ഡ്യൂട്ടി കഴിഞ്ഞാല്‍ പിന്നെ ‘ഡിസ്‌കണക്ട്’; പുതിയ നിയമവുമായി ആസ്‌ത്രേലിയ
ഡ്യൂട്ടി സമയം കഴിഞ്ഞും തൊഴില്‍സംബന്ധമായി മേലധികാരികളുടെയും മറ്റും കോളുകളും ഇ-മെയിലുമെല്ലാം ആര്‍ക്കും തലവേദനയാകും. ഈ കോളുകളും സന്ദേശങ്ങളും അവഗണിക്കാനും കഴിയില്ല. പലപ്പോഴും തൊഴിലാളികളെ നിസ്സഹായരാക്കുന്ന ഈ അവസ്ഥയ്ക്ക് പരിഹാരം കണ്ടിരിക്കുകയാണ് ആസ്‌ത്രേലിയ. ഓഫിസ് സമയത്തിനു ശേഷം വരുന്ന ജോലിസംബന്ധമായ ഫോണ്‍കോളുകളും ഇ-മെയിലുകളും അവഗണിക്കാനുള്ള അവകാശം തൊഴിലാളികള്‍ക്ക് നല്‍കുന്ന ‘റൈറ്റ് ടു ഡിസ്‌കണക്ട്’ നിയമം ആസ്‌ത്രേലിയയില്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ, തൊഴില്‍സമയത്തിനു ശേഷം വരുന്ന ഓഫിസ് സംബന്ധമായ ഏതൊരുവിധ അന്വേഷണങ്ങള്‍ക്കും മറ്റും തൊഴിലാളി മറുപടി പറയേണ്ടതില്ല. അത് അവഗണിച്ചതിന്റെ പേരില്‍ നടപടിയും സ്വീകരിക്കാനാവില്ല. അതേസമയം, ചില ‘അടിയന്തര സാഹചര്യ’ങ്ങളില്‍ നിയമത്തില്‍ ഇളവ് അനുവദിച്ചിട്ടുമുണ്ട്. ഫ്രാന്‍സ്, ബെല്‍ജിയം, ഇറ്റലി, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിലവില്‍ ഡിസ്‌കണക്ട് ചെയ്യാനുള്ള അവകാശം നിയമപരമായിത്തന്നെ അനുവദിച്ചിട്ടുണ്ട്.