7 Thursday
December 2023
2023 December 7
1445 Joumada I 24

ജല സാക്ഷരത  കൈവരിക്കുക – മുഹമ്മദ് തിക്കോടി

44 നദികള്‍ക്ക് പുറമെ 30 ലക്ഷത്തിലധികം കിണറുകളും നിരവധി കുളങ്ങളും തോടുകളും തടാകങ്ങളും നിറഞ്ഞ ഒരു ജലസംഭരണിയാണ് കേരളം. ഓരോ വര്‍ഷവും ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ഇവിടെ മഴ ലഭിക്കുന്നത്. എന്നിട്ടും നമ്മുടെ മണ്ണ് തരിശാവുന്നതെന്തുകൊണ്ട്? ഈ ചോദ്യത്തിനാണ് കേരളം ഉത്തരം കാണേണ്ടത്.
ലോക ജലദിനമെന്ന നിര്‍ദ്ദേശം ആദ്യമായി ഉയര്‍ന്നുവന്നത് 1992ല്‍ ബ്രസീലിലെ റിയോവില്‍ ചേര്‍ന്ന യു എന്‍ കോണ്‍ഫറന്‍സ് ഓണ്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് ഡവലപ്‌മെന്റിലാണ് ഇതേ തുടര്‍ന്ന് യു എന്‍ ജനറല്‍ അസംബ്ലി 1993 മാര്‍ച്ച് 22 മുതല്‍ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചു. അടുത്ത ഒരു ലോക യുദ്ധം വെള്ളത്തിന് വേണ്ടിയാകും എന്നത് ഈ നിലയില്‍ പോയാല്‍ സത്യമായി തീരാനാണ് സാധ്യത.
ഭൂമിയുടെ മൂന്നില്‍ രണ്ടു ഭാഗവും വെള്ളമാണ്. അതില്‍ 3 ശതമാനം മാത്രമാണ് ശുദ്ധ ജലം. ബാക്കിയെല്ലാം ഉപ്പു വെള്ളമാണ്. ശുദ്ധജലത്തിന്റെ ലഭ്യത കുറഞ്ഞു വരുന്നു എന്നതാണ് നമ്മെ ഭയ്യപ്പെടുത്തേണ്ടത്. ‘വെള്ളവും പുല്ലും തീയും തടയരുത്’ എന്നൊരു പ്രവാചക വചനമുണ്ട്. മറ്റൊരു വചനത്തില്‍ പ്രവാചകന്‍ പറഞ്ഞത് ഈ മൂന്നു കാര്യങ്ങളിലും എല്ലാവരും പങ്കുകാരാണ് എന്നാണ്. ജലം ലോകത്തിന്റെ പൊതു സ്വത്താണ്. അതാര്‍ക്കും തടഞ്ഞു വെക്കാനുള്ള അവകാശമില്ല. അത് കൊണ്ട് തന്നെ ജലത്തെ സംരക്ഷിക്കുക എന്നതും ലോകത്തിന്റെ മൊത്തം ചുമതലയാണ്.
നമസ്‌കാരത്തിന് അംഗസ്‌നാനം നടത്തിയിരുന്ന അനുചരന്റെ അരികിലൂടെ നടന്ന പ്രവാചകന്‍ ധൂര്‍ത്തിനെ കുറിച്ച് അദ്ദേഹത്തെ ഓര്‍മിപ്പിച്ചു ‘വുദു എടുക്കുമ്പോഴും ധൂര്‍ത്ത് വരുമോ’ എന്ന് തിരിച്ചു ചോദിച്ച അനുചരനെ അത് ഒഴുകുന്ന നദിയില്‍ നിന്ന് പോലും പാടില്ല എന്നായിരുന്നു പ്രവാചകന്റെ പ്രതികരണം. വെള്ളം ആവശ്യത്തിന് എന്നതിനേക്കാള്‍ അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക എന്ന സംസ്‌കാരത്തിലേക്ക് നാം തിരിച്ചു പോകണം. ജീവന്റെ നിലനില്‍പ്പ് എന്നാണ് ജലത്തെ കുറിച്ച് പറഞ്ഞു വരുന്നത്. മറ്റുള്ള ഗ്രഹങ്ങളില്‍ ഇല്ലാത്ത ഒന്നായി ശാസ്ത്രം ഇന്നും ജലത്തെ കാണുന്നു. ശ്വസിക്കാന്‍ വായുവും ജലവും ലഭ്യമായാല്‍ മറ്റെല്ലാം ഉണ്ടാക്കാന്‍ കഴിയും. പക്ഷെ ഈ രണ്ടു ജീവല്‍ പ്രശ്‌നങ്ങള്‍ തന്നെയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നതും.
മനുഷ്യരുടെ കൈകടത്തല്‍ മൂലം കരയിലും കടലിലും നാശമുണ്ടായി എന്നാണു പ്രമാണം. മനുഷ്യന്‍ അവനു തന്നെ കൊലക്കയര്‍ ഒരുക്കുന്നു എന്ന് വേണം പറയാന്‍. ഭൂമിയിലെ വിഭവങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചു എന്നത് കൊണ്ട് വിവക്ഷ ഭൂമിയിലെ അവസാനത്തെ മനുഷ്യന്‍ എന്നാണു. എല്ലാം വെട്ടിപ്പിടിക്കണം എന്ന മനുഷ്യരുടെ ആര്‍ത്തിയാണ് പുതിയ ദുരന്തങ്ങളുടെ അടിസ്ഥാന കാരണം. തനിക്കു വേണ്ടത് മാത്രം പ്രകൃതിയില്‍ നിന്നും സ്വീകരിക്കുക എന്നതില്‍ ഉപരിയായി തനിക്കു മാത്രമായി പ്രകൃതിയെ മാറ്റിയെടുക്കുക എന്ന ചിന്തയാണ് മാറേണ്ടത്.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x