23 Monday
December 2024
2024 December 23
1446 Joumada II 21

ട്രംപിന്റെ മധ്യസ്ഥ നിര്‍ദേശത്തെ തള്ളി ഇറാന്‍

പശ്ചിമേഷ്യയില്‍ രൂപപ്പെടുന്ന അമേരിക്കന്‍ ഇറാന്‍ സംഘര്‍ഷത്തെ ലഘൂകരിക്കാനുള്ള ചര്‍ച്ച നടത്താന്‍ അമേരിക്ക തയാറാണെന്ന ട്രംപിന്റെ അഭിപ്രായത്തെ ഇറാന്‍ വക്താവ് തള്ളിപ്പറഞ്ഞതാണ് കഴിഞ്ഞയാഴ്ചയിലെ വലിയ പ്രാധാന്യമുള്ള ഒരു അന്താരാഷ്ട്രാ വാര്‍ത്ത. തങ്ങളുമായുണ്ടാക്കിയ ഒരു കരാറില്‍ നിന്ന് ഒട്ടും മാന്യമായല്ലാതെ ഏക പക്ഷീയ പിന്മാറ്റം നടത്തിയ അമേരിക്കന്‍ പ്രസിഡന്റിനെ തങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്നും അങ്ങനെ ഒരാളുമായി ചര്‍ച്ച നടത്തിയാല്‍ ഉണ്ടാകുന്ന ഫലത്തിന് എത്ര ആയുസുണ്ടാകുമെന്ന മറു ചോദ്യമുന്നയിച്ചാണ് യു എന്നിലെ ഇറാന്‍ വക്താവ് മജീദ് തക്ത് അമേരിക്കന്‍ നിര്‍ദേശത്തെ തള്ളിക്കളഞ്ഞത്. അമേരിക്കയുള്‍പ്പടെയുള്ള ലോക രാജ്യങ്ങളുമായി ആണവ കരാര്‍ ഒപ്പിട്ട ഒരു രാഷ്ട്രമാണ് ഇറാന്‍. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ കാലത്താണ് ഇറാന്‍ ആണവ കരാര്‍ ഒപ്പിട്ടത്. ട്രംപ് അധികാരമേറ്റയുടന്‍ ഏക പക്ഷീയമായി ആണവ കരാറില്‍ നിന്ന് പിന്മാറുകയായിരുന്നു. മറ്റ് രാഷ്ട്രങ്ങളെ കരാര്‍ ലംഘനത്തിന് നിര്‍ബന്ധിപ്പിക്കുകയും ഇറാന് നേരെ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. അതിനെ തുടര്‍ന്നാണ് അമേരിക്കന്‍ ഇറാന്‍ ബന്ധം വീണ്ടും വഷളായത്. ഇരു രാജ്യങ്ങളുടേയും ഭരണാധികാരികളും പ്രതിനിധികളും തമ്മില്‍ നടന്ന വാക് യുദ്ധങ്ങള്‍ക്കും ഭീഷണികള്‍ക്കുമൊടുവില്‍ കഴിഞ്ഞയാഴ്ച അമേരിക്ക തങ്ങളുടേ യുദ്ധക്കപ്പലുകളെ പശ്ചിമേഷ്യന്‍ തീരത്തേക്ക് അയച്ചത് വലിയ ഒരു വാര്‍ത്തയായിരുന്നു. ഇറാനെതിരേ ഒരു യുദ്ധം ഏതു നിമിഷവും ആരംഭിച്ചേക്കാം എന്ന വിലയിരുത്തലുകളുമുണ്ടായിരുന്നു. തങ്ങളുടെ നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോകാതെ നിലയുറപ്പിക്കാന്‍ ഇറാനും തീരുമാനിച്ചിരുന്നു. അന്താരാഷ്ട്രാ ക്രൂഡോയില്‍ റൂട്ടിലെ ഹോര്‍മുസ് കടലിടുക്ക് തങ്ങള്‍ അടക്കുമെന്നും പശ്ചിമേഷ്യക്ക് വെളിയിലേക്ക് ക്രൂഡോയില്‍ എത്താത്ത സാഹചര്യം സൃഷ്ടിക്കാന്‍ ഇറാന് കഴിയുമെന്നും അവര്‍ ഭീഷണി മുഴക്കി. തുടര്‍ന്ന് അമേരിക്ക തങ്ങളുടെ രണ്ടാമത്തെ യുദ്ധക്കപ്പലും ഇറാന്‍ ഭാഗത്തേക്ക് അയക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ട്രംപ് ഒരു മധ്യസ്ഥ ചര്‍ച്ചക്കുള്ള സന്നദ്ധതയറിയിച്ചത്. അതാണ് ഇപ്പോള്‍ ഇറാന്‍ തള്ളിക്കളഞ്ഞിരിക്കുന്നത്. കരാറുകളും വാക്കുകളും എപ്പോഴും ലംഘിച്ചേക്കാവുന്ന ഒരാളിന്റെ മധ്യസ്ഥ തീരുമാനത്തിന് എന്ത് പ്രസക്തിയെന്ന ഇറാന്റെ ചോദ്യം അമേരിക്കയെ പ്രകോപിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍.
Back to Top