22 Sunday
December 2024
2024 December 22
1446 Joumada II 20

ഞെട്ടിക്കുന്ന കൊലപാതക പരമ്പരകള്‍ തകരുന്ന ധാര്‍മിക മണ്ഡലങ്ങള്‍ – മുഹമ്മദ് സുബുഹാന്‍

കോഴിക്കോട് ജില്ലയിലെ കൂടത്തായി കൊലപാതക പരമ്പര കേരളത്തില്‍ വന്‍ വാര്‍ത്തയായിരിക്കുന്നു. ജോളി എന്ന സ്ത്രീ കൊലപ്പെടുത്തിയത് ഒരു കുടുംബത്തിലെ ആറ് പേരെയാണ്. അതും പതിനാലു വര്‍ഷത്തിനുള്ളില്‍. സ്ത്രീ കൊലപാതകികള്‍ കഥകളിലും നാടകങ്ങളിലും മാത്രമേ പൊതുവില്‍ നമുക്ക് പരിചയമുള്ളൂ. ഇപ്പോള്‍ ചില സീരിയലുകളിലും സ്ത്രീകളുടെ ആസൂത്രിത കൊലകള്‍ വരുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ നേരത്തെ തന്നെ വിദേശ രാജ്യങ്ങളില്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തൊണ്ണൂറുകളോടെയാണ് ഇന്ത്യയില്‍ സ്ത്രീ കൊലപാതകികള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചു തുടങ്ങിയത്.
അടുത്തകാലത്തായി ക്രൂരമായ കൊലപാതകങ്ങളും മറ്റു കുറ്റകൃത്യങ്ങളും ഉള്‍പ്പെടെ സ്ത്രീകള്‍ കണ്ണികളായ സംഭവങ്ങള്‍ കേരളത്തില്‍ കൂടിവരികയാണ്. അടുത്തകാലത്ത് നടന്ന പല കുറ്റകൃത്യങ്ങളും ആഡംബര ജീവിതം ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് കാണാം. എങ്ങനെയും പണമുണ്ടാക്കണം എന്ന ചിന്ത കുറ്റകൃത്യങ്ങളില്‍ സ്ത്രീയുടെ പങ്കാളിത്തം വര്‍ധിപ്പിച്ചു. കുറ്റകൃത്യങ്ങളില്‍ പ്രൊഫഷനല്‍ സ്വഭാവം ആര്‍ജിച്ചെടുത്തു. 1980 വരെയുള്ള പോലീസ് രേഖകളില്‍ പോക്കറ്റടി, മോഷണം, വ്യാജ വാറ്റ്, സ്വയരക്ഷക്കായി നടത്തിയ കൊലപാതകങ്ങള്‍ എന്നിവയായിരുന്നു സ്ത്രീകള്‍ പ്രതികളായ പ്രധാന കുറ്റങ്ങള്‍. അന്ന് സഹായിയുടെയും പ്രേരകയുടെയും റോള്‍ നിര്‍വഹിച്ചിരുന്ന സ്ത്രീകള്‍ ഇപ്പോള്‍ ആസൂത്രകരായി മാറി.

കൊലപാതക പരമ്പരകള്‍
ഒരറപ്പും പേടിയും മടിയും കൂടാതെ മനുഷ്യരെ തുടര്‍ച്ചയായി കൊന്നുതള്ളുന്നതിനെയാണ് സീരിയല്‍ കില്ലിംഗ് എന്ന് വിളിക്കുന്നത്. മൂന്നോ അതിലധികമോ പേരെ കൊലപ്പെടുത്തുക, കൊലപാതകങ്ങള്‍ക്കിടയില്‍ കുറഞ്ഞത് ഒരാഴ്ചയെങ്കിലും അകലം പാലിക്കുക ഇതാണ് സീരിയല്‍ കില്ലിംഗ്. ലോകത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സീരിയല്‍ കില്ലര്‍ ഇംഗ്ലണ്ടുകാരനായ ജാക് ആയിരുന്നു. നിരവധി സ്ത്രീകളെ പീഡിപ്പിച്ച് സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തിക്കൊന്നു രതി മൂര്‍ച്ച അനുഭവിച്ച വ്യക്തി. 1980-കളുടെ ഒടുവില്‍ കേരളത്തില്‍ കാസര്‍കോട് സ്വദേശി റിപ്പര്‍ ചന്ദ്രന്‍ എന്ന സീരിയല്‍ കില്ലറും നിരവധി പേരെ തലക്കടിച്ചു കൊന്ന് കേരളത്തെ വിറപ്പിച്ചു.
സ്ത്രീ സീരിയല്‍ കില്ലറില്‍ ഒരു ജോളിയുണ്ട് ചരിത്രത്തില്‍. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ വടക്ക് കിഴക്കന്‍ യു എസ്സില്‍ താമസിച്ചിരുന്ന ജോളി ജെയ്ന്‍ ടോപ്പന്‍ എന്ന യുവ നഴ്‌സ് 31 പേരെങ്കിലും കൊന്നു, അവരില്‍ പലരും അവളുടെ സംരക്ഷണത്തിലായിരുന്നു. അവള്‍ വിഷം ഉപയോഗിച്ച് അവര്‍ മരിക്കുന്നതുകണ്ട് സന്തോഷിച്ചു. അവരുടെ അരികില്‍ കിടന്നുറങ്ങുന്നു. സയനൈഡ് മല്ലികയാണ് സീരിയല്‍ കില്ലര്‍ ലേബലോടെ ഇന്ത്യയില്‍ പിടിക്കപ്പെടുന്ന ആദ്യ വനിതാ കൊലപാതകി. മല്ലിക 1999-2007 കാലഘട്ടത്തില്‍ മാത്രമായി സയനൈഡ് നല്‍കി കൊലചെയ്തത് ഏഴ് പേരെയാണ്. അടുത്തിടെയാണ് സ്വന്തം മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും അടക്കം കൊലപ്പെടുത്തിയ പിണറായി സൗമ്യയാണ് മറ്റൊരു സീരിയല്‍ കില്ലര്‍.

എന്താണ് സൈക്കോ പാത്ത്?
കുറ്റകൃത്യങ്ങളെയും വ്യക്തിത്വത്തെയും പരസ്പരം ബന്ധപ്പെടുത്തി മനസ്സിലാക്കുമ്പോള്‍ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലെ വ്യക്തിത്വപരമായ കാരണങ്ങള്‍ തള്ളിക്കളയാനാകില്ല. എന്നാല്‍ ആന്റി സോഷ്യല്‍ പേഴ്‌സനാലിറ്റി ഡിസോര്‍ഡര്‍ ഉള്ളവരില്‍ നല്ലൊരു ശതമാനം ആളുകള്‍ കുറ്റകൃത്യങ്ങളില്‍ എര്‍പ്പെടുമ്പോള്‍ എല്ലാ കുറ്റവാളികളും ഈ വ്യക്തിത്വ വൈകല്യം ഉള്ളവരാണെന്ന് കണക്കാക്കാന്‍ സാധിക്കില്ല. മറ്റു പല ജീവിത സാഹചര്യങ്ങളും സാമൂഹിക കാരണങ്ങളും വ്യക്തിയെ കുറ്റവാളിയാക്കി മാറ്റുന്നതിന് കാരണമാകുന്നുണ്ട്. സൈക്കൊപാത്തുകള്‍ എന്ന പേര് ആദ്യമായി ഉപയോഗിച്ചത് ഹെന്‍ടെഴ്‌സണ്‍ (ഒലിറലൃീെി) എന്ന മനോരോഗ വിദഗ്ധനാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മൂന്ന് തരത്തിലുള്ള സൈക്കോപാത്തുകളാണുള്ളത്. (1) പ്രിഡോമിനന്റ്‌ലി അഗ്രസ്സീവ് സൈക്കൊപാത്തുകള്‍: ഈ വിഭാഗം ആളുകള്‍ അപകടകാരികളും അക്രമകാരികളും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നവരുമായിരിക്കും. (2). ഇന്നാഡികേറ്റ് സൈക്കോ പാത്ത് (inadequate spychopath): ഈ വിഭാഗം ആളുകള്‍ കപടബുദ്ധിക്കാരും, വഞ്ചന, ചതി തുടങ്ങിയവയിലൂടെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുമായിരിക്കും. ചെറിയ ചെറിയ കള്ളങ്ങള്‍ ചെയ്തു അലഞ്ഞ് നടക്കുന്നവര്‍ മിക്കവാറും ഈ ഗണത്തില്‍പ്പെടും. (3) ക്രിയേറ്റീവ് സൈക്കൊപാത്ത് ((Henderson)). ഈ വിഭാഗം ആളുകള്‍ കൗശലക്കാരും ബുദ്ധിപൂര്‍വം കള്ളത്തരങ്ങള്‍ ചെയ്യുന്നവരുമായിരിക്കും ഇങ്ങനെ ഉള്ളവര്‍ പിടിക്കപ്പെടുക അത്ര എളുപ്പമല്ല.


കുട്ടിപ്രായത്തില്‍ ഒരു സ്ഥലത്ത് അടങ്ങിയിരിക്കുന്നതില്‍ കാര്യമായ ബുദ്ധിമുട്ടുണ്ടാകുക, പെട്ടെന്ന് സാഹചര്യം നോക്കാതെ എടുത്തുചാടി പെരുമാറുക, അമിതമായി വഴക്കിടുക, മൃഗങ്ങളെയും വ്യക്തികളെയും ഉപദ്രവിക്കുക, വീട്ടുപകരണങ്ങള്‍, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ നശിപ്പിക്കുക, ആവര്‍ത്തിച്ചു നുണകള്‍ പറയുക, മോഷ്ടിക്കുക, അമിതമായ ശാഠ്യം, സ്‌കൂളില്‍ പോകാന്‍ മടി കാണിക്കുക, വീട് വിട്ടിറങ്ങി പോകുക തുടങ്ങിയ പെരുമാറ്റ പ്രശ്‌നങ്ങള്‍, എല്ലാത്തിനോടും എതിര്‍ത്ത് പെരുമാറുക തുടങ്ങിയ ലക്ഷണങ്ങള്‍ നിയന്ത്രണ വിധേയമല്ലാത്ത രീതിയിലുണ്ടെങ്കില്‍ ഈ അവസ്ഥ ചികിത്സാ വിധേയമാക്കേണ്ടിയിരിക്കുന്നു എന്നതിന്റെ സൂചനയാണ്. ഇത്തരം സ്വഭാവ സവിശേഷതകള്‍ ശരിയായി പരിഹരിക്കുന്നില്ലെങ്കില്‍ അത് കുട്ടിയുടെ കൗമാര കാലഘട്ടത്തോടു കൂടി ആന്റി സോഷ്യല്‍ പേഴ്‌സനാലിറ്റി ഡിസൊര്‍ഡര്‍ ആയി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്.
സീരിയല്‍ കില്ലര്‍മാരുടെ കുട്ടിക്കാലത്ത് ചില ഘടകങ്ങള്‍ സ്ഥിരത പുലര്‍ത്തുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ശാരീരികവും വൈകാരികവുമായ ദുരുപയോഗം, സാമൂഹിക ഒറ്റപ്പെടല്‍, അസ്ഥിരത, കുടുംബത്തിന്റെ അപര്യാപ്തത തുടങ്ങിയവയാണവ. ഒരു മനുഷ്യന്റെ വ്യക്തിത്വ രൂപവത്കരണം നടക്കുന്ന കുട്ടിപ്രായത്തില്‍ കൃത്യമായ പരിപാലനം ലഭിച്ചില്ലെങ്കില്‍ കുട്ടി സീരിയല്‍ കില്ലറായി വളര്‍ന്നേക്കും.

സീരിയല്‍ കില്ലറായ സ്ത്രീകളുടെ മനശ്ശാസ്ത്രം
സമൂഹത്തില്‍ ചെറിയൊരു ശതമാനം ആളുകള്‍ സൈക്കോപാത്തുകളായിരിക്കും. അവര്‍ അങ്ങനെയാണ് ജനിക്കുന്നത്. അവരുടെ തലച്ചോറിന്റെ പ്രത്യേകതയാണത് എന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ സൈക്കോപാത്തുകളും കൊലപാതകം ചെയ്യണമെന്നില്ല. സൈക്കോപാത്തുകള്‍ മാനിപ്പുലേറ്റീവും അഗ്രസീവും ഇംപള്‍സീവും ആയിരിക്കും. മാനിപ്പുലേറ്റീവ് എന്നാല്‍ വളരെ തന്ത്രപരമായി പെരുമാറുന്നവര്‍. അഗ്രഷന്‍ രണ്ടു രീതിയിലാവാം. ഫിസിക്കല്‍ അഗ്രഷന്‍ (മറ്റുള്ളവരെ ശാരീരികമായി ദ്രോഹിക്കുന്നത്, വെര്‍ബല്‍ അഗ്രഷന്‍ (ചീത്ത വാക്കുകള്‍ ഉപയോഗിക്കുക). ഇംപള്‍സീവ് എന്നാല്‍, ഒറ്റബുദ്ധി എന്നു പറയുന്നപോലെയുള്ളവരും എടുത്തുചാട്ടക്കാരും.
സൈക്കോപാത്തുകള്‍ സമൂഹത്തിന്റെ ധാര്‍മികതയെയോ മൂല്യബോധത്തെയോ ലംഘിക്കുന്നവരായിരിക്കും. തലച്ചോറിന്റെ മുന്‍ഭാഗത്തുള്ള ഫ്രോണ്ടല്‍ ലോബ് എന്ന ഭാഗത്താണ് മൊറാലിറ്റി പ്രോസസ് ചെയ്യുന്നത്. എന്തു തെറ്റു ചെയ്താലും അവര്‍ക്കു പശ്ചാത്താപം ഉണ്ടാവില്ല. അധികാരത്തിനോ അധീശത്വത്തിനോ ഉള്ള ആഗ്രഹവും സൈക്കോപതിയുടെ ഒരു പൊതു സ്വഭാവമാണ്. സൈക്കോപതിക് സ്വഭാവ വിശേഷവുമായി ജനിക്കുന്ന സ്ത്രീയും പുരുഷനും അതു പ്രകടിപ്പിക്കുന്നതില്‍ വ്യത്യാസമുണ്ട്. അവര്‍ വളരുന്ന സാമൂഹിക സാഹചര്യമാണ് അതിനെ സ്വാധീനിക്കുന്നത്. മിനസോട്ട ട്വിന്‍സ് സ്റ്റഡി സമജാത ഇരട്ടകളില്‍ നടത്തിയ പഠനത്തില്‍ പറയുന്നത് 60% സൈക്കോപതികളും പാരമ്പര്യമാണെന്നാണ്. തലച്ചോറിനുള്ളില്‍ അമൈഡാല എന്നൊരു ഭാഗമുണ്ട്. ഇതാണ് വികാരങ്ങളുടെ കേന്ദ്രം. തലച്ചോറിന്റെ മുന്‍ഭാഗത്തുള്ള വെന്‍ട്രോ മീഡിയം പ്രീ ഫ്രോണ്ടല്‍ കോര്‍ട്ടക്‌സുമായി ഇതു ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇവ തമ്മില്‍ ബന്ധമുണ്ടെങ്കിലേ തെറ്റു ചെയ്യുമ്പോള്‍ പശ്ചാത്താപം തോന്നൂ. സൈക്കോപാത്തുകളില്‍ ഈ ബന്ധിപ്പിക്കല്‍ ഉണ്ടാവില്ലെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
സൈക്കോപാത്തുകളില്‍ രണ്ടു തരക്കാരുണ്ട്. ഒന്ന്, വലിയ ബുദ്ധിയൊന്നും ഇല്ലാത്തവര്‍. ഇവര്‍ പെട്ടെന്നു പിടിക്കപ്പെടും. രണ്ട്, ശരാശരിയോ അതിനു മുകളിലോ ബുദ്ധിയുള്ളവര്‍. അവര്‍ കുറ്റകൃത്യങ്ങളും മറ്റും ആസൂത്രണം ചെയ്ത് നടപ്പാക്കും. ഇത്തരക്കാരാണ് പരമ്പരക്കൊലയാളികളും മറ്റുമാകുന്നത്. മുന്‍പു പറഞ്ഞ, അമൈഡാലയുമായുള്ള ബന്ധിപ്പിക്കല്‍ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് സാമൂഹിക നിയമങ്ങളെയോ മൂല്യങ്ങളെയോ അനുസരിക്കാനോ മറ്റുള്ളവരുടെ ദുഃഖത്തില്‍ പങ്കു ചേരാനോ അനുതാപം കാണിക്കാനോ പറ്റില്ല.
സീരിയല്‍ കില്ലറുകളായ സ്ത്രീകളുടെ പലരുടെയും ജീവിതചരിത്രം അറിയുമ്പോള്‍ത്തന്നെ മനസ്സിലാകും അവര്‍ സൈക്കോപാത്താണെന്ന്. ഇങ്ങനെ ഒരുപാടു പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. പക്ഷേ എല്ലാവരും ഇവരെപ്പോലെ കുറ്റവാളികളാകണമെന്നില്ല. പിന്നെയുള്ളത് കൊലയ്ക്കുള്ള കാരണം അഥവാ മോട്ടീവ് ആണ്. അതിനെപ്പറ്റി പാശ്ചാത്യ രാജ്യങ്ങളില്‍ ഒരുപാടു പഠനം നടത്തിയിട്ടുണ്ട്. ഹെഡോണിസ്റ്റിക് മോട്ടീവ് എന്നതാണ് ഒരു പ്രധാന കാരണം. എന്നു പറഞ്ഞാല്‍ സന്തോഷത്തിനു വേണ്ടി. അതില്‍ പണം, ത്രില്‍, സുരക്ഷിതത്വം ഇതിനൊക്കെ വേണ്ടിയാണ് ചിലര്‍ കൊലപാതകം നടത്തുക. പുരുഷന്മാരുടെ കാര്യത്തില്‍, അവര്‍ പലപ്പോഴും റേപ്പിസ്റ്റുകളായിരിക്കും. ഇരയെ ഒരുപാടു പീഡിപ്പിക്കുന്ന രീതിയായിരിക്കും അവരുടേത്. സ്ത്രീകള്‍ പ്രധാനമായും പണം, ലാഭം, ഭാവിയിലേക്കുള്ള നേട്ടങ്ങള്‍ ഇതൊക്കെ ലക്ഷ്യമിട്ടാണ് ഹെഡോണിസ്റ്റിക് മോട്ടീവ് രീതിയില്‍ കൊലപാതകം നടത്തുക. ഇത്തരം സ്ത്രീകളില്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത് വിഷമാണ്.
അധികാരം സ്ഥാപിക്കാന്‍
രണ്ടാമത്തെ കാരണം പവര്‍ സീക്കിങ്, എന്തിന്റെയെങ്കിലും മേലുള്ള അധികാരമോ നിയന്ത്രണമോ. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കു ശാരീരികമായ കരുത്തു കുറവായതുകൊണ്ട് കുട്ടികളും പ്രായം ചെന്നവരും രോഗികളും ദുര്‍ബലരുമൊക്കെയായിരിക്കും പൊതുവേ അവരുടെ ഇരകള്‍. സ്ത്രീ പരമ്പരക്കൊലയാളികള്‍ സാധാരണഗതിയില്‍ ആരെയും പീഡിപ്പിക്കാറില്ല, പെട്ടെന്നു കൊല്ലും. ആണ്‍കൊലയാളികള്‍ പീഡിപ്പിച്ചാവും കൊല്ലുക.
ഇനിയുള്ള രണ്ട് മോട്ടീവുകളില്‍ ആദ്യത്തേത് മിഷനറി, മറ്റൊന്ന് വിഷനറി. വിഷനറി എന്നു പറഞ്ഞാല്‍ മിഥ്യാധാരണകളുള്ളവരും മായികകാഴ്ചകള്‍ കാണുന്നവരുമൊക്കെയായ മാനസിക രോഗികള്‍. മിഷനറി എന്നു പറഞ്ഞാല്‍ സമൂഹത്തെ ശുദ്ധീകരിക്കാനെന്ന പേരില്‍ കൊല്ലുന്നവര്‍. ഉദാഹരണത്തിന്, ഏതെങ്കിലും പ്രത്യേക വിഭാഗത്തില്‍ പെട്ടവരെയോ തൊഴില്‍ ചെയ്യുന്നവരെയോ ഒക്കെ തിരഞ്ഞുപിടിച്ചു കൊല്ലുന്നവര്‍. പരമ്പരക്കൊലയാളികളുടെ ഓരോ കൊലപാതകം കഴിയുമ്പോഴും ഒരു കൂളിങ് ഓഫ് പീരിയഡ് ഉണ്ടാവും. ഇപ്പോള്‍, ഒരാഴ്ച ഇടവേളകളില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്ക് നമ്മള്‍ കൂട്ടക്കൊല എന്നാണ് പറയുന്നത്. സീരിയല്‍ കില്ലിങ് എന്നു പറയില്ല. പിടിക്കപ്പെടുന്നില്ല എന്നു കാണുമ്പോള്‍ ക്രമേണ കൊലപാതകിക്ക് അമിത ആത്മവിശ്വാസമാകും. അതു കുറ്റവാളികളുടെ മനശ്ശാസ്ത്രമാണ്.

സാമൂഹിക വിരുദ്ധത
സൈക്കോപാത്തുകള്‍ക്ക് ഒരുതരം സാമൂഹികവിരുദ്ധ വ്യക്തിത്വമാണ്. അതുപോലെ പ്രധാനപ്പെട്ട ഒരു കാര്യമാണ് കുട്ടിക്കാലത്തെ അനുഭവങ്ങള്‍. പലപ്പോഴും ഇത്തരം പരമ്പരക്കൊലയാളികളുടെ ജീവിതം പഠിക്കുമ്പോള്‍, വളരെ ചെറുപ്പത്തില്‍ തന്നെ ലൈംഗിക ചൂഷണമോ അവഗണനയോ മാനസിക പീഡനമോ അടക്കമുള്ള കടുത്ത അനുഭവങ്ങള്‍ അവര്‍ക്കുണ്ടായതായി കാണാം. സാമൂഹിക ചൂഷണങ്ങള്‍, വളരെ മോശം ബാല്യകാല അനുഭവങ്ങള്‍ ഇവയെല്ലാം അവരെ കേവലം സൈക്കോപാത്ത് എന്ന നിലയില്‍ നിന്ന് ക്രിമിനല്‍ എന്ന രീതിയിലേക്കു മാറ്റുന്നു. ഇതില്‍ 60-70 ശതമാനത്തോളം ജന്മനാലും ബാക്കി സമൂഹത്തിന്റെയുമാണ് പങ്ക്. സമൂഹം മനഃപൂര്‍വം ചെയ്യുന്നതല്ല. സമൂഹവും വ്യക്തിയുടെ ജനിതകവും തമ്മിലുള്ള ഇടപെടലോ സംഘര്‍ഷമോ മൂലം സംഭവിക്കുന്നതാണ്. അതുകൊണ്ടാണ് പറയുന്നത്, ഒരു ക്രൈം എന്നാല്‍ വ്യക്തിപരമായ പ്രവര്‍ത്തനമല്ല, മറിച്ച് സാമൂഹ്യ പങ്കാളിത്തമുള്ള പ്രവര്‍ത്തനമാണെന്ന്.
ഇത്തരക്കാരെ വളരെ ചെറുപ്പത്തിലേ മനസ്സിലാക്കാന്‍ സാധിക്കും. ആണ്‍കുട്ടികളില്‍ പലപ്പോഴും ഇതിന്റെ ലക്ഷണങ്ങള്‍ പ്രകടമാകും. സുഹൃത്തുക്കള്‍ക്കിടയിലും മറ്റും നന്നായി പെരുമാറുമ്പോഴും സ്‌കൂളിലും വീട്ടിലും വില്ലന്‍മാരായിരിക്കും ഇത്തരക്കാര്‍. പക്ഷേ ഈ മനോനിലയുള്ള പെണ്‍കുട്ടികളില്‍ ആന്റി സോഷ്യല്‍ പഴ്‌സനാലിറ്റി കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ്. അവരില്‍ ഇത് ഉള്ളിലൊതുക്കിവച്ചിരിക്കുകയായിരിക്കും. അവരില്‍ കാണുന്ന ഒരു കാര്യം പശ്ചാത്താപം ഇല്ലാതിരിക്കലാണ്. മോട്ടിവേഷനും സാഹചര്യവും ഒത്തുവന്നാല്‍ ഇത്തരക്കാരില്‍ പലരും ക്രിമിനലുകളാകാം. ഇവര്‍ക്കു ചിത്തഭ്രമം അടക്കമുള്ള മാനസികരോഗങ്ങള്‍ വരാനും ലഹരിമരുന്നിനോടു താല്‍പര്യം കൂടാനുമുള്ള സാധ്യതയുമുണ്ട്. അതുപോലെതന്നെ, പരമ്പരക്കൊലയാളികളില്‍ കാണപ്പെടുന്ന രോഗമാണ് സീരിയല്‍ മോണോഗാമി. അതായത് ഒരു പങ്കാളിയോടൊപ്പം ജീവിച്ച് മടുക്കുമ്പോള്‍ മറ്റൊരാളെ കണ്ടെത്തുക. ചിലര്‍ ഒരേസമയം പലരുമായി ബന്ധം പുലര്‍ത്തുകയും ചെയ്യും.

കൊലപാതകങ്ങള്‍ ആഘോഷിക്കുന്ന മാധ്യമങ്ങള്‍
ഒരു രാജ്യത്ത് ഒരു കൊലപാതകമുണ്ടായാല്‍ അത് മാധ്യമങ്ങള്‍ എപ്രകാരമാണ് റിപ്പോര്‍ട്ട് ചെയ്യണ്ടത് എന്നതിന് പല രാജ്യങ്ങളിലും നിയമങ്ങള്‍ നിലവിലുണ്ട്. കാരണം ഒരു കൊലപാതകത്തെക്കുറിച്ചുള്ള പക്വതയില്ലാത്ത റിപ്പോര്‍ട്ടുകള്‍ മറ്റൊരു കൊലപാതകത്തിനുള്ള പുതിയ ആശയങ്ങള്‍ സമ്മാനിക്കുന്നതിനു കാരണമായേക്കാം. അതിനാല്‍ തന്നെ സമൂഹത്തിന്റെ നന്മ ആഗ്രഹിക്കുന്ന മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകളിലെ ഓരോ വാക്കുകളും വളരെ സൂക്ഷിച്ചു മാത്രമേ ഉപയോഗിക്കാറുള്ളൂ. എന്നാല്‍ ഇന്ന് കേരളത്തിലെ ചില മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ഈ കൊലപാതകങ്ങള്‍ വിറ്റ് എങ്ങനെ കാശാക്കാം എന്ന രീതിയില്‍ മത്സരിക്കുന്ന കാഴ്ച്ചയാണ് അടുത്തകാലത്ത് കണ്ടുവരുന്നത്.
കൊലപാതക കേസുകള്‍ മാധ്യമങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ അവരവരുടെ ഭാവനക്കനുസരിച്ചു റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ അത് സമൂഹത്തില്‍ വിതയ്ക്കുന്ന തിന്മയുടെ വിഷവിത്തുകള്‍ ഇവിടുത്തെ ഭരണകൂടവും, സാംസ്‌കാരിക നായകന്മാരും തിരിച്ചറിയാതെ പോകരുത്. ഒരു കൊലപാതകം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍, ആ കൊലപാതകം രൂപകല്‍പന ചെയ്തതും, അതു നടപ്പില്‍ വരുത്തിയ രീതിയും, പിന്നീട് തെളിവുകള്‍ നശിപ്പിക്കാന്‍ കുറ്റവാളികള്‍ അവലംബിച്ച മാര്‍ഗങ്ങളും വിശദമായി പ്രതിപാദിക്കുമ്പോള്‍, ഇത്തരം പുതിയ അറിവുകള്‍ പിന്നീട് നടക്കുന്ന പല കുറ്റകൃത്യങ്ങള്‍ക്കും സഹായകമായിട്ടുണ്ട് എന്ന് പല കുറ്റവാളികളും സമ്മതിച്ചിട്ടുള്ള ഒരു വസ്തുതയാണ്.
ഏതാനും നാളുകള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ഒരു മലയാള സിനിമയില്‍ നിന്നും ആശയം ഉള്‍ക്കൊണ്ട് കേരളത്തില്‍ നടത്തിയ കൊലപാതകങ്ങള്‍ പോലീസ് തെളിവു സഹിതം കണ്ടെത്തിയിട്ടും, ഇക്കാര്യം കുറ്റവാളികള്‍ തന്നെ സമ്മതിച്ചിട്ടും, ഇത്തരം സിനിമകള്‍ക്കെതിരെ ശബ്ദിക്കാന്‍ ഇവിടുത്തെ സാംസ്‌കാരിക നായകര്‍ ആരും തയാറായില്ല എന്നത് നാം ഗൗരവമായി കാണേണ്ടതാണ്. കേരളത്തില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന കൂട്ടമരണകേസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കൂടാതെ, ഈ ദിവസങ്ങളില്‍ കേരളത്തിലെ ഒരു പ്രമുഖ മാധ്യമം അന്യ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും നടന്ന വനിതാ സീരിയല്‍ കില്ലേഴ്‌സിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് അവര്‍ കൊലപാതകം നടത്തിയ രീതികളും, തെളിവു നശിപ്പിക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗങ്ങളും വിശദീകരിക്കുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ ഒരു സമൂഹത്തിന് ഒരു നന്മയും പ്രദാനം ചെയ്യുന്നില്ല എന്നു മാത്രമല്ല ചിലപ്പോഴൊക്കെ ഇതിലെ ആശയങ്ങള്‍ ഭാവില്‍ മറ്റു കുറ്റവാളികള്‍ക്ക് സഹായകമായി തീരുന്നു എന്നുള്ള വലിയ വിപത്തും നാം തിരിച്ചറിയാതെ പോകരുത്.
ഓരോ കൊലപാതകവും സമൂഹ മനസാക്ഷിയെ ആഴമായി മുറിവേല്‍പ്പിക്കുന്നു. എന്നാല്‍ ഇന്ന് ഇത്തരം വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആഘോഷമാക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു. ഇത്തരം കൊലപാതകങ്ങളുടെ ചുവടുപിടിച്ചുകൊണ്ട് ഒരു കൂട്ടര്‍ കോമഡി പോസ്റ്റുകളും ട്രോളുകളുമിറക്കുമ്പോള്‍, മറ്റൊരു കൂട്ടര്‍ അത് ലൈക് ചെയ്തും ഷെയര്‍ ചെയ്തും സാമൂഹ്യ മാധ്യമങ്ങളിലൂടെ കയ്യടിനേടാനും ശ്രമിക്കുന്നു. ഇത്തരം പ്രവണതകള്‍ ഇന്ന് സമൂഹത്തില്‍ സംഭവിച്ചിരിക്കുന്ന മൂല്യച്യുതിയുടെ ചില ഉദാഹരണങ്ങളാണ്.
തിന്മയെ പ്രോത്സാഹിപ്പിക്കുന്ന സീരിയലുകള്‍ തുടര്‍ച്ചായി പ്രക്ഷേപണം ചെയ്ത് സമൂഹത്തില്‍ കുറ്റവാളികളെ സൃഷ്ടിക്കുകയും അവസാനം ഇത്തരം കുറ്റവാളികളെയും കൊലപാതകങ്ങളെയും കുറിച്ചു വിശദമായ അന്തിചര്‍ച്ചകള്‍ നടത്തി മലയാളികളുടെ സായാഹ്നങ്ങളെ വീണ്ടും മലിനമാകുകയും, നിരവധി കുടുംബങ്ങളെ തകര്‍ക്കുകയും ചെയ്യുന്ന മലയാളം ചാനലുകളെ നിയമം മൂലം നിയന്ത്രിക്കാന്‍ ഇനിയും ഭരണകൂടത്തിനു കഴിയുന്നില്ലെങ്കില്‍ അത് അവര്‍ കേരള സമൂഹത്തോട് ചെയ്യുന്ന വലിയ ക്രൂരതയായിരിക്കും.
ഓരോ കുറ്റകൃത്യങ്ങളും കണ്ടുപിടിക്കപ്പെടേണ്ടതും തെളിയിക്കപ്പെടേണ്ടതും കുറ്റവാളികളെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരേണ്ടതുമാണ്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പിന്നീട് ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയുന്നതിനു വേണ്ടിയായിരിക്കണം. അല്ലാതെ അത് മറ്റു കുറ്റകൃത്യങ്ങള്‍ക്ക് പ്രചോദനമാകരുത്. പല വിദേശ രാജ്യങ്ങളിലും ഇത്തരം കുറ്റവാളികള്‍ പിടിക്കപ്പെട്ടാല്‍ അവരെ അറസ്റ്റുചെയ്തു എന്ന വാര്‍ത്ത മാത്രമാകും മാധ്യമങ്ങളിലൂടെ പുറത്തുവരിക. പിന്നീട് കോടതി വിചാരണയ്ക്കു ശേഷം അവരുടെ ശിക്ഷയെ കുറിച്ചുള്ള വിവരങ്ങളും. അല്ലാതെ അവര്‍ കുറ്റകൃത്യം നടത്തിയ രീതികളോ തെളിവു നശിപ്പിച്ച രീതികളോ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല.
സമൂഹത്തില്‍ നന്മയുടെ വെളിച്ചം വിതറിയ വിശുദ്ധരുടെ കഥകള്‍ വായിച്ചു അവരുടെ പാത പിന്തുടര്‍ന്ന് നന്മ ചെയ്യുന്ന അനേകം മനുഷ്യര്‍ ഈ ഭൂമിയിലുണ്ട്. എന്നാല്‍ കൊലപാതക കഥകള്‍ വായിച്ചു കൊലപാതകികളായി മാറിയ മനുഷ്യരും ഈ ഭൂമിയിലുണ്ട് എന്ന കാര്യവും നാം വിസ്മരിച്ചുകൂടാ. അതിനാല്‍ ഓരോ മാധ്യമങ്ങളും സമൂഹത്തില്‍ നന്മയുടെ വിത്തു പാകുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യട്ടെ. അതിനു വിരുദ്ധമായി, വെറുതെ റേറ്റിങ്ങ് കൂട്ടുവാന്‍ വേണ്ടി മാത്രം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത് സമൂഹത്തില്‍ തിന്മയുടെ വിഷവിത്തുകള്‍ വിതക്കുന്ന ഓരോ മാധ്യമത്തെയും നമ്മുടെ ജീവിതത്തില്‍ നിന്നും മാറ്റി നിറുത്തേണ്ടത് ഒരോ മനുഷ്യസ്‌നേഹിയുടെയും കടമയാണ്.

Back to Top