ജീവിതത്തിന് മാറ്റ് കൂട്ടുന്ന സ്വഭാവങ്ങള്‍
എം ടി അബ്ദുല്‍ഗഫൂര്‍
ആഇശ(റ) പറയുന്നു: നബി(സ) ആരെ യും പ്രഹരിച്ചിട്ടില്ല. സ്ത്രീകളെയോ ഭൃത്യരെയോ പോലും. ദൈവമാര്‍ഗത്തിലെ പോരാട്ടത്തിലൊഴികെ. ഇപ്രകാരം തന്നെ തിരുമേനിയെ ദ്രോഹിച്ചവരോട് അവിടുന്ന് പ്രതികാരം ചെയ്തിട്ടുമില്ല. എന്നാല്‍ അ ല്ലാഹു ആദരിച്ച വല്ലതും ആരെങ്കിലും അ വമതിച്ചാല്‍ അവനോട് അല്ലാഹുവിനുവേണ്ടി പ്രതികാര നടപടികള്‍ സ്വീകരിച്ചിരുന്നു. (മുസ്‌ലിം)
സുന്ദരമായ സ്വഭാവഗുണങ്ങളും വിശാലമായ വിട്ടുവീഴ്ചാ മനസ്ഥിതിയും കൊണ്ട് അനുഗൃഹീതമായ വ്യക്തിത്വത്തിന്നുടമയായിരുന്നു മഹാനായ നബിതിരുമേനി. അവിടുത്തെ മഹിതമായ സ്വഭാവം മാതൃകയാക്കുന്ന വിശ്വാസികളുടെ വ്യക്തിത്വം വളര്‍ച്ചയും വികാസവും പ്രാപിക്കുന്നതാണ്.
നബിതിരുമേനി(സ) ഒരിക്കലും സേവകരെ പ്രഹരിക്കുകയോ അവരോട് അട്ടഹസിക്കുകയോ സ്ത്രീകളോട് പരുഷമായി പെരുമാറുകയോ കുട്ടികളോട് ദേഷ്യപ്പെടുകയോ ചെയ്തിരുന്നില്ല എന്ന് സതീര്‍ഥ്യര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ശിക്ഷ നല്‍കാനല്ല ശിക്ഷണം നല്‍കാനായിരുന്നു നബിതിരുമേനി ശ്രദ്ധിച്ചിരുന്നത്. ദയയും കരുണയുമായിരുന്നു ആ ശിക്ഷണത്തിന്റെ അടിസ്ഥാന ഘടകവും. ലാളിത്യവും സ്‌നേഹവും ക്ഷമയും വിട്ടുവീഴ്ചയും കാണിച്ച് മറ്റുള്ളവരെ കീഴടക്കാന്‍ കഴിയുന്നതിലാണ് വിജയം എന്ന് നബിതിരുമേനി ലോകത്തെ പഠിപ്പിക്കുകയായിരുന്നു തന്റെ ജീവിതത്തിലൂടെ.
വ്യക്തിത്വത്തിന് മാറ്റുകൂട്ടുന്ന ഒരു സ്വഭാവഗുണമാണ് ക്ഷമ. പ്രതികാരത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ക്ഷമയുള്ളവര്‍ക്കേ കഴിയൂ. കോപം അടക്കി വെക്കുന്നവരും ജനങ്ങള്‍ക്ക് മാപ്പ് നല്‍കുന്നവരുമാണ് ഭക്തരെന്നും അത്തരം സുകൃതവാന്മാരെ അല്ലാഹു സ്‌നേഹിക്കുന്നു എന്നും (3:133,134) വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നു. ഇത് സ്വര്‍ഗാവകാശികളുടെ ലക്ഷണവുമാകുന്നു.
ക്ഷമിക്കുകയും മാപ്പു നല്‍കുകയും ചെയ്യുന്നത് മനോദാര്‍ഢ്യതയുടെ ലക്ഷണമായതുകൊണ്ടാണ്, ദ്രോഹിച്ച് നാടുകടത്തിയവര്‍ കാല്‍ക്കീഴില്‍ വന്നപ്പോള്‍ അവരെ സ്വതന്ത്രരാക്കി വിട്ടയക്കാന്‍ മക്കാ വിജയ ദിവസം നബി(സ) തയ്യാറായത്.
എന്നാല്‍ അല്ലാഹു ആദരിച്ച വല്ല കാര്യത്തെയും അവമതിക്കുകയോ അവഹേളിക്കുകയോ ചെയ്താല്‍ അവരോട് അല്ലാഹുവിന് വേണ്ടി പ്രതികാരം ചെയ്യാന്‍ തിരുമേനി ശ്രദ്ധിച്ചിരുന്നു. മഖ്‌സൂമി ഗോത്രക്കാരി മോഷ്ടിച്ചപ്പോള്‍ അവര്‍ക്കെതിരെ ശിക്ഷാ നടപടിയെടുക്കാതിരിക്കാന്‍ ശുപാര്‍ശയുമായി വന്ന ഉസാമത്ബ്‌നു സൈദി(റ)നോട് നബി(സ) കോപിച്ചത് അതുകൊണ്ടത്രെ.
പ്രവാചക തിരുമേനി പ്രതികാര നടപടി സ്വീകരിച്ചത് മുഴുവനും അല്ലാഹുവിനുവേണ്ടിയായിരുന്നു. വ്യക്തി താല്പര്യങ്ങള്‍ക്ക് അവിടെ സ്ഥാനമുണ്ടായിരുന്നില്ല. യുദ്ധവേളയില്‍ ശത്രുക്കളെയല്ലാതെ ഒരാളെയും നബി(സ) പ്രഹരിച്ചിട്ടില്ല എന്ന ആഇശ(റ)യുടെ സാക്ഷ്യപ്പെടുത്തല്‍ ആദര്‍ശത്തിനുവേണ്ടി അദ്ദേഹം എത്രത്തോളം അര്‍പ്പണം ചെയ്തിരുന്നു എന്നതിന് തെളിവാകുന്നു.