3 Tuesday
December 2024
2024 December 3
1446 Joumada II 1

ജീവനക്കാരുടെ രക്ഷിതാവ്‌

ജംഷി റഹ്‌മാന്‍


അബൂബക്കര്‍ കാരക്കുന്നിനൊപ്പമാണ് ഞാന്‍ ആദ്യമായി മര്‍കസുദ്ദഅ്‌വയിലെത്തുന്നത്. കടും ചുവപ്പ് നിറത്തിലുള്ള ഷര്‍ട്ടണിഞ്ഞ് തലയും താടിയും പൂര്‍ണമായി നരച്ച ഒരു മധ്യവയസ്‌കന്‍ ഇരിക്കുന്ന റൂമിലാണ് ആദ്യമെത്തിയത്. പോക്കറ്റില്‍ സ്വര്‍ണ നിറത്തിലുള്ള രണ്ടു പേനകളുണ്ട്. കണ്ണടക്കും സ്വര്‍ണനിറമാണ്. അടുക്കും ചിട്ടയുമുള്ള റൂം. സുഗന്ധം നിറഞ്ഞ റൂമിലെ അലങ്കാരങ്ങള്‍ക്കുമുണ്ട് ഭംഗി. ചില്ലിട്ട റൂമിലിരുന്നു ഓഫീസിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ഉച്ചത്തില്‍ നിര്‍ദേശം നല്‍കുകയുമൊക്കെ ചെയ്യുന്നുണ്ട്.
‘കുട്ടി ഇരിക്ക്’ എന്നായിരുന്നു എന്നോടുള്ള ആദ്യത്തെ സംസാരം. പിന്നീട് വര്‍ഷങ്ങളോളം പല വേളകളിലായി ‘കുട്ടി’ എന്ന പേര് നീട്ടിയും ചുരുക്കിയും പല സ്ലാങ്ങുകളിലായി കേട്ടുകൊണ്ടിരുന്നു. മാഷ് അതിരാവിലെ ഓഫീസിലെത്തുന്നതിനെക്കുറിച്ച് ഒരിക്കല്‍ ചോദിച്ചപ്പോള്‍ ഇതായിരുന്നു മറുപടി: ‘നേതാക്കളും പ്രവര്‍ത്തകരുമൊക്കെ എത്തിയാല്‍ ഓഫീസില്‍ തിരക്കായിരിക്കും, അതിനു മുമ്പേ ജോലികള്‍ തീര്‍ക്കട്ടെ’.
അടുക്കും ചിട്ടയുമുള്ള ജീവിതമായിരുന്നു മാഷിന്റേത്. ഇടയ്ക്കിടെ തന്റെ ജീവിതരീതികളെക്കുറിച്ച് സംസാരിക്കും. ‘രാത്രി ഒമ്പത് മണിക്കു മുമ്പായി ഉറങ്ങും. രാവിലെ നാലു മണിക്കു മുമ്പേ എഴുന്നേല്‍ക്കും. സുബ്ഹി കഴിഞ്ഞാല്‍ ജീരകക്കഞ്ഞിയും രണ്ടു കോഴിമുട്ടയും പതിവാണ്. ഉടന്‍ ഓഫീസിലേക്ക് പുറപ്പെടും. പതിനെട്ടാമത്തെ വയസ്സില്‍ വിവാഹവും പത്തൊന്‍പതാമത്തെ വയസ്സില്‍ അധ്യാപക ജോലിയും. മികച്ച അധ്യാപനത്തിന് സംസ്ഥാന അവാര്‍ഡ്. മക്കളും പേരമക്കളുമായി സന്തുഷ്ട കുടുംബം. എല്ലാത്തിനെക്കാളും നിങ്ങളോടൊപ്പമുള്ള ജോലിയാണ് ഞാന്‍ ആസ്വദിക്കുന്നത്’ -പല തവണകളിലായി മാഷ് ഞങ്ങളോട് പറഞ്ഞുകൊണ്ടിരുന്നു.
മുന്തിയ തരം വസ്ത്രങ്ങള്‍ ധരിച്ചേ മാഷിനെ കണ്ടിട്ടുള്ളൂ. പ്രായത്തെ വകവെക്കാതെ ചുറുചുറുക്കോടെ ഓടി നടക്കും. മൂന്നു നിലകളിലായുള്ള ഓഫീസിലെ കോണിപ്പടികള്‍ ഓടിക്കയറുമ്പോള്‍ പോലും പ്രായം അദ്ദേഹത്തെ തളര്‍ത്തിയതായി തോന്നിയില്ല. ഓഫീസിലേക്കു വരുമ്പോള്‍ ലെതറിന്റെ സ്യൂട്ട്കേസ് കയ്യിലുണ്ടാകും. മാഷിന് ആവശ്യമുള്ള മിക്ക സാധനങ്ങളും അതിലുണ്ടാകും. പേനാകത്തി, ചീര്‍പ്പ്, സുഗന്ധദ്രവ്യം തുടങ്ങി ഒട്ടേറെ സാധനങ്ങള്‍. കൂടെ പൈസയുടെ ഒരു കെട്ടുമുണ്ടാകും.
ഒരേസമയം കാരണവരുടെ ഗൗരവവും കുഞ്ഞുങ്ങളുടെ മനസ്സുമായിരുന്നു. കൂടെയുള്ളവരുടെ പ്രശ്നങ്ങള്‍ കേട്ടാല്‍ പോലും മനസ്സ് വിങ്ങിപ്പൊട്ടുന്ന സാധാരണ മനുഷ്യന്‍. മാഷിന്റെ മകളുടെ കുട്ടി സ്‌കൂളില്‍ പോകുന്ന വേളയില്‍ തോട്ടിലെ ഒഴുക്കില്‍ പെട്ട് മരണപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞും ഈ സംഭവം പറയുമ്പോള്‍ കൊച്ചുകുട്ടികളെ പോലെ തേങ്ങിക്കരയുന്നത് പലവട്ടം കണ്ടിട്ടുണ്ട്. മകള്‍ അസുഖബാധിതയായപ്പോഴും രോഗവിവരം പറഞ്ഞ് പൊട്ടിക്കരയുമായിരുന്നു.
തന്റെ കീഴിലുള്ള ജീവനക്കാരെയെല്ലാം പല നിലയിലും സഹായിച്ചു. ചെറിയ ചെറിയ തുകകള്‍ വായ്പ വാങ്ങാത്തവരായി ജീവനക്കാരില്‍ ആരുമുണ്ടായിരുന്നില്ല. ഓഫീസിലുള്ള ഇതര മതജീവനക്കാരന് ഓണത്തിനും വിഷുവിനുമെല്ലാം ഓഫീസില്‍ നിന്നു നല്‍കുന്ന ബോണസിനു പുറമെ ‘അമ്മയ്ക്ക് എന്തെങ്കിലും വാങ്ങാന്‍ മാഷിന്റെ വക’ എന്ന പേരില്‍ സ്വകാര്യമായി സഹായം നല്‍കലും പതിവായിരുന്നു. പുടവയില്‍ സ്ഥിരമായി എഴുതിയിരുന്ന ഒരു പ്രഗത്ഭനായ കവി സാമ്പത്തിക പ്രയാസത്തിലായിരുന്നുവെന്ന് മാഷിന് അറിയാമായിരുന്നു. മാഷ് അദ്ദേഹത്തെ സഹായിക്കാറുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. ഒരിക്കല്‍ അയാള്‍ മാഷിന്റെ സഹായമനസ്‌കതയെക്കുറിച്ച് ഒരു കവിത തന്നെ എഴുതി അയക്കുകയും ചെയ്തിരുന്നു.

Back to Top