29 Wednesday
November 2023
2023 November 29
1445 Joumada I 16

ടി കെ മുഹ്‌യിദ്ദീന്‍ ഉമരി

തിരൂരങ്ങാടി: പണ്ഡിതനും കേരള ജംഇയ്യത്തുല്‍ ഉലമ
(അഹ്‌ലുസ്സുന്ന വല്‍ ജമാഅ) പ്രസിഡന്റുമായിരുന്ന ടി കെ മുഹ്‌യിദ്ദീന്‍ ഉമരി (84)യുടെ നിര്യാണത്തിലൂടെ കൈരളിക്ക് നഷ്ടമായത് മികച്ച മതപ്രബോധകനെ. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു.
കെ എം മൗലവിയുടെ നാലാമത്തെ പുത്രനായ ടി കെ മുഹ്‌യിദ്ദീന്‍ ഉമരി സേവന പാതയിലെ സമര്‍പ്പിത തേജസായിരുന്നു. മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ അദ്ദേഹം ശോഭ വിതറി.  സംശുദ്ധ ജീവിതത്തിലൂടെ പുരുഷായുസ്സ് മുഴുവന്‍ സമൂഹത്തിനു ഉഴിഞ്ഞുവെച്ചു ആ ജീവിതം. തിരൂരങ്ങാടി യതീംഖാന സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ ടി കെ മുഹ്‌യിദ്ദീന്‍ ഉമരിയുടെ പങ്ക് വിലപ്പെട്ടതായിരുന്നു. മരിക്കുമ്പോള്‍ തിരൂരങ്ങാടി മുസ്‌ലിം ഓര്‍ഫനേജ് കമ്മിറ്റി പ്രസിഡന്റായിരുന്നു അദ്ദേഹം. നിരവധി സലഫി സ്ഥാപനങ്ങളുടെ അമരത്ത് മുഹ്‌യിദ്ദീന്‍ ഉമരി  നിറഞ്ഞു നിന്നു. പ്രഗല്‍ഭനായ പ്രബോധകന്‍, നല്ല അധ്യാപകന്‍, മികച്ച നേതൃപാടവം, വിനയം. ലാളിത്യം… അങ്ങിനെ നീളുന്നു ഉമരിയുടെ വിശേഷണങ്ങള്‍. തിരൂരങ്ങാടി ഓറിയന്റല്‍ സ്‌കൂളില്‍ അധ്യാപകനായിരുന്നു അദ്ദേഹം. നിരവധി ശിഷ്യഗണങ്ങളുള്ള ഉമരി മാതൃകാ അധ്യാപകനായിരുന്നു. കേരളത്തില്‍ മത മണ്ഡലത്തില്‍ പ്രഭചൊരിഞ്ഞാണ് ഉമരി വിട വാങ്ങിയിരിക്കുന്നത്.
മുസ്‌ലിം നവോത്ഥാന നായകരിലൊരാളായ കെ എം മൗലവിയുടെയും മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മകള്‍ ഫാത്തിമക്കുട്ടിയുടെയും മകനായി 1934 ഡിസംബര്‍ 27ന് തിരൂരങ്ങാടിയിലായിരുന്നു ജനനം. തിരൂരങ്ങാടിയില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. പിന്നീട് ഉമറാബാദ് ദാറുസ്സലാമില്‍ നിന്ന് ഒന്നാം റാങ്കോടെ ഉമരി ബിരുദം നേടി. 1969ല്‍ അഫ്ദലുല്‍ ഉലമ ബിരുദവും കരസ്ഥമാക്കി. തൊടികപ്പുലം ജുമുഅത്ത് പള്ളിയില്‍ വിദ്യാര്‍ഥിയും പിന്നീട് അധ്യാപകനുമായി. പല മദ്‌റസകളിലും സ്‌കൂളുകളിലും അധ്യാപകനായി ജോലി ചെയ്തു. വളവന്നൂര്‍ അറബിക് കോളജില്‍ പത്ത് വര്‍ഷത്തോളം അധ്യാപകനായി ജോലി ചെയ്തു. 1988 ല്‍ തിരൂരങ്ങാടി ഓറിയന്റല്‍ സ്‌കൂളില്‍ നിന്ന് അധ്യാപകനായി വിരമിച്ചു. കേരളത്തിലെ വിവിധ പള്ളികളില്‍ ഖത്തീബായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സ്ഥാപകാംഗമാണ്. ഐ എസ് എം സംസ്ഥാന പ്രസിഡന്റ്, കെ എന്‍ എം സംസ്ഥാന കമ്മിറ്റിയംഗം, അഹ്‌ലെ ഹദീസ് ദേശീയ വൈസ് പ്രസിഡന്റ്, തിരൂരങ്ങാടി യംഗ്‌മെന്‍സ് ലൈബ്രറി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. അഹ്കാമു തജ്‌വീദ്, ഹജ്ജ് ഉംറ സിയാറത്ത് തുടങ്ങിയ പുസ്തകങ്ങളും ധാരാളം വിവര്‍ത്തന ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. പ്രമുഖ പണ്ഡിതന്‍ ഇബ്‌നു ബാസിന്റെ ഗ്രന്ഥം വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ഭാര്യ: എം സൈനബ  അരീക്കോട്. മക്കള്‍: ഷമീമ,  സുബൈദ, ജുമാന, മാജിദ, സനാബി, യഹ്‌യ, നൗഫല്‍,  റഷാദ്. സഹോദരങ്ങള്‍: പരേതരായ ഡോ. കുഞ്ഞഹമ്മദ്, ടി അബ്ദുല്ല തിരൂര്‍ക്കാട്, അബ്ദുസ്സമദ് മുഹമ്മദ് അല്‍ കാത്തിബ് (മദീന), ടി മുഹമ്മദ് അരീക്കോട്, ആയിഷ.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x