6 Tuesday
June 2023
2023 June 6
1444 Dhoul-Qida 17

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍

 

 

  • ഇബ്‌നു ഉമര്‍(റ) നിവേദനം: നബി(സ) അരുളി: ”വല്ലവനും തന്റെ സ്‌നേഹിതന്റെ ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചുകൊടുത്താല്‍ അല്ലാഹു അവന്റെ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കും. ഒരു മുസ്‌ലിമിന്റെ പ്രയാസം ഒരാള്‍ ഇല്ലാതാക്കിയാല്‍ അതുമൂലം അന്ത്യദിനത്തിലെ പ്രയാസങ്ങളില്‍ ചിലത് അല്ലാഹു അവന്ന് ഇല്ലാതാക്കും.” (ബുഖാരി 570 മുസ്‌ലിം 2580)
  • അബൂഹുറയ്‌റ(റ) നിവേദനം: നബി(സ) അരുളി: ”ആരെങ്കിലും ഒരു വിശ്വാസിയുടെ ഐഹിക പ്രയാസങ്ങളില്‍ അവന്ന് ആശ്വാസം നല്കിയാല്‍ അന്ത്യദിനത്തിലെ പ്രയാസങ്ങളില്‍നിന്ന് അല്ലാഹു അവന്ന് ആശ്വാസം നല്കും. അടിമ തന്റെ സഹോദരനെ സഹായിക്കുമ്പോഴെല്ലാം അല്ലാഹു അവനെ സഹായിച്ചുകൊണ്ടിരിക്കും.” (മുസ്‌ലിം 2699)
  • അബുഹുറയ്‌റ(റ) നിവേദനം: നബി(സ) അരുളി: ”സൂര്യന്‍ ഉദിക്കുന്ന ഓരോ ദിവസവും മനുഷ്യന്റെ സന്ധികളുടെ ഓരോ എണ്ണമനുസരിച്ച് അവര്‍ ധര്‍മ്മം ചെയ്യേണ്ടതുണ്ട്. ഒരാളെ അവന്റെ വാഹനത്തില്‍ കയറാന്‍ സഹായിക്കലും അവന്റെ ഉപകരണങ്ങള്‍ അതിന്മേല്‍ എടുത്തുവെക്കലും ധര്‍മ്മമാണ്. വഴിയില്‍നിന്ന് ഉപദ്രവമുള്ള വസ്തുക്കള്‍ നീക്കിക്കളയലും ധര്‍മ്മമാണ്.” (ബുഖാരി 5226, മുസ്‌ലിം: 1009)
  • സഹ്‌ല്(റ) നിവേദനം: നബി(സ) അരുളി: ”ഞാനും അനാഥസംരക്ഷകനും സ്വര്‍ഗത്തില്‍ ഇതുപോലെയാണ്, അങ്ങനെ അവിടുന്ന് ചൂണ്ടുവിരലും നടുവിരലും അല്പം വിടര്‍ത്തിക്കൊണ്ട് ചൂണ്ടിക്കാണിച്ചു.” (ബുഖാരി 10365 മുസ്‌ലിം 2983)
  • അബൂഹുറയ്‌റ(റ) നിവേദനം: നബി(സ) അരുളി: ”വിധവകള്‍ക്കും അഗതികള്‍ക്കും വേണ്ടി പരിശ്രമിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവന്ന് തുല്യനാണ്.” (ബുഖാരി: 10366, മുസ്‌ലിം 2982)
  • ഖുവൈലിദ്(റ) പറയുന്നു: നബി(സ) അരുളി: ”അല്ലാഹുവേ! രണ്ട് ബലഹീനരുടെ അവകാശം ഹനിക്കുന്നവരെ ഞാന്‍ പാപികളായി കാണുന്നു. അതായത് അനാഥരുടെയും സ്ത്രീകളുടെയും.” (അന്നസാഈ)
  • ഇബ്‌നുഉമര്‍(റ) നിവേദനം: നബി(സ) അരുളി: ”ഒരു പൂച്ചയുടെ കാരണത്താല്‍ ഒരു സ്ത്രീ ശപിക്കപ്പെട്ടു. അവള്‍ അത് മരിക്കുന്നതുവരെ അതിനെ ബന്ധിച്ചുവെച്ചു. അവള്‍ അതിനെ തീറ്റിക്കുകയോ കുടിപ്പിക്കുകയോ പ്രാണികളെ പിടിച്ചുതിന്നുവാന്‍ വേണ്ടി അതിനെ അഴിച്ചുവിടുകയോ ചെയ്തില്ല.” (ബുഖാരി 7254)
  • അബൂഹുറയ്‌റ(റ) നിവേദനം: നബി(സ) അരുളി: ”ഒരു മനുഷ്യന്‍ ദാഹിച്ച പട്ടിക്ക് ദാഹജലം നല്കിയ കാരണം അല്ലാഹു അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചു.” (ബുഖാരി: 173, 2363, 2416, 6009)
  • അനസ്(റ) നിവേദനം: നബി(സ) അരുളി: ”വല്ല മുസ്‌ലിമും വല്ല ചെടിയും നട്ടുപിടിപ്പിച്ചു, അല്ലെങ്കില്‍ എന്തെങ്കിലും അവന്‍ കൃഷിചെയ്തു. അങ്ങനെ അതില്‍നിന്ന് പക്ഷിയോ മനുഷ്യനോ മൃഗമോ ഭക്ഷിച്ചാല്‍ അത് അവന്ന് ഒരു ദാനമാണ്.” (ബുഖാരി: 2320, മുസ്‌ലിം 1553)
  • അബൂഹുറയ്‌റ(റ) നിവേദനം: നബി(സ) അരുളി: ”ഒരു മനുഷ്യന്‍ ഒരു വഴിയിലൂടെ നടന്നുപോകുമ്പോള്‍ ഒരു മുള്ളിന്റെ കൊമ്പ് ആ വഴിയിലേക്ക് തൂങ്ങിനില്ക്കുന്നതു കണ്ടു. അയാള്‍ അത് മുറിച്ചുമാറ്റിയതിനാല്‍ അല്ലാഹു അദ്ദേഹത്തോട് നന്ദിരേഖപ്പെടുത്തുകയും അദ്ദേഹത്തിന് പൊറുത്തുകൊടുക്കുകയും ചെയ്തു.” (ബുഖാരി: 2472, മുസ്‌ലിം: 1914)
  • സഅ്ദ്(റ) നിവേദനം: നബി(സ) അരുളി: ”ഞാന്‍ ചിലര്‍ക്ക് ദാനം നല്കുന്നതാണ്. അവര്‍ നരകത്തില്‍ മുഖം കുത്തി വീഴാതിരിക്കാന്‍ വേണ്ടി.” (മുസ്‌ലിം: 1058)
  • അനസ്(റ) നിവേദനം: ഒരാള്‍ക്ക് നബി(സ) രണ്ട് പര്‍വതങ്ങള്‍ക്ക് ഇടയിലുള്ള ആടുകളെ നല്കി. അപ്പോള്‍ അയാള്‍ തന്റെ ജനതയിലേക്ക് തിരിച്ചുപോയിക്കൊണ്ടു പറഞ്ഞു: ”എന്റെ ജനങ്ങളേ, നിങ്ങള്‍ മുസ്‌ലിംകളാകുവീന്‍! തീര്‍ച്ചയായും മുഹമ്മദ് ദാരിദ്ര്യത്തെ ഭയപ്പെടാതെ ദാനം ചെയ്യുകയാണ്.” (മുസ്‌ലിം: 2312)
  • അനസ്(റ) നിവേദനം: ”തീര്‍ച്ചയായും ചില ആളുകള്‍ ഇസ്‌ലാം സ്വീകരിക്കാറുണ്ട്. അവര്‍ ദുനിയാവിനെ ഉദ്ദേശിച്ചുകൊണ്ട് മാത്രമാണ് ഇസ്‌ലാമില്‍ പ്രവേശിക്കുക. ശേഷം ദുന്‍യാവിനെക്കാളും അതിലുള്ളതിനേക്കാളും അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇസ്‌ലാമായിത്തീരും.” (മുസ്‌ലിം: 2313)
  • സ്വഫ്‌വാന്‍(റ) പറയുന്നു: ”ജനങ്ങളില്‍ എനിക്ക് ഏറ്റവും കോപമുള്ളത് മുഹമ്മദിനോടായിരുന്നു. അദ്ദേഹം എനിക്ക് ദാനം നല്കിക്കൊണ്ടിരുന്നു, അദ്ദേഹം എനിക്ക് ജനങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടവന്‍ ആകുന്നതുവരെ.” (മുസ്‌ലിം: 2313).
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x