി തന്റെ കൈവശമുള്ള തിരുമുടിക്കെട്ട് എന്തുകൊണ്ടാണ് കേരളത്തിലെ അബൂബക്കര്‍ അഹ്മദിന് തന്നെ നല്‍കിയത് എന്ന് എത്ര ചിന്തിച്ചിട്ടും ആര്‍ക്കും മനസ്സിലായിരുന്നില്ല.
എന്നാല്‍ ആ സ്വകാര്യം മാലോകരോട് പറഞ്ഞത് മുസ്‌ലിയാരുടെ അരുമ ശിഷ്യനും എ പി വിഭാഗം സമസ്തയുടെ സ്‌റ്റേജുകളിലെ താരവുമായിരുന്ന ഒരു സഖാഫിയാണ്. തന്റെ കൈയിലുള്ള തിരുകേശം കേരളത്തിലെ അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കൊടുക്കണം എന്ന് റസൂല്‍(സ) ഖസ്‌റജിയോട് സ്വപ്‌ന ദര്‍ശനത്തിലൂടെ പറഞ്ഞിരുന്നത്രെ! സഖാഫി പറഞ്ഞത് അല്പം കൂടിപ്പോയോ എന്ന് അത്ഭുതം കൂറുന്നതിന് പകരം ശിഷ്യന്റെ ദക്ഷിണ വിനയത്തോടെ സ്വീകരിക്കുകയാണ് ഗുരുനാഥന്‍ ചെയ്തത്.
അഴിമതിയും അധികാര ഭ്രാന്തും തരംപോലെ വാണിരുന്ന ഡല്‍ഹിയില്‍ ചൂലിനെ ചിഹ്നമാക്കിയിറങ്ങിയ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി ഇന്ദ്രപ്രസ്ഥത്തിന്റെ സിംഹാസനം പിടിച്ച കാലം. കേരളത്തിലെ സുന്നി യുവജനം തങ്ങളുടെ സംഘടനയുടെ അറുപതാം വാര്‍ഷികം കൊണ്ടാടുകയായിരുന്നു അന്ന്. മഹാ സമ്മേളനങ്ങളിലൊന്നില്‍ പ്രസംഗിക്കവെ ചരിത്രകാരനായ ഒരു ശൈഖുന ആശ്രിതന്‍ അതീവ രഹസ്യമായ ഒരു കാര്യം തള്ളിവിട്ടു: ”ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരാരോഹണം നടത്തിയതില്‍ സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് പങ്കുണ്ടായിരുന്നു!!”
ആം ആദ്മി പാര്‍ട്ടിയുടെ ഒരു പ്രമുഖ നേതാവാണ് പോലും ഇക്കാര്യം ഡോക്ടര്‍ കൂടിയായ ഇദ്ദേഹത്തോട് വെളിപ്പെടുത്തിയതത്രെ. കാന്തപുരം പക്ഷേ ഇത് തിരുത്താനൊന്നും നിന്നില്ല. തിരുത്തിയാല്‍ പിന്നെ, ചരിത്രകാരന്‍ കള്ളം പറഞ്ഞു എന്നു വരില്ലേ?
പകര സ്വദേശിയായ ഒരു അഹ്‌സനി സുല്‍ത്താനുല്‍ ഉലമയുടെ ഗുണഗണങ്ങള്‍ വാഴ്ത്തിപ്പാടല്‍ ദിനചര്യയാക്കിയിരിക്കുകയാണ്. ഇവയില്‍ പലതും കേട്ടാല്‍ തല പെരുക്കും. ചിലപ്പോള്‍ അടുത്തിരിക്കുന്നവന്റെ പുറത്ത് രണ്ട് കൊടുക്കാനും തോന്നും, അഹ്‌സനിയുടെ മദ്ഹ് കേട്ടാല്‍. ശൈഖുന അറിയാതെ അല്ലാഹു ഒന്നും ചെയ്യുകയില്ല, ശൈഖുനയുടെ കൈ മുത്തുന്നത് ഹജറുല്‍ അസ്‌വദ് മുത്തുന്നതിന് തുല്യമാണ് തുടങ്ങിയവയാണ് ടിയാന്റെ പ്രധാന തള്ളുകളില്‍ ചിലത്.
അബൂബക്കര്‍ സിദ്ദീഖിന്റെ(റ) മഹത്വം പറയുന്ന ഹദീസുകള്‍ ഇന്നത്തെ കാലത്ത് കൂടുതല്‍ യോജിക്കുന്നത് ഉസ്താദിനാണ് എന്നതാണ് അഹ്‌സനിയുടെ ഈ ഗണത്തിലെ ഏറ്റവും പുതിയ പ്രസ്താവന. പറഞ്ഞത് പറഞ്ഞു, മേലാല്‍ ഇത്തരം പ്രസ്താവനകളുമായി ഈ വഴിക്ക് വരരുത് എന്ന രൂപത്തില്‍ അഹ്‌സനിയെ കണ്ണുരുട്ടി ഒന്ന് പേടിപ്പിക്കുകയെങ്കിലും ചെയ്യാമായിരുന്നു മൗലാനക്ക്. പക്ഷെ, അദ്ദേഹത്തിന്റെ വിനയം അതിന് സമ്മതിച്ചില്ല.
നബിദിനത്തില്‍ പ്രവാചക മദ്ഹ് പാടിപ്പറയുന്നതിന് പകരം അരുമ ശിഷ്യനായ മറ്റൊരു സഖാഫി ശൈഖുനയെ അംബരചുംബികളായ അമേരിക്കന്‍ ഇരട്ട ടവറുകളോളം പുകഴ്ത്തുകയാണ് ചെയ്തത്. ഗുരുനാഥന്റെ ആറാമിന്ദ്രിയ വൈഭവം തുറന്നു കാട്ടുന്നതാണ് ഈ സാമൂഹിക മാധ്യമത്തള്ള്.
2001 സപ്തംബര്‍ പതിനൊന്നിന് ന്യൂയോര്‍ക്കില്‍ നടന്ന ഭീകരാക്രമണം കാന്തപുരം ഉസ്താദ് മുന്‍കൂട്ടി അറിഞ്ഞു എന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ഓഡിയോ ക്ലിപ്പിലൂടെ ഈ സഖാഫി പറയുന്നത്. മൂക്കത്ത് വിരല്‍ വെക്കുന്നതിന് പകരം ഇരു കര്‍ണപുടങ്ങളിലും വിരലുകള്‍ തള്ളിക്കയറ്റാനോ നെഞ്ചിലടിച്ച് കരയാനോ ഒക്കെയാണ് തോന്നുക, ഇത് കേട്ടാല്‍.
2001 സപ്തംബറിന്റെ തുടക്കത്തില്‍ മുസ്‌ലിയാരും ചില ശിഷ്യരും അമേരിക്കന്‍ പര്യടനത്തിലായിരുന്നത്രെ. എന്നാല്‍ മടങ്ങാന്‍ നിശ്ചയിച്ചിരുന്നതിന്റെ രണ്ടുദിവസം മുമ്പ് കാന്തപുരത്തിന് ഒരുള്‍വിളി. ഉടനെ തന്നെ കേരളത്തിലേക്ക് മടങ്ങണം. ഇക്കാര്യം ശിഷ്യരോട് പറഞ്ഞു. വിസ കാലാവധി തീരുമ്പോള്‍ മടങ്ങിയാല്‍ പോരേ എന്നായി ശിഷ്യരുടെ അഭ്യര്‍ഥന.
എന്നാല്‍ കാരണം വ്യക്തമാക്കാതെയുള്ള ഗുരുനാഥന്റെ വാശിക്കു മുന്നില്‍ ഒപ്പമുള്ളവര്‍ കീഴടങ്ങി. ടിക്കറ്റ് നേരത്തെയാക്കി അവര്‍ മടങ്ങുകയും ചെയ്തത്രെ. നാട്ടിലെത്തി ആ രാത്രിയില്‍ വിശദമായി ഉറങ്ങിയ അവര്‍ നേരം വെളുത്തപ്പോള്‍ കേട്ട വാര്‍ത്ത ഇങ്ങനെയായിരുന്നു പോലും:
”അമേരിക്കന്‍ സമ്പന്നതയുടെ പ്രതീകമായ ന്യൂയോര്‍ക്കിലെ ഇരട്ട ഗോപുരങ്ങളും പ്രതിരോധക്കോട്ടയായ പെന്റഗണ്‍ ആസ്ഥാനവും ഭീകരവാദികള്‍ വിമാനങ്ങള്‍ ഇടിച്ചു കയറ്റി തകര്‍ത്തു.”
വാര്‍ത്ത വായിച്ച ശിഷ്യര്‍, ഉറക്കത്തിനിടെ നഷ്ടപ്പെട്ട ഒട്ടകത്തെ പിന്നീട് തിരിച്ചു കിട്ടിയ മരുഭൂ യാത്രികനെപ്പോലെയായി. ‘അല്‍ഹംദുലില്ലാഹ്’ എന്നതിന് പകരം സര്‍വ സ്തുതിയും ശൈഖുനക്ക് എന്നായിരിക്കും ആദ്യം അവര്‍ പറഞ്ഞുപോയിട്ടുണ്ടാവുക. കാരണം താടിയും തലപ്പാവുമുള്ളവരെയൊക്കെ അല്‍ഖാഇദക്കാരും ഭീകരവാദികളുമാക്കി അമേരിക്ക ജയിലിലടച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ.
ലോകത്തെ തന്നെ ഏറ്റവും അതീവ സുരക്ഷാ മേഖലയായ വൈറ്റ് ഹൗസിന്റെയും പെന്റഗണിന്റെയും ന്യൂയോര്‍ക്കിന്റെയും ആകാശത്തേക്ക്, ഇമവെട്ടാത്ത അമേരിക്കന്‍ ചാരക്കണ്ണുകളെ പോലും വെട്ടിച്ച് യാത്രാവിമാനങ്ങള്‍ ഇടിച്ചുകയറ്റിയ അല്‍ ഖാഇദക്കാര്‍ ശൈഖുന അമേരിക്കയിലുള്ളത് അറിഞ്ഞുകാണില്ല. ഏതായാലും കറാമത്ത് വെളിപ്പെടുത്താതെ അദ്ദേഹം രാത്രിക്ക് രാത്രി സ്ഥലം വിട്ടതുകൊണ്ട്  ബിന്‍ലാദനും കൂട്ടരും നാണം കെട്ടില്ല. പക്ഷെ, ഒരു സങ്കടം മാത്രം. മൂവായിരത്തോളം മനുഷ്യരുടെ മരണത്തിനും അതിലിരട്ടി പേരുടെ പരിക്കിനും ശതകോടിക്കണക്കിന് ഡോളറിന്റെ നഷ്ടത്തിനുമിടയാക്കിയ ഇത്തരമൊരു മഹാ ദുരന്തം മൂന്നാം ദൃഷ്ടിയില്‍ തെളിഞ്ഞിട്ടും ഒരു സൂചന പോലും നല്‍കാതിരുന്നത് അല്പം കടന്ന കൈയായിപ്പോയി.
ഗ്വാണ്ടനാമോയില്‍ കിടക്കേണ്ടി വരും എന്നോര്‍ത്താവും മുങ്ങിയത്. എന്നാല്‍ സൂചനയെങ്കിലും നല്‍കിയിരുന്നെങ്കിലോ? സെനറ്റില്‍ അനുമോദനവും വൈറ്റ് ഹൗസില്‍ വിരുന്നുമൊരുക്കി വിമാനം ചാര്‍ട്ട് ചെയ്ത് രാജകീയമായി മര്‍ക്കസിലെത്തിക്കുമായിരുന്നു അമേരിക്കന്‍ പ്രസിഡന്റ്. മുടിക്കും പാത്രത്തിനും പകരം സമാധാന നൊബേല്‍ സമ്മാനം തന്നെ ഏറ്റുവാങ്ങുകയും ചെയ്യാമായിരുന്നു. എന്നാല്‍ എല്ലാം നഷ്ടപ്പെടുത്തി ജീവനും കൊണ്ടിങ്ങുപോന്നു. എന്നിട്ടിപ്പോള്‍, പതിനേഴു വര്‍ഷം കഴിഞ്ഞ് ഈ രഹസ്യം വിളിച്ചുപറയുന്നു.
എന്നാല്‍ നബിദിന നാളില്‍ സ്ഥിരമായി ഏറ്റുവാങ്ങാറുള്ള ഒരുപഹാരമായി കണ്ട് ഈ ബഹുമതിയെയും മനസ്സാ സ്വീകരിക്കുകയാണ് ഉസ്താദ് ചെയ്തത്.
കറാമത്തുകള്‍ പതിച്ചു നല്‍കാന്‍ മല്‍സരിക്കുന്ന ശിഷ്യര്‍ എണ്‍പതാം ജന്‍മദിന സമ്മാനമായി സുല്‍ത്താനുല്‍ ഉലമക്ക് മുഅ്ജിസത്തായി വല്ലതും കൊണ്ടുവന്നാലും ഇനി ഞെട്ടേണ്ടതില്ല. അത് മാത്രമാണല്ലോ ഇനി ബാക്കിയുള്ളത്.
Back to Top