23 Monday
December 2024
2024 December 23
1446 Joumada II 21

ജയിച്ചാല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ രാജ്യത്തിന്റെ ഭാഗമെന്ന് നെതന്യാഹു

വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റ ഭവനങ്ങള്‍ രാജ്യത്തിന്റെ ഭാഗമാക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു. സമാധാന പദ്ധതിക്കുവേണ്ടി കുടിയേറ്റ ഭവനങ്ങളിലെ ഒരാളെപോലും പുറത്താക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യു.എസ് പ്രസിഡന്റ്‌ഡോണള്‍ഡ് ട്രംപിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു. യു.എസ് പദ്ധതിക്ക് അനുകൂലമാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതിലെന്താണുള്ളതെന്ന് തനിക്കറിയാമെന്നായിരുന്നു മറുപടി. പരമാധികാരത്തിനായാണ് ശ്രമം. എന്നാല്‍, അതിന്റെ പേരില്‍ കുടിയേറ്റ ഭവനങ്ങളെ തമ്മില്‍ വേര്‍തിരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റ ഭവനങ്ങളെ പിന്തുണക്കുന്ന വലതുപക്ഷ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പിക്കാനാണ് നെതന്യാഹുവിന്റെ തന്ത്രം. 1967ല്‍ ഇസ്രായേല്‍ പിടിച്ചെടുത്ത വെസ്റ്റ്ബാങ്കിലാണ് കുടിയേറ്റ ഭവനങ്ങളുള്ളത്. അന്താരാഷ്ട്ര സമൂഹം ഇത് നിയമവിരുദ്ധമായാണ് കണക്കാക്കുന്നത്. കുടിയേറ്റ ഭവനങ്ങളുടെ നിര്‍മാണം ഇസ്രായേല്‍ ഫലസ്തീന്‍ സമാധാന പദ്ധതിക്ക് തുരങ്കംവെക്കുന്നതുമാണ്. വെസ്റ്റ്ബാങ്കിലെ അനധികൃത കുടിയേറ്റ ഭവനങ്ങളില്‍ നാലുലക്ഷത്തോളം ഇസ്രായേലികള്‍ താമസിക്കുന്നുണ്ട്. കിഴക്കന്‍ ജറൂസലമില്‍ രണ്ടുലക്ഷംപേരും. വെസ്റ്റ്ബാങ്കില്‍ 25 ലക്ഷം ഫലസ്തീനികളാണുള്ളത്. വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറൂസലമും ഗസ്സയും ഉള്‍പ്പെടെ രാഷ്ട്രം രൂപവത്കരിക്കണമെന്നാണ് ഫലസ്തീന്റെ ആവശ്യം. അനധികൃത കുടിയേറ്റ ഭവനങ്ങള്‍ രാജ്യത്തിന്റെ ഭാഗമാക്കിയാല്‍ സ്വന്തം രാഷ്ട്രമെന്ന ഫലസ്തീനികളുടെ ആഗ്രഹം സ്വപ്‌നമായി അവശേഷിക്കും.  അന്താരാഷ്ട്രനിയമങ്ങള്‍ കാറ്റില്‍പറത്തുന്ന നെതന്യാഹുവിന്റെ പ്രസ്താവന അദ്ഭുതപ്പെടുത്തുന്നില്ലെന്ന് മുതിര്‍ന്ന ഫലസ്തീന്‍ നേതാവ് സായെബ് ഇറെകത് പ്രതികരിച്ചു. നെതന്യാഹുവിന്റെ നിരുത്തരവാദ പരാമര്‍ശത്തിനെതിരെ തുര്‍ക്കിയും രംഗത്തുവന്നു.
Back to Top