തളരാത്ത പോരാളി
ഡോ. കെ ടി അന്‍വര്‍ സാദത്ത്
കോവിഡിന് ശേഷം ആരോഗ്യസ്ഥിതി അല്‍പം മോശമായതില്‍ പിന്നെ മാഷ് ഓഫീസില്‍ സ്ഥിരമായി വരാറുണ്ടായിരുന്നില്ല. റിട്ടയര്‍മെന്റിന് ശേഷം ആരംഭിച്ച മര്‍കസുദ്ദഅ്‌വയിലെ 22 വര്‍ഷത്തെ സേവനം പതിയെ പതിയെ അവസാനിപ്പിക്കുകയായിരുന്നു അദ്ദേഹം. എണ്‍പതു വയസ്സ് പിന്നിട്ടിട്ടും ചുറുചുറുക്കോടെ അതിരാവിലെ തന്നെ മാഷ് ഓഫീസിലെത്തും. സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെട്ട ഏറെ ശ്രമകരമായ കാര്യങ്ങളുടെ പരിഹാരം മാഷിന് നിസ്സാരമാണ്. സൊസൈറ്റി ആക്ട് പ്രകാരം 2000ല്‍ ഐ എസ് എം രജിസ്ട്രേഷന്‍ നടത്തിയതിന് ശേഷം മുടങ്ങാതെ എല്ലാ വര്‍ഷവും അത് പുതുക്കി വാങ്ങിക്കുന്നതില്‍ മാഷ് വീഴ്ച വരുത്തിയിട്ടില്ല. നേതാക്കളുടെ സംഘടനാ തിരക്കുകള്‍ക്കിടയില്‍ ഓഫീസ് കാര്യങ്ങള്‍ മാഷിന്റെ വിശ്വസ്ത കരങ്ങളില്‍ ഭദ്രമായിരുന്നു.
സാമ്രാജ്യങ്ങളെ അടക്കിവാണ ചക്രവര്‍ത്തിമാരുടെ മികവിന് പിന്നില്‍ കഴിവുറ്റ ചില വ്യക്തികളെ ചരിത്രത്തില്‍ കാണാം. അതുപോലെയായിരുന്നു മാഷ്. ഓഫീസിലെ സ്റ്റാഫുകളുടെ കാര്യങ്ങളില്‍ വളരെയേറെ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. സെക്രട്ടറിയേറ്റ് യോഗത്തിലേക്ക് ചില ദിവസങ്ങളില്‍ മാഷിന്റെ അറിയിപ്പ് ഫയലുണ്ടായിരിക്കും. സ്റ്റാഫ് വെല്‍ഫയര്‍ ഫണ്ട്, സാലറി ഇന്‍ക്രിമെന്റ്, സ്റ്റാഫ് ടൂര്‍ തുടങ്ങി സ്റ്റാഫുകളുടെ ആവശ്യങ്ങള്‍ സ്ഥാപന മേലധികാരിയെന്ന നിലയില്‍ കമ്മിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തലാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
റെകോര്‍ഡ്സ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മാഷ് പഠിപ്പിക്കുന്നു. എല്ലാ രേഖകളും പ്രത്യേകം ഫയലുകളില്‍ സൂക്ഷിക്കും. ഓരോ ഫയലുകള്‍ക്ക് മുകളിലും അതിന് അകത്തുള്ളതിനെ കുറിച്ചുള്ള വ്യക്തമായ കുറിപ്പുണ്ടായിരിക്കും. ഓഫീസ് മെമ്മോകള്‍ നോട്ട്ബുക്കില്‍ ഒട്ടിച്ച് സ്റ്റാഫുകളെകൊണ്ട് ഒപ്പു വെപ്പിക്കും. ആരെങ്കിലും ജോലിയില്‍ വീഴ്ച വരുത്തിയാല്‍ മാഷ് അതേറ്റെടുത്ത് പൂര്‍ത്തിയാക്കി കാണിച്ച് കൊടുക്കും. എന്നിട്ട് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കാലത്ത് അദ്ദേഹം സ്വീകരിച്ച ഒരു ശൈലി പങ്കുവെക്കുകയും ചെയ്യും.
ക്ലാസ് അധ്യാപകന്‍ സമയം വൈകി വന്നാല്‍ ഹെഡ്മാസ്റ്ററായ മാഷ് ആ ക്ലാസില്‍ കയറി പഠിപ്പിക്കാന്‍ ആരംഭിക്കും. വൈകി വന്ന ടീച്ചര്‍ കുട്ടികളെ പോലെ ആ ക്ലാസ് കഴിയുന്നത് വരെ ക്ലാസിന് പുറത്ത് കാത്തുനില്‍ക്കും. ഒരൊറ്റ തവണ ഈ മരുന്ന് കൊടുക്കുന്നതോടെ മിക്കവരും പിന്നീട് വൈകി വരല്‍ അവസാനിപ്പിച്ചതായി പറഞ്ഞ് അദ്ദേഹം പുഞ്ചിരിക്കും. എല്ലാ ശനിയാഴ്ചകളിലും മാഷ് ഓഫീസിലുണ്ടെങ്കില്‍ ഉച്ച ഭക്ഷണം അദ്ദേഹത്തോടൊപ്പമായിരിക്കും. ഓര്‍ഡര്‍ ചെയ്യുന്നത് കണ്ടാല്‍ കരുതിപോകും അദ്ദേഹം വലിയ ഭക്ഷണപ്രിയനാണെന്ന്. എന്നാല്‍ ഒരല്‍പം കഴിച്ച് അദ്ദേഹം അവസാനിപ്പിക്കും. എന്നിട്ട് നമ്മളെ കഴിപ്പിക്കും. മര്‍കസുദ്ദഅ്‌വ ആസ്ഥാനമായി ഇസ്ലാഹീ പ്രവര്‍ത്തനങ്ങള്‍ പുനര്‍ക്രമീകരിച്ചപ്പോള്‍ ഉണ്ടായ മുന്നേറ്റത്തില്‍ മാഷിന്റെ കര്‍ശകുശലതയുടെയും പ്രതിജ്ഞാബദ്ധതയുടെയും ചരിത്രം കൂടിയുണ്ട്. സമ്പത്ത് കൊണ്ടും ശരീരം കൊണ്ടും ധര്‍മസമരത്തില്‍ ഏര്‍പ്പെട്ട കര്‍മയോഗിയായിരുന്നു അദ്ദേഹം.