13 Sunday
October 2024
2024 October 13
1446 Rabie Al-Âkher 9

ഡിജിറ്റല്‍ അറസ്റ്റും എഐ കുറ്റകൃത്യങ്ങളും

അബ്ദുല്‍ ഹാദി

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് കാണുന്നത്. അതില്‍ തന്നെ അഭ്യസ്തവിദ്യരുടെ എണ്ണം വളരെ കൂടുതലാണ്. അടുത്തിടെ സമൂഹത്തിലെ ഉന്നതശ്രേണിയില്‍ പെട്ട ചിലരും ഇത്തരത്തില്‍ തട്ടിപ്പിനിരയായതായി നാം കണ്ടു. റാന്‍സംവെയര്‍, ക്രെഡിറ്റ് കാര്‍ഡ് മോഷണം, ഡാറ്റ-ഐഡന്റിറ്റി മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പെരുകിവരുന്നത്. 2024 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ 7,40,000 സൈബര്‍ ക്രൈം പരാതികളാണ് രജിസ്റ്റര്‍ ചെയ്തത്.
ഇതോടെ 2024ലെ ആദ്യ നാല് മാസങ്ങളില്‍ മാത്രം ഇന്ത്യക്കാര്‍ക്ക് 1750 കോടി രൂപ സൈബര്‍ കുറ്റകൃത്യങ്ങള്‍ വഴി നഷ്ടമായി. ദിനംപ്രതി സൈബര്‍ കുറ്റവാളികളുടെയും കുറ്റകൃത്യങ്ങളുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. സൈബര്‍ ലോകത്തെ ഏറ്റവും പുതിയ തട്ടിപ്പാണ് ഡിജിറ്റല്‍ അറസ്റ്റ്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് അന്വേഷണ ഏജന്‍സികള്‍ എന്ന വ്യാജേനയാണ് പലരും ഇരകളെ തട്ടിപ്പില്‍ പെടുത്തുന്നത്. ഡിജിറ്റല്‍ അറസ്റ്റ് കേസുകളില്‍ കുറ്റവാളികള്‍ പലപ്പോഴും ആളുകളെ വിളിച്ച് മയക്കുമരുന്ന്, വ്യാജ പാസ്‌പോര്‍ട്ടുകള്‍ പോലുള്ള നിയമവിരുദ്ധ വസ്തുക്കളുള്ള പാക്കേജ് അയച്ചുവെന്നോ സ്വീകരിച്ചുവെന്നോ പറഞ്ഞ് ഭീഷണിപ്പെടുത്തും. ചിലപ്പോള്‍ ഇവര്‍ ഇരയുടെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ വിളിച്ച് ഇന്ന വ്യക്തി പ്രശ്‌നത്തിലാണെന്നോ അവരുടെ കസ്റ്റഡിയിലാണെന്നോ അവകാശപ്പെടും. കുറ്റവാളികള്‍ പലപ്പോഴും വ്യാജ പോലീസ് ഫോട്ടോകളോ ഐഡന്റിറ്റികളോ ആണ് കുറ്റകൃത്യത്തിനായി ഉപയോഗിക്കുക. കേസ് ഒത്തുതീര്‍പ്പാക്കാന്‍ അവര്‍ ഇരയോട് പണം ആവശ്യപ്പെടും. ചില കേസുകളില്‍ അവര്‍ ഇരകളെ ഡിജിറ്റലായി അറസ്റ്റ് ചെയ്യുകയും കുറ്റവാളികള്‍ പണം ലഭിക്കുന്നതുവരെ സ്‌കൈപ്പിലോ മറ്റ് വീഡിയോ കോളിലോ എത്തുകയും ചെയ്യും.
എന്നാല്‍ സ്ഥാപിത നിയമ പ്രകാരം ഡിജിറ്റല്‍ അറസ്റ്റ് എന്ന സംവിധാനം ഇല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സ്‌കൈപ് അക്കൗണ്ടുകള്‍ വഴിയാണ് പല കുറ്റകൃത്യങ്ങളും നടക്കുന്നത്. വിദ്യാഭ്യാസം ഉണ്ടെങ്കിലും ഡിജിറ്റല്‍ സാക്ഷരത ഇല്ലാത്തത് വലിയ തിരിച്ചടിയാണ്. ഫേസ്ബുക്കും വാട്‌സ്ആപ്പും ഉപയോഗിക്കാന്‍ പലര്‍ക്കും അറിയാമെങ്കിലും ഇതില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് പലര്‍ക്കും അവബോധമില്ല. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് ഇത്തരം തട്ടിപ്പുകളെ കുറിച്ച് പരമാവധി ബോധവത്കരിക്കുക എന്ന മാര്‍ഗമാണ് ഏറ്റവും ഫലപ്രദം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x