8 Saturday
March 2025
2025 March 8
1446 Ramadân 8

ഞങ്ങളുടെ പ്രിയപ്പെട്ട വായിച്ചി

എം കെ ബഷീര്‍


വായിച്ചി എന്നാണ് ഞങ്ങള്‍ കുഞ്ഞിക്കോയ മാഷെ വിളിച്ചിരുന്നത്. ഇസ്ലാഹി രംഗത്ത് സജീവമായിരിക്കുമ്പോഴും വീടകത്ത് അദ്ദേഹം സ്‌നേഹം വിളമ്പിയിരുന്നു. മക്കള്‍ക്കും മരുമക്കള്‍ക്കും പ്രിയപ്പെട്ട വായിച്ചിയായും ഉമ്മാക്ക് ഏറെ പ്രിയപ്പെട്ട ഇണയായും തന്നെയാണ് അദ്ദേഹം കഴിച്ചുകൂട്ടിയത്. പതിനെട്ടാം വയസ്സിലാണ് വായിച്ചി വാഴയൂര്‍ സ്വദേശിയായ നഫീസക്കുട്ടിയെ വിവാഹം ചെയ്യുന്നത്. അന്നു മുതല്‍ വായിച്ചിയും ഉമ്മയും പരസ്പരം താങ്ങും തണലുമായിരുന്നു. ഒരു വര്‍ഷം ആന്തിയൂര്‍കുന്ന് എ എം എല്‍ പി സ്‌കൂളിലും 37 വര്‍ഷം കൊട്ടപ്പുറം എ എം എല്‍ പി സ്‌കൂളിലും അധ്യാപകനായിരുന്നു. 1994-ല്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയിട്ടുണ്ട്.
വിവാഹം കഴിഞ്ഞതിനൊപ്പം തന്നെ സംഘടനാ രംഗത്തും വായിച്ചി സജീവമായിരുന്നു. നാട്ടിലെ സംഘടനാ ഓഫീസു തന്നെ വീടായിരുന്നു എന്ന നിലക്കായിരുന്നു പ്രവര്‍ത്തനങ്ങള്‍. പ്രതിസന്ധി ഘട്ടങ്ങളിലും മറ്റും വീട്ടില്‍ നിന്നു വലിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനങ്ങളിലേക്കെത്തുക.
വായിച്ചി ഒരു സല്‍ക്കാരപ്രിയനായിരുന്നു. നാട്ടിലും പരിസരത്തും ഏതു നേതാക്കന്മാരെത്തിയാലും വീട്ടിലായിരിക്കും ഭക്ഷണമൊരുക്കുക. അതിഥികളെത്തുമ്പോള്‍ നഫീസക്കുട്ട്യേ എന്ന് നീട്ടി വിളിക്കും. സ്‌നേഹത്തില്‍ പൊതിഞ്ഞ ഒരു ചായയെങ്കിലും കുടിക്കാതെ വീട്ടില്‍ നിന്നാരും മടങ്ങിയിട്ടുണ്ടാവില്ല.
മൂന്നു പെണ്മക്കളും ഒരു മകനുമടക്കം നാലു മക്കളായിരുന്നു. മൂത്ത മകള്‍ പി വി റുഖിയയെ മുക്കം സ്വദേശി അബ്ദുല്‍ബര്‍റാണ് വിവാഹം ചെയ്തത്. രണ്ടാമത്തെയാള്‍ പി വി സഈദയെ ഞാനും മൂന്നാമത്തെയാള്‍ പി വി ജെസിയെ പുത്തൂര്‍പള്ളിക്കല്‍ സ്വദേശി കെ ഇഖ്ബാലും വിവാഹം ചെയ്തു. മകന്‍ പി വി ഹസന്‍ കീഴുപറമ്പ് സ്വദേശിനി ജുവൈരിയയേയും വിവാഹം ചെയ്തു. എല്ലാവരേയും ഒരുപോലെ പരിചരിക്കാനും പരിഗണിക്കാനും വായിച്ചിക്ക് സാധിച്ചിട്ടുണ്ട്.
കൊട്ടപ്പുറം വാദപ്രതിവാദത്തിന്റെ സംഘാടകനായിരുന്നു വായിച്ചി. ഇതുമായി ബന്ധപ്പെട്ട പ്രധാന ചര്‍ച്ചകള്‍ക്കെല്ലാം വീട് വേദിയായിട്ടുണ്ട്. റിട്ടയര്‍മെന്റ് ജീവിത സമയത്താണ് മര്‍കസുദ്ദഅവയിലേക്ക് എത്തുന്നത്. അന്നു മുതല്‍ രാവിലെ മൂന്നര മണിക്ക് എഴുന്നേല്ക്കും. ഉമ്മ പാകം ചെയ്തു നല്കുന്ന ചായയും രണ്ടു കോഴിമുട്ടയുമോ കഞ്ഞിയോ കഴിക്കും. കൊട്ടപ്പുറം പള്ളിയില്‍ നിന്ന് സുബ്ഹി നമസ്‌കരിച്ച് മഞ്ചേരിയില്‍ നിന്നുള്ള ആദ്യ ബസില്‍ കോഴിക്കോട്ടേക്ക് യാത്രയാവും. രാത്രി മറ്റു പരിപാടികളൊന്നുമില്ലെങ്കില്‍ ഇശാഅ് നമസ്‌കരിച്ച ശേഷം കിടത്തം. ഇതായിരുന്നു പതിവ്. ഇതിനിടയില്‍ വീണുകിട്ടുന്ന സമയങ്ങളില്‍ പേരമക്കളുമായും മക്കളുമായും വര്‍ത്തമാനത്തിലാവും. കോവിഡ് കാലം വരെയും ഈ പതിവ് അപൂര്‍വമായേ തെറ്റിച്ചിട്ടുള്ളൂ. ഞങ്ങള്‍ മക്കള്‍ക്ക് വലിയ ഒരു തണലാണ് നഷ്ടമായിരിക്കുന്നത്. വായിച്ച്യേ എന്നു വിളിച്ചാല്‍ ഒരു മറുമൊഴി ഇനിയുണ്ടാവില്ലെന്ന സത്യം ഉള്‍ക്കൊള്ളാന്‍ പ്രയാസപ്പെടുന്നുണ്ട്. അല്ലാഹു സ്വര്‍ഗം നല്കി അനുഗ്രഹിക്കട്ടെ.

Back to Top